Editorial
ഈ ജനം സർക്കാരിനോട് എന്ത് അപരാധമാണു ചെയ്തത്, ഇങ്ങനെ ദ്രോഹിക്കാൻ? വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ അക്രമകാരികളായ തെരുവുനായകളെ കൊന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ട് ഒന്നര മാസം!
ഏതാണ്ട് അതേ സമയത്ത് കേരളത്തിൽ പുതിയ സർക്കാരും വന്നു. സ്വാഭാവികമായും ജനം കരുതി, തങ്ങളെ രക്ഷിക്കാൻ സർക്കാരിന് ഇനി തടസമൊന്നുമില്ലല്ലോയെന്ന്. പക്ഷേ, 10 കൊല്ലം നമ്മെ നിരാശരാക്കിയ ആ കെടുകാര്യസ്ഥത പുതിയ കുപ്പിയിലാക്കി നമ്മെത്തന്നെ കുടിപ്പിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് മുറ്റത്തിരുന്നു കളിക്കാനാകില്ല, വയോധികരെ കിടക്കപ്പായയിലിട്ടു കടിക്കുന്നു, വിദ്യാർഥികൾക്കു സ്കൂളിൽ പോകാൻ പേടി, ബസ്സ്റ്റാൻഡുകളിലും കാത്തിരിപ്പു കേന്ദ്രങ്ങളിലും നായകൾ ഇരകളെ കാത്തിരിക്കുന്നു, നായകൾക്കു മുന്നിൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ടു മറിയുന്നു, നായശല്യം രൂക്ഷമായതോടെ തൃശൂർ ചൂണ്ടൽ യുപി സ്കൂളിന് അവധി കൊടുക്കേണ്ടിവന്നു...
നായകളെ കൊല്ലാതെ പ്രശ്നം പരിഹരിക്കാമെന്ന 25 കൊല്ലത്തെ തട്ടിപ്പ് ഇനി പറയരുത്. നിങ്ങൾക്കു വാരിക്കോരി വോട്ട് തന്നവരുടെ മാംസമല്ലേ ഈ തെരുവുനായകൾ പല്ലിൽ കോർത്തു നടക്കുന്നത്? എന്തെങ്കിലുമൊന്ന് ഉരിയാടിയാലും!
തെരുവുനായകളും കന്നുകാലികളും നിറഞ്ഞ, അഴുക്കും ഭീതിയുമൊഴുന്ന തെരുവുകൾ ഈ രാജ്യത്തിന്റെ ശാപമാണ്. പക്ഷേ, മിണ്ടിയാൽ വർഗീയവാദികളുടെയും മൃഗസ്നേഹികളുടെയും ആൾക്കൂട്ട ആക്രമണമുണ്ടാകും. നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതിയുടെ പേരു പറഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടികൾ മുടിപ്പിച്ചത് 25 വർഷം.
ലക്ഷക്കണക്കിനു മനുഷ്യർക്ക് കടിയേറ്റു. ആയിരങ്ങൾ പേവിഷബാധയെന്ന ഭീകരമരണത്തിനു കീഴടങ്ങി. മന്ത്രിമാരോ ജനപ്രതിനിധികളോ ഉദ്യോഗസ്ഥപ്രമാണിമാരോ ചങ്ങാത്ത മുതലാളിമാരോ പട്ടികളെയോർത്തു കേഴുന്ന ദേശീയനേതാക്കളോ ഫൈവ്സ്റ്റാർ മൃഗസ്നേഹികളായ മേനക, രംഭ, തിലോത്തമമാരോ അല്ല; വരേണ്യ ജനാധിപത്യത്തിന്റെ പുറന്പോക്കുകളായ സാധാരണക്കാർ!
ഈ ദുർവിധിക്ക് അന്ത്യംകുറിക്കാനുള്ള അവസരമായിരുന്നു മേയ് 19ലെ സുപ്രീംകോടതിയുടെ വിധി. “മനുഷ്യജീവനു ഭീഷണിയാകുന്ന നായകളെ കൊല്ലണം. നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ഒരു നടപടിയുമുണ്ടാകരുത്. അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെയും നീക്കണം. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന ഭരണഘടനാവകാശം ഒരു ജീവിയെയും പേടിച്ച് ഇല്ലാതാക്കാനാകില്ല. തടസം നിൽക്കുന്നവർക്കെതിരേ നിയമനടപടിയെടുക്കണം.”
മനുഷ്യരോട് തരിന്പെങ്കിലും ഉത്തരവാദിത്വമുള്ള ഏതൊരു സർക്കാരിനും 24 മണിക്കൂറിനുള്ളിൽ നടപടികൾ ആരംഭിക്കാമായിരുന്നു. പക്ഷേ, ദുരൂഹമായ ഭരണകൂട നിശബ്ദതയ്ക്ക് ഒന്നര മാസമായിരിക്കുന്നു. നായക്കൂട്ടം തെരുവിൽത്തന്നെയുണ്ട്. കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലിജു മാത്രം നാട്ടുകാരെ കടിച്ച പട്ടിയെ കോടതിവിധിയുടെ അടിസ്ഥാനത്തിൽ വെടിവച്ചു കൊന്നു.
ജനം മാറ്റി പ്രതിഷ്ഠിച്ച സംസ്ഥാന സർക്കാരും മറ്റു തദ്ദേശ ഭരണസമിതികളുമൊക്കെ വാഗ്ദാനനോട്ടീസുകൾ തലയണയാക്കി കൂർക്കം വലിക്കുന്നു. ഈ കെടുകാര്യസ്ഥതയ്ക്കാണ് വാക്സിൻ വികസിപ്പിക്കേണ്ടത്.
വികസിതരാജ്യങ്ങളിലുൾപ്പെടെ തെരുവുനായകളെ കൊന്നു നിയന്ത്രിക്കും. പെരുകുന്ന കാട്ടുമൃഗങ്ങളെ അതു ദേശീയ മൃഗമാണെങ്കിലും വേട്ടയാടാനും തിന്നാനും അനുമതിയുണ്ട്. പക്ഷേ, ഈ ‘ജന്തുസ്ഥാനി’ൽ മാത്രം മനുഷ്യരെ കൊന്നു കൊലവിളിക്കുന്ന ഒന്നിനെയും തൊട്ടുകൂടാ. പക്ഷേ അതേ ആളുകൾ, ഒരു ദ്രോഹവും ചെയ്യാത്ത ആടിനെയും കോഴിയെയും മത്സ്യങ്ങളെയുമൊക്കെ പരസ്യമായി വെട്ടിനുറുക്കുന്നതു കണ്ട്, ഇറച്ചിയും അതിനൊത്ത മസാലയും വാങ്ങി നാവു നുണഞ്ഞ് വീടുകളിലേക്കു മടങ്ങുന്നു! ഇതാണ്, ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ൽ വേവിക്കുന്ന അഴിമതിയുടെ ആവി പറക്കുന്ന കാപട്യം.
നിർദേശം പാലിച്ചോയെന്നു സംസ്ഥാന ചീഫ് സെക്രട്ടറിമാർ രണ്ടു മാസത്തിനികം ഹൈക്കോടതികളെ അറിയിക്കണമെന്നും സുപ്രീംകോടതി വിധിയിലുണ്ട്. പതിവനുസരിച്ച്, നമ്മുടെ ചീഫ് സെക്രട്ടറിയും അവസാന നിമിഷത്തിൽ തട്ടിക്കൂട്ടിയ റിപ്പോർട്ടുമായി കോടതിയിലെത്തും. സർക്കാരിനോട് ഒരപേക്ഷയുണ്ട്. തെരുവുനായകളെ കൊല്ലാതെ വന്ധ്യംകരിച്ചു സംരക്ഷിക്കാമെന്ന എബിസി നുണയ്ക്കും വാക്സിൻ കച്ചവടത്തിനും ഫണ്ട് തട്ടിപ്പിനും കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
ഇനി അതുപറഞ്ഞ് നാട്ടുകാരെ പറ്റിക്കരുത്. അവ പരാജയപ്പെട്ടെന്നു തെളിഞ്ഞതുകൊണ്ടാണ് സുപ്രീംകോടതി നായ്ക്കളെ കൊല്ലാൻ ഉത്തരവിട്ടത്. വാക്സിനേഷനും വന്ധ്യംകരണത്തിനും മാത്രം ഇക്കൊല്ലം 18 കോടി രൂപ കേരളം നീക്കിവച്ചിട്ടുണ്ടെന്നാണറിയുന്നത്. അതേസമയം, പാവപ്പെട്ട വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിനു കൊടുക്കാൻ പണമില്ല.
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ ഒരു കുട്ടിക്ക് 6.78 രൂപയും അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥിക്ക് 10.17 രൂപയുമാണ് സർക്കാർ അനുവദിക്കുന്നത്. ഒരൂണിന് ശരാശി എട്ടു രൂപ! എന്നാലോ, തെരുവുനായ കടിച്ചാൽ ഒരാൾക്ക് ഏകദേശം 350 മുതൽ 35,000 വരെ. വകതിരിവില്ലാത്ത ഈ ധനവ്യയം പേപ്പട്ടി കടിച്ചു മരിച്ചവരുടെയും പരിക്കേറ്റവരുടെയും അവരുടെ വീട്ടുകാരുടെയുംകൂടി നികുതിപ്പണമെടുത്താണ്. പരമോന്നത കോടതി ഇടപെട്ടിട്ടും ഈ രാഷ്ട്രീയഭ്രാന്തിനു ചികിത്സയില്ല.
എന്തായാലും തെരുവുനായകൾ വേട്ടയാടുന്ന കേരളത്തിനു മറുപടി വേണം; ആരാണ് സുപ്രീംകോടതി വിധിയെപ്പോലും അട്ടിമറിക്കുന്നതെന്ന്. മൃഗസ്നേഹികളോ, നിങ്ങളുടെ ദേശീയനേതാക്കളോ, വാക്സിൻ കന്പനികളോ...? വീടുകളെയും തെരുവുകളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും വിദ്യാലയങ്ങളെയും ആശുപത്രികളെയും ആരാധനാലയങ്ങളെയുമൊക്കെ നായ്ക്കൾ വളഞ്ഞിരിക്കുകയാണ്. തെരുവുനായകളെ കൊല്ലുന്നതിനു പകരം കോടതിവിധിയെ കൊല്ലുന്നവരേ നിങ്ങൾ എവിടെയാണ്? വരൂ, ചോരയും മാംസവും വാർന്ന ഈ തെരുവിലെ മനുഷ്യരെ കാണൂ!
Editorial
നമുക്ക് സ്വന്തമായൊരു വീടില്ലെങ്കിൽ, കടത്തിണ്ണയിലോ തെരുവിലോ കിടക്കാം. പക്ഷേ, വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ സ്വന്തം വീട്ടിൽ കിടന്നാലും അധികാരി വിളിച്ചെഴുന്നേൽപ്പിച്ചേക്കാം. അദ്ദേഹം ഉന്നയിക്കുന്ന യുക്തിപരമായ പൊരുത്തക്കേടുകളെ ഖണ്ഡിക്കാൻ അദ്ദേഹത്തിനു യുക്തിപരമെന്നു തോന്നുന്ന തെളിവുകളുമായി നാം ഹാജരാകണം. ഇന്ത്യയിൽ ആറു കോടിയോളം മനുഷ്യർ വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അതിലൊരാളാണ് ‘ദ ടെലിഗ്രാഫ്’ന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ. വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പാസ്പോർട്ട് പുതുക്കിയില്ല. അമേരിക്കയിൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനുമായില്ല. വോട്ടർപട്ടിക വോട്ട് മാത്രമല്ല നിഷേധിക്കുന്നത്; പാസ്പോർട്ടും ക്ഷേമപദ്ധതികളും കടന്ന് പൗരത്വത്തിലും കൈവച്ചേക്കാം. എല്ലാവരും നുഴഞ്ഞുകയറ്റക്കാരല്ല. കോടിക്കണക്കിനാളുകൾ പരക്കംപായുകയാണ്, സ്വന്തം അസ്തിത്വത്തിന്റെ തെളിവുകളും പ്രതിപക്ഷത്തെയും കോടതികളെയും തിരഞ്ഞ്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം സ്വസ്ഥതയുടെ ബാക്കിയിടങ്ങളിൽനിന്ന് അനിശ്ചിതാവസ്ഥകളുടെ അതിർത്തികളിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു.
പാസ്പോര്ട്ട് പുതുക്കാൻ വോട്ടര്പട്ടികയില് പേരു വേണമെന്നത് ആർ. രാജഗോപാലിനും അറിയില്ലായിരുന്നു. പോലീസ് വെരിഫിക്കേഷന് വോട്ടർ ഐഡി ആവശ്യപ്പെട്ടപ്പോൾ എസ്ഐആറിൽ (വോട്ടർപട്ടിക തീവ്രപരിഷ്കരണം) പേരു വെട്ടിയ കാര്യം പറഞ്ഞു. അച്ഛന്റെ മരണ സര്ട്ടിഫിക്കറ്റ്, പാന് കാര്ഡ്, ആധാര്കാര്ഡ് അടക്കം നല്കി. പിന്നീട് കോല്ക്കത്ത പോലീസിന്റെ സെക്യൂരിറ്റി കണ്ട്രോള് ഓര്ഗനൈസേഷനില്നിന്നു വിളിച്ച്, വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ പോലീസ് വെരിഫിക്കേഷൻ സാധ്യമല്ലെന്നറിയിച്ചു. 2002ലെ വോട്ടർപട്ടികയിൽ രാജഗോപാലിന്റെയോ അദ്ദേഹത്തിന്റെ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താൻ കഴിഞ്ഞില്ലത്രേ. വോട്ടർപട്ടികയിൽനിന്നു നീക്കപ്പെട്ട പശ്ചിമബംഗാളിലെ മറ്റ് 27 ലക്ഷം ആളുകളുടെ കാര്യത്തിൽ എന്നപോലെ, ‘യുക്തിസഹമായ പൊരുത്തക്കേടുകൾ’ എന്നാണ് കാരണം പറഞ്ഞിട്ടുള്ളത്. ഈ പൊരുത്തക്കേടുകൾ തിരുത്തി വോട്ടർപട്ടികയിൽ പേര് പുനഃസ്ഥാപിക്കാൻ അപ്പീൽ നൽകിയിട്ടുണ്ട്. ലക്ഷക്കണക്കിന് അപ്പീലുകൾ എന്നു പരിഹരിക്കുമെന്നറിയില്ല. പക്ഷേ, ആ വോട്ടുകളില്ലാതെ ബിജെപി ബംഗാളിൽ അധികാരത്തിലെത്തി. മലയാളിയായ രാജഗോപാൽ 30 വർഷത്തിലേറെയായി കോൽക്കത്തയിലാണ്. 25 വർഷത്തിലേറെ ഒരേ വിലാസത്തിൽ കഴിയുന്ന അദ്ദേഹം 2010 മുതലെങ്കിലും അവിടെ വോട്ടറുമാണ്. ബിജെപിയെ വിമർശിച്ച മാധ്യമപ്രവർത്തനമാണോ ഇതിനു കാരണമെന്ന ചോദ്യത്തിന്, തെളിവില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ജീവിതകാലം മുഴുവൻ മാധ്യമപ്രവർത്തനം നടത്തുകയും പ്രമുഖ പത്രത്തിന്റെ എഡിറ്ററായിരിക്കുകയും ചെയ്ത തന്റെ അവസ്ഥ ഇതാണെങ്കിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് രാജഗോപാൽ ചോദിച്ചത്. അതിനുത്തരം ഫ്രാൻസ് കാഫ്കയുടെ രൂപാന്തരീകരണം (ദി മെറ്റമോർഫോസിസ്) എന്ന കഥയിലെ ഗ്രിഗർ സാംസയുടെ അവസ്ഥ എന്നു പറയേണ്ടിവരും. സാംസ ഒരു പ്രഭാതത്തിൽ എഴുന്നേറ്റപ്പോൾ താനൊരു വണ്ടായി മാറിയിരിക്കുന്നതു തിരിച്ചറിഞ്ഞു. മനുഷ്യൻ എന്ന തന്റെ അസ്തിത്വം വീണ്ടെടുക്കാനാകാതെ നീറുകയാണ് അയാൾ. കഥ അവിടെ നിൽക്കട്ടെ. പെട്ടെന്നൊരു ദിവസം ഒരാൾക്ക് ഇതു ഞാൻ തന്നെയെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടി വരുന്നതിനോളം ഭയാനകമായി മറ്റെന്തുണ്ട്! അത് രക്ഷിക്കാനും ശിക്ഷിക്കാനും അധികാരമുള്ള രാഷ്ട്രത്തെയാണെങ്കിലോ? ആർ. രാജഗോപാൽ പറയുന്നതുപോലെ, ഇതൊന്നും സർക്കാരിന്റെ ശത്രുതാ നടപടിയാണെന്നതിനു തെളിവില്ല. പക്ഷേ, കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ഒരു പ്രഭാതത്തിൽ തങ്ങളുടെ വോട്ടവകാശത്തിനും പൗരത്വത്തിനുമൊക്കെ തെളിവു നൽകേണ്ടിവരുന്നത്, കുറ്റവാളികളെപ്പോലെ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്നത്, വോട്ടർപട്ടികയിൽ ഇല്ലാത്തതിനാൽ ക്ഷേമപദ്ധതികളിൽനിന്നു പുറത്താക്കപ്പെടുമെന്ന ആശങ്കയിൽ ജീവിക്കേണ്ടിവരുന്നത്, വർഗീയ നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളാൽ സംശയദൃഷ്ടിയിലാകുന്നത്, വയറിനുവേണ്ടിയല്ലാതെ അസ്തിത്വത്തിനുവേണ്ടി പണിയെടുക്കേണ്ടിവരുന്നത്... വോട്ടർപട്ടികയിൽനിന്നു വെട്ടിമാറ്റപ്പെട്ടവരുടെ ആകുലതകൾ സാംസയുടേതിനു സമാനമാകുകയാണ്. ഭരണകൂടവും പ്രതിപക്ഷവും നീതിന്യായ സംവിധാനങ്ങളും അറിയുന്നുണ്ടാകാം; പരിഹരിക്കുന്നില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഷ്ടപ്പെട്ട വിശ്വാസ്യത ജനാധിപത്യ ഇന്ത്യക്ക് അപമാനമായിട്ടുണ്ട്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ തെളിവുസഹിതം പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചതാണ്. ഇതിനെതിരേ രോഷംകൊണ്ട മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട് ശരിയല്ലെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള സമിതിയിലെ ഭൂരിപക്ഷം സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി സർക്കാരിൽ നിഷിപ്തമാക്കിയത് തുടക്കമായിരുന്നു. പിന്നാലെ, കമ്മീഷനു നിയമസംരക്ഷണം ഉറപ്പാക്കിക്കൊടുത്ത Appointment, Conditions of Service and Term of Office Act, 2023 അനുസരിച്ച്, ചീഫ് ഇലക്ഷൻ കമ്മീണറോ മറ്റു കമ്മീഷണർമാരോ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ സിവിലോ ക്രിമിനലോ ആയ നിയമനടപടികളിൽനിന്ന് സംരക്ഷിതരാണ്. ഈ കമ്മീഷന്റെ വോട്ടർപട്ടിക മറ്റെല്ലാ തിരിച്ചറിയൽ കാർഡുകളെയും നിയന്ത്രിക്കുന്നു. സംശയങ്ങൾ വർധിക്കുകയാണ്.
ഇതിന്റെ തുടർച്ചയായി കാണേണ്ട കാര്യങ്ങളുമുണ്ട്. കഴിഞ്ഞ മാർച്ചിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്, നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും; പക്ഷേ, ഹിന്ദുക്കളായ അഭയാർഥികൾക്കു പൗരത്വം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കുമെന്നാണ്. പശ്ചിമബംഗാളിലെയും ബിഹാറിലെയും ബിജെപി സർക്കാരുകൾ അടുത്തയിടെ പറഞ്ഞത്, വോട്ടർപട്ടികയിലില്ലാത്തവരെ ക്ഷേമപദ്ധതികളിൽനിന്ന് ഒഴിവാക്കുമെന്നാണ്. പാസ്പോർട്ട് യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ തെളിവല്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അതിനായി 1967ലെ പാസ്പോർട്ട് നിയമത്തിലെ ചില പഴുതുകൾ കണ്ടെത്തി. പാസ്പോർട്ട് നിയമത്തിലെ മാത്രമല്ല, മതപരിവർത്തന നിരോധന നിയമത്തിലെയും, വിദേശഫണ്ട് നിയന്ത്രണ നിയമത്തിലെയും (എഫ്സിഐർഎ) ഗോവധനിരോധന നിയമത്തിലെയും പഴുതുകളൊക്കെ എങ്ങനെ തങ്ങൾ ശത്രുപക്ഷത്താക്കിയവർക്കെതിരേ ഉപയോഗിക്കാമെന്ന് തെളിയിച്ച സർക്കാരാണ് കേന്ദ്രത്തിൽ.
ഇത്തവണ കേന്ദ്രത്തിൽ കഷ്ടിച്ച് അധികാരം നിലനിർത്തിയ ബിജെപിക്ക് പഴയ വർഗീയതന്ത്രങ്ങൾകൊണ്ട് ഇനിയൊരു വിജയം എളുപ്പമല്ല. അത്തരമൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും കുതിരക്കച്ചവടത്തെയും അന്വേഷണ ഏജൻസികളെയും ന്യൂനപക്ഷവിരോധത്തിനുള്ള പുതിയ നിയമഭേദഗതികളെയുമൊക്കെ എടുത്തുപയോഗിക്കുന്നത് ഗൗരവത്തിൽ കാണേണ്ടതാണ്. പ്രതിപക്ഷം ചരിത്രത്തിലെ ഏറ്റവും ദുർബലാവസ്ഥയിലും കോടതികൾ യാന്ത്രികതയുടെ പാരമ്യതയിലുമായിരിക്കവേ, ജനാധിപത്യ സംരക്ഷണം അവരുടേതു മാത്രമല്ലെന്ന് ജനം തിരിച്ചറിയണം.
Editorial
മത-വംശീയ ഭീകരവാദികളായ ഹമാസ് 2023 ഒക്ടോബർ ഏഴിനു നടത്തിയ തീവ്രവാദ ആക്രമണത്തിനു തിരിച്ചടിയായിട്ടാണ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേൽ യുദ്ധം തുടങ്ങിയത്. പക്ഷേ, ഇസ്രയേൽ നടത്തുന്നതും വംശഹത്യയാണ് എന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് മനുഷ്യത്വത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. ഗാസയിൽ കുട്ടികളെ കൊന്നൊടുക്കിയതു ബോധപൂർവമാണെന്നതിനു നിസ്തർക്കമായ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.
അപകീർത്തികരമായ കള്ളം എന്നാണ് ഇസ്രയേൽ ഇതിനോടു പ്രതികരിച്ചത്. പക്ഷേ, ആ കള്ളമെന്തെന്നു ലോകത്തെ ബോധ്യപ്പെടുത്തിയിട്ടില്ല. ഹമാസ് ഭീകരത, ഇസ്രയേലിന് എന്തും വാങ്ങിക്കൂട്ടാനുള്ള ബ്ലാങ്ക് ചെക്കല്ലെന്ന നിലപാട് ആവർത്തിച്ചുകൊള്ളട്ടെ. ഹമാസിന്റേതായാലും ഇസ്രയേലിന്റേതായാലും വംശവെറിയെ വിശുദ്ധമായി പ്രഖ്യാപിക്കാനാവില്ല.
കാരണം, യഹൂദർക്കെതിരേ ഹിറ്റ്ലർ നടത്തിയതും അർമേനിയൻ ക്രൈസ്തവർക്കെതിരേ ഓട്ടോമൻ സാമ്രാജ്യം നടത്തിയതും ഉൾപ്പെടെയുള്ള വംശഹത്യകളെ നിരന്തരം തള്ളിപ്പറഞ്ഞുകൊണ്ടേയിരിക്കുന്നവർക്ക് പലസ്തീനിലെ കുഞ്ഞുങ്ങളുടെ മരണകാരണങ്ങളിലും വ്യക്തത വേണ്ടിവരും. വംശഹത്യ റിപ്പോർട്ടിന് അരിശമല്ല മറുപടി.
ഗാസയിലെ പാലസ്തീന് കുട്ടികളെ ഇസ്രായേല് സൈന്യം ബോധപൂര്വം ലക്ഷ്യമിടുകയാണെന്നും ഇത് വംശഹത്യയുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും പരിധിയില് വരുന്നതാണെന്നുമാണ് യുഎൻ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറി പുറത്തുവിട്ടിരിക്കുന്ന നടുക്കുന്ന വിവരം. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെങ്കിൽ വസ്തുതകൾ നിരത്തി തിരുത്തപ്പെടണം.
ഇസ്രയേൽ കണ്ണടച്ചാൽ ലോകം ഇരുട്ടിലാകില്ല. ഒഡീഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ശ്രീനിവാസൻ മുരളീധരനാണ് മൂന്നംഗ കമ്മീഷന്റെ അധ്യക്ഷൻ. പല തന്ത്രങ്ങളിലൂടെയാണ് ഇസ്രയേൽ കുട്ടികളെ ആക്രമിച്ചതെന്നു റിപ്പോർട്ട് പറയുന്നു. ക്വാഡ്കോപ്ടറുകള്, സ്നൈപ്പറുകള് എന്നീ ആയുധങ്ങള് ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതാണ് ഒരു രീതി. പാർപ്പിടസമുച്ചയങ്ങള്, സ്കൂളുകള്, കുട്ടികള് തിങ്ങിപ്പാര്ക്കുന്ന ക്യാമ്പുകള് എന്നിവിടങ്ങളില് ആക്രമണം നടത്തുന്നതായിരുന്നു മറ്റൊരു രീതി.
അതൊക്കെ യുദ്ധത്തിലെ യാദൃച്ഛികതകളായിരുന്നില്ലെങ്കിൽ ഈ റിപ്പോർട്ട് ഗൗരവമുള്ളതാണ്. പ്രസക്ത നിരീക്ഷണങ്ങൾ ഇങ്ങനെ: “2023 ഒക്ടോബര് ഏഴിനും 2025 ഒക്ടോബര് ഏഴിനും ഇടയില് 20,179 കുട്ടികള് കൊല്ലപ്പെട്ടു. ഇതിൽ 5,031 കുട്ടികള് അഞ്ചു വയസിനു താഴെയുള്ളവരാണ്. ഒരു വയസില് താഴെയുള്ള 1,029 കുട്ടികളും 420 നവജാത ശിശുക്കളും കൊല്ലപ്പെട്ടു. 44,143 കുട്ടികള്ക്കു പരിക്കേറ്റു.
രേഖകളില്പ്പെടാത്ത മരണവും കുട്ടികളെ കാണാതായ കേസുകളുമുണ്ട്. പാലസ്തീന്റെ ഭാവി തകര്ക്കാനുള്ള ആസൂത്രിത തന്ത്രമാണ് ഇസ്രായേല് നടപ്പാക്കുന്നത്. കഴിഞ്ഞ ഒക്ടോബറില് പ്രഖ്യാപിച്ച വെടിനിര്ത്തലിനു ശേഷവും കുട്ടികള് വ്യാപകമായി കൊല്ലപ്പെടുകയാണ്. കുട്ടികള്ക്കു നേരേ ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങളുമുണ്ടായി.
ആശുപത്രികള്, സ്കൂളുകള്, മറ്റ് സ്ഥാപനങ്ങള് എന്നിവയ്ക്കുനേരേയുണ്ടായ ആക്രമണങ്ങള് കുട്ടികളുടെ നിലനില്പിനെയും വികാസത്തെയും തടഞ്ഞു. നവജാത ശിശു-പ്രസവ ശുശ്രൂഷ തുടങ്ങിയ ആരോഗ്യസുരക്ഷാ സംവിധാനങ്ങള് തകര്ത്തതും ഇസ്രയേലിന്റെ ഉപരോധവും നവജാത ശിശുക്കളെ അംഗവൈകല്യമുള്ളവരും സ്ഥിരആരോഗ്യപ്രശ്നമുള്ളവരുമാക്കി മാറ്റി. വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറൂസലെമിലും പലസ്തീൻ കുട്ടികൾക്കു നേരേ ജൂത കുടിയേറ്റക്കാരുടെ ആക്രമണവുമുണ്ട്.
ഇസ്രേലി സേന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും സൈനിക നടപടികൾ അവസാനിപ്പിക്കുകയും ചെയ്യണം.”ശാരീരിക-മാനസിക മുറിവുകൾ, അനാഥത്വം, തുടർച്ചയായുള്ള പലായനം എന്നിവ കാരണം ഗാസയിൽ ബാല്യം ഇല്ലാതായെന്നാണ് കമ്മീഷൻ പറഞ്ഞത്. ചോരകൊണ്ടെഴുതിയ ഈ ബാലഹത്യയുടെ റിപ്പോർട്ട്, ഹമാസിന്റെ ക്രൂരതകളാൽ ന്യായീകരിക്കാനാകില്ല.
ക്രൈസ്തവരും യഹൂദരും ഇല്ലാത്ത ലോകം സ്വപ്നം കാണുന്ന മുസ്ലിം ബ്രദർഹുഡെന്ന ആഗോള വംശീയ ഭീകര സാഹോദര്യത്തിന്റെ ചാർച്ചക്കാരായ ഹമാസും ഹിസ്ബുള്ളയും ഹൂതികളുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വംശഹത്യകൾക്ക് സയണിസ്റ്റ് വംശീയതയല്ല മറുപടി. സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമല്ലാത്ത ഗാസയിൽ ഇസ്രയേലിന്റെ പ്രസ്താവനകൊണ്ടുമാത്രം യുഎൻ കമ്മീഷൻ റിപ്പോർട്ടിനെ ചെറുക്കാനാകില്ല.
അപകീർത്തികരവും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടിൽ ഇസ്രേലികുട്ടികളെ ആക്രമിച്ചതും പലസ്തീൻകുട്ടികളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്ന കാര്യവും അന്വേഷണസംഘം അവഗണിച്ചെന്ന് അവർ കുറ്റപ്പെടുത്തി. തീർച്ചയായും വ്യക്തതയുണ്ടാകണം. ആരുടെ കുട്ടികൾ കൊല്ലപ്പെട്ടാലും ആർദ്രമാകുന്ന മനസൊന്നും ഹമാസ് ഉൾപ്പെടെയുള്ള തീവ്രവാദികളുടെ മത-വംശീയ പ്രത്യയശാസ്ത്രത്തിലില്ല.
കുഞ്ഞുങ്ങളുടെ ചോര അവർക്ക് വിശുദ്ധ യുദ്ധങ്ങളുടെ സ്വർഗീയ നിറങ്ങളാകാം. പക്ഷേ, മനുഷ്യകവചങ്ങളാക്കിയ കുട്ടികൾ മാത്രമല്ല യുഎൻ റിപ്പോർട്ടിലുള്ളത്. രോഷാകുലമായ പ്രസ്താവനകളല്ല, കൃത്യമായ കണക്കുകളാണ് ഇസ്രയേൽ പുറത്തുവിടേണ്ടത്. ഇതിനൊപ്പം ഇസ്രയേലിലും ലെബനനിലും വെസ്റ്റ് ബാങ്കിലും യഹൂദതീവ്രദേശീയവാദികൾ ആക്രമിച്ച ക്രൈസ്തവദേവലായങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്മാരകങ്ങളുടെയും കണക്കുകളും പുറത്തുവിടാം.
ക്രൈസ്തവർക്കു നേരേ തുപ്പുന്നവർ, അസഭ്യവർഷം നടത്തുന്നവർ, ആക്രമിക്കുന്നവർ... നെതന്യാഹു ഇതൊന്നും ചെയ്യുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ സംഘത്തിലെ പരിവാരങ്ങൾ, വംശീയതയുടെയും വർഗീയതയുടെയും ആചാരങ്ങൾ ഒരു സാബത്തിലെന്നപോലെ ഭക്തിപൂർവം നിർവഹിക്കുന്നുണ്ട്.
യുഎൻ റിപ്പോർട്ടിലെ വംശഹത്യാ ആരോപണം തെറ്റാണെങ്കിൽ അതു സ്ഥാപിക്കാൻ ശാസ്ത്ര-സാങ്കേതികവിദ്യയിൽ അഗ്രഗണ്യരായ ഇസ്രയേലിനു സാധിക്കുകതന്നെ ചെയ്യും. അതറിയാതെയാണ് കേരളത്തിലുൾപ്പെടെയുള്ള വർഗീയ-വംശീയ ആരാധകർ വെറുപ്പിന്റെ സോഫ്റ്റ്വേർ പുറത്തെടുക്കുന്നത്. യുഹൂദരുൾപ്പെടെയുള്ള വംശഹത്യവിരുദ്ധർക്ക് അലോസരമായ കാഴ്ച!
Editorial
ഭരണപരമായ പുത്തൻ വെളിപാടുകൾക്ക് ഇന്ത്യൻ ബ്യൂറോക്രസി പണ്ടേ കെങ്കേമമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബുധനാഴ്ച വിദേശകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. പാസ്പോർട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ തെളിവല്ലെന്നുമാണ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
പ്രസ്താവന വിവാദമായതിനു പിന്നാലെ ഇന്നലെ വിദേശകാര്യ മന്ത്രാലയം നേരത്തേ പറഞ്ഞതിനെ ശക്തമായി ഉറപ്പിച്ചുകൊണ്ട് കൂടുതൽ വിശദീകരണവുമായി രംഗത്തു വന്നു. ഈ രേഖ നിയമപരമായി ഒരിക്കലും പൗരത്വത്തിന്റെ തെളിവായി നിലനിന്നിട്ടില്ലെന്നാണ് മന്ത്രാലയം പറയുന്നത്. ഇതിന് പിൻബലം നല്കാൻ 1967ലെ പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥകളും മുൻകാല കോടതി വിധികളും അവർ ആധാരമാക്കുന്നു.
ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് പാസ്പോർട്ട് നൽകുന്നത് നിയമത്തിലെ സെക്ഷൻ 6(2)(എ) വിലക്കുന്നുണ്ടെങ്കിലും, പൗരന്മാരല്ലാത്തവർക്കായി പ്രത്യേക വ്യവസ്ഥയും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നു ചൂണ്ടിക്കാണിച്ചാണ് സർക്കാർ പാസ്പോർട്ടിനെ പൗരത്വത്തിൽനിന്ന് അകറ്റിനിർത്തുന്നത്. ഈ വ്യാഖ്യാനത്തെ ശരിവയ്ക്കുന്ന 2013ലെ ബോംബെ ഹൈക്കോടതി വിധിയും സർക്കാർ വൃത്തങ്ങൾ എടുത്തുപറയുന്നുണ്ട്.
പക്ഷേ, ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം കാതലായ ഒരു ചോദ്യം ബാക്കിനിൽക്കുന്നു: സ്വന്തം പാസ്പോർട്ടിനെ ദേശീയതയുടെ തെളിവായി ഇന്ത്യക്കുതന്നെ പൂർണമായി വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റാരെങ്കിലും അത് വിശ്വസിക്കണം എന്നു പറയുന്നതെങ്ങനെയാണ്? ഇന്ത്യൻ സർക്കാർ ഒരു രേഖ പുറത്തിറക്കുന്നു. അതിൽ ദേശീയമുദ്ര പതിപ്പിക്കുന്നു. അപേക്ഷകരെ കർശനമായ പോലീസ് പരിശോധനയ്ക്കു വിധേയമാക്കുന്നു.
രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഒരു കേന്ദ്രത്തിൽ ആ പാസ്പോർട്ട് അച്ചടിക്കുന്നു. ഒടുവിൽ ഇത് ഇന്ത്യൻ പൗരന്മാരെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗിക രേഖയായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ടും, ഇന്ത്യക്കാർ തങ്ങളുടെ പൗരത്വത്തിന്റെ തെളിവായി പാസ്പോർട്ട് ചൂണ്ടിക്കാണിക്കുമ്പോൾ, അതിനെ അങ്ങനെ കണക്കാക്കാൻ കഴിയില്ലെന്ന് അവരോട് പറയുന്നതിലെ വൈരുധ്യവും പരിഹാസ്യതയും അപമാനവും എത്രത്തോളമാണ്?
ഈ പാസ്പോർട്ടിനെ വിമാനക്കമ്പനികൾ അംഗീകരിക്കുന്നു. രാജ്യാതിർത്തികളിലെ കാവൽസേനകൾ അംഗീകരിക്കുന്നു. വീസ കിട്ടാനും വിവിധ രാജ്യങ്ങളിലെ ഇമിഗ്രേഷൻ അധികൃതരെ ബോധ്യപ്പെടുത്താനും ഇതു മതി. വിദേശത്ത് നയതന്ത്ര പരിരക്ഷ ഉറപ്പാക്കാനും വിശ്വസനീയമാണ് ഇന്ത്യൻ പാസ്പോർട്ട്. വിദേശ സർക്കാരുകൾ ഇതിന്റെ ഉടമ ഇന്ത്യൻ പൗരനാണെന്ന് മടികൂടാതെ സമ്മതിക്കുന്നു. ഒരു ഇന്ത്യൻ പാസ്പോർട്ട് സാക്ഷ്യപ്പെടുത്തുന്ന ദേശീയതയെ വിദേശ സർക്കാരുകൾ പൂർണമായി വിശ്വസിക്കണം. എന്നാൽ, ഇതേ രേഖ നൽകിയ ഇന്ത്യൻ സർക്കാർ സ്വന്തം രാജ്യത്ത് പൗരത്വം തെളിയിക്കാൻ ഇത് പര്യാപ്തമല്ലെന്ന് വാദിക്കുകയും ചെയ്യുന്നു. എന്തൊരു വിചിത്രമായ ഏർപ്പാടാണ്!
ഈ പ്രശ്നം ഉയർന്നുവന്ന സാഹചര്യം ശ്രദ്ധിക്കുക. തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിൽനിന്ന് (എസ്ഐആർ) ഒഴിവാക്കപ്പെട്ട വ്യക്തികൾക്ക് പൗരത്വം തെളിയിക്കാൻ പാസ്പോർട്ട് ഉപയോഗിക്കാമോ എന്ന ചോദ്യമാണ് ഈ വിശദീകരണത്തിലെത്തിയത്. അതോടെ ഇത് കേവലം ഉദ്യോഗസ്ഥ മണ്ടത്തരം എന്നതിൽനിന്ന് തികച്ചും ഗൗരവമുള്ള രാഷ്ട്രീയ വിഷയമാകുന്നു. ആരാണ് ഇന്ത്യൻ പൗരൻ എന്ന ചോദ്യത്തിന് അത് "ഞങ്ങൾ' തീരുമാനിക്കുന്നവർ എന്ന ഉത്തരം വരുന്ന കാലം വിദൂരമല്ലെന്നാണ് നാം തിരിച്ചറിയേണ്ടത്.
1967ലെ പാസ്പോർട്ട് നിയമത്തിന്റെ ആമുഖം നോക്കുക: “ഇന്ത്യൻ പൗരന്മാർക്കും മറ്റ് വ്യക്തികൾക്കും ഇന്ത്യയിൽനിന്നുള്ള യാത്ര നിയന്ത്രിക്കുന്നതിനും പാസ്പോർട്ടുകളും യാത്രാരേഖകളും നൽകുന്നതിനും അതുമായി ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ കാര്യങ്ങൾക്കുമായുള്ള നിയമം.” ഈ നിയമത്തിലെ സെക്ഷൻ 1(2) ഇന്ത്യയിലുടനീളം ബാധകമാണ്. കൂടാതെ, ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യൻ പൗരന്മാർക്കും ഇത് ബാധകമാണ്. അതിനാൽ, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന തികച്ചും നിയമവിരുദ്ധമാണെന്ന് നിയമജ്ഞർ ചൂണ്ടിക്കാണിക്കുന്നു. പാസ്പോർട്ടുകളെക്കുറിച്ചുള്ള പുതിയ ഔദ്യോഗിക നിലപാട് വിദേശ സർക്കാരുകളെയും വിഷമസന്ധിയിലാക്കാൻ സാധ്യതയുണ്ട്.
എല്ലാ പരമാധികാര രാജ്യങ്ങളും ഒരു വ്യക്തിയുടെ വ്യക്തിത്വവും ദേശീയതയും പരിശോധിക്കുന്നതും അംഗീകരിക്കുന്നതും അവരുടെ പാസ്പോർട്ട് അടിസ്ഥാനമാക്കിയാണ്. അവർ പരസ്പരം ആ സാക്ഷ്യപ്പെടുത്തൽ സമ്മതിക്കുകയും പാസ്പോർട്ട് ഉടമകളെ അതിർത്തി കടന്ന് യാത്രചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. ഇതിൽനിന്ന് പൗരത്വത്തെ ഒഴിവാക്കിയാൽ പാസ്പോർട്ട് വിലയുണ്ടെന്നു കരുതുന്ന ഉദ്ദേശ്യരഹിതമായ രേഖയായി മാറും. ഏതാവശ്യത്തിനാണോ ഒരു രേഖയുണ്ടാക്കിയത് അത് ആ ആവശ്യത്തിനുതകാത്ത ഒന്നായി മാറുന്ന ഇന്ത്യൻ "റോപ് ട്രിക്ക്’ ആണ് നമ്മുടെ മുന്നിൽ നടക്കുന്നത്.
മരിച്ചോ എന്നുറപ്പു പറയാനാകാത്ത മരണസർട്ടിഫിക്കറ്റ്, ഇയാൾ ജനിച്ചോ എന്നുറപ്പില്ലാത്ത ജനന സർട്ടിഫിക്കറ്റ് എന്നൊക്കെ കോമഡി സ്കിറ്റുകളിൽ കേട്ട് നാം തലയറഞ്ഞു ചിരിക്കാറുണ്ട്. എന്നാലിത് ചിരിച്ചുതള്ളേണ്ട ഒന്നല്ല. രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ഒരു ദുഃസൂചനയാണ്. "ബ്രഹ്മസത്യം, ജഗന്മിഥ്യ’ എന്ന് ആദിശങ്കരന്റെ അദ്വൈതം പറയുന്നു. ആധുനിക ശങ്കരന്മാർ "അഹം ബ്രഹ്മാസ്മി’യെന്നു പറഞ്ഞ് മഹത്തായ ഈ രാജ്യത്തെ ഭരണഘടനയെയും നിയമങ്ങളെയും വെറും മായയാക്കാനുള്ള കഠിനയത്നത്തിലാണ്. കരുതിയിരുന്നേ പറ്റൂ.
Editorial
ജനവാസമേഖലയിൽ മാത്രം 50,000 കാട്ടുപന്നികൾ! പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന ഇവയെ കൊല്ലാനുള്ള നടപടി ഉടൻ ആരംഭിക്കും. വെടിവയ്പുകാരില്ലാത്തിടത്ത് ഉടൻ ആളെ കണ്ടെത്തും. വനം മന്ത്രി ഷിബു ബേബിജോൺ നിയമസഭയിൽ പറഞ്ഞതാണിത്. കേരളത്തിലെ കർഷകർക്ക് അമിതാവേശമൊന്നുമില്ല. എല്ലാം ശരിയാക്കാമെന്ന പ്രഖ്യാപനം വർഷങ്ങളായി കേട്ടുകേട്ടു മടുത്തു.
അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ട് ഒരു മാസത്തിലേറെയായി. ഇനി ഒരു തടസവും സർക്കാരിനില്ലല്ലോയെന്നോർത്ത് ജനം ആശ്വസിച്ചതാണ്. ഒരു ചുക്കും നടന്നില്ല. എന്ത് അട്ടിമറിയാണു നടന്നതെന്നറിയില്ല. അതിനിടെയാണ് കാട്ടുപന്നിയെ വെടിവച്ചു തീർക്കുമെന്ന പ്രഖ്യാപനം വനം മന്ത്രി നടത്തിയത്. എൽഡിഎഫ് സർക്കാരിന്റേതുപോലെ പൊയ്വെടിയാകുമോയെന്ന് അറിയാനുണ്ട്.
റാന്നി എംഎൽഎ പഴകുളം മധുവിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായാണ് വനം മന്ത്രി ഷിബു ബേബിജോൺ, ഓഗസ്റ്റ് മാസത്തോടെ കാട്ടുപന്നിശല്യം തീർക്കുമെന്നറിയിച്ചത്. കർഷകർക്കറിയാം, അവരുടെ കൃഷിയിടങ്ങളിലുള്ള കാട്ടുപന്നികളുടെ എണ്ണം അര ലക്ഷത്തിലും വളരെ അധികമാണെന്ന്. “വൻതോതിൽ പന്നികൾ പെറ്റുപെരുകുന്ന സാഹചര്യത്തിൽ പന്നികളെ കൊല്ലാനുള്ള പ്രത്യേക നടപടി നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ നടത്തും.
പല പഞ്ചായത്തുകളിലും പന്നികളെ കൊല്ലുന്നതിനു ഷൂട്ടർമാരില്ല. ഇവിടങ്ങളിൽ ഷൂട്ടർമാരെ നിയമിക്കും.” ഇതോടൊപ്പം മന്ത്രി മറ്റൊരു കാര്യം പറഞ്ഞിരുന്നു. “കർഷകരെ വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങളാവും വനം വകുപ്പ് നടത്തുക. കർഷകർ നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമാണ്. കർഷകന്റെ ശത്രുവല്ല വനം വകുപ്പ് എന്ന നിലയാണ് സർക്കാരിനുള്ളത്. കർഷകരുമായി സഹകരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.”
കഴിഞ്ഞ 10 വർഷമെങ്കിലുമായിട്ട് കർഷകന്റെ പ്രഖ്യാപിത ശത്രുവായിരുന്നു സർ വനം വകുപ്പ്. അവർ കർഷകരുടെ ഭൂമിയും പാതകളും പിടിച്ചെടുത്തു. നൂറ്റാണ്ടു പഴക്കമുള്ള രാജപാതകൾ കൈയേറി. രേഖകളുള്ള ആരാധനാലയങ്ങൾ തകർത്തു. അനധികൃതമായി കുടിയിറക്കിയവരെ കോടതിയാണ് പുനരധിവസിപ്പിച്ചത്. വന്യജീവിശല്യത്തിനൊപ്പമായിരുന്നു വനപാലകശല്യം.
കർഷകന്റെ ശത്രുവല്ല സർക്കാരെന്ന് എടുത്തുപറയേണ്ടിവന്നത് അവർ കർഷകരുടെ ശത്രുവായിരുന്നു എന്ന വസ്തുതയിൽനിന്നാണ്. വനം വകുപ്പിലെ ഉദ്യോഗസ്ഥപ്രഭുക്കളെ ഇങ്ങനെ നിലനിർത്തിക്കൊണ്ട് കർഷകർക്കു രക്ഷയില്ലെന്ന് ദീപിക പലയാവർത്തി ചൂണ്ടിക്കാണിച്ചു. പക്ഷേ, അധികാരത്തിന്റെ ബധിരകർണങ്ങൾ ഈ സംസ്ഥാനത്തിന്റെ ശാപമായിരുന്നു. അതിനു മാറ്റം വരുത്താൻ മന്ത്രി ഷിബു ബേബിജോണിന് ഇച്ഛാശക്തിയുണ്ടായാൽ മാത്രം മതി. കാട്ടുപന്നിവേട്ട പ്രഖ്യാപനം കർഷകരക്ഷയിലേക്കുള്ള ഒന്നാം മൈലാണ്.
ഒരു കാര്യംകൂടി സൂചിപ്പിക്കാം. പരിഷ്കൃത രാഷ്ട്രങ്ങളെല്ലാം, ജനങ്ങൾക്കു ഭീഷണിയാകുന്ന രീതിയിൽ അമിതവർധനയുണ്ടായാൽ വന്യജീവികളെ വേട്ടയാടി ഭക്ഷിക്കാനാണ് അനുമതി നൽകുന്നത്. പക്ഷേ, ഇന്ത്യയിൽ എത്ര മനുഷ്യർ കൊല്ലപ്പെട്ടാലും വന്യജീവികളെ വേട്ടയാടാൻ അനുവദിക്കില്ല. അതിസങ്കീർണവും മനുഷ്യവിരുദ്ധവുമായ നിയമത്തിന്റെ നൂലാമാലകളെല്ലാം കടന്ന് ഒരു കാട്ടുപന്നിയെ വെടിവച്ചുകൊന്നാലും ആരുമതു തിന്നില്ലെന്ന് ഉറപ്പാക്കാൻ നശിപ്പിച്ചശേഷം മാത്രം കുഴിച്ചുമൂടും.
ഒരുതരം വിചിത്രമായ കാട്ടുനീതിയുടെ പുറത്താണ് എല്ലാ രാഷ്ട്രീയ പാർട്ടികളും മനുഷ്യവേട്ടയെ നിയമത്താൽ നിലനിർത്തിക്കൊണ്ടിരിക്കുന്നത്. ഈ സർക്കാരിൽ ജനം മാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നതു യാഥാർഥ്യമാണ്. 50,000 പന്നിയെ കൊല്ലുന്നുണ്ടെങ്കിൽ അതിന്റെ മാംസം 35 ലക്ഷം കിലോയെങ്കിലുമുണ്ടായിരിക്കും. 300 രൂപ കിലോയ്ക്കു വിലയിട്ടാൽ പോലും100 കോടിക്കു മുകളിലായി.
മനുഷ്യരെ തീറ്റിക്കില്ലെന്നല്ലേ നിയമനിർമാതാക്കൾക്കു വാശിയുള്ളൂ. ലക്ഷക്കണക്കിനു രൂപയുടെ ഇറച്ചി വിവിധ മൃഗശാലകളിലേക്ക് ദിവസവും വാങ്ങുന്നുണ്ട്. ഈ പന്നിയിറച്ചി അവിടേക്കു കൊടുത്താൽ അത്രയും ലാഭമല്ലേ?
സർക്കാരുകളുടെ പ്രതിബദ്ധത ജനങ്ങളോടല്ല, മൃഗസ്നേഹം വരുമാനമോ ഫാഷനോ തൊഴിലോ ആക്കിയിരിക്കുന്ന ചില ദന്തഗോപുരവാസികളോടാണ്. അവരിലേറെയും നിരുപദ്രവകാരികളായ ജീവികളെ സുഭിക്ഷമായി അകത്താക്കുന്നവരുമാണ്. വനം മന്ത്രി ഇത്തരക്കാർക്കു വഴങ്ങരുത്. മനേക ഗാന്ധി ഒരു കത്തെഴുതിയാൽ തീരുന്നതായിരുന്നു നമ്മുടെ കർഷകസ്നേഹം.
അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്ക്ക് നൽകിയ മന്ത്രിസഭാ തീരുമാനത്തിനെതിരേ അവർ 2022 മേയിൽ നമ്മുടെ വനം മന്ത്രിക്കു കത്തെഴുതിയിരുന്നു. അക്രമകാരികളായ തെരുവുനായകളെ കൊല്ലാമെന്നു തീരുമാനിച്ച സുപ്രീംകോടതി ചുട്ട മറുപടി കൊടുത്തതോടെയാണ് സർക്കാരുകളെ "തടവിലാക്കിയിരുന്ന' കപടമൃഗസ്നേഹികൾ ഒന്നടങ്ങിയത്.
കോടതിയിൽ തോറ്റവർ സർക്കാരുകളുടെ പിൻവാതിലിൽ ഇപ്പോഴുമുണ്ടാകും. ജനപക്ഷത്തു നിൽക്കാൻ ഈ സർക്കാരിനാകട്ടെ. ഓഗസ്റ്റോടെ പന്നിശല്യം തീരട്ടെ. മൃഗശാലകളിൽ പോത്തിറച്ചിയും കോഴിയിറച്ചിയും ആട്ടിറച്ചിയും വാങ്ങാൻ കൊടുക്കുന്ന പണം സ്കൂളുകളിൽ ഉച്ചക്കഞ്ഞിക്കു കൊടുക്ക്, മനഃസാക്ഷിയുണ്ടെങ്കിൽ.
Editorial
ഒരു തെങ്ങിന്റെ പേരിലുള്ള അയൽതർക്കം പഞ്ചായത്ത് മുതൽ ഹൈക്കോടതി വരെ എത്തിയതും കോടതിയുടെ ഉപദേശവും ബന്ധപ്പെട്ട ഹർജിക്കാർക്കുവേണ്ടി മാത്രമുള്ളതല്ല. കാരണം, അതിരിലെ ഒരു മരത്തിന്റെ പേരിൽ വർഷങ്ങളായി ശത്രുതയിൽ തുടരുന്ന ആയിരക്കണക്കിന് അയൽക്കാരുണ്ട് ഈ സംസ്ഥാനത്ത്.
കോടതി ഹർജിക്കാരനോടും എതിർകക്ഷിയോടും പറഞ്ഞത്, “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാനാണ്”. ഉള്ളിൽ ഇത്തരം ഹർജികൾ കൊണ്ടുനടക്കുന്ന എല്ലാവരോടുമാണ് ഈ നിരീക്ഷണം. തെങ്ങിനു ചിരിക്കാന് കഴിവുണ്ടെങ്കില് ഈ തര്ക്കം കണ്ട് ചിരിച്ചേനെ എന്നും കോടതി പറഞ്ഞു. തെങ്ങ് മാത്രമല്ല, അതിരിലേത് ഉൾപ്പെടെയുള്ള വൃക്ഷങ്ങളിലെ ഫലങ്ങളെല്ലാം അയൽക്കാരുമായി പങ്കുവയ്ക്കുന്ന, അവർക്കു ശല്യമാകാതിരിക്കാൻ അതിരിൽനിന്നു മാറ്റി മാത്രം വൃക്ഷങ്ങൾ നടുന്ന, പരാതിയുണ്ടായാൽ ഒന്നിച്ചു ചർച്ച ചെയ്തു പരിഹാരം കാണുന്ന നല്ല അയൽക്കാരും ചിരിക്കുകയാണ്.
അയല്വാസിയുടെ തെങ്ങ് തന്റെ വീടിനു ഭീഷണിയാണെന്നാരോപിച്ച് നെടുമങ്ങാട് സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പഞ്ചായത്തില് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് എതിര്കക്ഷി തെങ്ങ് കമ്പിവടം കൊണ്ട് വലിച്ചുകെട്ടുകയും തേങ്ങ ശേഖരിക്കാന് തലപ്പത്ത് വലയിടുകയും ചെയ്തു. അതിലും തൃപ്തിയാകാതെയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷിക്കാൻ അഭിഭാഷക കമ്മീഷനെ നിയോഗിച്ചാൽ ഒരു ലക്ഷം രൂപ പ്രതിഫലം നൽകണമെന്ന നിബന്ധനയും ഹർജിക്കാരൻ അംഗീകരിച്ചു.
വാശി അത്രയ്ക്കായിരുന്നു. തെങ്ങിനു ബലക്ഷയമില്ലെന്നും തേങ്ങ പതിക്കാതിരിക്കാന് മുന്കരുതലുണ്ടെന്നും കമ്മീഷന് റിപ്പോര്ട്ട് നല്കി. തുടർന്നാണ് ബൈബിൾ വാക്യങ്ങളുദ്ധരിച്ചു ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം: “നിന്നെപ്പോലെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക. ആപത്തുവരുമ്പോള് സഹായത്തിന് അയല്വാസിയേ ഉണ്ടാകൂ.
ഒരു ചായ കുടിച്ച് സംസാരിച്ച് തീര്ക്കേണ്ട കാര്യമാണിത്. തെങ്ങിനു ചിരിക്കാന് കഴിവുണ്ടെങ്കില് ഈ തര്ക്കം കണ്ട് ചിരിച്ചേനെ... സ്വയം നിപതിക്കാന് സാധിച്ചിരുന്നെങ്കില് തെങ്ങ് അങ്ങനെ ചെയ്തെങ്കിലും വഴക്ക് ഒഴിവാക്കിയേനെ.” തെങ്ങ് നിലവില് അപകടത്തിലല്ലെന്നും കോടതിയുടെ സമയം പാഴാക്കിയതിന് ഹര്ജിക്കാരന് പിഴ ചുമത്തേണ്ടതാണെങ്കിലും കക്ഷികള് കാണിക്കുന്നതുപോലുള്ള കടുത്ത നിലപാടുകള്ക്കു പോകുന്നില്ലെന്നും ഉത്തരവില് പറഞ്ഞു.
ഡൽഹി തീസ് ഹസാരി കുടുംബക്കോടതി. 2020ൽ വിവാഹിതയായ സൗരഭ്, ശിഖ എന്നിവർ താമസിയാതെ കലഹത്തിലാകുകയും വിവാഹമോചനത്തിനു കോടതിയെ സമീപിക്കുകയും ചെയ്തു. കേസ് വീറോടെ അഞ്ചാം വർഷത്തിലേക്കു കടക്കവേ, അടുത്തയിടെ ശിഖയുടെ പിതാവിനു ഹൃദയാഘാതമുണ്ടായി. കേസ് നടത്തിയ വകയിൽ സാന്പത്തികത്തകർച്ചയുണ്ടായതിനാൽ അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
പക്ഷേ, സൗരഭ് ഓടിയെത്തി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും അടിയന്തരചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഭാര്യാപിതാവ് ആരോഗ്യവാനായി വീട്ടിൽ മടങ്ങിയെത്തി. പിറ്റേന്ന് കേസ് അവസാന വിചാരണകൾക്കായി പരിഗണിച്ചപ്പോൾ പതിവുപോലെ വക്കീലന്മാർ വാദപ്രതിവാദങ്ങൾ തുടർന്നു. എന്നാൽ ജഡ്ജി സൗരഭിനോട് ഇപ്പോഴും വിവാഹമോചനത്തിൽ ഉറച്ചുനിൽക്കുകയാണോ എന്നു ചോദിച്ചപ്പോൾ, മറുപടി പറയാതെ, സൗരഭ് ശിഖയെ നോക്കി ദുർബലമായൊന്നു ചിരിച്ചു.
അതു കാത്തിരുന്നതുപോലെ ശിഖ കൈയിലിരുന്ന കേസ് രേഖകൾ വലിച്ചുകീറിയശേഷം സൗരഭിന്റെ അടുക്കലേക്ക് ഓടിയെത്തി. പരിസരം മറന്ന് സൗരഭ് അവളെ നെഞ്ചോടു ചേർത്ത് ആലിംഗനം ചെയ്തുകൊണ്ടു നിന്നു. അഞ്ചു വർഷത്തെ വാദപ്രതിവാദങ്ങളും ശത്രുതയും ഒരു നിമിഷത്തിൽ ഇല്ലാതായി.
ഇന്ത്യയിലെ കോടതികളിൽ ഏകദേശം ആറു കോടി കേസുകളാണ് വർഷങ്ങളായി തീർപ്പാകാതെ കിടക്കുന്നത്. 30 വർഷമായി തീർപ്പാകാത്തതുപോലുമുണ്ട്. നീതി തീർച്ചയായും അനിവാര്യമാണ്. കേവലം ഒത്തുതീർപ്പുകളിൽ ഒതുങ്ങാത്ത സങ്കീർണമായ നിരവധി കേസുകളുണ്ട്. പക്ഷേ, പതിനായിരക്കണക്കിനു കേസുകൾ വെറും ദുരഭിമാനത്തിന്റെയും വാശിയുടെയും പേരിലുള്ളതാണ്.
ഇത്തിരിയൊന്നു ക്ഷമിക്കാൻ തയാറായാൽ, ഒന്നു ചിരിക്കാൻ മനസു കാണിച്ചാൽ, ഒന്നിച്ചൊരു അത്താഴത്തിനിരുന്നാൽ... കുടുംബക്കോടതികളിലെ നിരവധി കേസുകൾ തീരും. അനാഥരെപ്പോലെ ജീവിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാനാകും. അനാവശ്യമായ ഈഗോ യുദ്ധങ്ങളാണ് ഒരു സമാധാന ഉടന്പടിയുമില്ലാതെ മനുഷ്യൻ തുടുരുന്നത്.
അടുത്തയിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച, കെ.എം. അബ്ദുള് ഗഫൂറിന്റെ "യുദ്ധം' എന്ന ചെറുകവിത, നാം പങ്കെടുത്തുകൊണ്ടിരിക്കുന്ന നിത്യയുദ്ധങ്ങളെക്കുറിച്ചാണ്: “അറിയാതെ പന്തു തട്ടി ചില്ലു പൊട്ടിയതിനു തല്ലുന്ന/ കറിയില് ഉപ്പു കൂടിയതിനു പാത്രം വലിച്ചെറിയുന്ന/ വൈകിവന്നതിനു വാതില് വലിച്ചടയ്ക്കുന്ന/ തേക്കിന്കുറ്റിയുടെ അവകാശത്തര്ക്കത്തില് അയല്ക്കാരനെ തെറി വിളിക്കുന്ന/ഒരു കൊടിക്കാലിന്റെ പേരില് എതിര്പാര്ട്ടിക്കാരനെ വെട്ടിക്കൊല്ലുന്ന/നമ്മള് ചോദിക്കുന്നു എന്തിനാണ് ഈ യുദ്ധം?/നമ്മള് വലുതായതാണ് യുദ്ധം.”
സ്നേഹത്തിന്റെ ചെറിയൊരു കടാക്ഷംകൊണ്ട്, സ്പർശംകൊണ്ട്, ഒരു ചായസത്കാരംകൊണ്ട്, ഒരു ചുംബനംകൊണ്ട് ഒരു യുദ്ധം നിർത്താൻ നാമെന്തിനാണ് വൈകുന്നത്?
Editorial
അൻപത് കൊല്ലം മുന്പ്, കുളിക്കാനും അലക്കാനും മുതിർന്നവരും കുട്ടികളുമൊക്കെ അടുത്തുള്ള പുഴകളിലേക്കും തോടുകളിലേക്കും നടക്കുന്ന കാഴ്ച പതിവായിരുന്നു. നീന്തലും പന്തുകളിയും മുങ്ങാംകുഴിയിടൽ മത്സരങ്ങളും നീന്തൽ പഠനവുമൊക്കെ നടന്നിരുന്ന ജലമൈതാനങ്ങൾ! ചിലർ മീൻ പിടിക്കാൻ കൈയിലൊരു ചൂണ്ടയോ വലയോപോലും കരുതും. 25 വർഷം മുന്പ്, ഈ കാഴ്ചകൾ മങ്ങിത്തുടങ്ങി. ഇപ്പോൾ അത്തരം കാഴ്കൾ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമായി. പലതിലും ആളുകൾ മുഖം പോയിട്ട്, കാലൊന്നു കഴുകാൻ പോലും ഇറങ്ങില്ല. എല്ലാം പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിറഞ്ഞ് രോഗാണുവാഹികളായി.
ഇന്നലെയും ഇന്നുമായി ദീപിക പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ നമ്മുടെ ജലാശയങ്ങളുടെ ദാരുണമായ അവസ്ഥ വെളിവാക്കിയിട്ടുണ്ട്. ഫാക്ടറികളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങൾ ജലാശയങ്ങളുടെ ഗർഭാശയ അർബുദങ്ങളായിരിക്കുന്നുവെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സർക്കാർ ശാസ്ത്രീയമായ ഒരു സമയബന്ധിത പദ്ധതി തയാറാക്കിയില്ലെങ്കിൽ ഒന്നുമുണ്ടാകില്ല ബാക്കി. നാഗരികതകളുടെ ഈറ്റില്ലമായ ജലഖനികളെ തകർക്കരുത്.
നാം ഒന്നിച്ചു പണിത മാലിന്യബോംബുകളാൽ ലോകത്തെ ഏറ്റവും മലിനമായ അഞ്ചു നദികളിൽ ഇന്ത്യയിലെ ഗംഗയും യമുനയുമുണ്ട്. രണ്ടും നമ്മുടെ പുണ്യനദികളാണ്. ഗംഗയുടെ ശുദ്ധീകരണത്തിനായി ഇതിനോടകം കോടിക്കണക്കിനു രൂപ കേന്ദ്രം ചെലവഴിച്ചു. പ്രത്യേക സൈനികവിഭാഗത്തെ രൂപീകരിച്ചു. കാര്യമായ ഫലമുണ്ടായില്ല. കുംഭമേളയ്ക്കിടെ നദി വീണ്ടും മലിനമായെന്നു ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ, ഇന്ത്യക്കാരെ പഠിപ്പിക്കാൻ വരേണ്ടെന്നും ബ്രിട്ടീഷുകാരാണ് ഗംഗ മലിനമാക്കിയതെന്നുമായിരുന്നു യുപി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. കേരളത്തിലുൾപ്പെടെ രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഭരണകർത്താക്കൾ ഇതേ വിവരക്കേട് പറയുന്നില്ലെങ്കിലും പ്രവൃത്തി ഒന്നുതന്നെയാണ്. എല്ലാ ജലാശയങ്ങളും മലിനമായി.
കേരളത്തിലെ ജലസ്രോതസുകളിൽ 73 ശതമാനവും മലിനമായി. സംസ്ഥാനത്തെ 44 നദികളും കായലുകളും തോടുകളും കുളങ്ങളും കിണറുകളും, ഫാക്ടറികളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങൾ വഹിക്കുന്നു. പാടത്തെയും പറന്പിലെയും രാസവളാവശിഷ്ടങ്ങളും ഒഴുകിയിറങ്ങുന്നത് ജലാശയങ്ങളിലാണ്. മാലിന്യ സംസ്കരണത്തിന്റെ പരാജയമാണ് ജലാശയങ്ങളുടെ മലിനീകരണത്തിന്റെ മറ്റൊരു പ്രധാന കാരണം. കുടിവെള്ള സ്രോതസുകളിൽ കക്കൂസ് മാലിന്യംപോലും തള്ളുന്നവരുണ്ട്. നമ്മൾ വെള്ളത്തിലൊളിപ്പിച്ച മാലിന്യബോംബുകൾ പൊട്ടിത്തെറിക്കുംമുന്പ് നിർവീര്യമാക്കേണ്ടതുണ്ട്.
‘ഇവിടെ മാലിന്യം തള്ളരുത്’ എന്നു ബോർഡ് വയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങളൊന്നും എവിടെ തള്ളണണമെന്നു പറയുന്നില്ല. ഹരിതകർമ സേനാംഗങ്ങൾ മാസത്തിലൊരിക്കൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിൽ ഒതുങ്ങി മാലിന്യസംഭരണം. ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്കരിക്കണമെന്ന് ഉപദേശിച്ചാൽ പോരാ, അതു നടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. സർക്കാർ ശേഖരിക്കാത്ത ജൈവമാലിന്യങ്ങളിലേറെയും നമ്മുടെ ജലാശയങ്ങളിൽ തള്ളപ്പെടുന്നുണ്ട്. ആദ്യം ചെയ്യേണ്ടത്, പുതുതായി മാലിന്യം വെള്ളത്തിലെറിയപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ്.
അപ്രായോഗികമായ വിലക്കുകൊണ്ടൊന്നും ഒരു കാര്യവുമില്ല. ‘ഇവിടെ മാലിന്യം ശേഖരിക്കപ്പെടും’ എന്ന ബോർഡുകളും ഇനി ഉണ്ടാകണം. ഷിഗെല്ല, അമീബിക് മസ്തിഷ്കജ്വരം തുടങ്ങി, നിരവധി പേരുടെ മരണത്തിനിടയാക്കിയ മാരകരോഗങ്ങളിലേറെയും മലിനജലത്തിൽനിന്നാണ്. വരും വർഷങ്ങളിൽ ഇതു കൂടുതൽ വെല്ലുവിളി ഉയർത്തും. രോഗം ചികിത്സിക്കുന്നതുപോലെ പ്രധാനമാണ് അതിന്റെ ഉറവിടങ്ങളെ ഇല്ലാതാക്കൽ. ജലാശയങ്ങളെ ശുദ്ധീകരിച്ചേ തീരൂ. മഴക്കാലത്തിനു രണ്ടാഴ്ച മുന്പ് കളക്ടറുടെ അധ്യക്ഷതയിൽ യോഗം വിളിക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. ശാശ്വത പരിഹാരത്തിനുള്ള പദ്ധതികളുണ്ടാകണം.
നമ്മുടെ ജലാശയങ്ങൾ ശുദ്ധമാക്കാൻ ചെലവഴിക്കുന്ന തുക നഷ്ടമാണെന്നു കരുതരുത്. ജലസേചനം, ഗാർഹികോപയോഗം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ വലിയ നവീകരണത്തിന് അതിടയാക്കും. വിവിധ വകുപ്പുകളുടെ ഏകോപനം, പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിർദേശങ്ങൾ, ജനങ്ങളുടെ സഹകരണം എന്നിവ ഉറപ്പാക്കണം. മാധ്യമങ്ങൾ ബോധവത്കരണത്തിനിറങ്ങണം. വീട്ടിലെ മാലിന്യമത്രയും പൊതിഞ്ഞുകെട്ടി അയൽക്കാരന്റെ പറന്പിലോ ആളില്ലാ പാതയോരത്തോ ജലാശയങ്ങളിലേക്കോ വലിച്ചെറിഞ്ഞിട്ട് കാറിലും സ്കൂട്ടറിലും പായുന്ന 10 പേരെക്കൊണ്ട് അതു തിരിച്ചെടുപ്പിക്കുകയും പിഴയിടുകയും ചെയ്താൽ സാമൂഹിക വിരുദ്ധർക്കു പാഠമാകും.
ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ നദിയാണ് മേഘാലയയിലെ ഉംഗോട്ട്. അതിലൂടെ വള്ളങ്ങൾ പോകുന്നതു കണ്ടാൽ വായുവിലൂടെ ഒഴുകുന്നതായി തോന്നും. അത്ര കണ്ണാടിസമാനമാണ് ജലം. ഉറവിടങ്ങളിൽ മനുഷ്യരില്ലാത്തതും അതൊഴുകുന്ന ഗ്രാമങ്ങളിലെ മനുഷ്യർ അതിലൊരു തരി അഴുക്കുപോലും വീഴാൻ സമ്മതിക്കാത്തതുമാണ് ആ ശുദ്ധിയുടെ രഹസ്യം. ലോകമെങ്ങുംനിന്ന് അവിടേക്ക് സന്ദർശകരെത്തുന്നു. മേഘാലയയുടെ സാന്പത്തികാഭിവൃദ്ധിയുടെ കാരണങ്ങളിലൊന്നായി അതു മാറി.
ഭാരതപ്പുഴ, പന്പ, പെരിയാർ, കുട്ടനാടൻ ജലാശയങ്ങൾ... നമുക്കുമുണ്ട് ജലസ്രോതസുകൾ, തെളിച്ചെടുത്താൽ സ്വർണഖനികൾ. കേരളത്തിന്റെ ഏറ്റവും വലിയ വരുമാനമാർഗം ടൂറിസമായിരിക്കുമെന്നു തിരിച്ചറിഞ്ഞാൽ അതിന്റെ മുന്നൊരുക്കമായിരിക്കും ജലസ്രോതസുകളെ വീണ്ടെടുക്കൽ. ഭൂമിക്കൊരു ഉണർത്തുപാട്ടിനു സമയമായി. ചരമഗീതമെഴുതിയ നാംതന്നെ ഒരുന്പെട്ടിറങ്ങുക.
Editorial
ബസിനടിയിൽപെട്ട് വസ്ത്രം കീറിയ വനിതയ്ക്ക് സ്വന്തം ഉടുമുണ്ട് അഴിച്ചുനൽകിയ മനുഷ്യന്റെ പേരാണ് എം.ആർ. ഷാജി. തൃപ്പൂണിത്തുറയിലെ അപകടസ്ഥലത്തു പാഞ്ഞെത്തിയ നല്ല സമറിയാക്കാരിൽ ഏറ്റവും ശ്രദ്ധേയനായിരുന്നു ഷാജി എന്ന ചായ വിൽപനക്കാരൻ. പതിവുപോലെ ഒന്നിലുമിടപെടാതെ സൗകര്യപ്രദമായ ദൂരത്തിൽ കാഴ്ചക്കാരായി നിൽക്കുന്നവർ അവിടെയുമുണ്ടായിരുന്നു. അന്ന് അവിടെയുണ്ടായിരുന്നെങ്കിൽ നാം ഏതു പക്ഷത്തായിരിക്കുമെന്നു ഭാവനയിൽ കാണുന്നതു നല്ലതാണ്. തീർന്നില്ല, തൃപ്പൂണിത്തുറയിലേത് അപൂർവസംഭവമാണ്. പക്ഷേ, ജീവിതത്തിലും സമൂഹമാധ്യമങ്ങളിലുമൊക്കെ വ്യാജവാർത്തകളാലും അധിക്ഷേപങ്ങളാലും വിവസ്ത്രരാക്കപ്പെടുന്ന മനുഷ്യർ കുറച്ചല്ല. അതു ഷെയർ ചെയ്യുന്നവർ ഒടുവിലത്തെ തുണിക്കീറും ചോദിക്കുകയാണ്. ഇങ്ങനെ അപരന്റെ അഭിമാനത്തിന്റെ തുണിയഴിക്കുന്നവരുടെ എണ്ണം പെരുകവേ അപരിചിതരുടെപോലും മാനത്തിനായി ഉടുതുണി കൊടുക്കുന്ന ഷാജി മാതൃകയാണ്. ഈ വീഡിയോ കണ്ടുമറക്കാനുള്ളതല്ല, നമ്മുടെ കാഴ്ചപ്പാടുകളെ നവീകരിക്കാനുള്ളതാണ്.
ജൂൺ 16ന് ഉച്ചയോടെയാണ് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ അപകടമുണ്ടായത്. സ്വകാര്യ ബസിന്റെ മുൻചക്രത്തിന് അടിയിലേക്കു വീണ സ്കൂട്ടർ യാത്രിക മീറ്ററുകളോളം ടയറിൽ കുരുങ്ങി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു. ബസ് നിർത്തി ജീവനക്കാരും അപകടസ്ഥലത്തുണ്ടായിരുന്ന ചിലരും ഓടിയെത്തി. ബസ് പുറകോട്ടെടുത്തു പരിക്കേറ്റയാളെ പുറത്തെടുത്തെങ്കിലും ഇതിനിടെ വസ്ത്രങ്ങൾ കീറിപ്പോയിരുന്നു. സൈക്കിളിൽ ചായവിൽപന നടത്തിയിരുന്ന ഷാജി ഓടിയെത്തി. മുണ്ടു വാങ്ങാൻ സമയമെടുക്കും. നിമിഷങ്ങൾക്കകം, മറ്റൊന്നും ആലോചിക്കാതെ ഷാജി സ്വന്തം ഉടുമുണ്ട് അഴിച്ചെടുത്ത് അവരുടെ നഗ്നത മറച്ചു. സാഹോദര്യത്തിന്റെ ആ കാഴ്ചയ്ക്ക് മറ്റൊരു തുടർച്ചയുണ്ടായി. അടുത്തുള്ള കടയിലെ പയ്യൻ ഷാജിക്കൊരു മുണ്ടുമായി ഓടിയെത്തിയെന്ന് ഷാജി പറഞ്ഞു. അതും അഭിനന്ദനാർഹമാണ്. സഹായിക്കാനെത്തിയ ഏതാനുംപേർ സ്ത്രീയെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്കു വിടുകയും ചെയ്തു. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ ഷാജി എന്ന 53കാരനെ മുഖ്യമന്ത്രിയുൾപ്പെടെ അഭിനന്ദിച്ചു. ഉള്ളിൽ നന്മയും സാഹോദര്യവുമുള്ള ലക്ഷക്കണക്കിനാളുകൾ ആ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.
ഒരു തെരുവിലെ സ്ത്രീയുടെ നഗ്നത മറച്ച ദേവദൂതനെപ്പോലൊരു മനുഷ്യന്റെ കഥയ്ക്ക് മറ്റൊരു തുടർച്ച ആവശ്യമാണ്. ഷാജിയെ അഭിനന്ദിച്ച ലക്ഷങ്ങളിൽ ചിലരെങ്കിലും തങ്ങളാൽ നഗ്നരാക്കപ്പെട്ടവരെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടാകില്ല. കാരണം വസ്ത്രം കീറുന്ന ഗൗരവം, മറ്റുള്ളവരുടെ ആത്മാഭിമാനത്തെ കീറുന്നതിനു പലരും കൊടുക്കുന്നില്ല. അപരനെക്കുറിച്ച് ഉറപ്പില്ലാത്ത കാര്യം പറഞ്ഞുപരത്തുന്നവർ പണ്ട് വിരലിലെണ്ണാവുന്നവരായിരുന്നു. അവർക്ക് നാട്ടിലൊരു വിലയുമില്ലായിരുന്നു. ഇന്റർനെറ്റ് യുഗത്തിൽ കാര്യങ്ങൾ മറിഞ്ഞു. സമൂഹമാധ്യമത്തിന്റെ കോട്ടും സൂട്ടുമണിഞ്ഞതോടെ ഏഷണിക്കാരെ കേൾക്കാൻ ആളുണ്ടായി. സ്വീകാര്യതയായി. പ്രചാരണത്തിനു നാവ് വേണ്ട, ഷെയർബട്ടണിലെ ഒരു സ്പർശംതന്നെ ധാരാളം. വ്യക്തിവൈരാഗ്യം, രാഷ്ട്രീയ എതിർപ്പുകൾ, മതവിദ്വേഷം, വർഗീയ ധ്രുവീകരണം... എല്ലാം വിരൽതുന്പിൽ. വ്യാജപ്രൊഫൈലുകളിൽനിന്ന് വിഷം കുത്തിയൊഴുകി. രാഷ്ട്രീയ-വർഗീയ സംരക്ഷണമുള്ള വിദ്വേഷ പ്രചാരകർ സ്വന്തം വിലാസത്തിൽനിന്നുതന്നെ അസത്യങ്ങളും അർഥസത്യങ്ങളും അയച്ചു. നിരപരാധികൾ തനിച്ചിരുന്നു കരഞ്ഞു. ദുർബലമാനസർ സമൂഹമാധ്യമങ്ങളിൽനിന്നു വിട്ടുനിന്നു. അപമാനിതരായ ചിലർ ജീവനൊടുക്കി. ചില സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തി. ലൈംഗികാരോപണങ്ങൾ വ്യക്തിഹത്യയുടെ ഏറ്റവും മൂർച്ചയുള്ള മാരകായുധമായി. കല്ലെറിഞ്ഞവരൊന്നും പാപമില്ലാത്തവരായിരുന്നില്ല. കോടതി വെറുതേ വിട്ടവരെയും വേട്ടക്കാർ പിന്തുടർന്നു. പലരുടെയും ശിഷ്ടജീവിതം ഇരുട്ടിലായി. സമൂഹമാധ്യമങ്ങളിൽ മനുഷ്യർ നിരന്തരം നഗ്നരാക്കപ്പെടുന്നു. തൃപ്പൂണിത്തുറയിലെ ഷാജിയെപ്പോലെ നഗ്നത മറയ്ക്കാൻ ഭരണകൂടസംവിധാനങ്ങൾ ഓടിയെത്തുന്നില്ല. അതിവേഗത്തിന്റെ ഡിജിറ്റൽ കാലത്ത് നിയമം അതിന്റെ ആമവേഗവുമായി ബഹുദൂരം പിന്നിലായി. ഷാജിയെ നെഞ്ചോടു ചേർത്ത നാം ഇതുകൂടി മനസിൽ വയ്ക്കണം: സമൂഹമാധ്യമങ്ങളിലോ മുഖ്യധാരാ മാധ്യമങ്ങളിലോ ആകട്ടെ, ഒരു മനുഷ്യനെയും നാം നഗ്നരാക്കില്ല.
മതാന്തര സംവാദങ്ങൾക്കായുള്ള, വത്തിക്കാൻ കാര്യാലയത്തിന്റെ പ്രീഫെക്ട്, കർദിനാൾ മാർ ജോർജ് കൂവക്കാട്, ഇക്കഴിഞ്ഞദിവസം അസൈർബൈജാൻ സന്ദർശനത്തിനിടെ ലെയോ പതിനാലാമൻ മാർപാപ്പയുടെ ചാക്രിക ലേഖനമായ "മാഞ്ഞിഫിക്ക ഹുമാനിത്താസ്' ഉദ്ധരിച്ചു പറഞ്ഞത്, “വൈരവും വെറുപ്പും വിതയ്ക്കുന്ന വാക്കുകളെ നിരായുധീകരിച്ച് സ്നേഹത്തിന്റെ നാഗരികത വളർത്തുക” എന്നാണ്. അതാണു കാര്യം. അപരനെ വിവസ്ത്രരാക്കുന്നവർ തൃപ്പൂണിത്തുറയിലെ ഷാജിയെ കീർത്തിക്കുന്നതിൽ ഒരർഥവുമില്ല. വാക്കുകളുടെ നിരായുധീകരണം ജാതി-മത-രാഷ്ട്രീയ-സ്ഥാന-മാന ഭേദമില്ലാതെ എല്ലാവരും നടപ്പാക്കേണ്ടിയിരിക്കുന്നു. പറ്റുമെങ്കിൽ ഇന്നു മുതൽ.
Editorial
അമേരിക്കയും ഇറാനും സമാധാനക്കരാറിൽ ഒപ്പുവച്ചതിന്റെ വാർത്തകൾ വായനക്കാരിൽ പലരും ഇന്നലെത്തന്നെ അറിഞ്ഞതാണ്. സമാധാനം നീണാൾ വാഴട്ടെ! പക്ഷേ, ഇന്ത്യക്കാരന് സമാധാന ഉടന്പടിയുടെ വിശദാംശങ്ങൾ മാത്രം വായിച്ചു പഠിച്ചാൽ പോരല്ലോ.
സമാധാനക്കരാർ ഒപ്പിടുമെന്നറിഞ്ഞതു മുതൽ ആഗോള അസംസ്കൃത എണ്ണവില കൂപ്പുകുത്തുന്നതും ജനങ്ങൾ അറിയുന്നുണ്ട്. പക്ഷേ, ഒന്നുമാത്രം കാണുന്നില്ല. അന്തർദേശീയ മാർക്കറ്റിൽ അസംസ്കൃത എണ്ണ വീപ്പയ്ക്ക് 114 ആയപ്പോൾ ഇന്ത്യയിൽ കുത്തനെ വർധിപ്പിച്ച ഇന്ധന-പാചകവാതക വില, അസംസ്കൃത എണ്ണവില 78 ഡോളറിലേക്കു കൂപ്പുകുത്തിയിട്ടും കുറയ്ക്കുന്നില്ല.
ഹോർമുസിൽനിന്നു പുറപ്പെട്ട ആദ്യ എണ്ണക്കപ്പലുകളിലൊന്ന് ഇന്ത്യയുടെ ‘ദിഷ’യായിരുന്നു. ഇന്നത് ഗുജറാത്തിലെ ദഹേജ് തുറമുഖത്തെത്തും. ഈ സമാധാനക്കരാർ നാം ആഗ്രഹിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇന്ധനവില കുറഞ്ഞാൽ അസഹനീയമായ വിലക്കയറ്റവും പണപ്പെരുപ്പവുമൊക്കെ ഇത്തിരിയെങ്കിലും കുറയുമെന്ന പ്രതീക്ഷയാണ്.
ഒന്നും രണ്ടുമല്ല, ദിവസങ്ങൾക്കകം വീപ്പയ്ക്കു 36 ഡോളറാണ് കുറഞ്ഞത്. വില എന്നു കുറയ്ക്കുമെന്നെങ്കിലും പറയേണ്ടതല്ലേ? കെഎസ്ആർടിസിയിലെ സൗജന്യയാത്ര മറ്റു ബസുകളിലേക്കു വ്യാപിപ്പിക്കുന്നതിലും എത്രയോ വലിയ സംഭവമാണിത്.
വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ ഒപ്പുവയ്ക്കുമെന്ന് അമേരിക്കയും ഇറാനും പ്രഖ്യാപിച്ചിരുന്ന ധാരണാപത്രമാണ് രണ്ടുദിവസം മുന്പേ ഫ്രാൻസിൽ നടപ്പാക്കിയത്. സ്വിറ്റ്സർലൻഡിൽ ചർച്ച തുടരും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറേനിയന് പ്രസിഡന്റ് മസൂദ് പെഷസ്കിയാനും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനരാരംഭിക്കൽ, ഇറാനെതിരേയുള്ള സാമ്പത്തിക ഉപരോധങ്ങളിലെ ഇളവുകൾ, ഇറാന്റെ ആണവപദ്ധതി നിർവീര്യമാക്കൽ തുടങ്ങിയ തന്ത്രപ്രധാന വിഷയങ്ങൾ ഉൾക്കൊള്ളുന്ന 14 ഇന ചട്ടക്കൂടിലുള്ള ധാരണാപത്രമാണ് പ്രാബല്യത്തിലായത്.
ആദ്യ ഈരടികളായി; ഇനിയത് അമേരിക്കയും ഇറാനും ഒരേ സ്വരത്തിൽ പാടിയാൽ സമാധാനഗീതമാകും. ശത്രുത അവസാനിപ്പിച്ച് സമാധാനത്തിലേക്കുള്ള 60 ദിവസത്തെ പരീക്ഷണ കാലയളവിന്റെ തുടക്കമാണിതെന്ന് ഇരുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പശ്ചിമേഷ്യയിലെ ഏതൊരു സമാധാനത്തിന്റെയും വിജയപരാജയങ്ങൾ നിർണയിക്കാൻ ശേഷിയുള്ള ഇസ്രയേൽ അഭിപ്രായം പറഞ്ഞിട്ടില്ല. ഹമാസിനെതിരേ ലബനനിൽ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലിന് കരാറിന്റെ കോപ്പി അയച്ചുകൊടുത്തിട്ടുണ്ടെന്നു ട്രംപ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ഇറാനെ പൂർണമായും തച്ചുടയ്ക്കാമെന്നു കരുതിയിരുന്ന ഇസ്രയേലിലെ തീവ്ര വലതുപക്ഷക്കാർ അതൃപ്തരാണ്. തന്ത്രപരവും രാഷ്ട്രീയവുമായ ദുരന്തമെന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യശക്തികൾ കരാറിനെ പരിഹസിച്ചത്. ഇറാനെതിരേ പൂർണവിജയം നേടുമെന്ന് നെതന്യാഹു ഉറപ്പു നൽകിയതുമാണ്.
പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലബനനിലെ ഹിസ്ബുള്ളയെ എങ്കിലും ആക്രമിച്ചുകൊണ്ടിരിക്കേണ്ടത് അവർക്കിപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിരിക്കാം. ഇറാനുമായി ഒപ്പുവച്ചത് അന്തിമ കരാറല്ലെന്നും ധാരണാപത്രമാണെന്നും അനുസരിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്നും ഒപ്പിനൊപ്പം ട്രംപിന്റെ ഭീഷണിയുമുണ്ട്.
തങ്ങളുടെ കൈ കാഞ്ചിയിൽതന്നെയാണെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കറും ചർച്ചാ പ്രതിനിധിയുമായിരുന്ന മുഹമ്മദ് ബാഗർ ഗാലിബാഫും തിരിച്ചടിച്ചു. 60 ദിവസം പ്രകോപനം ഉണ്ടാക്കാതിരിക്കാൻ ഇരുപക്ഷവും ശ്രമിക്കുമോ, യുറേനിയം ഉടൻ നശിപ്പിക്കുന്നതിനു പകരം അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മേൽനോട്ടത്തിൽ സിവിലിയൻ ആവശ്യങ്ങൾക്കു മാത്രമായി മാറ്റാൻ ഇറാൻ സമ്മതിക്കുമോ, മരവിപ്പിച്ച വിദേശ ആസ്തികൾ നാവിക ഉപരോധം പിൻവലിച്ച് അമേരിക്ക എപ്പോൾ വിട്ടുനൽകും, ഹോർമുസ് കടലിടുക്ക് ശാന്തമാകുമോ, ധാരണാപത്രം സന്പൂർണ സമാധാന ഉടന്പടിയിലെത്തുമോ തുടങ്ങിയ സങ്കീർണമായ വിഷയങ്ങളുണ്ട്. രണ്ടു മാസംകൊണ്ട് തർക്കങ്ങളത്രയും പരിഹരിക്കാനാകുമെന്ന ശുഭപ്രതീക്ഷ വച്ചുപുലർത്താനാണ് ലോകം ആഗ്രഹിക്കുന്നത്.
സമാധാനത്തിന്റെ ഒരധ്യായം യുദ്ധത്തിലേർപ്പെട്ടവർ പൂർത്തിയാക്കി. പക്ഷേ, വിചിത്രമാണ് ഇന്ത്യക്കാരന്റെ വിധി. അവർക്ക് 50 രൂപയ്ക്കു പെട്രോൾ വേണ്ട. കഴിഞ്ഞ മാസം വർധിപ്പിച്ച പെട്രോൾ, ഡീസൽ, പാചകവാതക വിലകളെങ്കിലും കുറയ്ക്കുമോയെന്ന് അറിഞ്ഞാൽ മതി.
അല്ലെങ്കിൽ എന്താണ് ഇതിന്റെയൊക്കെ അർഥം? അവരുടെ യുദ്ധംപോലും നമുക്കു ചൂഷണോപാധിയായിരുന്നെന്നോ? എണ്ണക്കന്പനികളുടെ സങ്കടങ്ങൾ എന്നും ഭരിക്കുന്ന പാർട്ടിയുടെയും സർക്കാരിന്റേതുമാണ്. ജനങ്ങളുടെ സങ്കടങ്ങൾ ഏറ്റെടുക്കാൻ ഡൽഹിയിൽ കുന്പിട്ടുകിടക്കുന്ന പ്രതിപക്ഷത്തെ ഛിന്നഗ്രഹങ്ങൾ പോലുമില്ല.
Editorial
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് സർവം നാശമായ നീറ്റ്-യുജി പരീക്ഷ വീണ്ടും നടത്തുന്നത് 21നാണ്. പക്ഷേ, പരീക്ഷയെഴുതുന്ന 24 ലക്ഷത്തോളം വിദ്യാർഥികൾ മാത്രമല്ല, സമൂഹമാധ്യമമായ ടെലിഗ്രാമിന്റെ 15 കോടിയോളം ഉപയോക്താക്കളടക്കം ഇന്ത്യക്കാരെല്ലാം നീറ്റുനോവിലാണ്. മാനസിക പിരിമുറുക്കമില്ലാത്തത്, കഴിഞ്ഞ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയവർക്കു മാത്രം! എന്താണ് രാജ്യത്തു സംഭവിക്കുന്നത്?
രാജ്യമൊരു യുദ്ധത്തിനിറങ്ങിയ പ്രതീതി. വാർത്താവിനിമയ-വിദ്യാഭ്യാസ മന്ത്രാലയങ്ങളും മാത്രമല്ല, പ്രതിരോധമന്ത്രാലയം വരെ രംഗത്തിറങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണം. പരീക്ഷാപേപ്പർ സുരക്ഷിതമായി എത്തിക്കാൻ വ്യോമസേന. പരീക്ഷാകേന്ദ്രങ്ങളിൽ നിർമിതബുദ്ധി അധിഷ്ഠിത നാലുതല സിസിടിവി നിരീക്ഷണം.
ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങൾ, വിവിധ ഘട്ടങ്ങളായുള്ള ദേഹപരിശോധനകൾ... ഒരു പരീക്ഷ നടത്താൻ ലോകം ഇത്ര പേടിച്ച മറ്റൊരു സംഭവമില്ല. ഇതിനു പുറമേയാണ് സമൂഹമാധ്യമ വേദിയായ ടെലഗ്രാം, പരീക്ഷ കഴിയുവോളം നിരോധിച്ചിരിക്കുന്നത്. പഴയ പോസ്റ്റ് എഡിറ്റ് ചെയ്തുള്ള ബാക്ക്ഡേറ്റിംഗ് തട്ടിപ്പുകൾ തടയാനാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അങ്ങനെ എഡിറ്റ് ചെയ്താൽ അതു വ്യക്തമാക്കുന്ന ലേബലുള്ളപ്പോൾ നിരോധിക്കുന്നത് എന്തിനെന്നാണ് ടെലഗ്രാം മേധാവി പാവെൽ ദുറോവ് ചോദിക്കുന്നത്.
ഒരു കാര്യം ഉറപ്പിച്ചു. ചോദ്യപേപ്പർ ചോർച്ചയുടെ യഥാർഥ ഉറവിടം കണ്ടെത്താൻ സർക്കാരിനായിട്ടില്ല, അല്ലെങ്കിൽ തടയാൻ ശേഷിയില്ല. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ തകർന്ന സിസ്റ്റത്തെയും അതിന്റെ തലപ്പത്തുള്ള മന്ത്രിയെയും തൊടാതെ, പരീക്ഷ നടത്താനുള്ള ശ്രമമാണ് ഈ ദയനീയമായ പരാക്രമങ്ങളെങ്കിലും ഇതു വിജയിക്കട്ടെ. 24 ലക്ഷം വിദ്യാർഥികളുടെ ഭാവിക്കു മുന്നിൽ അഴിമതിയെയും കെടുകാര്യസ്ഥതയെയുംപോലും സഹിക്കാൻ നിർബന്ധിതമാകുന്ന അപൂർവ സാഹചര്യമാണിത്.
മേയ് 12നാണ് ചോദ്യപേപ്പർ ചോർന്നതിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ ദേശീയ മെഡിക്കല് പ്രവേശനപരീക്ഷയായ നീറ്റ് (യുജി) റദ്ദാക്കിയത്. 2024ലും ഇതു സംഭവിച്ചിരുന്നു. പരീക്ഷാ നടത്തിപ്പുകാരായ എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി)യെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി വീഴ്ചകൾ ആവർത്തിക്കരുതെന്നു താക്കീതു നൽകി വിട്ടതാണ്.
ഒരു ഫലവുമുണ്ടായില്ല. മേയ് 12നു റദ്ദാക്കിയ പരീക്ഷയാണ് 21ന് വീണ്ടും നടത്തുന്നത്. ഇതിനിടെ സിബിഎസ്ഇ 12-ാം ക്ലാസിലെ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയവും പാളി. വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടു. പകരം വരുന്നയാൾ അടിമുടി മാറ്റമുണ്ടാക്കുമെന്നു രാജിയാവശ്യപ്പെട്ടവരും കരുതുന്നില്ല. എങ്കിലും അത്തരം ധാർമിക ഉത്തരവാദിത്വമൊന്നും ആവശ്യമില്ലെന്ന് കേന്ദ്രമങ്ങു തീരുമാനിച്ചു.
പുനഃപരീക്ഷയെങ്കിലും പാളിച്ചയില്ലാതെ നടത്തണമെന്ന തീരുമാനം നല്ലതുതന്നെ. അതിനുവേണ്ടി സമൂഹമാധ്യമങ്ങൾ നിരോധിക്കാൻ സർക്കാരിന് അവകാശവുമുണ്ട്. പക്ഷേ, ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടത്തെക്കുറിച്ചല്ല, അതിന്റെ വിതരണത്തെക്കുറിച്ചും പ്രചാരണത്തെക്കുറിച്ചുമാണ് സർക്കാരിന്റെ ഉത്കണ്ഠ.
“മോഷണം നടക്കാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ എല്ലാ ഷോപ്പിംഗ് മാളുകളും അടച്ചിടൂ, വേഗത്തിൽ വാഹനം ഓടിക്കുന്നതിനാൽ റോഡുകൾ അടച്ചിടൂ” എന്നായിരുന്നു ടെലിഗ്രാമിന്റെ പരിഹാസം. യഥാർഥ കുറ്റവാളികൾക്കു പകരം ഇന്ത്യയിലെ 15 കോടിയിലധികമുള്ള സാധാരണ ഉപയോക്താക്കളെയാണ് ബുദ്ധിമുട്ടിലാക്കുന്നതെന്നു പറഞ്ഞത് ടെലഗ്രാം മേധാവി പാവെൽ ദുറോവാണ്.
എഡിറ്റ് ചെയ്തുള്ള കൃത്രിമത്വം തിരിച്ചറിയാനുള്ള സംവിധാനം അതിൽതന്നെ ഉള്ളപ്പോൾ താത്കാലികമായിപോലും നിരോധിക്കുന്നത് തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെ ഖണ്ഡിക്കാൻ യുക്തിസഹമായ മറുപടി കേന്ദ്രം കൊടുത്തതായി കാണുന്നില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ടെലിഗ്രാം ആപ്പ് നീക്കുകയും ചെയ്തു. ടെലിഗ്രാം ഇല്ലെങ്കിൽ മറ്റ് എത്രയോ ഡിജിറ്റൽ-സമൂഹമാധ്യമ വേദികളുണ്ട്. മാത്രമല്ല, ഒരു സർക്കാരിനെയും വീരശൂരപരാക്രമികളായ അന്വേഷണ ഏജൻസികളെയും നോക്കുകുത്തിയാക്കി ചോദ്യപേപ്പർ ചോർത്താനറിയാമെങ്കിൽ, അവർക്കതു വിതരണം ചെയ്യാനാണോ വിഷമം.
പല രാഷ്ട്രീയ പാർട്ടികളും വിദ്യാഭ്യാസവകുപ്പിനുവേണ്ടി വിലപേശുന്നത് വെറുതെയല്ല. അവർക്കു ഭാവിയെ കൈയിലൊതുക്കണം. കേന്ദ്രവിദ്യാഭ്യാസവകുപ്പ് മാത്രമല്ല, സംസ്ഥാന വകുപ്പുകളും സർവകലാശാലകളുമൊക്കെ അക്കാദമിക വിദഗ്ധരേക്കാൾ രാഷ്ട്രീയ അഭയാർഥികളെക്കൊണ്ടു നിറഞ്ഞുകഴിഞ്ഞു. സിൻഡിക്കറ്റുകളിലും സെനറ്റുകളിലുമൊക്കെ വിദ്യാഭ്യാസ വിദഗ്ധർക്കൊപ്പം രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർഥി സംഘടനകളുടെയും പ്രതിനിധികളുമുണ്ട്.
സർവശക്തരായ പാർട്ടിക്കാർ. അവരറിയാതെ ഒരിലയനങ്ങില്ല. വിദ്യാർഥി നേതാക്കൾക്കു ഹാജരില്ലാതെ പരീക്ഷയെഴുതാനും പരീക്ഷയെഴുതാതെ ജയിക്കാനും ജോലിക്കാര്യത്തിലാണെങ്കിൽ പിൻവാതിൽ നിയമനങ്ങൾ നൽകാനും പ്രമോഷൻ നൽകാനുമൊക്കെ ശേഷിയുള്ള ഈ സൂപ്പർ പവറുകൾ നശിപ്പിച്ച വിദ്യാഭ്യാസരംഗത്തെ വീണ്ടെടുക്കൽ എളുപ്പമല്ല. സിൻഡിക്കറ്റുകളും സെനറ്റുകളും മാത്രമല്ല, കാന്പസുകളുടെ രാത്രികൾപോലും അവർ കവർന്നു.
മാറിമാറി വരുന്ന സർക്കാരുകൾ പഴയ നോമിനികൾക്കു പകരം തങ്ങളുടെ നോമിനിയെ കുത്തിനിറയ്ക്കും. നീറ്റ് പരീക്ഷ നടത്തുന്ന എൻടിഎയുടെ സ്ഥിതിയും സർക്കാർ തുറന്നുപറയണം. സംഘപരിവാറുകാരെന്ന യോഗ്യതയിൽ കടന്നുകൂടിയവരുടേതുൾപ്പെടെ എല്ലാവരുടെയും മാർക്ക് ലിസ്റ്റുകളും വന്ന വഴിയുമൊക്കെ രാജ്യം അറിയട്ടെ. നീറ്റിന്റെ ചോദ്യക്കടലാസും സിബിഎസ്ഇയുടെ ഉത്തരക്കടലാസും മാത്രം പ്രതികളാകുന്ന സ്ഥിതി മാറണമല്ലോ.
ഇതിനിടെ, ടെലിഗ്രാം വഴി നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ അവകാശവാദങ്ങൾ പ്രചരിക്കുന്നത് തടയാനും വ്യാജ തെളിവുകൾ നൽകി വിദ്യാർഥികളെ വഴിതെറ്റിക്കുന്നത് ഒഴിവാക്കാനുമാണ് നിരോധനമെന്ന് എൻടിഎ വിശദീകരികരണവുമായി എത്തിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയോ വിതരണമോ തടയുമെന്ന ഒരവകാശവാദവും അവർക്കുമില്ല. ഒന്നിനുമൊരു വ്യക്തതയുമില്ല. ആകെയുള്ളത് ഇരുട്ടു മാത്രം. അതുകൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം. നീറ്റിന്റെ പേരിൽ രാജ്യം ഒരു സമൂഹമാധ്യമ ലോക്ഡൗണിലേക്കു കടന്ന പ്രതീതിയാണ്. ലോകം കാണുന്നുണ്ട്; ഇന്ത്യ ഒരു പരീക്ഷാപ്പേടിയിൽ പനിച്ചുവിറയ്ക്കുന്നത്.
Editorial
“ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എൻജിനുകൾ സ്റ്റാർട്ട് ചെയ്യൂ, എണ്ണ ഒഴുകട്ടെ” പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നുവെന്നു സൂചന നൽകുന്ന ഈ പ്രസ്താവന കപ്പലുകളല്ല, ലോകമാണു കേൾക്കാൻ കാത്തിരുന്നത്. പക്ഷേ, പറഞ്ഞത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ്.
മുന്പും പറഞ്ഞിട്ടുള്ളതാണ്. പക്ഷേ, അടുത്ത വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ 60 ദിവസത്തെ വെടിനിർത്തലിനുള്ള കരാർ ഒപ്പുവയ്ക്കുമെന്ന് ഇറാനും പാക്കിസ്ഥാനും സ്ഥിരീകരിച്ചതോടെ ലോകത്തിനു പ്രതീക്ഷയേറി.
ഹോർമുസിലെ കപ്പലുകൾ എൻജിനുകൾ സ്റ്റാർട്ടാക്കുംമുന്പേ ആഗോള എണ്ണവില 4.5 ശതമാനം താഴ്ന്ന് വീപ്പയ്ക്ക് 83.40 ഡോളറിനു താഴെയെത്തി. ലോകമെങ്ങും ഓഹരിവിപണികളും നില മെച്ചപ്പെടുത്തി. യുദ്ധത്തിലേർപ്പെട്ടിരുന്നത് അമേരിക്കയും ഇറാനും ഇസ്രയേലുമാണ്.
അനുഭവിച്ചത് എല്ലാ രാജ്യങ്ങളും. ഗുണപാഠം: ഇനി ഏതു യുദ്ധവും ലോകയുദ്ധമാണ്. ഗൃഹപാഠം: ഇന്ത്യ ഇന്ധന കരുതൽശേഖരം വർധിപ്പിക്കണം, യുദ്ധമറവിൽ വർധിപ്പിച്ച എണ്ണ-പാചകവാതക വിലകൾ ഉടൻ പിൻവലിക്കണം.
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും നേരിട്ടും ഇസ്രയേൽ പരോക്ഷമായും ഏർപ്പെട്ടിരിക്കുന്ന മൂന്നു മാസത്തിലേറെ നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിനാണ് ധാരണയായത്. ജൂൺ 19ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ കരാർ ഒപ്പുവയ്ക്കും.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനൊപ്പം ഇറാൻ തുറമുഖങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിക്കാനും ട്രംപ് ഉത്തരവിട്ടു. യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളും ഉപരോധങ്ങളിൽ ഇളവ് വരുത്തുമെന്നറിയിച്ചിട്ടുണ്ട്.
വെടിനിർത്തൽ സമാധാനത്തിന്റെ ഇടത്താവളമാണെന്നു കരുതാം. അവിടെവച്ച് ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചും ഉപരോധങ്ങൾ നീക്കുന്നതിനെക്കുറിച്ചും 60 ദിവസത്തെ ചർച്ച ആരംഭിക്കും. അമേരിക്ക-ഇറാൻ കരാറിൽ അത്ര തൃപ്തരല്ലാത്ത ഇസ്രയേലിനെ നിയന്ത്രിക്കാനായില്ലെങ്കിൽ അന്തിമകരാറിൽ വിള്ളലുണ്ടാകും.
അതുപോലെ, ഇറാന്റെ കൈവശമുള്ള 60 ശതമാനം സന്പുഷ്ടീകരിച്ച 440 കിലോ ഉൾപ്പെടെ 9,000 കിലോ യുറേനിയം അന്തർദേശീയ മധ്യസ്ഥതയിൽ നശിപ്പിക്കാൻ ഇറാൻ തയാറാകുമോ തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങളിൽ തീരുമാനമാകേണ്ടതുണ്ട്. പക്ഷേ, യുദ്ധത്തിൽനിന്നു തലയൂരാൻ ഇറാനും അമേരിക്കയും ഒരുപോലെ ആഗ്രഹിക്കുന്നതിനാൽ തുടർചർച്ചകൾ വിജയിക്കുമെന്ന് ലോകം കരുതുന്നു.
കരാറിനെ തങ്ങളുടെ വിജയമായി ചിത്രീകരിക്കാൻ ഇരുപക്ഷവും തീവ്രശ്രമത്തിലാണ്. പക്ഷേ, നഷ്ടമല്ലാതെ എന്താണ് അവർക്കു ലഭിച്ചതെന്ന് മറ്റാർക്കും അറിയില്ല. ഹമാസ് തീവ്രവാദികൾ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയായി കത്തിത്തുടങ്ങിയ പശ്ചിമേഷ്യയിലേക്ക് അമേരിക്കയും ഇറങ്ങുകയായിരുന്നു.
പലസ്തീനിൽ ഹമാസും ലെബനനിൽ ഹിസ്ബുള്ളയും യെമനിൽ ഹൂതികളും വിമോചനപോരാട്ടങ്ങളുടെ മറവിൽ കൈയാളിയിരുന്ന ഇസ്ലാമിക തീവ്രവാദത്തിനു ചെറുതല്ലാത്ത നഷ്ടമാണ് സംഭവിച്ചത്.
ഇസ്രയേൽ ഹമാസിനെ തത്കാലമെങ്കിലും തിരിച്ചടിക്കാനാവാത്തവിധം ദുർബലമാക്കി. തീവ്രവാദത്തിനു ചെല്ലും ചെലവും കൊടുത്തു വളർത്തിയ ഇറാനും നഷ്ടക്കൂന്പാരത്തിലായി. ഹിസ്ബുള്ളയും തളർച്ചയിലാണ്. അമേരിക്കയിലും ജനജീവിതം ദുഃസഹമായതോടെ യുദ്ധവിരുദ്ധ വികാരം ശക്തമായി.
നാലു ദിവസംകൊണ്ട് റഷ്യ യുക്രെയ്നെ കീഴ്പ്പെടുത്തുമെന്നു കരുതിയെങ്കിലും 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം നാല് വർഷത്തിലേറെയായി തുടരുകയാണ്. ദിവസങ്ങൾക്കകം ഇറാനെ വീഴ്ത്തി തങ്ങൾക്കു താത്പര്യമുള്ള ഭരണകൂടത്തെ വാഴിക്കുമെന്ന ട്രംപിന്റെ അവകാശവാദവും പാഴായി.
ഉള്ളതു പറഞ്ഞാൽ, റഷ്യയും അമേരിക്കയും തങ്ങളുടെ പരിമിതികളെ ലോകത്തിനു മുന്നിൽ അനാവരണം ചെയ്തു എന്നതും ഈ യുദ്ധങ്ങളുടെ ബാക്കിപത്രമാണ്.
വെടിനിർത്തൽ കരാർ ഒപ്പുവയ്ക്കുന്ന വെള്ളിയാഴ്ചയോടെ ഹോർമുസ് കടലിടുക്ക് തുറക്കും. ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാനുള്ള താമസമേയുള്ളൂ. മൂന്നു മാസമായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകൾ ആദ്യംതന്നെ ഹോർമുസ് കടക്കും.
ഇന്നലെത്തന്നെ ഇടിഞ്ഞ ഇന്ധനവില, യുദ്ധത്തിന് മുൻപുള്ളതിനേക്കാളും കുറയുമെന്നാണ് ട്രംപ് പറയുന്നത്. അസംസ്കൃത എണ്ണവില 120 ഡോളറിലെത്തിയപ്പോൾ വർധിപ്പിച്ച ഇന്ത്യയിലെ പെട്രോൾ-ഡീസൽ, ഗാർഹിക-വാണിജ്യ പാചകവാതക വിലകൾ, അസംസ്കൃത എണ്ണവില 83 ഡോളറിലെത്തിയ സ്ഥിതിക്ക് ഇന്നലെത്തന്നെ കുറയ്ക്കേണ്ടതായിരുന്നു.
വിലക്കയറ്റവും പണപ്പെരുപ്പവും ജീവിതച്ചെലവുമൊക്കെ അത്ര അസഹനീയമാണ്. യുദ്ധത്തിൽ പരിക്കേറ്റത് സർക്കാരിനല്ല, ജനത്തിനാണ്. യുദ്ധത്തെ സർക്കാർ ചൂഷണോപാധിയാക്കില്ലെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. യുദ്ധക്കപ്പലുകൾ പിന്മാറുകയും എണ്ണക്കപ്പലുകൾ മുന്നേറുകയും ചെയ്താലും നാട്ടുകാർക്കു സമാധാനം കൊടുക്കണോയെന്ന് അതതു സർക്കാരുകൾ തീരുമാനിക്കണം.
Editorial
ഒളിച്ചിരുന്നൊരു ദിനേശ് ബീഡിയോ കാജാ ബീഡിയോ വില കുറഞ്ഞ തെറുപ്പുബീഡിയോ വലിച്ചവരായിരുന്നു പണ്ടത്തെ ജെൻ സി. അന്ന് ഏക മയക്കുമരുന്നായിരുന്ന കഞ്ചാവ് വലിച്ചിരുന്നവർ ഇല്ലെന്നല്ല. വിരലിലെണ്ണാവുന്നവർ. പക്ഷേ, 21-ാം നൂറ്റാണ്ട് കാര്യങ്ങൾ കീഴ്മേൽ മറിച്ചു. മോളി, എക്സ്റ്റസി, എക്സ് എന്നീ പേരുകളിലുള്ള എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ മനുഷ്യരെ പിശാചുക്കളാക്കി. വിദ്യാലയങ്ങളിൽ മുതൽ താരങ്ങളാടുന്ന നിശാപാർട്ടികളിൽവരെ അവരെത്തി. കുറ്റകൃത്യങ്ങൾ അനായാസമായി. പക്ഷേ, ഉറവിടം കണ്ടെത്തി നശിപ്പിക്കാൻ ആർക്കുമായില്ല. കാരണം, ഭരിക്കുന്നവരിലെയും പോലീസിലെയും പലർക്കും മയക്കുമരുന്നു വ്യാപാരികൾ അസ്പൃശ്യരായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല "ഓപ്പറേഷൻ തൂഫാൻ' പ്രഖ്യാപിച്ചത്. പേരുപോലെ കൊടുങ്കാറ്റുതന്നെയാണ്. 10 ദിവസമായപ്പോഴേക്കും 2259 കേസുകള്, 2440 അറസ്റ്റുകൾ. ഇപ്പോഴതു വീണ്ടും വർധിച്ചു. രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, സർക്കാർ വിചാരിച്ചാൽ ഇതൊക്കെ സാധ്യമാണെന്നു ജനത്തിനു മനസിലായി. രണ്ട്, വിതരണക്കാരിൽനിന്ന് ഉറവിടങ്ങളായ മാഫിയകളിലേക്ക് എത്തണം. പുതുഭരണത്തിന്റെ ന്യൂനമർദമൊഴിഞ്ഞ് ഇതൊരു ഇളംകാറ്റായി ഒതുങ്ങിയാൽ മാഫിയ അതിന്റെ തന്ത്രങ്ങൾ മാറ്റി പുതിയ വൈറസാകും. ഇനിയൊരു ഓപ്പറേഷനിലും ജനത്തിനു പ്രതീക്ഷയുമില്ലാതാകും. മറ്റു സംസ്ഥാനങ്ങളുമായി ചേർന്ന് അടിച്ചൊതുക്കാനുള്ള അവസരമാണിത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ പശ്ചിമേഷ്യയിലെ യുദ്ധത്തെക്കാൾ സങ്കീർണമായൊരു യുദ്ധമാണ് അറിഞ്ഞോ അറിയാതെയോ ആഭ്യന്തരമന്ത്രി തുടങ്ങിവച്ചത്. പൊരുതിമടുത്താൽ പുറത്തുകടക്കാനുള്ള പദ്ധതിയല്ല, മാഫിയയെ തീർത്തുകളയുന്നൊരു സന്പൂർണവിജയമാണ് കേരളം കാത്തിരിക്കുന്നത്.
മയക്കുമരുന്നിന്റെ ഉറവിടം തകർക്കുക എളുപ്പമല്ല. പക്ഷേ, സാധ്യമാകണം. തമിഴ്നാട്, ഒഡീഷ, ആന്ധ്ര, ബംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു രാജ്യാതിർത്തി കടന്നുമെത്തുന്ന വലിയ ചങ്ങലയിൽനിന്നാണ് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നത്. ഒരു സംസ്ഥാനത്തിനു മാത്രമായി ഈ ചങ്ങല പൊട്ടിക്കാനാകില്ല. മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിനും ഇതേ നിശ്ചയദാർഢ്യമുണ്ടാകണം. തമിഴ്നാട്ടിലെ വിജയ് സർക്കാർ മയക്കുമരുന്നു വേട്ട ശക്തമാക്കിയെന്നാണ് വാർത്തകൾ. മധ്യപ്രദേശിലെ ഇൻഡോറിൽ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖല നടത്തിവന്നിരുന്ന മാഫിയ തലവനും പിടികിട്ടാപ്പുള്ളിയുമായ ഹാരുൺ ഖാൻ കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായി. കേന്ദ്രസർക്കാർ ലഹരിവേട്ട നടത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി രാജ്യമൊട്ടാകെ ഫലപ്രദമായൊരു പദ്ധതിയും ഇതുവരെ വിജയിപ്പിച്ചിട്ടില്ല. ലോകത്തെങ്ങും സമാന്തര വാഴ്ച നടത്തുന്ന ലഹരിമാഫിയയുടെ കരുത്തോർത്താൽ തൂഫാൻപോലും പൂഴി പറപ്പിക്കുന്നതേയുള്ളൂ, വൻമരങ്ങളും കടപുഴകണം.
സ്രാവുകൾ പോയിട്ട് സംസ്ഥാനത്തെ വിതരണക്കാരെയും ഉപയോക്താക്കളെയും അകത്താക്കുന്നതുപോലും എളുപ്പമല്ല. കാരണം, അവർക്ക് രാഷ്ട്രീയ-പോലീസ് പിന്തുണയുണ്ട്. മലപ്പുറം ജില്ലയിൽ മയക്കുമരുന്ന് മാഫിയകളെ സഹായിക്കുന്ന, കരിപ്പൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. കേരളത്തിലുൾപ്പെടെ രാജ്യത്തെ ഏതാണ്ട് എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത്തരക്കാരുണ്ട്. അതായത്, കേന്ദ്രത്തിന്റെയും ഇതരസംസ്ഥാനങ്ങളുടെയും പിന്തുണയും ലഹരിമാഫിയയെ സഹായിക്കുന്ന കപ്പലിലെ കള്ളന്മാരെയും കുടുക്കാതെ ലഹരിമാഫിയ ഉന്മൂലനം എളുപ്പമല്ല. പക്ഷേ, ഓപ്പറേഷൻ തൂഫാൻ തുടങ്ങി രണ്ടാഴ്ചകൊണ്ട് മറ്റേതൊരു സംസ്ഥാനത്തെയുംകാൾ ചരിത്ര നേട്ടമുണ്ടാക്കാനായെങ്കിൽ നമ്മുടെ യുവാക്കളെയെങ്കിലും രക്ഷിക്കാനാകും. ഉറവിടം നശിപ്പിക്കാനായില്ലെങ്കിലും കേരളത്തിലേക്കുള്ള ഉറവകൾ വെട്ടിമൂടാനാകും.
യഥാർഥത്തിൽ ആഭ്യന്തരവകുപ്പിനു കീഴിൽ, ഉറങ്ങാതിരിക്കുന്ന ഒരു സായുധസംഘത്തെ ലഹരിവേട്ട മാത്രം ചുമതലയാക്കി നിലനിർത്തണം. ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്നതല്ല, ഉടച്ചുവാർത്ത സ്ഥിരം സംവിധാനമാണു വേണ്ടത്. മയക്കുമരുന്നു വ്യാപാരികളെയും ഉപയോഗിക്കുന്നവരെയും ഒരേ തട്ടിൽ അളക്കാനാകില്ല. ഈ കെണിയിൽ പെട്ടവരെ ആസക്തിയിൽനിന്നു രക്ഷിക്കാനും പുനരധിവസിപ്പിക്കാനും സാധിക്കണം. "ദി ഗോഡ്ഫാദർ' സിനിമയിൽ മർലിൻ ബ്രാൻഡോ അഭിനയിച്ച വിറ്റോ കോർലിയോണീ എന്ന മാഫിയ തലവന്റെ ഒരു സംഭാഷണമുണ്ട്. “അവനു നിരസിക്കാനാകാത്ത ഒരു ഓഫർ ഞാൻ കൊടുക്കും.” തൊഴിലില്ലായ്മയും പട്ടിണിയും വിഷാദവും അനുഭവിക്കുന്നവർക്കു കൊടുക്കാൻ മയക്കുമരുന്നിനുപകരം മറ്റൊരു ഓഫർ സർക്കാരിനുണ്ടോ?
Editorial
അങ്ങനെ വീട്ടമ്മയെ രാഷ്ട്രനിർമാതാവായി കോടതി അംഗീകരിച്ചിരിക്കുന്നു. സ്ത്രീകളുടെ ഗാർഹികജോലികളെയും മറ്റു സംഭാവനകളെയും അംഗീകരിച്ച് അവരുടെ സാങ്കൽപിക ശന്പളം 30,000 രൂപയായി സുപ്രീംകോടതി തീരുമാനിച്ചു. വാഹനാപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ട ഭർത്താവിന് അധിക പരിഹാരം നൽകാൻ നിർദേശിച്ച വിധിയിലാണ് ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ പ്രഖ്യാപനം.
ശന്പളം സാങ്കൽപികമാണെങ്കിലും കുടിശിക സങ്കൽപിച്ചാൽ സ്ത്രീകളോടുള്ള കടം തീരില്ല; രാജ്യത്തിനും കുടുംബങ്ങൾക്കും. സാങ്കൽപിക പ്രതിഫലം സ്ത്രീകളുടെ അക്കൗണ്ടിലെത്തില്ലെങ്കിലും, ഇത്രനാൾ അവഗണിക്കപ്പെട്ടിരുന്ന അധ്വാനത്തിന്റെ മൂല്യം അവരുടെ ആത്മാഭിമാനത്തിന്റെ രാഷ്ട്ര-കുടുംബ അക്കൗണ്ടുകളിൽ സ്ഥിരനിക്ഷേപമായിരിക്കുന്നു. ഇനി ‘വീട്ടമ്മ’ എന്ന വാക്ക് സ്ത്രീയുടെ സംഭാവനകളെ മാനിച്ച് ‘രാഷ്ട്രനിർമാതാവ്’ എന്ന് ഉപയോഗിക്കപ്പെടട്ടേയെന്നും സുപ്രീംകോടതി പറഞ്ഞു. 1947 ഓഗസ്റ്റ് 15 പോലെ ചരിത്രത്തിൽ 2026 ജൂൺ 11 രേഖപ്പെടുത്തും. വീട്ടമ്മച്ചങ്ങല പൊട്ടിയിരിക്കുന്നു, വീട്ടുജോലിയും അതിന്റെ മൂല്യനിരാസവും ജന്മനായുള്ള അവയവങ്ങൾപോലെയായിരുന്ന രാഷ്ട്രശിൽപികൾ സ്വതന്ത്രകളാകട്ടെ.
പ്രാദേശികവാർത്തയാകുമായിരുന്ന ഒരു വാഹനാപകടക്കേസാണ്, കേവലം നഷ്ടപരിഹാരത്തിന്റെ പരിവട്ടത്തുനിന്ന് രാജ്യത്തെ സ്ത്രീകളുടെ അധ്വാനത്തിന് പരിഷ്കൃതനിർവചനവും ജീവിതത്തിനു പുതിയ കരുത്തും കൊടുത്ത് ദേശീയ-ആഗോള വാർത്തയായത്. അഭിമാനകരമായ വിധിക്കു കാരണമായ കേസിന്, അപമാനകരമാംവിധം കാൽനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയായിരുന്ന, 35 വയസുണ്ടായിരുന്ന രേഷ്മയാണ് പഞ്ചാബിൽ 2001ൽ വാഹനാപകടത്തിൽ മരിച്ചത്.
ഭർത്താവിനും മൂന്നു മക്കൾക്കുമായി 2003ൽ 2.24 ലക്ഷം രൂപയാണ് വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ വിധിച്ചത്. 20 വർഷങ്ങൾക്കുശേഷം 2024ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇത് 8.43 ലക്ഷമാക്കി ഉയർത്തിയെങ്കിലും ഭർത്താവ് സുപ്രീംകോടതിയെ സമീപിച്ച് 62.77 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഇൻഷ്വറൻസ് കന്പനിക്കുള്ള നിർദേശവും സ്ത്രീയുടെ അന്തസ് ഉയർത്തുന്ന നിരീക്ഷണങ്ങളുമടങ്ങിയ ചരിത്രവിധിയും സന്പാദിക്കുകയുമായിരുന്നു.
“വാഹനാപകടത്തിൽ കുടുംബനാഥ മരിച്ചാൽ, നഷ്ടപരിഹാരം നിർണയിക്കുന്പോൾ കുടുംബത്തിന്റെ പരിപാലന നഷ്ടമായി കുറഞ്ഞത് 30,000 രൂപ കണക്കാക്കണം. ഈ സാങ്കൽപിക ശന്പളം പ്രതിവർഷം 10 ശതമാനം വർധിപ്പിക്കണം. കുടുംബ പരിപാലനം രാഷ്ട്രനിർമിതിയാണ്.” കോടതി പ്രസ്താവിച്ചു. കീഴ്ക്കോടതികൾ പലപ്പോഴും ഇതിനോടു ചേർന്നുനിൽക്കുന്ന വിധികൾ പറഞ്ഞിട്ടുണ്ടെങ്കിലും സുപ്രീംകോടതി അതിനെ സ്ഥിരപ്പെടുത്തിയതിനാൽ ഇനിയിതു റഫറൻസായി മാറും.
സ്ത്രീകൾ കുടുംബത്തിൽ ചെയ്യുന്ന ജോലിക്ക് സാന്പത്തിക മൂല്യമുണ്ടെന്നും അതിനാൽ അവർ തൊഴിൽരഹിതരല്ലെന്നും കോൽക്കത്ത ഹൈക്കോടതി നിരീക്ഷിച്ചത് 2023 ഡിസംബർ 28നാണ്. അതും ഇൻഷ്വറൻസ് നഷ്ടപരിഹാരക്കേസായിരുന്നു. അവധിയെടുക്കാതെ വർഷം മുഴുവൻ അവർ ജോലി ചെയ്യുകയാണ്. പകരം ആരെയെങ്കിലും വച്ചാൽ അവർക്കു ശന്പളം കൊടുക്കില്ലേയെന്നും കോടതി ചോദിച്ചിരുന്നു. സ്ത്രീ വീട്ടിൽ ചെയ്യുന്ന ജോലിക്ക് പുരുഷൻ ഓഫീസിൽ ചെയ്യുന്ന ജോലിയുടെ അതേ മൂല്യമുണ്ടെന്ന് 2021 ജനുവരിയിൽ സുപ്രീംകോടതിയും വ്യക്തമാക്കി.
സ്കൂട്ടർ യാത്രക്കാരായ ദന്പതികൾ 2014ൽ ഡൽഹിയിൽ അപകടത്തിൽ മരിച്ച കേസിൽ ജസ്റ്റീസ് രമണ, ജസ്റ്റീസ് സൂര്യകാന്ത് എന്നിവരായിരുന്നു ഇന്ഷ്വറൻസ് കന്പനിയോട് നഷ്ടപരിഹാരം വർധിപ്പിക്കാൻ ആവശ്യപ്പെട്ടത്. 2023 ജൂണിലാണ്, സ്വത്ത് സമ്പാദിക്കുന്നതില് വീട്ടമ്മ സാമ്പത്തികമായി സംഭാവനയൊന്നും നല്കിയിട്ടില്ലെങ്കിലും വീടും കുടുംബവും നോക്കാന് അവർ നടത്തുന്ന പ്രവര്ത്തനങ്ങളെ വിലമതിക്കണമെന്നും അതിനാല് ജോലി ചെയ്യാത്ത ഭാര്യക്കും ഭര്ത്താവിന്റെ സ്വത്തില് തുല്യപങ്കാളിത്തമുണ്ടെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞത്. വീട്ടുജോലി 24 മണിക്കൂറും ഉള്ളതാണെന്നും ദിവസം എട്ട് മണിക്കൂര് വീതം ചെയ്യുന്ന ജോലിയുമായി അതിനെ താരതമ്യപ്പെടുത്താൻപോലും കഴിയില്ലെന്നുമായിരുന്നു ജസ്റ്റീസ് കൃഷ്ണന് രാമസ്വാമിയുടെ നിരീക്ഷണം.
15.98 കോടി സ്ത്രീകളാണ് 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ വീട്ടുജോലികളിൽമാത്രം വ്യാപൃതരായിരിക്കുന്നത്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി കഴിഞ്ഞെത്തി വീട്ടുജോലികളും ചെയ്യേണ്ടവിധം ആധുനിക സ്ത്രീയുടെ അധ്വാനഭാരം പിന്നെയും വർധിച്ചു. അതുകൊണ്ടുതന്നെ സുപ്രീംകോടതി വിധി ഇൻഷ്വറൻസ് കന്പനികൾക്കു മാത്രമുള്ളതാണെന്ന് പുരുഷകേന്ദ്രീകൃതമായ ഇന്ത്യൻ സമൂഹം വ്യാഖ്യാനിച്ചേക്കും. ഇല്ലെങ്കിൽ സ്വയം വിശ്വസിപ്പിക്കും.
സമൂഹവും കുടുംബങ്ങളും സർക്കാരുകളും വിധിയുടെ അന്തഃസത്ത അംഗീകരിക്കുകയും നവീകരണത്തിനു തയാറാകുകയും ചെയ്യുന്നില്ലെങ്കിൽ ഇൻഷ്വറൻസ് കന്പനികളെ മര്യാദ പഠിപ്പിക്കാനുള്ള കോടതിവിപ്ലവമായി ഇത് ഒതുങ്ങും. വീടുകളിൽ ഏറ്റവുമധികം അധ്വാനിക്കുന്നവർ അവഗണിക്കപ്പെടുന്നത് തന്റെയും ഇടുങ്ങിയ മനസുകൊണ്ടാണോയെന്ന് പുരുഷന്മാർ ആത്മപരിശോധന നടത്തണം. ഈ വിധി പുരുഷവിരുദ്ധമല്ല. കുടുംബസേവനത്തിലും കരുതലിലുമുള്ള പുരുഷന്റെ അധ്വാനത്തിനും പ്രതിഫലമില്ലെന്നതു യാഥാർഥ്യമാണ്.
കുടുംബക്ഷേമത്തിന്റെ അടിസ്ഥാനം സ്ത്രീയുടെയും പുരുഷന്റെയും സാങ്കൽപിക ശന്പളത്തിലൊതുങ്ങുന്ന അധ്വാനമാണ്. പക്ഷേ, വീട്ടമ്മയെന്ന ചങ്ങലയിൽ ബന്ധിക്കപ്പെട്ട സ്ത്രീയുടെ അധ്വാനം പ്രത്യേകിച്ചും അടുക്കളയിലേത്, ജന്മനിയോഗമോ കടമയോ ആയി നിശ്ചയിക്കപ്പെട്ട സമൂഹത്തിന്റെ നിയന്ത്രണം പുരുഷന്റെ കൈയിലാണ്.
ഇന്നും നടപ്പാകാത്ത 50 ശതമാനം സ്ത്രീ സംവരണം ഉദാഹരണമാണ്. പ്രാദേശിക-സംസ്ഥാന-ദേശീയ സർക്കാരുകളിലെ സംവരണത്തെക്കുറിച്ച് പ്രസംഗിക്കുന്ന കോൺഗ്രസും കമ്യൂണിസ്റ്റുകളും ബിജെപിയും ഉൾപ്പെടെ ഒരൊറ്റ രാഷ്ട്രീയ പാർട്ടിയും ഉൾപ്പാർട്ടി വനിതാസംവരണം സമ്മതിച്ചിട്ടില്ല. ഒറ്റപ്പെട്ട സ്ഥിതിയൊഴിച്ചാൽ തീരുമാനങ്ങളെടുക്കുന്നിടത്തോ സ്ഥാനാർഥികളെ തീരുമാനിക്കുന്നിടത്തോ ഒന്നും സ്ത്രീക്കു കാര്യമില്ല.
കോടതി പറഞ്ഞ രാഷ്ട്രനിർമാതാക്കളെ ഇൻഷ്വറൻസ് കന്പനികൾ അംഗീകരിച്ചേക്കും. പക്ഷേ, എട്ടു പതിറ്റാണ്ടോളം സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിച്ചവർ സമ്മതിക്കില്ല. അടിമത്തത്തിലായിരുന്ന ഇന്ത്യൻ ജനത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്ന് അനുഭവിച്ചതിൽനിന്ന് ഏറെ വ്യത്യസ്തമല്ല, സ്വതന്ത്ര പുരുഷന്മാരിൽനിന്ന് സ്ത്രീകൾ ഇന്നു നേരിടുന്ന വിവേചനങ്ങൾ; ദളിതരെയും ആദിവാസികളെയും പോലെ. എങ്കിലും ഈ കോടതിവിധി നമ്മുടെ രാജ്യത്തെ പല മുൻവിധികളെയും അട്ടിമറിക്കാൻ ശേഷിയുള്ളതാണ്.
Editorial
അക്രമകാരികളായ തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി വന്നിട്ടു മൂന്നാഴ്ച. കോടതിയെ പേടിയാണെന്നു പറഞ്ഞ്, കപടമൃഗസ്നേഹികൾക്കും വാക്സിൻ വ്യാപാരികൾക്കും മുന്നിൽ വാലാട്ടിനിന്ന സർക്കാരുകൾ ഇനിയെങ്കിലും ജോലി ചെയ്യുമെന്നു കരുതി. പക്ഷേ, സംസ്ഥാനത്തൊട്ടാകെ മനുഷ്യരെ പേപ്പട്ടികൾ ഉൾപ്പെടെ ഓടിച്ചിട്ടു കടിക്കുന്പോഴും അനക്കമില്ല.
എൽഡിഎഫ് സർക്കാരിനെതിരേയുണ്ടായിരുന്ന ജനരോഷത്തിന്റെ വലിയൊരു ഘടകം തെരുവുനായ-വന്യജീവി ആക്രമണങ്ങൾ തടയാൻ പരാജയപ്പെട്ടതായിരുന്നു. അതു നന്നായി മുതലെടുത്തവരാണ് ഇന്നു ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രകടന പത്രിക അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ പറഞ്ഞത്, തെരുവുനായ ശല്യത്തിൽനിന്ന് കേരളത്തെ മുക്തമാക്കുമെന്നാണ്.
ആറു മാസം കഴിഞ്ഞു. ആശുപത്രികളിലും സ്കൂളുകളിലും വഴികളിലും തദ്ദേശസ്ഥാപനങ്ങളുടെ തിണ്ണയിലുംവരെ പട്ടി പെറ്റുകിടക്കുകയാണ്. ശരിക്കും എന്താണ് സർക്കാരിന്റെ പ്രശ്നം? അങ്ങനെയൊരു കോടതി ഉത്തരവില്ലേ, വ്യാജവാർത്തയായിരുന്നോ? അല്ലെങ്കിലെന്തിനാണ് കോടതിവിധിയെ മറ്റൊരു ‘തൂഫാൻ’ ആക്കുന്നതിനുപകരം സർക്കാർ നിഷ്ക്രിയമായിരിക്കുന്നത്! പേവിഷഭീതിയുടെ മുനന്പത്തും കണ്ണുപൊത്തിക്കളിയോ!
ഈ സർക്കാർ അധികാരത്തിലേറിയിട്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. പക്ഷേ, ജനം നിലവിളിക്കുന്പോൾ നടപടികൾക്കു മുൻഗണനാക്രമം വേണം. ജൂൺ എട്ടിന് തിരുവനന്തപുരം വേട്ടമുക്കിൽ വീടിനടുത്തുള്ള കടയിൽ പോകാനിറങ്ങിയ ചന്ദ്രന്റെ കൺപോളയും ചുണ്ടും മൂക്കും നായ കടിച്ചുപറിച്ചു. ഈ പരിസരത്തുതന്നെ ദിവസങ്ങൾക്കുമുന്പ് കട്ടച്ചൽ റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് രാജലക്ഷ്മിയെ നായ ആക്രമിച്ചു.
അതിനു തൊട്ടുമുന്പാണ് എൻസിസി ഓഫീസിൽ ജോലിയുള്ള രണ്ടു പേരെ പട്ടികൾ കടിക്കാൻ ഓടിച്ചത്. ഇടുക്കി പാമ്പനാറില് 19 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പേപ്പട്ടി മറ്റ് നായ്ക്കളെയും കന്നുകാലികളെയും മൃഗങ്ങളെയുമൊക്കെ കടിച്ചതിനാൽ പഞ്ചായത്തില് വ്യാപകമായി വാക്സിനേഷന് നടത്തുകയാണ്. ഈ പേപ്പട്ടിക്കുവേണ്ടി ചെലവഴിച്ച പൊതുമുതലിന്റെ കണക്കു പുറത്തുവിടണം. തിരുവനന്തപുരം തുന്പയിൽ തെരുവുനായ കുറുകേ ചാടി, അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് 26കാരനായ മകൻ മരിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.
അമ്മ ചികിത്സയിലാണ്. വലിയശാലയില് ശനിയാഴ്ച അര്ധരാത്രിയോടടുത്ത് തെരുവുനായ മൂന്നുപേരെ ആക്രമിച്ചു. ഒരാളുടെ കൈയിൽനിന്നു കടിച്ചെടുത്ത മാസം പട്ടി തിന്നാൻ കൊണ്ടുപോയി. ആലപ്പുഴ കായംകുളത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെയും വല്യമ്മയെയും നായ വീട്ടുമുറ്റത്തു കയറി കടിച്ചു മുറിവേൽപ്പിച്ചതും ദിവസങ്ങൾക്കു മുമ്പാണ്. ഇതേ നായ റഷീദ, മകൻ അമാന എന്നിവരെയും ആക്രമിച്ചു. കണ്ണൂർ ബക്കളത്ത് സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്കു കടിയേറ്റതും ഈ സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞാണ്. ഭരണപരാജയങ്ങളുടെ ചോരയും ചലവുമൊലിക്കുന്ന നിരവധി സംഭവങ്ങളിൽ ചിലതു മാത്രമാണിത്.
അനിയന്ത്രിതമായി പെരുകിയ തെരുവുനായകളെയും വന്യജീവികളെയും കൊന്നും വേട്ടയാടിയുമല്ലാതെ നിയന്ത്രിക്കാനാകില്ലെന്നു വിദഗ്ധാഭിപ്രായങ്ങളുദ്ധരിച്ച് "ദീപിക'പലതവണ പറഞ്ഞതാണ്. പതിറ്റാണ്ടുകളോളം രാജ്യത്തെ ചോരയിൽ മുക്കിയ സർക്കാർ കെടുകാര്യസ്ഥതയ്ക്കു വിരാമമിടാനാണ്, മൃഗസ്നേഹികളെ തുരത്തി സുപ്രീംകോടതിയും മനുഷ്യാവകാശത്തെ ഉയർത്തിപ്പിടിച്ചത്. “മനുഷ്യജീവനു ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലണം. നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ നടപടി അരുത്.
പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന ഭരണഘടനാവകാശം ഒരു ജീവിയെയും പേടിച്ച് ഇല്ലാതാക്കാനാകില്ല. തടസം നിൽക്കുന്നവർക്കെതിരേ നിയമനടപടിയെടുക്കണം. നായകളെ വന്ധ്യംകരണത്തിനുശേഷം പിടികൂടിയിടത്തല്ല, സംരക്ഷണകേന്ദ്രങ്ങളിലേക്കാണു മാറ്റേണ്ടത്. എബിസി ചട്ടങ്ങൾ പൂർണമായും നടപ്പാക്കാനായില്ല. എല്ലാ ജില്ലകളിലും എബിസി സെന്ററുകളും ആശുപത്രികളിൽ പ്രത്യേക സംവിധാനങ്ങളും വാക്സിനുകളും ഉറപ്പാക്കണം.
റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പടെയുള്ള മൃഗങ്ങളെയും നീക്കണം.” ഇതാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സുപ്രീംകോടതിവിധിയുടെ ഉള്ളടക്കം. പക്ഷേ, അത്തരമൊരു വിധി ഉണ്ടായതിന്റെ ഒരു ലക്ഷണവും മൂന്നാഴ്ച കഴിഞ്ഞിട്ടുമില്ല. അതൊരു തെറ്റായ വാർത്തയാണെങ്കിൽ മാധ്യമങ്ങൾക്കെതിരേ നടപടിയെടുക്കണം. അല്ലെങ്കിൽ കോടതിവിധി നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശം കൊടുക്കണം.
എന്തോ തടസമുണ്ടെന്നു തോന്നുന്നു. സുപ്രീംകോടതിയുടെ വിശാലബെഞ്ചിൽ കേസെത്തി പുതിയൊരു വിധിയുണ്ടാകുവോളം അനങ്ങാതിരിക്കണമെന്ന് നായ സ്നേഹികളുടെ സമ്മർദമുണ്ടാകാം. രാഹുൽഗാന്ധി ഉൾപ്പെടെ കോൺഗ്രസിലെ ചില നേതാക്കൾ കൊല്ലുന്ന തെരുവുനായ പക്ഷത്തായതുകൊണ്ട് കൊല്ലപ്പെടുന്ന മനുഷ്യർക്കൊപ്പം നിൽക്കാൻ കേരളസർക്കാരിനു പരിമിതിയുണ്ടാകാം. വാക്സിൻ കന്പനികൾ അടങ്ങിയിരിക്കുന്നില്ലായിരിക്കാം. മുൻസർക്കാരിനെ നിഷ്ക്രിയമാക്കിയ അജ്ഞാതശക്തികൾ സജീവമായിരിക്കാം. ഇക്കാര്യത്തിലും ധവളപത്രമിറക്കേണ്ടിവരും.
ആരെയും ഉപദ്രവിക്കാത്ത കോടാനുകോടി കന്നുകാലികളെയും ആടിനെയും കോഴിയെയും മത്സ്യത്തെയുമാണ് ഓരോ മണിക്കൂറിലും കൊന്നു തിന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, മനുഷ്യരെ തിന്നുന്ന തെരുവുനായ്ക്കളെ തൊടരുത്! എന്തൊരു കാപട്യമാണിത്! ഇതിനൊരു അവസാനമില്ലേ? ആന ചവിട്ടിയരയ്ക്കുന്ന മനുഷ്യരുടെ രോദനവും കേൾക്കുന്നുണ്ട്.
ഒരു പട്ടിയെ ഓടിച്ചുവിടാനാകാത്ത സംവിധാനമെങ്ങനെ കാട്ടാനയെ തളയ്ക്കും? ഇപ്പം ശരിയാക്കാമെന്നു പറഞ്ഞു കുറെ പഞ്ചായത്തംഗങ്ങളെയും എംഎൽഎമാരെയും ജയിപ്പിച്ചിട്ടുണ്ടല്ലോ, അവരോട് കാറിൽനിന്നിറങ്ങി ജനങ്ങൾക്ക് അകന്പടി പോകാൻ പറ.
Editorial
രാജ്യം ഭരിക്കുന്ന ബിജെപിയെയും സഖ്യകക്ഷികളെയും കുറ്റം പറയുന്നതിനേക്കാൾ സമയം തങ്ങൾക്കിടയിലെ ഭിന്നതകളെക്കുറിച്ചു പറയാൻ ഇത്തവണത്തെ ‘ഇന്ത്യ’ മുന്നണി യോഗം നിർബന്ധിതമായി. അത്ര ദയനീയമാണ് സ്ഥിതി. റൈറ്റേഴ്സ് ബിൽഡിംഗിൽനിന്ന് അധികാരക്കസേരയടക്കം ബംഗാൾ ഉൾക്കടലിലേക്കു വലിച്ചെറിയപ്പെട്ട മമതാ ബാനർജി, സോണിയ ഗാന്ധിയുടെ മാറിൽ അഭയം തേടിയിട്ടുണ്ട്. പക്ഷേ, തമിഴ്നാട്ടിൽ അധികാരം നഷ്ടപ്പെട്ട ഡിഎംകെയും പഞ്ചാബിൽ അധികാരം പങ്കിടാൻ ആഗ്രഹിക്കാത്ത ആം ആദ്മിയുമൊന്നും കോണ്സ്റ്റിറ്റ്യൂഷന് ക്ലബ്ബിലെ യോഗത്തിൽ പങ്കെടുത്തില്ല. അഴിമതിക്കേസിൽ പെട്ട വീണയ്ക്കെതിരേ ഇഡി ഇറങ്ങിയതിനെ മുന്നണി പ്രതിരോധിക്കാത്തതാണ് ചില സിപിഎം നേതാക്കളുടെ ദുഃഖം. ഒറ്റയ്ക്ക് നിൽക്കാനാകാത്ത ചെറുപാർട്ടികളാണ് പങ്കെടുത്തതിലേറെയും. മെയ്യനങ്ങാതെ ചെയ്യാവുന്ന അഞ്ചു വ്യായാമങ്ങളെക്കുറിച്ച് തീരുമാനിച്ചുകൊണ്ട് യോഗം പിരിഞ്ഞു. അധികാരം പിടിക്കുന്നതല്ല, പ്രതിപക്ഷശേഷി തെളിയിക്കാൻപോലും മുന്നണിക്കാകുന്നില്ല.
യോഗത്തിന്റെ പശ്ചാത്തലം ആദ്യം നോക്കാം. അടിമുടി ദുരൂഹതകൾ ആരോപിക്കപ്പെടുന്ന മണ്ഡല പുനർനിർണയവുമായി വനിതാ സംവരണ ബില്ലിനെ കൂട്ടിക്കെട്ടാൻ ഏപ്രിലിൽ ബിജെപി നടത്തിയ ശ്രമത്തെ പാർലമെന്റിൽ പരാജയപ്പെടുത്തിയതാണ് അടുത്തയിടെ ഇന്ത്യ മുന്നണി നടത്തിയ ഒരു ശ്രദ്ധേയ രാഷ്ട്രീയനേട്ടം. അനക്കം വച്ചെങ്കിലും തൊട്ടുപിന്നാലെ കേരളം, പശ്ചിമബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വീണ്ടും തമ്മിലടിയായി. തൃണമൂലിനും ഡിഎംകെയ്ക്കും അധികാരം നഷ്ടമായി. മമത യോഗം വിളിച്ചപ്പോൾ 80 എംഎൽഎമാരിൽ 20 പേരും 29 ലോക്സഭാ എംപിമാരിൽ മൂന്നുപേരുമാണ് എത്തിയത്. 20 എംപിമാർ ബിജെപിക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇഡി റെയ്ഡിന് ഇരയായവർ ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ ഏഴ് എംപിമാർ അടുത്തയിടെ ബിജെപി പാളയത്തിലെത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ‘ദയനീയ വിജയം’ നേടി കഷ്ടിച്ച് അധികാരം നിലനിർത്തിയ ബിജെപി ഒരു തെരഞ്ഞെടുപ്പുമില്ലാതെ എംപിമാരെ വാരിക്കൂട്ടുകയാണ്. മുന്നണിയിൽ ആലോചിക്കാതെ ടിവികെയുമായി അധികാരം പങ്കിട്ട കോൺഗ്രസിനോടുള്ള പകയിലാണ് ഡിഎംകെ പുതിയ മുന്നണിയുണ്ടാക്കാൻ ശ്രമിക്കുന്നത്. 22 എംപിമാരുള്ള ഡിഎംകെയും പുറത്തുനിന്നെങ്കിലും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. ഭരണഘടനാ ഭേദഗതികൾ പാസാകാനുള്ള മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനു വേണ്ടത് 360 പേരുടെ പിന്തുണയാണ്. തൃണമൂൽ വിമതർ എത്തിയതോടെ 313 ആയി. 37 അംഗങ്ങളെക്കൂടി സംഘടിപ്പിക്കാനായാൽ, ബിജെപിക്കു പലതും സാധിക്കാനുണ്ട്. തെരഞ്ഞെടുപ്പല്ല അധികാരത്തിന്റെ അടിസ്ഥാനമെന്ന ജനാധിപത്യവിരുദ്ധ രാഷ്ട്രീയം, രാജ്യത്തെ എങ്ങനെ ദുർബലമാക്കുമെന്നത് വേറെ കാര്യം.
എന്താണ് ഇന്ത്യ മുന്നണി? ബിജെപി നയിക്കുന്ന എൻഡിഎയെ നേരിടാൻ പ്രതിപക്ഷമുണ്ടാക്കിയ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) സഖ്യം. പക്ഷേ, പരസ്പരവിരുദ്ധ താത്പര്യങ്ങളും വ്യക്ത്യധിഷ്ഠിത പാർട്ടികളും തങ്ങളുടെ അധികാരം കടത്താനുള്ള കപ്പലായി മുന്നണിയെ കണ്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെതന്നെ ഇന്ത്യ മുന്നണിയുടെയും അധ്യക്ഷനാണെങ്കിലും മുന്നണി ഒന്നിനൊന്നു ദുർബലമായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പാർട്ട് ടൈം രാഷ്ട്രീയവും ഏറെ വിമർശനത്തിനിടയാക്കി. ഇടയ്ക്കൊരു ഭാരത് ജോഡോ യാത്രയും വോട്ട് മോഷണത്തെക്കുറിച്ചൊരു വാർത്താസമ്മേളനവും നടത്തിയാൽ പിന്നെ കുറച്ചുനാളത്തേക്ക് ഒരു അനക്കവുമുണ്ടാകില്ല. ഒരു നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനമോ അധികാര പങ്കാളിത്തമോ പോലും ഐക്യത്തോടെ നടത്താനാവാത്ത മുന്നണി ബിജെപിയുടെ ഭാഗ്യമായി മാറി. കോൺഗ്രസ് മുക്ത ഭാരതമെന്ന പൂവ് ചോദിച്ച മോദിക്ക് പ്രതിപക്ഷ മുക്ത ഭാരതമെന്ന പൂന്തോട്ടം കൊടുത്തു ഇന്ത്യ മുന്നണി. ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളും, അഴിമതിക്കാരെയും അവസരവാദികളെയും അധികാരമോഹികളെയും ആകർഷിക്കാനുള്ള കച്ചവടതന്ത്രവും, കഴിവുകെട്ട പ്രതിപക്ഷവുമുണ്ടെങ്കിൽ അധികാരമൊന്നും കൈയിൽനിന്നു പോകില്ലെന്ന് ബിജെപിക്കു ബോധ്യപ്പെട്ടു.
ഇന്ധനവില, വിലക്കയറ്റം, പണപ്പെരുപ്പം, വർഗീയ ധ്രുവീകരണം, കാർഷികമേഖലയുടെ തകർച്ച, തൊഴിലില്ലായ്മ, നീറ്റ്-സിബിഎസ്ഇ അഴിമതികൾ... കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം എന്തു ചെയ്തെന്നു ചോദിച്ചാൽ കുറെ പ്രസ്താവന ഇറക്കി! കർഷകസമരംപോലും രാജ്യത്തെ ഇളക്കിയതും വിജയിച്ചതും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ സഹായമില്ലാതെയാണ് എന്നതല്ല, സഹായമില്ലാത്തതുകൊണ്ടാണ് എന്നു പറയേണ്ടിവരും. അതു കണ്ടിട്ടുപോലും അത്തരമൊന്നു സംഘടിപ്പിക്കാൻ പിന്നീടും പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസരംഗം ചരിത്രത്തിലെ ഏറ്റവും വലിയ അപചയത്തെ നേരിടുന്പോൾ പോലും എന്തൊരു നിഷ്ക്രിയത്വമാണ്. 12 കൊല്ലം പഴക്കമുള്ള പ്രതിപക്ഷ ജീർണതയിലേക്ക് ‘പാറ്റ’കൾ പോലെ പ്രതിപക്ഷ ആൾക്കൂട്ടങ്ങളെത്തുന്നു.
ഇന്ത്യ മുന്നണിയുടെ ഭാവി? വോട്ടുമോഷണ ആരോപണത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തു നൽകുക, സിബിഎസ്ഇ മൂല്യനിര്ണയ വിവാദത്തിന്റെ പശ്ചാത്തലത്തില് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യവുമായി മുന്നോട്ട് പോവുക തുടങ്ങിയ അഞ്ചു തീരുമാനങ്ങൾ മുന്നണിക്കു ജീവനുണ്ടെന്നു ബോധ്യപ്പെടുത്താൻ കൊള്ളാം. പക്ഷേ, നഷ്ടപ്പെട്ട പരസ്പര വിശ്വാസവും ബഹുമാനവും വീണ്ടെടുക്കാതെ ഇതൊരു മുന്നണിയാകില്ല. മുന്നണി വിട്ട പാർട്ടികളെയും കോൺഗ്രസ് വിട്ട പ്രമുഖ നേതാക്കളെയും തിരികെയെത്തിക്കാനായാൽ നേതൃത്വ പാപ്പരത്തം കുറേയെങ്കിലും വിട്ടൊഴിയും. 2024ൽ ഇന്ത്യ മുന്നണിയിലെ തമ്മിലടി ഉണ്ടായിട്ടും ബിജെപി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിൽനിന്നു പാഠം പഠിച്ച ബിജെപി കടുത്ത ഗൃഹപാഠങ്ങളിലാണ്. തെരഞ്ഞെടുപ്പ് പട്ടിക പരിഷ്കരണം പോലും അതിന്റെ ഭാഗമായി വേണം കാണാൻ. പക്ഷേ, 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെങ്കിലും വോട്ടുകൾ ഭിന്നിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രതിപക്ഷത്തിന് ഒരു പദ്ധതിയുമില്ല. കരുത്തുറ്റ മുഴുവൻസമയ നേതാവില്ലാത്തത് തുടക്കം മുതൽ ഇന്ത്യ മുന്നണിയെ നാഥനില്ലാക്കളരിയാക്കി.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ ശ്രദ്ധേയമാണ്. “ബിജെപി തോല്പ്പിക്കാന് ബുദ്ധിമുട്ടുള്ള പാര്ട്ടിയല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തി, ആഭ്യന്തരകലഹം മതിയാക്കി ഒന്നിക്കാന് എല്ലാവരും തയാറാകണം.” ഇതൊക്കെ നാട്ടുകാർ പണ്ടേ പറഞ്ഞതാണ്. പക്ഷേ, ജനം തീരുമാനിച്ചാൽ പോലും ബിജെപിയെ അധികാരഭ്രഷ്ടരാക്കാൻ സമ്മതിക്കാത്തത് ഇന്ത്യ മുന്നണിയാണ്. അല്ലെങ്കിൽ ബിജെപി ഒളിച്ചോടണം.
Editorial
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നത് പുതിയ സർക്കാരിനോടുള്ള കേരളത്തിന്റെ ആവശ്യമായിരുന്നു. അതിലേറെ അതു സർക്കാരിന്റെ ആവശ്യമായിരുന്നു. അനാവശ്യ പഴി കേൾക്കരുതല്ലോ. അതുകൊണ്ടാണ് യുദ്ധകാലാടിസ്ഥാനത്തിൽ അതു തയാറാക്കിയതും ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ നിയമസഭയിൽ വച്ചതും. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏകദേശം 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ അടവ് എന്നിവയ്ക്കാണ് ചെലവാകുന്നത്. ദേശീയ ശരാശരിയേക്കാൾ കൂടിയ കടബാധ്യതയും അതിനൊത്ത പലിശയും, ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ വികസനച്ചെലവും മൂലധനച്ചെലവുമൊക്കെ ധവളപത്രം പ്രദർശിപ്പിക്കുന്നു. സുസ്ഥിരവികസനം മാത്രമല്ല, സ്വസ്ഥമായ അനുദിന സാന്പത്തികാവശ്യങ്ങൾപോലും സാധ്യമല്ലാത്ത സ്ഥിതി! ധവളപത്രം തയാറാക്കുക, അവതരിപ്പിക്കുക, പരിഹാരം നിർദേശിക്കുക എന്നീ കാര്യങ്ങൾ സർക്കാർ ദിവസങ്ങൾകൊണ്ട് സാധിച്ചു. അതായത്, രോഗനിർണയം നടത്തി. ഇനി ചികിത്സയാണു വേണ്ടത്. അതാണ് ഈ സർക്കാരിനെ നിർവചിക്കാനിരിക്കുന്നത്. അതാണ് മാറ്റത്തിന്റെ അളവുകോലായി മാറാനിരിക്കുന്നത്. ധവളപത്രത്തിന്റെ വേഗം അതിനുമുണ്ടാകട്ടെ. ബജറ്റിൽ തെളിയട്ടെ, പുതുയുഗ കേരളം
കടബാധ്യത ദേശീയ ശരാശരിയേക്കാൾ 6.3 ശതമാനം അധികമായ 5.07 ലക്ഷം കോടി, പലിശയടയ്ക്കുന്നത് വരുമാനത്തിന്റെ 17.73 ശതമാനം. അതാകട്ടെ, ദേശീയ ശരാശരിയേക്കാൾ 5.74 ശതമാനം അധികം. വരുമാനത്തിന്റെ 39.9 ശതമാനം മാത്രമാണ് വികസനത്തിനായി നമുക്കു ചെലവഴിക്കാനാകുന്നത്. ദേശീയ ശരാശരി 63.5 ശതമാനമാണ്. മൂലധനച്ചെലവാകട്ടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 1.34 ശതമാനം മാത്രം. ദേശീയ ശരാശരി 3.20 ആയിരിക്കെയാണിത്. ഡിഎ കുടിശിക, കരാറുകാര്ക്കു നല്കാനുള്ളത് എന്നിവ ഉള്പ്പെടെ 48,733 കോടിയുടെ കുടിശിക ബാധ്യതകളുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിനായി രൂപീകരിച്ച ധനകാര്യ സ്ഥാപനം കിഫ്ബി ഒരു സമാന്തര സാന്പത്തിക അധികാരകേന്ദ്രമായി മാറിയെന്നാണ് ധവളപത്രം കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തി അഴിച്ചുപണിയുമെന്നും പറഞ്ഞിട്ടുണ്ട്. ഇതിനു പുറമെ കെഎസ്ആർടിസി, വാട്ടർ അഥോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 78,851 കോടി രൂപയായി ഉയർന്നു. സാമ്പത്തികഞെരുക്കം കാരണം പട്ടികജാതി-പട്ടികവർഗം, ന്യൂനപക്ഷങ്ങൾ എന്നിവർക്കായുള്ള പദ്ധതിവിഹിതത്തിൽ ഗണ്യമായ കുറവുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
കിഫ്ബി വഴി വലിയ തോതിലുള്ള സ്വതന്ത്ര വായ്പകൾ എടുക്കുന്നത് അവസാനിപ്പിക്കുക, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യുക, കെഎസ്ആർടിസി, വാട്ടർ അഥോറിറ്റി തുടങ്ങിയവയുടെ നഷ്ടം കുറയ്ക്കുക, നഷ്ടം നികത്താൻ സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവയെ ലാഭത്തിലുള്ള ബെവ്കോയുമായി ലയിപ്പിക്കുക, ഊർജമേഖല സ്വകാര്യ നിക്ഷേപത്തിനായി തുറന്നുകൊടുക്കുക, വ്യവസായ വളർച്ചയ്ക്കായി ഭൂനിയമങ്ങളിലും തൊഴിൽ നിയമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുക, പെൻഷൻ ബാധ്യത കുറയ്ക്കുന്നതിനായി പെൻഷൻ പ്രായം ഏകീകരിക്കുകയോ വർധിപ്പിക്കുകയോ ചെയ്യുക, സർക്കാർ ചെലവുകളിൽ കർശനമായ അച്ചടക്കം പാലിക്കുക, നികുതിപിരിവ് കാര്യക്ഷമമാക്കുക തുടങ്ങിയ പരിഹാരമാർഗങ്ങളാണ് ധവളപത്രം ലക്ഷ്യമിടുന്നത്. നാട്ടിലെ വന്യജീവി-തെരുവുനായശല്യം ഒഴിവാക്കി കാർഷിക-വിനോദസഞ്ചാരമേഖലയെ രക്ഷിക്കുമോയെന്നതിൽ വ്യക്തതയില്ല; കേരളത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തെ വിട്ടുകളഞ്ഞതുപോലെ.
ഇതൊരു കുറ്റാന്വേഷണ റിപ്പോർട്ടോ രാഷ്ട്രീയ ആരോപണങ്ങളുടെ സമാഹാരമോ അല്ലെന്നു ധവളപത്രത്തിന്റെ തുടക്കത്തിൽ പറയുന്നുണ്ടെങ്കിലും വായിക്കുന്നവർക്ക് കുറ്റവും ആരോപണങ്ങളും കണ്ടെത്താനാകും. അധികാരമൊഴിഞ്ഞ ഇടതു സർക്കാരിന്റെ ധൂർത്ത്, കെടുകാര്യസ്ഥത, ഉത്തരവാദരഹിത കടമെടുപ്പ്, അഴിമതി എന്നിവ സാന്പത്തികവിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനം നേരിട്ട രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. മികച്ച രീതിയിൽ ആ പ്രതിസന്ധികാലങ്ങളിൽ സർക്കാർ ജനങ്ങളെ പരിഗണിച്ചെന്ന യാഥാർഥ്യം കടബാധ്യതകളുടെ കാരണങ്ങളിൽ പ്രധാനമാണ്. കേന്ദ്രം സംസ്ഥാനത്തിന്റെ ഫണ്ടുകൾ വെട്ടിക്കുറച്ചതും വൈകിച്ചതുമൊന്നും ധവളപത്രത്തിൽ പറയുന്നില്ലെന്ന് മുൻ ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
നമുക്ക് ഇപ്പോഴിതു രാഷ്ട്രീയമല്ല, അതിജീവനത്തിന്റെ കാര്യമാണ്. ധവളപത്രം തയാറാക്കിയതിലെ സ്വകാര്യതയും രാഷ്ട്രീയവുമല്ലാതെ സാന്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷത്തിനും തർക്കമില്ല. അതുകൊണ്ടുതന്നെ ഈ ഊരാക്കുടുക്കിൽനിന്നു രക്ഷപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമത്തെ പ്രതിപക്ഷവും പിന്തുണയ്ക്കേണ്ടതാണ്. ജനങ്ങളുടെ മുതുകിലുള്ള നുകത്തിന്റെ ഭാരം കുറയ്ക്കാൻ പ്രതിപക്ഷത്തിനും ബാധ്യതയുണ്ടെന്നു മറക്കരുത്.
കടമെടുക്കലെന്ന മാരക ഒറ്റമൂലിയല്ല, അനാവശ്യ ചെലവുകൾ കുറച്ച്, പുതിയ സ്രോതസുകൾ കണ്ടെത്തി വരുമാനം വർധിപ്പിക്കുകയാണു വേണ്ടതെന്ന പാഠമാണ് ഈ ധവളപത്രത്തിന്റെ ഗുണപാഠം. ഇന്ധനവില വർധന, വിലക്കയറ്റം, പണപ്പെരുപ്പം... സാധാരണക്കാർ നീറുകയാണ്. ജനങ്ങൾക്കുമേൽ ഇനിയും നികുതി ഏർപ്പെടുത്താനാകുന്ന സാഹചര്യമല്ലെന്നും ഉള്ളതു പലതും പിൻവലിച്ചും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുമുള്ള ബജറ്റാകണം അടുത്തതെന്നും ഈ ധവളപത്രം അടിവരയിട്ടു പറയുന്നു. ചികിത്സ വൈകരുത്.
Editorial
ഇതു വിദ്യാഭ്യാസവകുപ്പിനെ മാത്രം ബാധിക്കുന്നതല്ല. ചരിത്രവസ്തുതകളെ എടുത്തുകളഞ്ഞും ഹിന്ദുത്വ ആശയങ്ങൾ തിരുകിക്കയറ്റിയും വിദ്യാഭ്യാസരംഗത്തിന്റെ മതേതര അടിത്തറയിളക്കിയ കേന്ദ്രസർക്കാർ പരീക്ഷാ നടത്തിപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് അതിന്റെ മേൽക്കൂരയും പൊളിച്ചിരിക്കുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ ഉത്തരക്കടലാസ് മൂല്യനിർണയ പാളിച്ചകളും ലക്ഷക്കണക്കിനു വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും അധ്വാനത്തെ വിലയില്ലാതാക്കി. വിവിധ പ്രവേശനപരീക്ഷകളിൽ മികച്ച വിജയം നേടിയവർ 12-ാം ക്ലാസിലെ ‘നശിച്ച’ മാർക്ക് ലിസ്റ്റിലേക്കു നോക്കി നെടുവീർപ്പിടുന്നു.
സിബിഎസ്ഇ പുനർമൂല്യനിർണയ നടപടികളും ഇഴയുകയാണ്. വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കുമോയെന്നത് സർക്കാരിനു ധാർമികതയുണ്ടോയെന്ന ചോദ്യംതന്നെയാണ്. മതവത്കരണവും അഴിമതിയും കെടുകാര്യസ്ഥതയും ദുർബലമാക്കിയ സിസ്റ്റമാണ് യഥാർഥ പ്രശ്നം. പരിഹാരശ്രമങ്ങൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിതിക്ക് പ്രതിപക്ഷത്തെയും വിദ്യാഭ്യാസ-സാങ്കേതിക വിദഗ്ധരെയും, സിബിഎസ്ഇയുടെ പിഴവുകളും അഴിമതിയും ചൂണ്ടിക്കാണിച്ച മിടുക്കരായ വിദ്യാർഥികളെയും ഉൾപ്പെടുത്തി കൂട്ടായ പരിശ്രമമാണ് അഭികാമ്യം.
ഈ വർഷം നടപ്പിലാക്കിയ ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിംഗ്) എന്ന ഡിജിറ്റൽ മൂല്യനിർണയ രീതിയാണ് അലങ്കോലമായത്. പക്ഷേ, ആഴത്തിൽ പരിശോധിച്ചാൽ ഒഎസ്എമ്മിനേക്കാൾ അതിന്റെ നടത്തിപ്പാണ് പാളിയതെന്നു കാണാം. ഒഎസ്എം അനുസരിച്ച് ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത ഡിജിറ്റൽ പകർപ്പു നോക്കിയാണ് മൂല്യനിർണയം. പകർപ്പെടുക്കാൻ ഏൽപ്പിച്ച കോഎംപ്റ്റ് എഡ്യുടെക് പ്രൈവറ്റ് ലിമിറ്റഡിന് അതു നന്നായി ചെയ്യാനായില്ല.
പകർപ്പുകളിലേറെയും വായിക്കാൻപോലുമാകാത്ത നിലയിലായിരുന്നു. അതുവച്ച് അധ്യാപകർ മാർക്കിട്ടു. മുഴുവൻ ഉത്തരമെഴുതിയവർക്കുപോലും പൂജ്യം മാർക്കായി. എന്തിനു പഠിക്കുന്നെന്ന ചിന്തപോലും ഒരു തലമുറയിലുണ്ടാക്കി. എന്നിട്ടും അധികാരത്തിലിരിക്കാൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനു കഴിയുന്നുണ്ടെങ്കിൽ, ഈ കെടുകാര്യസ്ഥതയെ വച്ചുപൊറുപ്പിക്കാൻ സർക്കാരിന് ഒരു മടിയുമില്ലെന്നേ പറയാനാകൂ.
ജീർണിച്ച സിസ്റ്റത്തിന്റെ പുതിയ വ്രണമാണ് സിബിഎസ്ഇ അഴിമതിയെന്നു തെളിയിച്ചതിൽ മുഖ്യപങ്ക് ഇത്തവണത്തെ സിബിഎസ്ഇ ഇരകൂടിയായ ജാർഖണ്ഡ് സ്വദേശി സാർഥക് സിദ്ധാന്തിനാണ്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാനും മൂല്യനിർണയം നടത്താനുള്ള സോഫ്റ്റ്വെയറിനായും കരാർ നൽകിയത് കോഎംപ്റ്റ് എഡ്യുടെക് എന്ന കമ്പനിക്കാണ്.
തെലുങ്കാനയിൽ 2019ല് സമാന ക്രമക്കേട് നടത്തി കരിന്പട്ടികയിലായ ‘ഗ്ലോബറേന’ എന്ന കമ്പനി എങ്ങനെയാണ് കോഎംപ്റ്റ് എന്ന അവതാരമെടുത്ത് സിബിഎസ്ഇയുടെ കരാർ കൈക്കലാക്കിയതെന്ന സൂചനകൾ സാർഥക് പുറത്തുവിട്ടത് രാജ്യത്തെ നടുക്കി. നിരവധി വിദ്യാർഥികളുടെ ആത്മഹത്യക്കിടയാക്കിയ ഗ്ലോബറേനയെ മുഖംമൂടിയണിയിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്നു സിബിഎസ്ഇക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും ഒഴിവാകാനാകില്ല.
ഇതിനായി കരിന്പട്ടികയിൽ ഉൾപ്പെട്ട കന്പനികൾക്കുണ്ടായിരുന്ന വിലക്ക് നീക്കി, ടെൻഡർ വ്യവസ്ഥകൾ മാറ്റിയെഴുതി, വിറ്റുവരവ് പരിധി യോഗ്യതയും കോഎംപ്റ്റിന് അനുകൂലമാക്കി. ടിസിഎസ് പോലുള്ള കന്പനികളെ സാങ്കേതികത്വം പറഞ്ഞ് ഒഴിവാക്കുകയും ചെയ്തു. ഒടുവിൽ ‘ആരോ’ ആഗ്രഹിച്ചതുപോലെ, മൂന്നാം ടെൻഡറിൽ ഉത്തരക്കടലാസിന്റെ ഒരു പകർപ്പെടുക്കാൻപോലും അറിയില്ലാത്തവർക്കു കരാർ കിട്ടി.
17.68 ലക്ഷം 12-ാം ക്ലാസ് വിദ്യാർഥികളുടെ ഭാവിയുടെ കരാർ ഫോട്ടോസ്റ്റാറ്റ് തട്ടുകടക്കാരുടെ വൈദഗ്ധ്യം പോലുമില്ലാതിരുന്ന കരിന്പട്ടികയിലെ കറക്കുകന്പനിക്കു കൊടുത്തവർ ശിക്ഷിക്കപ്പെടുമോയെന്നതു ചോദ്യമാണ്, ഉത്തരം വരട്ടെ. കേന്ദ്ര അന്വേഷണ ഏജൻസികളൊക്കെ താന്താങ്ങളുടെ ഓഫീസിൽതന്നെ ഇരിക്കട്ടെ.
സിബിഎസ്ഇ സൈറ്റില് അധ്യാപകരുടെ പേര്, റോള് നമ്പര്, ബാങ്ക് വിവരങ്ങള് എന്നിവയില് മാറ്റങ്ങള് വരുത്താമെന്നു കണ്ടെത്തി സിബിഎസ്ഇ പോർട്ടലിലെ സുരക്ഷാ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നത് നിസർഗ അധികാരി എന്ന പ്ലസ് ടുക്കാരനാണ്. സാർഥകിനെയും നിസർഗയെയും, പുനർമൂല്യനിർണയത്തിലെ പാളിച്ചകൾ തുടക്കത്തിലേ പുറത്തെത്തിച്ച വേദാന്ത് ശ്രീവാസ്തവയെയും പോലുള്ള കുട്ടികളെ ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തിരുത്തിയാൽപോലും സിബിഎസ്ഇയെ രക്ഷിക്കാനായേക്കും.
സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റി മറ്റൊരാളെ വച്ചും, വിവാദ കന്പനിക്കു പിഴയിട്ടുമൊക്കെ സംഭവം ഒതുക്കാനുള്ള നീക്കം, ഈ കൊടിയ അഴിമതിയുമായി രാഷ്ട്രീയ-ഭരണ ബന്ധമുള്ളവരെ സംരക്ഷിക്കാനാകാം. മൂല്യനിര്ണയത്തിൽ സംഭവിച്ച ഗുരുതര പിഴവുകളെ നിർവീര്യമാക്കാൻ ഒഎസ്എമ്മിനെ പിന്തുണച്ച് പ്രചാരണവും ആരംഭിച്ചിരിക്കുകയാണ് സിബിഎസ്ഇ. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള ഇത്തരം ശ്രമങ്ങളാണ്, 2024ലെ പിഴവ് ആവർത്തിച്ചുകൊണ്ട്, 24 ലക്ഷം വിദ്യാർഥികളുടെ അധ്വാനത്തെ നിഷ്ഫലമാക്കി ഇത്തവണയും നീറ്റ്-യുജി ചോദ്യപേപ്പർ ചോർന്നതിന്റെ അടിസ്ഥാനമെന്നു കരുതാം.
പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച വേദാന്ത് ശ്രീവാസ്തവ എന്ന വിദ്യാർഥി തനിക്ക് ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസിലെ കൈയക്ഷരം തന്റേതല്ലെന്ന് തെളിവ് സഹിതം എക്സിൽ പോസ്റ്റ് ചെയ്തപ്പോൾ, ആ കുട്ടിയെ പാക്കിസ്ഥാനിയെന്നും ദേശദ്രോഹിയെന്നുമാണ് സൈബർ ഗുണ്ടകൾ അധിക്ഷേപിച്ചത്. ഒടുവിൽ അവൻ പറഞ്ഞ തെറ്റ് അംഗീകരിച്ച് സിബിഎസ്ഇക്കു മാപ്പ് പറയേണ്ടിവന്നു എന്നതു വേറെ കാര്യം.
ഈ ‘പാക്കിസ്ഥാൻ, ദേശദ്രോഹി’ ഭാഷ ആരുടേതാണെന്നും തെറ്റു ചൂണ്ടിക്കാണിക്കുന്നവരെ നിശബ്ദരാക്കുന്ന സംസ്കാര നിർമിതിയിൽ തങ്ങളുടെ പങ്കെന്താണെന്നും ചിന്തിക്കാൻ സർക്കാർ തയാറാകുമോയെന്നറിയില്ല. അധികാരമാണു മുഖ്യം. വിദ്യാഭ്യാസ മേഖലയിലെ ആവർത്തിക്കുന്ന പരാജയങ്ങളിൽ സാങ്കേതിക വീഴ്ച മാത്രമല്ല; അഴിമതി, കെടുകാര്യസ്ഥത, അസഹിഷ്ണുതയിലൂന്നിയ ഹിന്ദുത്വരാഷ്ട്രീയം എന്നിവയും തെളിയുന്നുണ്ട്. പരിക്ക് വിദ്യാർഥികൾക്കാണ്, രാജ്യത്തിനാണ്.
Editorial
മയക്കുമരുന്നുവേട്ടയ്ക്ക് പുതിയ സർക്കാർ കൊടുത്തിരിക്കുന്ന പേര് കൊടുങ്കാറ്റെന്നാണ്; തൂഫാൻ. ആവേശംകൊള്ളിക്കുന്ന പേരുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടങ്ങിയ മയക്കുമരുന്നുവേട്ടയൊന്നും ഇന്നുവരെ കാര്യമായി വിജയിച്ചിട്ടില്ല. ‘തൂഫാൻ’ ആഞ്ഞടിക്കണം; ചായക്കോപ്പയിലല്ല, സംസ്ഥാനത്തിന്റെ അധോലോകമായി മാറിയ ലഹരിക്കോട്ടകളിൽ.
ആദ്യം കപ്പലിലെ കള്ളന്മാരായ ചില രാഷ്ട്രീയക്കാരെയും പോലീസിനെയും കടലിലെറിയണം. ജനങ്ങളുടെ സഹകരണം ഉറപ്പാക്കണം. സഹകരിക്കുന്നവരുടെ സ്വകാര്യത ഉറപ്പാക്കണം. ഇതു സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന് സമൂഹം തിരിച്ചറിയണം. കുടുംബ-സാമൂഹികബന്ധങ്ങളെ താറുമാറാക്കിയ ലഹരിക്കെതിരേയുള്ള യുദ്ധത്തിൽ ദീപികയുമുണ്ടാകും. തമിഴ്നാടും ലഹരിവേട്ട ശക്തമാക്കിയതിനാൽ കണ്ണികളറുക്കാൻ ഇതാണു സമയം.
ഇന്നലെയാണ് ലഹരി മാഫിയക്കെതിരേയുള്ള ‘ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചത്. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്ത ഉടൻതന്നെ രമേശ് ചെന്നിത്തല ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചിരുന്നു. ലഹരി മാഫിയകൾക്കെതിരേ ശക്തമായ നിയമനടപടിയെടുക്കുക, ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് ലക്ഷ്യം.
ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആഭ്യന്തരവകുപ്പുകളുമായി സഹകരിക്കും. വിവരങ്ങൾ രഹസ്യമായി കൈമാറാൻ ആപ്പുകളും സമൂഹമാധ്യമസംവിധാനങ്ങളും സജ്ജമാക്കും. വിദ്യാലയങ്ങളിൽ പ്രത്യേക കരിക്കുലം നടപ്പിലാക്കുക, ലഹരി മാഫിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടുക തുടങ്ങിയ തീരുമാനങ്ങൾ ബോധവത്കരണവും ഉരുക്കുമുഷ്ടിയും ഒരേസമയം നടപ്പാക്കാനുള്ള നീക്കമാണ്. പക്ഷേ, വർഷത്തിൽ ഒന്നോ രണ്ടോ മണിക്കൂർ ക്ലാസെടുക്കുന്നതാകരുത് ഇപ്പറഞ്ഞ ബോധവത്കരണം.
ജമ്മു കാഷ്മീരിൽ നടത്തിക്കൊണ്ടിരിക്കുന്ന ലഹരിവേട്ടയുടെ 51-ാം ദിവസം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കുൽഗാമിൽ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ നാം ഏറ്റു പറയേണ്ടതാണ്. “അവസാനത്തെ മയക്കുമരുന്നുസംഘത്തെയും ഒതുക്കുവോളം ഈ മുന്നേറ്റം അവസാനിപ്പിക്കില്ല.” ഈ വാക്കുകളിൽ നിശ്ചയദാർഢ്യമുണ്ട്.
ഈ കാന്പയ്ൻ തങ്ങൾ സർക്കാർ സംവിധാനങ്ങളിലൊതുക്കിയില്ലെന്നും കാഷ്മീരിലെ യുവാക്കളുടെയും കുടുംബങ്ങളുടെയും വിവിധ മതനേതാക്കളുടെയും സംഘടനകളുടെയും സമൂഹത്തിന്റെ ആകെത്തന്നെയും സഹകരണം ഉറപ്പാക്കിയെന്നും അതു ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അന്തിമഫലം അറിയാനിരിക്കുന്നതേയുള്ളൂവെങ്കിലും കാഷ്മീരിന്റെ പരിശ്രമം കണ്ടില്ലെന്നു നടിക്കാനാകില്ല.
തീവ്രവാദവും മയക്കുമരുന്നും ഇല്ലാതായാൽ കാഷ്മീർ ഭൂമിയിലെ സ്വർഗമെന്ന പദവി തിരിച്ചെടുക്കും. അവിടത്തെ ടൂറിസത്തിന് ഈ രാജ്യത്തെ തീറ്റിപ്പോറ്റാനുള്ളത്ര സാധ്യതയുണ്ട്. മയക്കുമരുന്ന് മറ്റാരുടെയോ കാര്യമാണെന്ന് ഒരാളും കരുതരുത്. മയക്കുമരുന്നടിമകളുടെ കുടുംബങ്ങളൊന്നും അത് തങ്ങളുടെ വീടിനെയും വിഴുങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
കേരളത്തിൽ മയക്കുമരുന്നു-ഗുണ്ടാ സംഘങ്ങളെ പേടിച്ചു വഴിയിലിറങ്ങാനാകാത്ത സ്ഥിതിയുണ്ട്. ജീവഭയത്താലാണ് ആരും പ്രതികരിക്കാത്തത്. പോലീസിനും പേടിയുണ്ട്. പോലീസിൽ ഒറ്റുകാരുമുണ്ട്. 2021ൽ 25,000 പേരാണ് ലഹരിക്കേസിൽ അറസ്റ്റിലായതെങ്കിൽ 2022ൽ അത് 27,545 ആയി. ലഹരിവ്യാപനം തടയുന്നതിനുള്ള എൻഡിപിഎസ് നിയമപ്രകാരം 2022ൽ രാജ്യത്തെ മൊത്തം അറസ്റ്റുകളുടെ 29.4 ശതമാനവും കേരളത്തിലായിരുന്നു.
2023ലും 2024ലും അറസ്റ്റിലായവരുടെ എണ്ണം ഏകദേശം 30,000 ആയി. 2025ലും കേസുകൾ വർധിച്ചു. ‘തൂഫാൻ’ തുടങ്ങിയതിനുശേഷം വിവിധ സ്ഥലങ്ങളിൽനിന്നു പലരെയും പിടികൂടിക്കഴിഞ്ഞു. തിരുവനന്തപുരം ഈഞ്ചക്കലിൽനിന്ന് പത്തു കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ പിടിയിലായി. റെയിൽവേ പോലീസും റെയിൽവേ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 60 കിലോ കഞ്ചാവാണ്.
ആംബുലൻസിൽ കടത്താൻ ശ്രമിച്ച 280 ഗ്രാം എംഡിഎംഎ തൃശൂർ മണ്ണുത്തിയിൽ കുന്നംകുളം പോലീസ് പിടികൂടിയത് ഇക്കഴിഞ്ഞ ദിവസമാണ്. സ്ത്രീകളെയും കുട്ടികളെയുംവരെ മയക്കുമരുന്നുകടത്തിന് ഉപയോഗിക്കുന്നുണ്ട്. സ്കൂൾ അധികൃതർ സൽപേര് പോകുമെന്ന ഭയത്താൽ വിവരം മറച്ചുവയ്ക്കുന്നുണ്ട്. നാട്ടുകാരോടു പറയണമെന്നില്ല. പക്ഷേ, പോലീസിനെ അറിയിച്ചേ മതിയാകൂ. രഹസ്യവിവരം നൽകുന്നവരെ തേടി ഗുണ്ടകളെത്തില്ലെന്ന് ആഭ്യന്തരവകുപ്പ് ഉറപ്പാക്കണം.
തൂഫാൻ പുറത്തു വീശിയാൽ പോരാ. ലഹരിവ്യാപാരികളെ സഹായിക്കുന്ന പോലീസുകാരെയും രാഷ്ട്രീയക്കാരെയും പുകച്ചു പുറത്തു ചാടിക്കണം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കുറ്റവാളികളായല്ല ഇരകളോ രോഗികളോ ആയി കാണണം. വിമുക്തികേന്ദ്രങ്ങൾ സജീവമാക്കണം. അവർ പഴയ ലാവണങ്ങളിലേക്കു മടങ്ങുന്നില്ലെന്ന് തുടർപരിചരണങ്ങളിലൂടെ ഉറപ്പാക്കണം. അകത്തുനിന്നു മാത്രം തുറക്കാവുന്ന പൂട്ടുള്ള ഏക തടവറയാണ് ആസക്തിയെന്നു പറയാറുണ്ട്. പക്ഷേ, പൂട്ടു തുറക്കാൻ ശേഷിയില്ലാത്തവരെ വാതിൽ പൊളിച്ചു രക്ഷിക്കുകയേ നിവൃത്തിയുള്ളൂ.
തൂഫാൻ വിജയിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. പക്ഷേ, ആഭ്യന്തരവകുപ്പിനു മറ്റു നേട്ടങ്ങളുമുണ്ട്. കാരണം, ലഹരിയെ തളയ്ക്കുന്നത് കുറ്റകൃത്യങ്ങളെ തളയ്ക്കുന്നതിനു തുല്യമാണ്. ലഹരി-ഗുണ്ടാസംഘങ്ങളെ വീഴ്ത്താതെ ക്രമസമാധാനപാലനം സാധ്യമല്ലെന്ന് ആഭ്യന്തരവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടാകും.
Editorial
മാലിന്യങ്ങളെ ഒഴുക്കിക്കളഞ്ഞും തെളിനീരുറവകൾക്കു ജീവൻ കൊടുത്തുമെത്തുന്ന കാലവർഷത്തിനൊപ്പമിതാ പുതിയ അധ്യയനവർഷവും മലയാളക്കരയുടെ ജ്ഞാനസ്നാനത്തിനെത്തുന്നു. കലണ്ടറിലില്ലാത്തൊരു ഋതുഭേദമാണിത്. 42 ലക്ഷത്തോളം കുട്ടികളാണ് ഇന്നു സ്കൂളുകളിലേക്കു പുറപ്പെടുന്നത്. അതിൽ മൂന്നു ലക്ഷത്തോളം പേർ ഒന്നാം ക്ലാസിലേക്കാണ്.
അവരുടെ ജീവിതത്തിന്റെ അഥവാ കേരളത്തിന്റെ ഭാവിയുടെ പുതിയൊരധ്യായം ഇന്ന് എഴുതിത്തുടങ്ങും. സർക്കാരും വിദ്യാഭ്യാസവകുപ്പും അധ്യാപകരും മാതാപിതാക്കളും സമൂഹമത്രയും ഒന്നിച്ചു പങ്കെടുക്കേണ്ടൊരു രാഷ്ട്രനിർമിതിയാണിത്. വിവരസന്പാദനം മാത്രമല്ല, നന്മയുടെ, സാഹോദര്യത്തിന്റെ, മര്യാദകളുടെ, തുല്യതാബോധത്തിന്റെ, ശുചിത്വത്തിന്റെ, ജനാധിപത്യത്തിന്റെ, മതേതരത്വത്തിന്റെ ആദ്യപാഠങ്ങൾ വിദ്യാലയങ്ങളിൽനിന്നാണു പഠിക്കേണ്ടത്.
അവരിതാ വരുന്നു..! കളിചിരികളും പുതുമഴയും ഒന്നിച്ചുപെയ്യുന്ന ജൂണിന്റെ ഈ ആദ്യദിനത്തെ ആഹ്ലാദകരമാക്കാം. വിജ്ഞാനവേരുകൾ ആഴത്തിലിറക്കി കഴിവുകളും നന്മകളും ഒന്നൊന്നായി മുളപൊട്ടി വിരിയട്ടെ. തിന്മകളത്രയും മുളയിലെ വാടിപ്പോകട്ടെ. പുറപ്പെടുക വിദ്യാർഥികളേ, പുതിയൊരു ലോകക്രമത്തിനായി.
സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായിരിക്കും. നീണ്ട പ്രസംഗങ്ങൾക്കുപകരം കുട്ടികളുമായി സംവദിക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനുള്ള സർക്കാർ നിർദേശം സ്വാഗതാർഹമാണ്.
ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള കരുതലായി വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സൈബർസുരക്ഷാ പ്രതിജ്ഞയുമെടുക്കും. കുട്ടികളെക്കൊണ്ടുമാത്രം പ്രതിജ്ഞയെടുപ്പിക്കുന്നതിനു പകരം അധ്യാപകരെയും മാതാപിതാക്കളെയും ഉൾപ്പെടുത്തിയത് കാലാനുസൃത മാറ്റമാണ്. പാഠപുസ്തകവിതരണം ഏതാണ്ട് പൂർത്തിയായിട്ടുണ്ടെന്നാണ് അറിയുന്നത്.
ലഹരിവിരുദ്ധ പോരാട്ടമായ തൂഫാൻ തുടങ്ങിയതും പുതിയ അധ്യയനവർഷത്തിന്റെ വിളംബരമായി. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമെ ജില്ലാ-പ്രാദേശിക തലത്തിലും വിപുലമായ രീതിയിൽ പ്രവേശനോത്സവങ്ങളുണ്ട്. ലോകത്തെവിടെയുമുള്ള മലയാളിയുടെ ഗൃഹാതുരത്വമിളക്കുന്ന പള്ളിക്കൂടദിനംകൂടിയാണിന്ന്.
എന്നാലോ, മുകളിൽ പറഞ്ഞതിലേറെയും ഓരോ അധ്യയനവർഷത്തിലും നടപ്പാക്കുന്നതോ ആവർത്തിക്കുന്നതോ ആയ നടപടിക്രമങ്ങളാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ നേടണമെങ്കിൽ ഉത്സവങ്ങൾക്കപ്പുറം മനുഷ്യനുള്ളിലെ സ്വർണതുല്യമായ മൂല്യങ്ങളുടെ ഉത്ഖനനങ്ങളിലേക്കു കടക്കണം. ഒരിക്കൽ ഇതുപോലെ വിദ്യാലയത്തിലെത്തുകയും ഒരു പതിറ്റാണ്ടിന്റെയെങ്കിലും പഠനങ്ങൾക്കൊടുവിൽ മടങ്ങുകയും ചെയ്തൊരു യുവാവാണ് ഭാര്യയുടെ ആദ്യവിവാഹത്തിലെ ഒന്നരവയസുള്ള കുഞ്ഞിനെ കഴിഞ്ഞദിവസം മർദിച്ചുകൊന്നത്.
ഈ പ്രവേശനോത്സവത്തിലും ഇരുകൈയിലും പ്ലാസ്റ്ററിട്ട ആ കുഞ്ഞിന്റെ ഫോട്ടോ നിങ്ങളെന്തു പഠിച്ചെന്നും പഠിപ്പിച്ചെന്നും ചോദിക്കുന്നു. ഇതുപോലെ പ്രവേശനോത്സവവും വർഷങ്ങളുടെ പഠന-പരീക്ഷകളും കഴിഞ്ഞു പുറത്തിറങ്ങിയവരാണ് ഇതേ വിദ്യാലയ പരിസരങ്ങളിൽ മയക്കുമരുന്നു വിൽക്കാൻ നടക്കുന്നത്. മറ്റു ചിലർ ഗുണ്ടാപ്പണിക്കാരായി പണവും നാശവും സന്പാദിക്കുന്നു. സ്ത്രീവിരുദ്ധത, മാനഭംഗങ്ങൾ, വർഗീയത, തീവ്രവാദം, ആൾക്കൂട്ട ആക്രമണങ്ങൾ... പാളിയോ പഠനം? ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവർ, പൊതുനിരത്തിലേക്ക് മാലിന്യം ഒളിച്ചെറിയുന്നവർ, കുടുംബാംഗങ്ങൾക്കെതിരേ മാരകായുധമെടുക്കുന്നവർ, രോഗിയെ വിൽപ്പനച്ചരക്കാക്കുന്ന ഡോക്ടർമാർ, ശതമാനക്കണക്കിൽ കരാറുകാരിൽനിന്നു വീതം വാങ്ങുന്ന എൻജിനിയർമാർ, അഴിമതിക്കാരായ മറ്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ... അശ്രദ്ധയാൽ ഇവരെയൊക്കെ നിർമിച്ചെടുത്തതിലും വിദ്യാഭ്യാസത്തിനു പങ്കുണ്ട്.
അനിവാര്യമായ പലതും പഠിപ്പിക്കാൻ വിട്ടുപോയി. വിദേശവിദ്യാഭ്യാസ-തൊഴിലിനുള്ള മസ്തിഷ്ക നിർമാണവുമല്ല വിദ്യാഭ്യാസം. പാഠ്യപദ്ധതികളെ വിദ്യാഭ്യാസവിചക്ഷണർ അഴിച്ചുപണിയണം. നന്മയുടെ വാതായനങ്ങൾ തുറക്കാനുള്ള സ്വർണത്താക്കോലുകൾ എവിടെയാണ് വിദ്യാഭ്യാസവകുപ്പ് നഷ്ടപ്പെടുത്തിയതെന്നു കണ്ടെത്തണം.
സാങ്കേതിക കാരണങ്ങൾ പറഞ്ഞ്, തങ്ങളുടെ വിദ്യാർഥികളുടെ കരങ്ങളിലെയും മനസിലെയും പിടിത്തംവിട്ട അധ്യാപകർ കുറ്റബോധമുള്ളവരാകണം. ക്ലാസിലേതിന്റെ തുടർപഠനം വീട്ടിൽ നടത്താത്ത മാതാപിതാക്കൾ തിരുത്തണം. സമൂഹമൊന്നാകെ പങ്കെടുക്കേണ്ട പുണ്യകർമമാണ് വിദ്യാഭ്യാസമെന്ന് ഓർക്കാനും ഈ ദിവസമല്ലാതെ മറ്റേതുണ്ട്?
പറഞ്ഞുവന്നത്, ഓരോ അധ്യയനവർഷവും തുടങ്ങേണ്ടത് വിദ്യാർഥികൾക്കുവേണ്ടി മാത്രമല്ല, ‘പഠിച്ചവരാ’യ നമുക്കുവേണ്ടിക്കൂടിയാണ്. യഥാർഥ വിദ്യാഭ്യാസത്തിന്റെ റിസൾട്ട് നാടാകെ പ്രകടമാകേണ്ടതാണ്. സമൂഹത്തിലെ പിഴവുകളുടെ തുടക്കമത്രയും വിദ്യാലയങ്ങളിൽനിന്നാണ്. പാഠ്യപദ്ധതികൾ തയാറാക്കുന്നവർ ഉത്തരവാദിത്വം ഏറ്റെടുക്കണം. പ്രവേശനോത്സവം കഴിഞ്ഞു മടങ്ങുന്ന മന്ത്രിമാർ ഇന്നു തീരുമാനിച്ചാൽ അടുത്ത അധ്യയനവർഷം പുതുകേരളത്തിന്റെ ഉദ്ഘാടനമാകും. പ്രവേശനം ഉത്സവമാക്കാം, മൂല്യഖനനം ലക്ഷ്യവും!
Editorial
മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരുടെ വാഹനം സിപിഎമ്മുകാർ ആക്രമിക്കുകയും ഉദ്യോഗസ്ഥർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവം കേരള രാഷ്ട്രീയത്തെ ഉലച്ചിട്ടുണ്ട്.
ഇത്, വർഗസമരത്തിന്റെയോ ജനകീയപോരാട്ടത്തിന്റെയോ കേസല്ല. പിണറായി വിജയന്റെ മകൾ വീണാ കരിമണൽക്കന്പനിയിൽനിന്ന് 1.81 കോടി രൂപ അനർഹമായി കൈപ്പറ്റിയെന്ന അഴിമതിക്കേസാണ്. റെയ്ഡിനെത്തിയത് ബിജെപിയുടെ രാഷ്ട്രീയ ഉപകരണമെന്ന കളങ്കമുള്ള ഇഡിയാണെന്നത്, പ്രതിഷേധത്തിനപ്പുറം ആക്രമണം അഴിച്ചുവിടാനുള്ള ന്യായമല്ല.
പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടെന്നും കുറ്റാരോപിതരായ നേതാക്കളുടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയാൽ രക്ഷിക്കാൻ ബുദ്ധിമുട്ടാണെന്നും അണികൾ തിരിച്ചറിയണം. ഇഡിയുടെ വിശ്വാസ്യതയ്ക്കൊപ്പം പ്രാധാന്യമുണ്ട് സിപിഎമ്മിന്റെ വിശ്വാസ്യതയ്ക്കുമെന്ന് തിരിച്ചറിയണം.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പിണറായി വിജയനും മകൾ വീണയും അടുത്തയിടെ താമസം തുടങ്ങിയ വാടകവീട്ടിലായിരുന്നു റെയ്ഡ്. വീണയും അവരുടെ ഐടി സ്ഥാപനമായ എക്സാലോജിക് സൊലൂഷൻസും കരിമണൽ കന്പനിയായ സിഎംആർഎല്ലിൽ (കൊച്ചിന് മിനറല് ആന്ഡ് റൂട്ടൈല്സ് ലിമിറ്റഡ്) നിന്ന് സേവനങ്ങളൊന്നും നൽകാതെ 1.81 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്.
കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇന്വെസ്റ്റിഗേഷന് ഓഫീസ്) സമർപ്പിച്ച റിപ്പോർട്ടിൽ, വീണയുടെ കമ്പനി കൈപ്പറ്റിയ തുക 2.78 കോടിയാണെന്ന് കാണുന്നു.185 കോടിയോളം രൂപയുടെ അഴിമതി സിഎംആർഎൽ നടത്തിയെന്നാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. 2024 ഒക്ടോബറിൽ എസ്എഫ്ഐഒ വീണയുടെ മൊഴിയെടുക്കുകയും ചെയ്തു.
സിഎംആർഎല്ലിന്റെ ഹർജി തള്ളിക്കൊണ്ട് കേസിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി വിധിച്ചതിനുപിന്നാലെയാണ് ഇന്നലത്തെ റെയ്ഡ്. വീടിനു പുറത്തു മുദ്രാവാക്യം മുഴക്കി കാത്തുനിന്ന പാർട്ടിക്കാർ, റെയ്ഡിനുശേഷം പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിക്കുകയായിരുന്നു. തങ്ങളുടെ നേതാക്കൾക്കു കവചമൊരുക്കാൻ പാർട്ടിക്ക് അവകാശമുണ്ട്. പക്ഷേ, അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകണം.
ഇഡിയായതുകൊണ്ട്, യഥാർഥ അഴിമതിക്കാർക്കെതിരേ കേസെടുത്താലും ആളുകൾ വിശ്വസിക്കാത്ത സ്ഥിതിയുണ്ട്. അന്വേഷണ ഏജൻസികൾ ഇത്ര രാഷ്ട്രീയവത്കരിക്കപ്പെട്ട കാലമില്ല. മോദി സർക്കാരിന്റെ ആദ്യ 10 വർഷത്തിനിടെ ഇഡി രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ശിക്ഷാനടപടിയുണ്ടായത് വെറും രണ്ടെണ്ണത്തിലാണ്.
രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെന്നു സുപ്രീംകോടതി ചോദിച്ചത് 2025 ജൂലൈയിലാണ്. ഫെഡറല് തത്വങ്ങള് ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്ത്തിക്കുന്നതെന്നു പറഞ്ഞത് 2024 മേയിൽ. തെളിവില്ലാതെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇഡി പതിവാക്കിയിരിക്കുകയാണെന്നാണ് 2025 മേയിൽ ഛത്തീസ്ഗഡ് മദ്യകുംഭകോണ കേസിൽ ജസ്റ്റീസ് അഭയ് എസ്. ഓഖയുടെ ബെഞ്ച് പറഞ്ഞത്.
അഴിമതിക്കേസിൽ പെടുത്തി ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിനെ ജയിലിലടച്ച് ബിജെപി അധികാരം പിടിച്ചു. ഒന്നിനും ഒരു തെളിവുമില്ലെന്നു കണ്ടെത്തി വിചാരണ തുടങ്ങുന്നതിനു മുന്പുതന്നെ പ്രത്യേക സിബിഐ കോടതി പ്രതികളെ വെറുതെ വിട്ടത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. ബോണ്ട് വഴി ബിജെപിക്കു കോടികൾ കൊടുത്തവർക്കെതിരേ മുന്പുണ്ടായിരുന്ന അഴിമതിയാരോപണങ്ങളും അന്വേഷണങ്ങളും നിലച്ചു.
ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ഉൾപ്പെടെ മറ്റു പാർട്ടികളിൽനിന്നു ബിജെപിയിൽ ചേർന്ന നേതാക്കളുടെ അഴിമതിയിലും അന്വേഷണമില്ല. പക്ഷേ, വീണാ വിജയൻ നിരപരാധിയാണെന്നു പറയാൻ ഇതൊന്നും കാരണമല്ല. അവർ അന്വേഷണത്തിനും നിയമത്തിനും കീഴ്പെടുകയാണു വേണ്ടത്.
രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവരും സിഎംആർഎല്ലിൽനിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണം ഇന്നലെ സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ തിരുവനന്തപുരത്ത് ആവർത്തിച്ചു. സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും ചില മാധ്യമങ്ങളും പണം വാങ്ങിയിട്ടുണ്ടെന്നും പക്ഷേ, നിയമപരമായ കരാറുണ്ടാക്കി സേവനം നടത്തി ബാങ്കുവഴി പ്രതിഫലം വാങ്ങിയ എക്സാലോജിക് എന്ന സ്ഥാപനത്തിനെതിരേ മാത്രമാണ് റെയ്ഡെന്നും അദ്ദേഹം ആരോപിച്ചു.
ഇതു പാർട്ടി ഫണ്ടിലേക്കാണെന്നും വ്യക്തിപരമായിട്ടല്ലെന്നും നേരത്തേ വിശദീകരണം വന്നിരുന്നു. അതല്ലെങ്കിൽ സിപിഎമ്മിനു കേസ് കൊടുക്കാവുന്നതാണ്. അവരാരും ബിജെപിക്കാരല്ലാത്തതിനാൽ കഴന്പുണ്ടെങ്കിൽ ഇഡി വരുകയും ചെയ്യും.
സിപിഎം അതിന്റെ ഏറ്റവും വലിയ അപചയകാലത്തിനാണ് ന്യായീകരണമൊരുക്കുന്നത്. തൊഴിലാളി മേൽവിലാസത്തിൽ നേതാക്കൾ ബൂർഷ്വാകളായി. മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ മിക്ക നേതാക്കളുടെയും സ്വത്തുവകകൾ കുതിച്ചുകയറി. കേഡർ സംവിധാനമുള്ള പാർട്ടിയിൽ ചോദ്യമില്ലെന്നത് സംസ്ഥാന-പ്രാദേശിക ഏകാധിപതികൾക്കു നല്ല സുഖമായി.
പിണറായി വിജയന്റെ ധാർഷ്ട്യത്തെക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു വിപ്ലവകാരിയും വായ തുറന്നിട്ടില്ല. കീഴ്ഘടകങ്ങളിൽ ഇപ്പോഴെങ്കിലും അതു പറയാൻ ധൈര്യമുള്ളത് പ്രാദേശിക നേതാക്കൾക്കും അണികൾക്കും മാത്രമാണ്. മൂത്ത നേതാക്കൾ ഇപ്പോഴും വാഴ്ത്തുപാട്ടിലാണ്. വീണയുടെ കേസും പാർട്ടിയുടെ ചെലവിൽ പ്രതിരോധിക്കാനാണ് ശ്രമമെന്നതിൽ സംശയമില്ല.
ഇഡിക്കു രാഷ്ട്രീയമുണ്ടായിരിക്കാം. പക്ഷേ, ഇതേ നാണയത്തിന്റെ മറുവശമല്ലേ അഴിമതിയാരോപിതരായ നേതാക്കളെ സംരക്ഷിക്കുന്ന സിപിഎം രാഷ്ട്രീയവും?
Editorial
നീറ്റ് പരീക്ഷയും സിബിഎസ്ഇ പരീക്ഷാഫലവുമൊക്കെ താറുമാറായാൽ വിദ്യാർഥികൾക്കല്ലാതെ മറ്റാർക്കും നഷ്ടമോ ഉത്തരവാദിത്വമോ ഇല്ലാത്ത സ്ഥിതിയായി. നീറ്റ് ചോദ്യപേപ്പർ ചോർച്ച 24 ലക്ഷം വിദ്യാർഥികളുടെ അധ്വാനത്തെ നിഷ്ഫലമാക്കിയ വർത്ത വായിച്ചു തീരുംമുന്പാണ് സിബിഎസ്ഇ ഉത്തരക്കടലാസ് മൂല്യനിർണയത്തിലെ കെടുകാര്യസ്ഥത, 17.68 ലക്ഷം 12-ാം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാഫലം തെറ്റിച്ച വാർത്ത രാജ്യം വായിക്കേണ്ടിവന്നത്. നീറ്റ്-യുജി പരീക്ഷ ജൂൺ 21ന് വീണ്ടും നടത്തുകയാണ്.
12-ാം ക്ലാസ് പുനർ മൂല്യനിർണയത്തിന്റെ നടപടികളും തുടങ്ങി. കെടുകാര്യസ്ഥതകളിൽനിന്നു തത്കാലം തടിയൂരാനുള്ള നീക്കമല്ലാതെ ഒന്നുമില്ല. 2024ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽനിന്ന് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള എൻടിഎ ഒന്നും പഠിച്ചില്ലെന്നാണ് ഇന്നലെ സുപ്രീംകോടതി വിമർശിച്ചത്. ചരിത്രപാഠങ്ങളിലുൾപ്പെടെ വെട്ടും തിരുത്തും സംഘപരിവാർ താത്പര്യങ്ങളുടെ കൂട്ടിച്ചേർക്കലും വീഴ്ചയില്ലാതെ നടത്തിയ വിദ്യാഭ്യാസ മന്ത്രാലയം അടിസ്ഥാന ജോലികൾ മറന്നു. പാർട്ടിയുടെ ഭാവിയേക്കാൾ വിദ്യാർഥികളുടെ ഭാവിക്കു മുൻതൂക്കം കൊടുക്കാൻ സർക്കാർ തയാറായാൽ കുറ്റവാളികൾ അകത്താകും. വിദ്യാർഥികൾ രക്ഷപ്പെടും.
ഈ വർഷം നടപ്പിലാക്കിയ ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിംഗ്) എന്ന ഡിജിറ്റൽ മൂല്യനിർണയ രീതിയാണ് ആകെ അലങ്കോലമായത്. ഇതനുസരിച്ച്, ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത ഡിജിറ്റൽ പകർപ്പു നോക്കിയാണ് മൂല്യനിർണയം നടത്തുന്നത്. ആദ്യദിനം മാർക്ക് കുറഞ്ഞതിന്റെ ഒറ്റപ്പെട്ട പരാതികളായിരുന്നെങ്കിലും പെട്ടെന്നതു രാജ്യമൊട്ടാകെ ഉയർന്നു.
പുനർമൂല്യനിർണയത്തിനായി ഉത്തരക്കടലാസിന്റെ പകർപ്പെടുത്തപ്പോഴാണ് ഇതിൽ പലതും വായിക്കാൻപോലുമാകാത്ത നിലയിലാണെന്ന വസ്തുത പുറത്തായത്. പൂർണ ഉത്തരമെഴുതിയവർക്കുപോലും പൂജ്യം മാർക്കായി. സ്കാൻ ചെയ്യാൻ കരാറെടുത്ത സ്വകാര്യ ഏജൻസികൾ അതു കൃത്യമായി ചെയ്യാത്തതും അവ്യക്തമായ ആ പകർപ്പുകൾ വച്ചു മാർക്കിട്ടതുമാണ് പിഴവെന്നും ഏതാണ്ട് വ്യക്തമായിട്ടുണ്ട്. വായിക്കാനാവാത്ത ഉത്തരക്കടലാസ് വച്ച് അധ്യാപകർ എങ്ങനെ മാർക്കിട്ടെന്നതും ദുരൂഹമാണ്. അധ്യാപകരുടെ പരാതി മുകളിലുള്ളവർ അവഗണിച്ചോ എന്നതിൽ ഉൾപ്പെടെ ഒന്നിലും വ്യക്തതയില്ല.
പുനർമൂല്യനിർണത്തിന് ലക്ഷക്കണക്കിനു വിദ്യാർഥികളാണ് അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. അതോടെ ഇതിനായുള്ള പോർട്ടൽ തകരാറിലായി. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷാ തീയതി രണ്ടുതവണ നീട്ടിയെങ്കിലും ഇന്നലെയും പ്രശ്നം പരിഹരിച്ചിട്ടില്ല. ഇത്രയും പേർ ഒന്നിച്ച് കയറുന്പോൾ സൈറ്റ് തകരാറിലാകുമെന്ന സാമാന്യ ബോധംപോലും വിദ്യാഭ്യാസ വകുപ്പിനില്ലാതെപോയി. 29 വരെയാണ് മൂല്യനിർണയം.
സിബിഎസ്ഇ പരീക്ഷാഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യനിർണയം നടത്തി വീണ്ടും ഫലം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുമുണ്ട്. പക്ഷേ, കുട്ടികളുടെ ഭാവിയെക്കുറിച്ച് സർക്കാരിന് അത്ര പിരിമുറുക്കമൊന്നുമില്ല. 2024ൽ നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നപ്പോഴും ഏതാണ്ട് ഇതേ സ്ഥിതിയായിരുന്നു. ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെട്ടില്ല. ഇത്തവണയും അതേ സംഭവം ആവർത്തിച്ചു.
വഴിപാട് അന്വേഷണവും അറസ്റ്റുമൊക്കെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി)യെ രൂക്ഷമായി വിമർശിച്ചത്. 2024ൽ ചോദ്യപേപ്പര് ചോർന്നപ്പോൾ കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയോടും എന്ടിഎയോടും സുപ്രീംകോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെയൊക്കെ കാരണഭൂതരായ സർക്കാർ കേട്ട ഭാവമില്ല. ഉത്തരക്കടലാസ് സ്കാൻ ചെയ്യാൻ കരാറെടുത്ത ഏജൻസികളുടെ വിവരങ്ങളും പുകമറയിലാണ്.
വിദ്യാഭ്യാസമേഖലയിലെ കെടുകാര്യസ്ഥതയ്ക്കു മുന്നിൽ രാജ്യം തലകുനിച്ചു നിൽക്കുകയാണ്. അതിലും ഖേദകരമാണ് ലക്ഷക്കണക്കിനു വിദ്യാർഥികളുടെ നിരാശാഭരിതമായ മാനസികാവസ്ഥ. ഇതിനുപുറമേ, പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിനു മുന്നോടിയായി സ്കാൻ ചെയ്ത പകർപ്പെടുക്കാനുള്ള ഫീസും വിദ്യാർഥികൾ അടയ്ക്കണം. പിഴവ് സർക്കാരിന്റേത്, പിഴ ഇരകളുടേത്! മാത്രമല്ല, ഒഎസ്എം അടുത്ത വർഷവും തുടരാനും 10-ാം ക്ലാസ് മൂല്യനിർണയത്തിലും നടപ്പാക്കാനുമാണ് തീരുമാനം. നീറ്റ് പോലെ ഇതും തുടർക്കഥയാകുമോയെന്നേ ഇനി അറിയാനുള്ളൂ. സ്വന്തം ഉത്തരവാദിത്വങ്ങളിൽ തോൽക്കുന്ന സർക്കാർ ജനങ്ങളെ തോൽപ്പിക്കുകയാണ്.
Editorial
മുനന്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വഖഫ് ബോർഡ് വെല്ലുവിളിച്ചിരിക്കുന്നത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ല, മതേതര കേരളത്തെയാണ്. തങ്ങളുടേതെന്നു തങ്ങൾക്കു തോന്നുന്ന ഏതു സ്വത്തും കൈവശപ്പെടുത്താൻ അനുവദിക്കുന്ന വഖഫ് വകുപ്പുകൾ ഈ മതേതര രാജ്യത്ത് ഇതിനോടകം വരുത്തിവച്ചിട്ടുള്ള വിനാശങ്ങൾ എല്ലാവരും ഓർമിക്കുന്നതു നല്ലതാണ്. തീവ്രഹിന്ദുത്വയെ രാജ്യത്ത് വളർത്തിയതിൽ വഖഫ് ബോർഡിന്റെ പങ്ക് ചരിത്രത്തിലുണ്ടാകും.
ഇത്തരം കൈയേറ്റങ്ങൾ മേലാൽ സാധ്യമല്ലാത്തവിധം കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. പക്ഷേ, അതിനുമുന്പ് ഈ മതനിയമത്തിൽ പെട്ടുപോയ മുനന്പം നിവാസികളെ രക്ഷിക്കാൻ ഭേദഗതിയിൽ ഒന്നുമില്ലായിരുന്നു. മുനന്പത്തെ വേട്ട തുടരാൻ ബോർഡിന് അതു സഹായകമായി. പിണറായി സർക്കാരും കുറെയൊക്കെ ശ്രമിച്ചെങ്കിലും പരിഹരിക്കാനായില്ല. അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ പറഞ്ഞിട്ടുള്ളതുകൊണ്ട് ഈ സംഭവവികാസങ്ങൾ ശ്രദ്ധയിൽ പെടുത്തുകയാണ്.
മുനന്പത്തെ ജനങ്ങൾ പണംകൊടുത്തു വാങ്ങിയതും, അതു വഖഫ് ഭൂമിയല്ലെന്ന് അവർക്കത് കൊടുത്ത ഫാറൂഖ് കോളജ് ആണയിട്ടു പറയുകയും ചെയ്ത 404 ഏക്കർ സ്ഥലമാണ്, പുതിയ ഭേദഗതി അനുസരിച്ച് വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഉമീദ് പോർട്ടലിൽ വഖഫ് ബോർഡ് രജിസ്റ്റർ ചെയ്തത്. ഇതു വഖഫ് ആണോ അല്ലയോ എന്നതിൽ വഖഫ് ട്രൈബ്യൂണലിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതു വഖഫല്ലെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ഒക്ടോബറിൽ നിരീക്ഷിച്ചിരുന്നു.
വഖഫ് ബോർഡിന്റേതു ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നും കോടതിക്കു പരാമർശിക്കേണ്ടിവന്നിരുന്നു. ഇതിനെതിരേ വഖഫ് ബോർഡിന്റെയും വഖഫ് സംരക്ഷണ സമിതിയുടെയും അപ്പീലിൽ ഹൈക്കോടതിയുടെ നിരീക്ഷണം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. സുപ്രീംകോടതിയുടെ വിധിയാണ് ഇനി നിർണായകം. മതപ്രീണനത്തിനുവേണ്ടി കോൺഗ്രസ് പടച്ച ഒരു നിയമം മുനന്പത്തുൾപ്പെടെ എത്ര മനുഷ്യരെയാണ് വഴിയാധാരമാക്കിയത്? എത്ര സംസ്ഥാന സർക്കാരുകളുടെ കൈകാലുകളാണ് ബന്ധിച്ചത്? എത്ര രാഷ്ട്രീയനേതാക്കളെയാണ് നിശബ്ദരാക്കിക്കളഞ്ഞത്? എത്ര കോടതികളെയാണ് നിസഹായരാക്കിയത്? എത്ര മതവിഭാഗീയതയ്ക്കാണ് അതിടയാക്കിയത്? കേരളത്തിൽപോലും എന്തു വർഗീയചിന്തകൾക്കാണ് അതു വളമിട്ടുകൊടുത്തത്? ഈ മതനിയമവാഴ്ചയ്ക്ക് അവസാനമില്ലേ?
യഥാർഥ മുതവല്ലി (കൈവശക്കാരൻ)യായ ഫാറൂഖ് കോളജ് മുനന്പത്തെ ഭൂമി വഖഫല്ലെന്നു പ്രഖ്യാപിച്ചതിനാൽ വഖഫ് ബോർഡ് മുതവല്ലിയായി സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് ഉമീദിൽ വസ്തു രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രശ്നം പഠിക്കാൻ കഴിഞ്ഞ സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിക്കു മുന്നിലും മുനന്പത്തേതു വഖഫ് ഭൂമിയാണെന്ന് ബോർഡ് അവകാശപ്പെട്ടിരുന്നു. ചുമ്മാ അവകാശപ്പെട്ടാൽ മതി; ഒരു രേഖയും വേണ്ട. 1954ലെ വഖഫ് നിയമത്തിൽ കോൺഗ്രസ് സർക്കാർ 1995ൽ വരുത്തിയ ഭേദഗതിയിലെ 40-ാം അനുച്ഛേദ പ്രകാരം, ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.
ഇരകൾ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം. ഈ നിയമം ഉപയോഗിച്ചാണ് 2019ൽ കൊച്ചി വൈപ്പിൻ ദ്വീപിലെ മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ 610 കുടുംബങ്ങളുടെ 404 ഏക്കർ ഭൂമിയും വഖഫ് ബോർഡിന്റെ ആസ്തിവിവരത്തിൽ ഉൾപ്പെടുത്തിയത്. അന്നുമുതൽ മുനന്പത്തുകാരുടെ ജീവിതം ഈ മതനിയമത്തിന്റെ കാരുണ്യത്തിലായി. ആധുനിക മതേതര-ജനാധിപത്യ ഭരണഘടന നിലവിലുള്ള ഒരു രാജ്യത്തും സാധ്യമല്ലാത്ത ഈ വകുപ്പുകൾ എങ്ങനെ നമ്മുടെ രാജ്യത്തു പാസാക്കി എന്നത് രാഷ്ട്രമീമാംസകർ ഗവേഷണം നടത്തേണ്ടതാണ്.
കെ-റെയിൽ വിജ്ഞാപനവും സ്ഥലമേറ്റെടുക്കലുമെല്ലാം പുതിയ സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയപ്പോൾ മുഖ്യമന്ത്രിതന്നെ പറഞ്ഞത്, “സ്ഥലം ഏറ്റെടുക്കാൻ നാട്ടിയ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യും. ആ മനുഷ്യർക്കു സ്വന്തം സ്ഥലം വിൽക്കാനോ ആർക്കെങ്കിലും വാങ്ങാനോ മക്കളുടെ ആവശ്യത്തിനു പണയം വയ്ക്കാനോ പോലും വയ്യാത്ത സ്ഥിതിയാണ്” എന്നാണ്. അതേ അവസ്ഥയിലാണ് മുനന്പത്തെ മനുഷ്യർ. മുനന്പം ഭൂമി വഖഫല്ലെന്നും തങ്ങൾ അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.നീതിക്കുപോലും മതം തടസമാണെന്നു വരികയാണോ? സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുന്നതുപോലെ എളുപ്പമല്ലേ വഖഫ് ബോർഡിന്റെ വിജ്ഞാപനങ്ങളെ തൊട്ടുകളിക്കാൻ?
ഇസ്ലാമോഫോബിയ പലരും വളർത്തുന്നുണ്ടാകും. പക്ഷേ, അതു നിർമിച്ചെടുത്തതും കേടുകൂടാതെ സൂക്ഷിക്കുന്നതും ഇസ്ലാമിക തീവ്രവാദമാണ്. ഇന്ത്യയിലെ അതിന്റെ ഈറ്റില്ലങ്ങളിൽ ഒന്ന് വഖഫ് നിയമവും അതിന്റെ വെട്ടിപ്പിടിത്ത ഭേദഗതികളുമാണ്. അതാണ് ബോർഡ് കുറ്റബോധമേതുമില്ലാതെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഒരു മതേതര-ജനാധിപത്യ നിയമ വ്യവസ്ഥയിലും സാധ്യമല്ലാത്ത വകുപ്പുകളുമായി ബോർഡ് ഇരുളിന്റെ മറവിലെത്തുന്പോൾ മുനന്പത്തുകാർ പേടിക്കാതിരിക്കുമോ? 2025ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുന്നിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ സ്വീകരിച്ച നിലപാട് മുനന്പത്തുകാർക്ക് അനുകൂലമായിരുന്നു.
1950ൽ ഫാറൂഖ് മാനേജ്മെന്റിനു നൽകിയ എൻഡോവ്മെന്റ് ആധാരം വഖഫ് സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ഇടപാടു നടന്ന് 69 വർഷത്തിനുശേഷം മുനന്പം ഭൂമി അവകാശപ്പെട്ട് വഖഫ് ബോർഡ് നടത്തിയ ഏകപക്ഷീയ വിജ്ഞാപനം സർക്കാരും കോടതിയും പരിശോധിക്കേണ്ടതാണെന്നുമായിരുന്നു വാദം. മുനന്പത്തേതു വഖഫ് സ്വത്തല്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു. പക്ഷേ, മതപ്രീണനക്കാർ സൃഷ്ടിച്ച വഖഫ് വകുപ്പുകൾ അങ്ങേയറ്റം മനുഷ്യവിരുദ്ധവും പതിറ്റാണ്ടുകളുടെ കോടതി വ്യവഹാരത്തിനുപോലും കുരുക്കഴിക്കാൻ ബുദ്ധിമുട്ടുള്ളതുമായിപ്പോയി. വിറ്റവരെയും വാങ്ങിയവരെയും തല്ലിയോടിച്ച് സ്വത്തു തട്ടിയെടുക്കുന്നവർക്കു നിയമ പരിരക്ഷ കൊടുക്കുന്ന നിയമം!
വഖഫിന്റെ ചെരുപ്പിനനുസരിച്ച് നീതിയുടെ കാലുകൾ വെട്ടിമുറിച്ചുകൊണ്ടേയിരിക്കുന്പോൾ, ഇരകളേക്കാൾ വലിയ നിസഹായാവസ്ഥയിലാണോ തങ്ങളെന്ന് പുതിയ സർക്കാർ ആത്മപരിശോധന നടത്തണം. വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കി, മുനന്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണം. അതുവരെ ‘10 മിനിറ്റ് വാഗ്ദാനമഴ’ നനഞ്ഞ ഇരകൾ മതേതരത്വത്തിന്റെ തിരകളെണ്ണി കടപ്പുറത്തുണ്ടാകും. എങ്ങോട്ടും പോകില്ല.
Editorial
ദിവസങ്ങൾക്കുമുന്പ്, ഇന്ധന ഉപയോഗം കുറയ്ക്കണം, സ്വർണം വാങ്ങൽ പരിമിതപ്പെടുത്തണം, വീട്ടിലിരുന്നു ജോലി ചെയ്യുന്നത് വർധിപ്പിക്കണം, വിവാഹങ്ങൾ ഉൾപ്പെടെയുള്ള ആഡംബരങ്ങളെല്ലാം കുറയ്ക്കണം തുടങ്ങിയ നിർദേശങ്ങൾ പ്രധാനമന്ത്രി നടത്തിയത് ദുഃസൂചനയായിരുന്നു.
തൊട്ടുപിന്നാലെ പെട്രോളിനും ഡീസലിനും വില കൂട്ടി- രണ്ടു തവണ. പിന്നാലെ ധാന്യങ്ങൾ, പച്ചക്കറി, ഇറച്ചി, മീൻ... എല്ലാറ്റിനും വില കുതിച്ചുകയറി. മൂല്യമിടിഞ്ഞ രൂപ പാതാളത്തിലായി. വിലക്കയറ്റം ഇനിയും രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സാന്പത്തികവളർച്ചാനിരക്കും കുറഞ്ഞു. ആഡംബരങ്ങളും ധൂർത്തും കുറയ്ക്കാം.
പക്ഷേ, അതൊന്നും പണ്ടേയില്ലാത്ത മഹാഭൂരിപക്ഷം ഇന്ത്യക്കാർക്ക് തിന്നാനും കുടിക്കാനും വേണ്ടേ? കേന്ദ്രസർക്കാർ പ്രതിപക്ഷത്തെയും സാന്പത്തിക വിദഗ്ധരെയും ഒപ്പമിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കണം. വിലക്കയറ്റത്തെക്കുറിച്ചു ചോദിക്കുന്പോൾ ഹോർമുസ് എന്നു പറഞ്ഞാൽ പോരാ.
ഇറാനെതിരേ ഇസ്രയേലും അമേരിക്കയും തുടങ്ങിവച്ച യുദ്ധം കാര്യമായ ഫലം കണ്ടില്ലെന്നു മാത്രമല്ല, ലോകത്തെ സാന്പത്തികമാന്ദ്യത്തിലേക്കു വീഴ്ത്തുകയും ചെയ്തു. ഗൾഫിലെ സുന്നി രാഷ്ട്രങ്ങളെ ഉൾപ്പെടെ വലയ്ക്കുന്ന ഇറാന്റെ തീവ്രവാദ വ്യാപാരം യാഥാർഥ്യമാണ്. പക്ഷേ, അമേരിക്കയുടെ കണക്കുകൂട്ടലുകൾ ഇറാൻ യുദ്ധത്തിലെന്നപോലെ പിഴച്ചു.
തുടക്കത്തിൽ തിരിച്ചടി നേരിട്ട ഇറാൻ ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കിയതോടെ ഇന്ധനക്കപ്പലുകൾ ഉൾപ്പെടെ കടലിൽ കിടപ്പായി. ഇന്ത്യ ഏതാനും കപ്പലുകൾ ഇറാന്റെ സഹായത്താൽ കടത്തിക്കൊണ്ടുവന്നതൊഴിച്ചാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുകയാണ്. യുദ്ധകാല നയതന്ത്രങ്ങൾ ഓരോ ദിവസവും മാറ്റാൻ പങ്കാളികളായ രാജ്യങ്ങൾ നിർബന്ധിതരാകും.
തിക്തഫലം അനുഭവിക്കുന്നത് മറ്റു രാജ്യങ്ങളാണ്. കടുത്ത എണ്ണക്ഷാമത്തില് സമ്പദ്വ്യവസ്ഥ അടിമുടി തകരാതിരിക്കാൻ എണ്പതോളം രാജ്യങ്ങള് ഇതിനകംതന്നെ മുൻകരുതൽ നടപടികള് സ്വീകരിച്ചെന്നാണ് ‘ഫിനാൻഷ്യൽ ടൈം’സിന്റെ റിപ്പോർട്ട്. ഹോർമുസ് പ്രതിസന്ധി എത്രയും പെട്ടെന്നു പരിഹരിച്ചില്ലെങ്കിൽ എണ്ണവില ഇനിയും കൂടും. ഇന്ത്യയുടെ എണ്ണശേഖരം 18 ദിവസത്തേക്കേ ബാക്കിയുള്ളെന്നും റിപ്പോർട്ടുകളുണ്ട്.
കൂടുതൽ രാജ്യങ്ങൾ എണ്ണ സബ്സിഡികൾ നിർത്തലാക്കുകയാണ്. ഇന്ത്യ അതു പണ്ടേ ഒതുക്കത്തിൽ ഒഴിവാക്കുകയും നികുതി വർധിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും ആഗോള എണ്ണവില വർധിച്ചതോടെ വീണ്ടും വില കൂട്ടി. ഒന്നും പേടിക്കാനില്ലെന്ന പ്രസംഗമൊന്നും പ്രവൃത്തിയിൽ വന്നില്ല. തീർച്ചയായും ശ്രമങ്ങൾ നടത്തുന്നുണ്ടാകും.
പക്ഷേ, ചന്തയിൽ സാധനങ്ങളുടെ വില ദിവസവും കുതിച്ചുകയറുന്നത് സാധാരണക്കാരുടെ അടുക്കളബജറ്റ് അട്ടിമറിച്ചുകഴിഞ്ഞു. പാചകവാതകക്ഷാമം വന്നതോടെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബേക്കറികളിലുമായി തൊഴിൽ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലെ ദുരിതം വേറെ. സംസ്ഥാനങ്ങളുടെ സാന്പത്തികസ്ഥിതിയും പരിതാപകരമാകുകയാണ്. കേരളത്തിൽ വനിതകളുടെ സൗജന്യയാത്രയുടെ സാന്പത്തികാഘാതം കുറയ്ക്കാൻ കൂടുതൽ ഗൃഹപാഠം വേണ്ടിവരും. വിലക്കയറ്റം തടയാൻ കേരളത്തിൽ പലയിടത്തും ജില്ലാതല അവലോകന യോഗങ്ങൾ നടത്തി.
പക്ഷേ, ആഗോള മലവെള്ളപ്പാച്ചിലിനെ തടയാൻ ജില്ലാ കളക്ടർക്കും സംഘത്തിനും ഒരു പരിധിക്കപ്പുറം കഴിയില്ലെന്നതാണ് വസ്തുത. രാസവളത്തിന്റെ വിലക്കയറ്റം രാജ്യത്തെ കർഷകരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. യുദ്ധത്തിനു മുന്പുതന്നെ വളത്തിനു സബ്സിഡി കുറച്ച് വില കൂട്ടിയിരുന്നു. കൃഷിച്ചെലവേറുന്നത് വിലക്കയറ്റത്തിന്റെ മറ്റൊരു കാരണമാകും. അല്ലെങ്കിൽ കർഷകർ തകരും.
ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ആരുടെയും അഭിപ്രായത്തിനു കാത്തുനിൽക്കാതെ അമിത ആത്മവിശ്വാസത്തിൽ യുദ്ധത്തിനിറങ്ങിയ ട്രംപ് ഇന്നു പറയുന്നതല്ല നാളെ പറയുന്നത്. ദിവസങ്ങൾക്കകം യുദ്ധം തീരുമെന്ന് അദ്ദേഹം പലതവണ പ്രഖ്യാപിച്ചിരുന്നു. ഇരുട്ടിവെളുക്കുന്പോഴേക്കും ഇറാനെ തീർക്കാൻ പോകുകയാണെന്നു പറയാനും മടിയില്ല.
യുദ്ധം അവസാനിക്കുമോ, ഹോർമുസ് പ്രതിസന്ധി പരിഹരിക്കുമോ എന്നു പ്രവചിക്കാൻ വിദഗ്ധർക്കുപോലും കഴിയാത്ത സ്ഥിതിയാണ്. ഐക്യരാഷ്ട്രസഭ സാന്പത്തിക-സാമൂഹികകാര്യവകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച്, ഇന്ത്യയുടെ 2026ലെ സാന്പത്തികവളർച്ചാനിരക്ക് മുന്പു പ്രവചിച്ചിരുന്ന 6.6ൽനിന്ന് 6.4 ആയി കുറച്ചു. ആഗോള ധനസ്ഥിതി പ്രതികൂലമാകുന്നത് റിസർവ് ബാങ്കിന്റെ ധനനയ രൂപീകരണത്തെയും ബാധിക്കും.
ഇപ്പോൾ 97നടുത്തെത്തിയ രൂപയുടെ മൂല്യം വൈകാതെ 100ലെത്തുന്നതു തടയാൻ റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്താനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ബാധ്യതയും ജനങ്ങളിലേക്കാകും. ആർബിഐ മറ്റു ബാങ്കുകൾക്ക് വിദേശനാണ്യശേഖരത്തിൽനിന്ന് ഡോളർ നൽകാനുള്ള സാധ്യതയുമുണ്ട്. എങ്ങനെയും മൂല്യത്തകർച്ച തടയുകയാണു ലക്ഷ്യം. ഇന്ധന ഇറക്കുമതി ഏറെയുള്ള രാജ്യമായതിനാൽ വിദേശനാണ്യശേഖര ശോഷണത്തിനുമിടയാക്കിക്കഴിഞ്ഞു.
ചെലവ് ചുരുക്കാനുള്ള പ്രധാനമന്ത്രിയുടെ അഭ്യർഥന അതിന്റെ തുടർച്ചയായിരുന്നു. അധികാരത്തിൽ ഇല്ലാതിരുന്നപ്പോൾ രൂപയുടെ മൂല്യം ഡോളറിനെതിരേ 40 രൂപയാക്കുമെന്നൊക്കെ വീന്പിളക്കിയെങ്കിലും മോദിഭരണത്തിൽ രൂപ ചരിത്രത്തിലെ എറ്റവും വലിയ തകർച്ചയിലെത്തി. പെട്രോൾവില 50 ആക്കുമെന്നു പറഞ്ഞ ബിജെപിക്കാരെ വില 110നോടടുത്തപ്പോൾ കാണാനേയില്ല.
പക്ഷേ, കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തും മുന്പുതന്നെ സ്ത്രീകൾക്കു സൗജന്യയാത്രയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയില്ലെന്നു പറഞ്ഞ് സമരത്തിനിറങ്ങി. അടുക്കളയും വയറും കത്തുന്പോൾ യഥാർഥ പ്രശ്നത്തിൽനിന്നു ശ്രദ്ധ തിരിക്കാൻ ഇത്തരം സമരങ്ങൾ പോരാതെ വരും.
ഇന്ത്യയുടെ സാന്പത്തിക പ്രതിസന്ധി ആഗോള പ്രതിഭാസമാണെന്നു പറഞ്ഞൊഴിയാനാകില്ല. പ്രതിപക്ഷത്തായിരുന്നപ്പോൾ, താൻ വന്നാൽ എല്ലാം മാറ്റിമറിക്കുമെന്നു മോദി പറഞ്ഞതുപോലെ യാഥാർഥ്യബോധമില്ലാതെ പറയാൻ ഇന്നു പ്രതിപക്ഷത്താരും മുതിരുന്നില്ല. മന്ത്രിസഭാ യോഗങ്ങൾ മാത്രമല്ല, പ്രതിപക്ഷത്തെയും സാന്പത്തിക വിദഗ്ധരെയും വിളിച്ചുകൂട്ടി രക്ഷാമാർഗം ആരായണമെങ്കിൽ അതിനു വൈകരുത്.
ജനം ബുദ്ധിമുട്ടുന്നതിനിടെ ഇന്ധനവില വർധിപ്പിച്ച കേന്ദ്രം, നികുതിവർധനയാണോ അടുത്തതായി ആലോചിക്കുന്നതെന്ന ഭീതി ജനങ്ങൾക്കുണ്ട്. അങ്ങനെയെങ്കിൽ സാന്പത്തികമാന്ദ്യം പടിവാതിൽക്കലാണ്. ഒരു ലോക്ഡൗണിൽനിന്ന് ജനം നടു നിവർത്തിവരുന്നതേയുള്ളെന്നു മറക്കരുത്.
Editorial
ആശയറ്റവരെ ആശ്ലേഷിച്ച്, നീതിയും കരുണയും
കരുതലും ഉറപ്പാക്കി ഉജ്വലതുടക്കം!
ഭരണഘടന, അമ്മാളുവമ്മ, ആദം;
ഈ മൂന്നു വിളക്കുകളുടെ ചുവട്ടിലിരുന്നാൽ
വിഡിഎസ് സർക്കാരിനു ചരിത്രമെഴുതാം.
ആശയറ്റ ജോലിക്കാർക്കു വേതനവർധനയും സ്ത്രീകൾക്കു സൗജന്യയാത്രയും വയോജനങ്ങൾക്കു കരുതലും “രക്ഷാപ്രവർത്തകഗുണ്ട’’കളുടെ മർദനമേറ്റവർക്കു നീതിയും നൽകി വിഡിഎസ് സർക്കാർ ഉജ്വല തുടക്കമിട്ടിരിക്കുന്നു.
നുണേശനെന്ന ആക്ഷേപ-നുണപ്രചാരണത്തിനു ക്രിയാത്മക മറുപടിയായി പ്രധാന തെരഞ്ഞെടുപ്പുവാഗ്ദാനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നടപ്പാക്കിയിരിക്കുന്നു. ഇനിയുള്ളതും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. ഒപ്പം, ഭരണഘടന, അമ്മാളുവമ്മ, ആദം; മൂന്നു ദൃഷ്ടാന്തങ്ങളും ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. ഈ മൂന്നു വിളക്കുകളുടെ ചുവട്ടിലിരുന്നാൽ വിഡിഎസ് സർക്കാരിനു ചരിത്രമെഴുതാം.
മുൻസർക്കാർ സ്വന്തം വിധിയുടെ പ്രധാന വരികളെഴുതിയത് ആശാ വർക്കർമാരോടുള്ള നിന്ദ്യമായ പ്രതികരണത്തിലൂടെയായിരുന്നു. നിസാരവേതന വർധന ചോദിച്ച നിർധനരുടെ ഭാഷപോലും മനസിലാക്കാനാവാത്തവിധം ഇടതുപക്ഷം ജനങ്ങളിൽനിന്നകന്നിരുന്നു. ഇന്നലെ അധികാരമേറ്റ യുഡിഎഫ് സർക്കാർ അവിടെനിന്നു തുടങ്ങി.
ആശമാർക്ക് 3000 രൂപയുടെ വർധന അദ്യഘട്ടമായി പ്രഖ്യാപിച്ചു. വിരമിക്കൽ ആനുകൂല്യങ്ങൾ പിന്നീടു പരിഗണിക്കും. അങ്കണവാടി ജീവനക്കാർ, പാചകതൊഴിലാളികൾ, പ്രീ പ്രൈമറി അധ്യാപകർ എന്നിവരുടെ വേതനത്തിലും തത്കാലം 1000 രൂപയുടെ വർധന. ഇന്ദിരാ ഗ്യാരന്റികളിലെ മറ്റൊന്ന് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയായിരുന്നു. ജൂൺ 15 മുതൽ അതും നടപ്പിലാകും. രാജ്യത്ത് ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി ഒരു വകുപ്പും പ്രഖ്യാപിച്ചു. അതിന്റെ സ്വപ്നപദ്ധതികൾ പിന്നീടറിയിക്കും.
രാഷ്ട്രീയ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ആലപ്പുഴയിൽ മർദിച്ച സംഭവത്തിൽ പുനരന്വേഷണത്തിനും ഉത്തരവിട്ടു. “രക്ഷാപ്രവർത്തനം’’ എന്നു ധാർഷ്ട്യവ്യാഖ്യാനം നൽകിയ ആ സംഭവത്തിലും നീതി നടപ്പാകേണ്ടതുണ്ടെന്ന് സർക്കാർ കരുതുന്നു.
ചരിത്രമെഴുതാൻ സഹായിക്കുന്ന മൂന്നു ഘടകങ്ങൾകൂടിയുണ്ട്. ഭരണഘടനയാണ് ഒന്നാമത്. അതിനെ നോക്കുകുത്തിയാക്കരുത്. നാടിന്റെ പുരോഗതിയെയും ഐക്യത്തെയും സാഹോദര്യത്തെയും വളരാൻ അനുവദിക്കാത്ത, വിഭാഗീയതയുടെയും ന്യൂനപക്ഷവിരുദ്ധതയുടെയും വർഗീയതയുടെയും തീവ്രവാദത്തിന്റെയും അന്തകവിത്തുകൾ വളരരുത്. അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ ആഡംസ് പറഞ്ഞത്, ശ്രദ്ധേയമാണ്. “”ജനാധിപത്യം താമസിയാതെ ഉപയോഗശൂന്യമാകും. ആത്മഹത്യ ചെയ്യാത്ത ജനാധിപത്യമൊന്നും ചരിത്രത്തിലില്ല.’’’’ ഈ വാദത്തോടു വിയോജിക്കാൻ കാരണങ്ങളുണ്ടാകാം.
പക്ഷേ, ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഫാസിസത്തെയും മതരാഷ്ട്രങ്ങളെയും ഏകാധിപതികളെയും നാമെങ്ങനെ നിർവചിക്കും? വധശിക്ഷ വിധിക്കപ്പെട്ട ജനാധിപത്യസംവിധാനങ്ങളുമായി നാമെങ്ങനെ അതിജീവിക്കും? ജനാധിപത്യവും മതേതരത്വവും ഭരണഘടനയിലുണ്ട്, ഭരിക്കുന്നവരിലില്ല എന്ന സ്ഥിതി ഉണ്ടാകാതിരിക്കട്ടെ.
അമ്മാളുവമ്മ ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വയോധികയാണ്. സഹോദരങ്ങളോ മക്കളോ ഇല്ലാത്ത സീതാലക്ഷ്മി അമ്മാളിനെ അമ്മാളുവമ്മ എന്നു വിളിച്ചത് വി.ഡി. സതീശൻ തന്നെയാണ്. അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോയും ഉയർത്തിപ്പിടിച്ചുനിന്ന അമ്മാളുവമ്മയെ വേദിയിൽ കയറ്റി അദ്ദേഹം ആശ്ലേഷിച്ച കാഴ്ച രാജ്യത്തിന്റെ ഹൃദയം കവർന്നു.
പ്രളയകാലത്തു തന്നെ സഹായിച്ച നേതാവിനോടുള്ള മറക്കാനാവാത്ത ആത്മബന്ധമാണ് അവരെ അവിടെയെത്തിച്ചത്. വെറുപ്പല്ല, സ്നേഹമാണ് ജനങ്ങൾക്കാവശ്യം. അമ്മാളുവമ്മ വ്യക്തിയല്ല, പ്രതീകമാണ്. പാവങ്ങളോടും അവഗണിക്കപ്പെട്ടവരോടുമുള്ള കരുതലിന്റെ പേരായി അതു മാറട്ടെ.
മുഖ്യമന്ത്രി വി.ഡി. സതീശൻ എഴുതി അടുത്തയിടെ പ്രകാശനം ചെയ്ത പുസ്തകമാണ് “ആദം നീ എവിടെ ആകുന്നു?’’. അദ്ദേഹത്തിന്റെ ഏതാനും പ്രഭാഷണങ്ങളാണ് അതിലുള്ളത്. മനുഷ്യൻ നേരിട്ട ആ ആദ്യചോദ്യം അവനെവിടെയാണെന്ന് ദൈവത്തിന് അറിയാനായിരുന്നില്ല. പാപം ചെയ്തിട്ട് ഒളിച്ചിരിക്കുന്നത് താനറിയുന്നു എന്നായിരുന്നു ബൈബിളിലെ വ്യംഗ്യം.
സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾക്കു മുന്പ് ഈ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ, ഇന്നലെ അധികാരമേറ്റ മന്ത്രിമാരിൽ ആരെങ്കിലും സത്യപ്രതിജ്ഞാലംഘനം നടത്തിയാൽ, ജനക്ഷേമത്തിൽനിന്നു പിന്മാറിയാൽ, കഠിനാധ്വാനം ചെയ്യാതിരുന്നാൽ, അഴിമതിയുടെയോ മറ്റേതെങ്കിലും പ്രലോഭനങ്ങളുടെയോ വിലക്കപ്പെട്ട കനി ഭക്ഷിച്ചാൽ “മന്ത്രീ, നീ എവിടെ ആകുന്നു?’’ എന്ന ചോദ്യം ജനങ്ങളിൽനിന്നുണ്ടാകും എന്ന മുന്നറിയിപ്പൊന്നും ഗ്രന്ഥകാരൻ ഉദ്ദേശിച്ചു കാണില്ല. പക്ഷേ, അഴിമതിവിരുദ്ധ-ഉത്തരവാദഭരണത്തിന്റെ ആത്മപരിശോധനയ്ക്കായി ആ ചോദ്യം ഓരോ ജനപ്രതിനിധിയും ഉള്ളിൽ കുറിച്ചാൽ വിഡിഎസ് കപ്പലിന്റെ ദിശ തെറ്റില്ല.
സർക്കാരിന്റെ സാന്പത്തികസ്ഥിതിയാണ് ജനക്ഷേമത്തിന്റെ അടിസ്ഥാനം. ഖജനാവിനെക്കുറിച്ചു ഭിന്നാഭിപ്രായമുണ്ട്. എത്രയും വേഗം ധവളപത്രം പുറത്തിറക്കി ആശയക്കുഴപ്പം പരിഹരിക്കുകയും പ്രതിസന്ധിയുണ്ടെങ്കിൽ പരിഹാരക്രിയകൾക്കു കുറിക്കുകയും വേണം. വിനോദസഞ്ചാരമേഖലകളിലെ വികസന-വരുമാന സാധ്യതകൾ അപാരമാണ്.
തെരുവുനായകൾ, വന്യജീവികൾ, മയക്കുമരുന്നടിമകൾ, ഗുണ്ടാസംഘങ്ങൾ, മാലിന്യസംസ്കരണം, കർഷക പ്രതിസന്ധികൾ... ഇരുട്ടിന്റെ വാഴ്ചകൾ തകർന്നടിയണം. ഇവയൊക്കെ കണ്ടില്ലെന്നു നടിച്ചതിന്റെ പിഴയാണ് മുൻഗാമികൾ ഒടുക്കിയത്. ചോദ്യങ്ങളിലേറെയും പഴയതാണ്. ചിലതിന് ഉത്തരങ്ങളില്ലായിരുന്നു. മറ്റു ചിലതാകട്ടെ പുതിയ ഉത്തരങ്ങൾ കാത്തിരിക്കുന്നു.
ഇന്നലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങു നടന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം മാതൃകാപരമായൊരു കാഴ്ചയായിരുന്നു. പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും ഇതരസംസ്ഥാന മുഖ്യമന്ത്രിമാരും പതിനായിരക്കണക്കിനു ജനങ്ങളും സാക്ഷിയായി. ഭരണ-പ്രതിപക്ഷ-പാർട്ടി ഭേദമില്ലാതുള്ള ഈ പങ്കാളിത്തം ഭരണത്തിലുമുണ്ടായാൽ ഏതു പ്രതിസന്ധിയെയും സംസ്ഥാനത്തിന് അതിജീവിക്കാനാകും. നന്പർ വൺ ഒരു “നന്പരല്ല’’, നമ്മുടെ ലക്ഷ്യമാണ്.
Editorial
പുതിയ സർക്കാർ ഇന്ന് അധികാരമേൽക്കുന്നു. ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കു സ്വാർഥ താത്പര്യങ്ങളില്ലെങ്കിൽ, പാർട്ടിക്കപ്പുറം ജനങ്ങളെ വളർത്താനാണു ശ്രമിക്കുന്നതെങ്കിൽ പുതുകേരളത്തിന്റെ ഉദ്ഘാടനവും ഇന്നു നടക്കും.
16-ാം നിയമസഭ, 24-ാമതു മുഖ്യമന്ത്രി; കേരളം ഇന്നു പുതിയൊരു ചുവടു വയ്ക്കുകയാണ്. 21 മന്ത്രിമാരുള്ള ടീം വി.ഡി. സതീശന് വിജയാശംസകൾ! നല്ലൊരു ഭരണത്തിനും മാറ്റത്തിനും ഉചിതമെന്നു ജനം തീരുമാനിച്ചവരാണ് അധികാരമേൽക്കുന്നത്. പ്രതിപക്ഷത്തുള്ളവരെയും ജനം തെരഞ്ഞെടുത്തതാണ്.
മാറ്റത്തിനായി അക്ഷമരായ മലയാളികളോട് ഇരുകൂട്ടർക്കുമുണ്ട് ഉത്തരവാദിത്വം. ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കു സ്വാർഥ താത്പര്യങ്ങളില്ലെങ്കിൽ, പാർട്ടിക്കപ്പുറം ജനങ്ങളെ വളർത്താനാണു ശ്രമിക്കുന്നതെങ്കിൽ പുതുകേരളത്തിന്റെ ഉദ്ഘാടനവും ഇന്നു നടക്കും. സദ്ഭരണമെന്നത് തങ്ങളുടെ പാർട്ടിക്കോ താത്പര്യങ്ങൾക്കോ മതത്തിനോ ജാതിക്കോ സമുദായത്തിനോ വേണ്ടി മാത്രമുള്ളതല്ലെന്ന് ജനങ്ങൾ ഉൾപ്പെടെ ചിന്തിക്കണം.
ഇടുങ്ങിയ താത്പര്യങ്ങളും പുത്തൻ കേരളവും ഒരേസമയം സാധ്യമല്ല. നിയുക്ത മുഖ്യമന്ത്രിക്ക് നിലപാടുകളുണ്ടെന്ന സാക്ഷ്യപത്രം കൊടുത്തവർ ഒപ്പമൊരു ചങ്ങലയും കൊടുക്കരുത്. പ്രവർത്തിക്കാൻ അനുവദിക്കണം. പുത്തൻ കേരളത്തിനായി മുഖ്യമന്ത്രിക്കൊപ്പം നമുക്കും സത്യപ്രതിജ്ഞ ചെയ്യാം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ഇന്നലെ വൈകുവോളം പുതിയ സർക്കാരിനെയും മന്ത്രിമാരെയും സംബന്ധിച്ച ചർച്ചകളായിരുന്നു. വർഗീയതയുടെ ആക്രോശങ്ങളും സജീവമായിരുന്നു. ഇപ്പോൾ ആരും അതിനത്ര വിലകൊടുക്കാത്തതിനാൽ ഉദ്ദേശിച്ച ഫലം കിട്ടുന്നില്ലെന്നത് ആശ്വാസമായി.
ഏതായാലും എല്ലാവരെയും ഒരുവിധം അനുനയിപ്പിച്ച് മന്ത്രിമാരുടെ പട്ടിക ഗവർണർക്കു കൈമാറാൻ വി.ഡി. സതീശനു കഴിഞ്ഞു. അതിരുവിട്ട വീതംവയ്പു-വിലപേശൽ രാഷ്ട്രീയം യുഡിഎഫിന്റെ ജനിതക വൈകല്യമാണ്. പുറത്തുനിന്നുള്ള സമ്മർദങ്ങളും അതിന്റെ ഫലമാണ്.
അതേസമയം, സ്ഥാനാർഥിത്വത്തിലെന്നപോലെ മന്ത്രിസഭയിലും സ്ത്രീകളുടെയും ദളിതരുടെയും പ്രാതിനിധ്യം കുറയുന്നത്, ഇടതു-വലതു സർക്കാരുകളുടെ നീതി-തുല്യത-സംവരണ പ്രസംഗങ്ങളിലെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്. അതിപ്പോഴുമുണ്ട്. താരതമ്യേന മെച്ചപ്പെട്ട പ്രാതിനിധ്യമെന്ന വ്യാഖ്യാനം ന്യായീകരണത്തിനപ്പുറം പുരോഗമനപരമല്ല. സർക്കാരെന്നതു മന്ത്രിസ്ഥാനങ്ങൾ മാത്രമല്ലെന്ന ബോധ്യത്തോടെ മറ്റ് നയരൂപീകരണ സ്ഥാനങ്ങളിൽ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്.
പ്രതിപക്ഷത്തും തർക്കങ്ങളും ആശയക്കുഴപ്പങ്ങളുമുണ്ടായിരുന്നു. പിണറായി വിജയന്റെ പ്രതിപക്ഷനേതാവ് സ്ഥാനത്തോടും എം.വി. ഗോവിന്ദന്റെ സിപിഎം സെക്രട്ടറി സ്ഥാനത്തോടും പാർട്ടിയിൽ വിയോജിപ്പുണ്ടായി. പക്ഷേ, അത്തരം പാർട്ടിക്കാര്യങ്ങൾ നിയമസഭയെയോ സംസ്ഥാനത്തിന്റെ താത്പര്യങ്ങളെയോ ബാധിക്കില്ലെന്ന് ഉറപ്പാക്കേണ്ടതു പാർട്ടിയും എൽഡിഎഫുമാണ്.
അതുപോലെ മൂന്ന് എംഎൽഎമാരുമായി ബിജെപിയും നിയമസഭയിലെത്തുന്നത് ശക്തമായ പ്രതിപക്ഷത്തിന്റെ അടയാളമാകണം. കേന്ദ്ര അവഗണനയെന്നതിനു പകരം കേന്ദ്രപരിഗണനയുടെ കാലമാണ് ഇനിയുള്ളതെന്ന് ഉറപ്പിക്കാൻ അവർക്കു കഴിയട്ടെ. അതേസമയം, സർക്കാർ അധികാരത്തിലെത്തുന്നതിനുമുന്പ് സർക്കാരിനെതിരേ സമരം നടത്തിയതുപോലുള്ള അസംബന്ധങ്ങളിലൂടെ ബിജെപി അപഹാസ്യരാകരുത്.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര അനുവദിക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ചായിരുന്നു മഹിളാമോർച്ചയുടെ സമരം. ഇത്തരം മണ്ടത്തരങ്ങൾ പാർട്ടിയെക്കുറിച്ച് നിഷേധാത്മക മുൻവിധിയുണ്ടാക്കുന്നതാണ്. ക്രിയാത്മക പ്രതിപക്ഷം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകവും സർക്കാരിന്റെ ഓഡിറ്ററുമാണെന്ന് തിരിച്ചറിയണം.
കോൺഗ്രസ് മന്ത്രിമാരുടെ ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചകളും വിശകലനവും ഇന്നലെ തുടങ്ങിയിട്ടുണ്ട്. ജനം വോട്ടു ചെയ്തത് ഗ്രൂപ്പുകൾക്കല്ലെന്ന് ഇനിയും മനസിലാക്കാത്ത നേതാക്കളുണ്ടെങ്കിൽ പാർട്ടിക്കും സർക്കാരിനും ബാധ്യതയാണ്. അതേസമയം, അത്തരം ഗ്രൂപ്പ് സമ്മർദങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.
ഗ്രൂപ്പ് താത്പര്യങ്ങളുടെ സംശയനിഴലിലും നേതൃസ്ഥാനത്തു മറ്റു നേതാക്കളെ നിർത്താതിരിക്കാൻ ആ വാക്കുകൾക്കു കഴിയും. മാത്രമല്ല, മന്ത്രിമാരെ ഗ്രൂപ്പുതിരിച്ചല്ല കാണുന്നതെന്ന സൂചന ക്രിയാത്മകവുമാണ്. പക്ഷേ, കോൺഗ്രസിന്റെ കാര്യത്തിൽ ജനങ്ങൾക്കു ഗ്രൂപ്പുസംശയങ്ങളുണ്ട്. പ്രലോഭനങ്ങളുണ്ടാകുന്പോൾ, ഗ്രൂപ്പുകൾക്കുവേണ്ടി സമയം ചെലവഴിക്കാനല്ല ജനം വിളിച്ചുവരുത്തിയതെന്ന് ഓരോ മന്ത്രിയും എംഎൽഎമാരും ഓർമിക്കേണ്ടതാണ്.
സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ നവകേരള വിളംബരമാകട്ടെ. ഈ നാടിനെ യഥാർഥ നന്പർ വൺ ആക്കാനുള്ള തുടക്കം. മുഖ്യമന്ത്രിക്കും സംഘത്തിനുംമേൽ വയ്ക്കപ്പെട്ടിരിക്കുന്നത് പ്രതീക്ഷകളാണ്; ഭാരമല്ല. കോൺഗ്രസ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസുകൾ, ആർഎസ്പി, സിഎംപി, കെഡിപി പാർട്ടികൾക്കും ആർഎംപിക്കും സ്വതന്ത്രർക്കും മികച്ച ഭരണത്തിലൂടെ ജനമനസിൽ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണിത്. ഭരിക്കുന്നവരുടെയും പ്രതിപക്ഷത്തുള്ളവരുടെയും ചിറകിൽ കുതിക്കട്ടെ കേരളം.
Editorial
കേരളത്തിൽ യുഡിഎഫിനും കോൺഗ്രസിനും ലഭിച്ച ചരിത്രവിജയത്തിന്റെ ശോഭയിൽ മങ്ങലേൽക്കുന്നത് കോൺഗ്രസ് ദേശീയ നേതൃത്വം കാണാതിരിക്കരുത്. തെരഞ്ഞെടുപ്പു വരെയുള്ള കോൺഗ്രസ് നേതാക്കളുടെ യോജിപ്പും ആത്മവിശ്വാസവും ഫലമറിഞ്ഞതോടെ മറ്റൊരു തലത്തിലേക്കു മാറിയിരിക്കുന്നു.
തെരഞ്ഞെടുപ്പിനുമുന്പ് ആരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാതിരുന്നത് കോൺഗ്രസിന്റെ വിജയത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. അല്ലെങ്കിൽ തമ്മിലടിച്ചും സെൽഫ് ഗോളടിച്ചും തോറ്റുപോകുമായിരുന്നു. എന്നാൽ, ഇപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി തർക്കിക്കുന്നുവെന്ന അവസ്ഥ അവർക്ക് വോട്ട് ചെയ്തവരോടുള്ള അവഹേളനമായി മാറുകയാണ്.
ഇത്തരമൊരവസ്ഥ കേരളത്തിൽ മാത്രമല്ല, വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലുൾപ്പെടെ പാർട്ടിക്കു ക്ഷീണമാകുമെന്നത് നേതൃത്വം ഗൗരവത്തിലെടുക്കണം. മുഖ്യമന്ത്രിയെ ചർച്ചകളൊന്നും കൂടാതെ ഏകപക്ഷീയമായി തീരുമാനിക്കുന്നതുപോലെ ജനാധിപത്യവിരുദ്ധമാണ് യുക്തമായ തീരുമാനം സമയബന്ധിതമായി എടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതും.
വിജയശിൽപി, സീനിയോരിറ്റി, എംഎൽഎ ബലം- എല്ലാറ്റിനും ന്യായീകരണമുണ്ട്. അതൊന്നും അവഗണിക്കാവുന്നതുമല്ല. പക്ഷേ, മൂന്നു മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനാകില്ല. എല്ലാ പരിഗണനകളെയും വിലയിരുത്തി എംഎൽഎമാരുടെയും ജനങ്ങളുടെയും മനസു വായിച്ചേ തീരുമാനമെടുക്കാനാകൂ. കോൺഗ്രസിനു സംഘടനാശൈലികളുമുണ്ട്. അതിനു സമയവും ആവശ്യമായിരിക്കാം.
എന്നാൽ ജനം 63 എംഎൽഎമാരെ കൊടുത്തിട്ട് ഇത്രയും ദിവസമായിട്ടും പാർട്ടിക്ക് ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാനാകുന്നില്ല എന്നുവരുന്നത് ഭൂഷണമല്ല. തർക്കവും തർക്കത്തിൽ കക്ഷിചേരലും കോൺഗ്രസ് പ്രവർത്തകരിൽ മയങ്ങിക്കിടന്ന ഗ്രൂപ്പുവാസനകളെ പത്തിവിടർത്തിയാടാൻ പ്രോത്സാഹിപ്പിക്കുമെന്ന് മറക്കരുത്. ഫ്ലക്സുകളും ബാനറുകളും പ്രാദേശിക ഗ്രൂപ്പുയോഗങ്ങളും പ്രകടനങ്ങളുമൊക്കെ തെരഞ്ഞെടുപ്പുകാലത്തേക്കാൾ വാശിയിലായി. തീരുമാനം വൈകുംതോറും, ഭാവിയിൽ എന്നു വേണമെങ്കിലും പുറത്തെടുക്കാവുന്ന പകയിലേക്ക് ഈ താത്കാലിക ഗ്രൂപ്പുകൾ കൂപ്പുകുത്താനിടയുണ്ട്.
വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും മേയ് നാലുവരെ പാർട്ടി നേതാക്കളായി കണ്ടിരുന്നവർ ഇപ്പോൾ ഗ്രൂപ്പ് നേതാക്കളായി കണ്ടുതുടങ്ങി. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും പേരിൽ കോൺഗ്രസ് ഗ്രൂപ്പുകൾ സജീവമായിരുന്നെങ്കിലും കുറച്ചുകാലമായി നിർവീര്യമായിരുന്ന വിഭാഗീയത ഈ തെരഞ്ഞെടുപ്പോടെ പുനഃസംഘടിപ്പിച്ചിരിക്കുകയാണ്. ജനങ്ങളുടെ ആധി, ഏറെ സ്വപ്നങ്ങളോടെ തങ്ങൾ വോട്ട് കൊടുത്തവരുടെ തമ്മിലടി, ഗുണകരമാകുമെന്നു പ്രതീക്ഷിച്ച ഭരണത്തെയും ബാധിക്കുമോ എന്നാണ്.
അഭിപ്രായവ്യത്യാസങ്ങളും ആശയപരമായ ചേരിതിരിവുകളും തർക്കങ്ങളുമൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷേ, അധികാരത്തോടുള്ള അടക്കാനാവാത്ത കൊതി മറ്റൊരു വിഷയമാണ്. 2006ൽ പിണറായി-വിഎസ് ഏറ്റുമുട്ടലിലും ആശയത്തേക്കാൾ മുഴച്ചുനിന്നത് അധികാരമായിരുന്നു. എല്ലാവരും അധികാരക്കൊതിയരാണെന്ന് അർഥവുമില്ല. ആഴത്തിൽ പഠിച്ചാൽ, ഇത്തരം അധികാരത്തർക്കങ്ങളിൽ ചിലരുടെ ആർത്തിയും വെട്ടിപ്പിടിക്കാനുള്ള വിരുതും വേർതിരിച്ചറിയാനാകും.
സ്ഥാനമാനങ്ങൾ, തട്ടിയെടുക്കാനുള്ളതാണെന്നു കരുതുന്ന നേതാക്കൾ എല്ലാ പാർട്ടികളിലുമുണ്ട്. പക്ഷേ, ഈ തർക്കം പാർട്ടിയിൽനിന്നു തെരുവിലേക്കെത്തുന്പോൾ, ഇവർക്കൊക്കെയാണല്ലോ വോട്ട് ചെയ്തതെന്ന ലജ്ജയിൽ പിരിഞ്ഞുപോകുന്നവർ, നേതാക്കളുടെയല്ല പാർട്ടിയുടെ നഷ്ടമാണ്. ആ നിഷ്പക്ഷ വോട്ടർമാരെ വശീകരിക്കാൻ ആളുണ്ട്. ഒന്നര പതിറ്റാണ്ടിനിടെ നഷ്ടപ്പെട്ട സംസ്ഥാനങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ കോൺഗ്രസിന് അതു ബോധ്യമാകും. എസ്ഐആറിന്റെ നഷ്ടങ്ങൾക്കും എത്രയോ മുന്പേ കോൺഗ്രസ് അതിന്റെ സ്വയംനിർമിത നഷ്ടങ്ങളെ വരിച്ചിരുന്നു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വൈകുന്ന ഓരോ മണിക്കൂറും നിർണായകമാണ്. ചികിത്സ വൈകുംതോറും പരിക്ക് ഗുരുതരമാകും.
മറ്റു പാർട്ടികളിലെ ഏകാധിപത്യത്തെയും ധാർഷ്ട്യത്തെയും പെട്ടെന്നു തിരിച്ചറിഞ്ഞ കോൺഗ്രസ്, സ്വന്തം പാർട്ടിയിലെ അച്ചടക്കമില്ലായ്മയും മുഖസ്തുതി-വിധേയ രാഷ്ട്രീയവും വ്യക്തിപൂജകളും കാണുന്നില്ല. മികച്ച നേതാക്കളിൽ പലരും പാർട്ടിവിട്ടു പോയി. മേൽത്തട്ടിലെ പക്വതയില്ലായ്മ പടിപടിയായി താഴേക്കു നീങ്ങുന്നുണ്ട്. ചർച്ച, പാർട്ടി ഭാരവാഹികളെക്കുറിച്ചല്ല, മുഖ്യമന്ത്രിയെക്കുറിച്ചാണെന്നു മറക്കരുത്. കോൺഗ്രസ് ഏതു നേതാവിനെ വേണമെങ്കിലും മുഖ്യമന്ത്രിയായി തീരുമാനിച്ചുകൊള്ളട്ടെ. പക്ഷേ, കഴിഞ്ഞ രണ്ടു തവണ എൽഡിഎഫിനു വോട്ട് ചെയ്ത നിരവധിപ്പേര് ഇത്തവണ നിങ്ങൾക്കുവേണ്ടി തിരിച്ചുകുത്തിയിട്ടുണ്ട്. അവരെ പിന്നിൽനിന്നു കുത്തരുത്.
അർഹതയുള്ളതു ചോദിച്ചുവാങ്ങുന്നത് അപരാധമൊന്നുമല്ല. പക്ഷേ, ഏറെ അധ്വാനിച്ചിട്ടുണ്ടെങ്കിലും, പാർട്ടിക്കുവേണ്ടിയും ജനത്തിനുവേണ്ടിയും താൻ പിന്മാറുന്നുവെന്ന് ആരെങ്കിലും അറിയിച്ചാൽ, മുഖ്യമന്ത്രിസ്ഥാനത്തേക്കാൾ വിലപ്പെട്ടതായി ആ സ്ഥാനത്യാഗം ജനമനസിലും ചരിത്രത്തിലുണ്ടാകുമെന്നതിൽ സംശയമില്ലെന്നുകൂടി ഓർമിപ്പിക്കട്ടെ. അതും രാഷ്ട്രീയമാണ്, മൂല്യമേറിയത്.
Editorial
“സന്തോഷം കഷ്ടപ്പാടില്ലാത്ത അവസ്ഥയല്ല, ദൈവത്തിന്റെ സാന്നിധ്യമാണ്.” -സിറ്റി ഓഫ് ജോയ്, ഡൊമിനിക് ലാപിയർ. പട്ടിണിക്കൊപ്പം സാഹോദര്യവും സന്തോഷവും നിലനിർത്തിയിരുന്ന കോൽക്കത്തയുടെ ആ കഥ കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും ബിജെപിയും വായിച്ചിട്ടുണ്ടാകും, തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾക്കുവേണ്ടി.
പക്ഷേ, അവർ കോൽക്കത്തയെ സിറ്റി ഓഫ് സോറോ അഥവാ ദുഃഖനഗരമാക്കി; ബംഗാളിനെ സ്റ്റേറ്റ് ഓഫ് സോറോ അഥവാ നരകവും. ഇപ്പോഴതിന്റെ ചുമതലയേറ്റിരിക്കുന്നത് ബിജെപിയാണ്. വോട്ടെണ്ണലിനിടെ തുടങ്ങിയ അക്രമങ്ങൾ തുടരുകയാണ്. മുൻകാല രാഷ്ട്രീയ ഗുണ്ടകളിൽനിന്നു ചെറിയൊരു വ്യത്യാസമുണ്ട്. ഈ അക്രമികൾ ദൈവനാമവും ആക്രോശമാക്കിയിരിക്കുന്നു!
അക്രമങ്ങളിൽ ബിജെപി, തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു. കോൽക്കത്തയിൽ ഉൾപ്പെടെ തൃണമൂൽ കോൺഗ്രസിന്റെ നിരവധി ഓഫീസുകൾ അടിച്ചുതകർക്കുകയും കത്തിക്കുകയും ചെയ്തു. ഹോഗ് മാർക്കറ്റിലെ ഓഫീസ് ബുൾഡോസറിനാണ് ഇടിച്ചുനിരത്തിയത്.
പരിസരത്തെ കടകളും തകർത്തു. അക്രമികൾ കടകൾ കൊള്ളയടിക്കുന്നതും പതിവായി. കൊല്ലപ്പെട്ടവരിൽ, ബിജെപി മുഖ്യമന്ത്രിയാക്കുമെന്നു കരുതുന്ന മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരിയുടെ പിഎയുമുണ്ട്. പ്രമുഖ സ്കൂളിലെ ബസ് ജീവനക്കാരൻ കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്.
അക്രമം നടക്കുന്നിടത്ത് പോലീസും കേന്ദ്രസേനയും കാഴ്ചക്കാരായി നിൽക്കുകയാണെന്ന് ടിഎംസി ആരോപിച്ചു. 433 പേരെ അറസ്റ്റ് ചെയ്യുകയും 1,100 പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. ഈ അക്രമരാഷ്ട്രീയം ബിജെപി തുടങ്ങിയതല്ല. പല കാലങ്ങളിലായി കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും തുടങ്ങിയത് ബിജെപി തുടരുകയാണ്. ഒരു മാറ്റവും ബംഗാളികൾക്കു വിധിച്ചിട്ടില്ല. പട്ടിണിക്കൊപ്പം ജീവിക്കാമെന്നു വച്ചാലും രാഷ്ട്രീയം അവരെ അതിനനുവദിക്കില്ല. അക്രമികളും ദരിദ്രരാണ്. അതു മറക്കാനാവാം രാഷ്ട്രീയം അവരെ അണികളാക്കിയത്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയുടെ കാര്യാലയവും ഇപ്പോൾ സെക്രട്ടേറിയറ്റുമായ റൈറ്റേഴ്സ് ബിൽഡിംഗിന്റെ രണ്ടാം നില പുതിയ മുഖ്യമന്ത്രിക്കായി ഒരുങ്ങുകയാണ്. പക്ഷേ, തങ്ങൾക്ക് ഒരുങ്ങാനോ പ്രതീക്ഷിക്കാനോ ഒന്നുമുണ്ടാകില്ലെന്ന യാഥാർഥ്യമാണ് ബംഗാളികൾ പരിശീലിച്ചിരിക്കുന്ന രാഷ്ട്രീയം. കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും കൊടുത്തതിൽ കൂടുതലെന്തെങ്കിലും ബിജെപി കൊടുക്കുമെന്നു കരുതാൻ അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉദാഹരണങ്ങളുമില്ല.
1977 വരെ കോൺഗ്രസും തുടർന്ന് 34 വർഷം സിപിഎമ്മും 15 വർഷം തൃണമൂൽ കോൺഗ്രസും ഭരിച്ചിട്ടും കാര്യമായ പ്രയോജനമൊന്നുമുണ്ടായിട്ടില്ലാത്ത ജനങ്ങൾക്ക് ബിജെപിയോടും പരാതിയുണ്ടാകാനിടയില്ല. ബിജെപിയുടെ ആജ്ഞാനുവർത്തിയെന്ന വിമർശനം നേരിടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീവ്ര വോട്ടർപട്ടികാ പരിഷ്കരണം (എസ്ഐആർ) നടത്തിയ ഈ തെരഞ്ഞെടുപ്പിനുമുന്പ് ബിജെപിക്കു ബംഗാളിൽ ഒരിക്കൽപോലും അധികാരം കിട്ടിയിരുന്നില്ല.
എസ്ഐആറിലൂടെ 91 ലക്ഷത്തോളം വോട്ടർമാരെയാണ് വെട്ടിനീക്കിയതായി പരാതി ഉയർന്നിരിക്കുന്നത്. ബിജെപി ജയിച്ച 105 മണ്ഡലങ്ങളിൽ, ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ എണ്ണത്തേക്കാൾ കുറഞ്ഞ ഭൂരിപക്ഷമാണു ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എസ്ഐആർ ബിജെപിക്കു ഗുണകരമായെന്നതിൽ സംശയമില്ല. തൃണമൂലിന്റേതായിരുന്ന 129 സീറ്റുകൾ ഒറ്റയടിക്ക് ബിജെപിയുടേതായി. പരാതികൾക്കൊന്നും പ്രസക്തിയില്ല!
സത്യജിത് റേയുടെ ‘പഥേർ പാഞ്ചാലി’ സിനിമ, പശ്ചിമബംഗാളിന്റെ ദാരിദ്ര്യവും പാവങ്ങളുടെ നിസഹായാവസ്ഥയുമാണ് ചിത്രീകരിച്ചത്. ഹരിഹർ റായ് എന്ന കഥാപാത്രം പറയുന്നുണ്ട്, “ഉത്കണ്ഠയുടെ കാര്യമൊന്നുമില്ല. ദൈവം വിധിക്കുന്നതെല്ലാം നല്ലതിനാണ്.” ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ നോവൽ സത്യതിജ് റേ സിനിമയാക്കിയത് 1955ലാണ്. 71 വർഷം. ഇന്നും ബംഗാളിലെ ഗ്രാമങ്ങളിൽ കാര്യമായൊരു മാറ്റവും ഉണ്ടായിട്ടില്ല.
എന്തിന്, റൈറ്റേഴ്സ് ബിൽഡിംഗിനു ചുവട്ടിലെ കാഴ്ചകൾക്കുപോലും മാറ്റമില്ല. ലോകത്തുതന്നെ അപൂർവമായ ട്രാം എന്ന റോഡ് ട്രെയിനുകൾ പുളയുന്ന, അതിനിടയിലൂടെ ചുമച്ചും കിതച്ചും സൈക്കിൾറിക്ഷാവാലകൾ ഇഴയുന്ന, ഭരണകേന്ദ്രത്തിന്റെ വിളിപ്പാടകലെ സോനാഗാച്ചിയെന്ന ഒരു വേശ്യാനഗരത്തെ നിലനിർത്തുന്ന, ബ്രിട്ടീഷ് ഭരണകാലത്തെ പഴങ്കെട്ടിടങ്ങൾക്കിടയിൽ രാഷ്ട്രീയ കെടുകാര്യസ്ഥതകൾ ഒളിപ്പിക്കുന്ന കോൽക്കത്ത!
രാഷ്ട്രീയക്കാർ വിധിക്കുന്നതെല്ലാം നല്ലതാണെന്ന വിശ്വാസത്തിൽ മരിച്ചുകൊണ്ടിരിക്കുന്ന ബംഗാളിൽ ബിജെപി അദ്ഭുതങ്ങൾ സൃഷ്ടിക്കട്ടെ. പക്ഷേ, എതിരാളികൾക്കുമേൽ ബുൾഡോസറുകൾ കയറ്റിയും ദൈവനാമത്തിൽ അപരനെ അടിച്ചുവീഴ്ത്തിയുമല്ല അതു സാധിക്കേണ്ടതെന്ന് ഇന്നലെയും അവർക്കു മനസിലായിട്ടില്ല!
Editorial
ഏകാധിപതികളിൽ ചിലരുടെ വീഴ്ച മാത്രമല്ല, വർഗീയതയുടെ രാക്ഷസീയമുഖവും ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കി. ജനാധിപത്യപ്രഹരമേറ്റതിന്റെ പക വിദ്വേഷപ്രചാരണത്തിലൂടെ തുപ്പുകയാണ്. ഹിന്ദുത്വയുടെ ഒരു നേതാവ് മറ്റൊരു നേതാവിനോട് പറയുന്നു: “ക്രൈസ്തവർ ഔദാര്യം പറ്റിയിട്ട് ബിജെപിയെ കുഴിയിൽ ചാടിച്ചു. പാതിരിമാരും ബിഷപ്പുമാരും പരക്കള്ളന്മാരും ദുഷ്ടക്കൂട്ടങ്ങളുമാണ്.
ഹിന്ദുക്കളെ നശിപ്പിക്കുകയാണ് അവരുടെ അജണ്ട.” ഹിന്ദുത്വവാദിയായ ഒരു നടി പറയുന്നു: “അരമനയുടെ തിണ്ണ നിരങ്ങാൻ പോകരുത്. എത്ര ഉരുട്ടിക്കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല.” ജനം വീട്ടിലിരുത്തിയ മറ്റൊരു നേതാവ് പറഞ്ഞത്, ക്രിസ്ത്യാനികൾ നന്ദി കാണിച്ചില്ലെന്നാണ്. ന്യൂനപക്ഷവും ഭൂരിപക്ഷവും ദളിതരും ആദിവാസികളുമൊക്കെയടങ്ങുന്ന ഈ രാജ്യത്തെ പൗരന്മാർക്ക് ഔദാര്യങ്ങൾ ഉരുട്ടിക്കൊടുക്കാൻ ഇവരൊക്കെ ആരാണ്? വ്യാജപ്രസ്താവനകളിലൂടെയുള്ള ഇത്തരം ആശയക്കുഴപ്പനിർമിതി തീവ്രഹിന്ദുത്വയുടെ നിർമാണശാലകളിൽനിന്നാണെന്നു തിരിച്ചറിയണം. ഈ വിഷപ്രളയത്തെയും നാം അതിജീവിക്കേണ്ടതുണ്ട്.
ഇത്ര പച്ചയ്ക്ക് വർഗീയതയും വിദ്വേഷപ്രസംഗങ്ങളും നടത്താൻ ഏതാനും വർഷങ്ങൾക്കു മുന്പുവരെ ആരും ധൈര്യപ്പെടില്ലായിരുന്നു. അധികാരത്തണലിലും വർഗീയവിചാരധാരകളുടെ ലക്ഷ്യബോധത്തിലും അതവർ സാധിച്ചെടുത്തു. നിയമനടപടികൾ ഉണ്ടാകുന്നില്ലെന്നു കണ്ടതോടെ സമൂഹമാധ്യമങ്ങളിലെ വിഷവ്യാപാരം പലരും ഊർജിതമാക്കി. നൂറുകണക്കിന് ഉദാഹരണങ്ങളിൽനിന്ന് രണ്ടെണ്ണം ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. “ബിഷപ്പും കർദിനാളുമൊക്കെ ദുഷ്ടക്കൂട്ടങ്ങളാണ്. സനാതനധർമത്തെ നശിപ്പിക്കുകയാണ് അവരുടെ അജൻഡ. ബിജെപിയുടെ സുഹൃത്താണെന്നു നടിച്ചുകൊണ്ട് തേൻ പുരട്ടിയ കത്തികൊണ്ട് കഴുത്തറത്തുകൊണ്ടിരിക്കുകയാണ്.”
ഈ ഫാസിസം കേട്ട് തലകുലുക്കിയിരിക്കുന്നത്, പണ്ഡിതനെന്നു കരുതിയിരുന്ന ഒരാൾ! രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി വർഗീയത ആവാമെന്ന് തീരുമാനിച്ചെന്നു തോന്നുന്നു. ഒരു കേസുമെടുത്തിട്ടില്ല. “വിദ്വേഷപ്രസംഗങ്ങൾ തടയുന്നതിന് നിലവിലെ നിയമങ്ങൾ പര്യാപ്തമാണെന്നും പ്രശ്നം അതു നടപ്പാക്കുന്നതിലെ പോരായ്മയാണെന്നും” സുപ്രീംകോടതി പറഞ്ഞിട്ടു ദിവസങ്ങളേ ആയുള്ളൂ.
വിദ്വേഷപ്രസംഗങ്ങൾ തടയാൻ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന ഹർജികളിലായിരുന്നു കോടതിയുടെ നിരീക്ഷണം. പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചാലും ഭരിക്കുന്നവർ കണ്ണടച്ചാൽ പ്രയോജനമില്ലെന്ന സൂചന വായിച്ചെടുക്കാനാകും. വർഗീയത അധികാരമാർഗമായാൽ രാജ്യം എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.
ഭയാനകമായ രണ്ടു കാര്യങ്ങൾ കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒന്ന്, വർഗീയവാദികൾ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം. സനാതനധർമത്തെ നശിപ്പിക്കുകയാണ് അവരുടെ അജൻഡ എന്ന് സമൂഹത്തിൽ പേരും പ്രശസ്തിയുമുള്ളവർ പറയുന്പോൾ വർഗീയവാദികളല്ലെങ്കിലും, അതിൽ കാര്യമില്ലേയെന്ന് വിവേചനബോധമില്ലാത്തവർ സംശയിച്ചുതുടങ്ങും. ക്രൈസ്തവർക്ക് എന്ത് ഉരുട്ടിക്കൊടുത്താലും നന്ദിയില്ലെന്നു പറയുന്പോൾ, എന്താണ് ഉരുട്ടിക്കൊടുത്തതെന്നു ചോദിക്കാൻ ശേഷിയില്ലാത്തവർ ഓർക്കും, ശരിയാണല്ലോ നന്ദികേടല്ലേയെന്ന്.
ഉത്തരേന്ത്യയിൽ വർഗീയവാദികളുടെ പിടിയിൽനിന്നു കന്യാസ്ത്രീകളെ രക്ഷിച്ചെന്ന് അവകാശപ്പെടുന്നവരോട്, നൂറുകണക്കിനു ന്യൂനപക്ഷങ്ങളെയും സ്ഥാപനങ്ങളെയും ആക്രമിച്ചുകൊണ്ടിരിക്കുന്ന ആ വർഗീയവാദികളെ തീറ്റിപ്പോറ്റുന്നത് ആരാണെന്ന് വിദ്വേഷത്തിന്റെ ചെപ്പടിവിദ്യകളറിയാത്തവർ ചോദിക്കില്ല. എന്ത് ഔദാര്യമാണ് ബിജെപി ക്രൈസ്തവർക്കു നൽകിയതെന്ന് അഭിമുഖം നടത്തുന്ന പണ്ഡിതൻ ചോദിക്കുന്നില്ലാത്തതിനാൽ കാഴ്ചക്കാരും ചോദിക്കില്ല.
ക്ഷേത്രപരിസരത്ത് ക്രിസ്ത്യൻ ഭജന പാടിയത് ഹിന്ദുവിനെ നശിപ്പിക്കാനാണെന്ന വ്യാജപ്രസ്താവന കേൾക്കുന്ന സാധാരണക്കാർ പെട്ടെന്നൊരു സന്ദേഹത്തിലാകും. ഇത് പെരുന്നാളിലും ഉത്സവങ്ങളിലുമൊക്കെ കേരളത്തിൽ പണ്ടേ ഉള്ളതല്ലേ, അതിലെന്താണ് പ്രശ്നമെന്നു ചോദിക്കാൻ മറന്നുപോകും. ഇവിടത്തെ ക്രിസ്ത്യാനികളും മുസ്ലിംകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ എല്ലാം തട്ടിയെടുത്തെന്ന് സമുദായ നേതാവ് പറയുന്പോൾ നിഷ്കളങ്കരായ കേൾവിക്കാർക്ക് സംശയമുണ്ടാകും.
വേണ്ടതു ചെയ്തിരുന്നെങ്കിൽ ഇത്തരം സ്ഥാപനങ്ങൾ തങ്ങൾക്കും ലഭിക്കില്ലായിരുന്നോ, പറയുന്നത് സ്ഥിരം വർഗീയത പറയുന്ന ആളല്ലേ എന്നൊന്നും പെട്ടെന്ന് ഓർത്തെന്നു വരില്ല. ഇങ്ങനെ നൂറുനൂറ് നുണകളിലൂടെ പടച്ചെടുക്കുന്ന ആശയക്കുഴപ്പം വർഗീയതയുടെ ശത്രുനിർമിതിയുടെ ഭാഗമാണ്. ക്രമേണ അവർ നിർമിച്ചെടുത്ത ശത്രുവിനെ സംശയത്തിന്റെ പുകമറയിലൂടെ പൊതുസമൂഹത്തിൽ പ്രതിഷ്ഠിക്കും.
മതസ്വാതന്ത്ര്യത്തിന്റെ റിപ്പോർട്ടുകളിലെല്ലാം അപമാനകരമായ റാങ്ക് പട്ടികയിൽ തലകുനിച്ചു നിൽക്കുകയാണ് രാജ്യം. 2025 ഡിസംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയം പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ രണ്ടു വർഷത്തിനകം കൂട്ടക്കൊലകൾക്ക് 7.5 ശതമാനം സാധ്യതയുണ്ട്. വംശം, മതം, രാഷ്ട്രീയം, ഭൂമിശാസ്ത്രം എന്നിവ, സായുധസംഘങ്ങൾ നടത്തുന്ന കൂട്ടക്കൊലകൾക്കു കാരണമായേക്കാം.
കൂട്ടക്കൊലകള് നടക്കാന് സാധ്യത കൂടുതലുള്ള 168 രാജ്യങ്ങളില് നാലാം സ്ഥാനത്താണ് ഇന്ത്യ. അതേ, ആശയക്കുഴപ്പമുണ്ടാക്കലും ശത്രുനിർമിതിയും മറയില്ലാതെ നടക്കുകയാണ്. ഇന്ത്യയിലെ ചില വർഗീയ സംഘടനകൾ പിറക്കുന്നതിനും മുന്പ് വിദ്യാഭ്യാസത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും രാഷ്ട്രനിർമിതിയിൽ സജീവമായ ക്രൈസ്തവസമൂഹത്തെ സംഘപരിവാർ സംശയനിഴലിലാക്കിയത് നുണകളിലൂടെ ആശയക്കുഴപ്പമുണ്ടാക്കിയാണ്. മതപരിവർത്തന ആരോപണം ആയുധമാക്കി.
കേരളത്തിൽ ബിജെപിക്കു വോട്ട് ചെയ്തവരിലും ചെയ്യാത്തവരിലും എല്ലാ മതസ്ഥരുമുണ്ട്. ക്രിസ്ത്യാനികൾ വോട്ട് ചെയ്തില്ലെന്നു വിളിച്ചുപറയുന്നവർ ഹിന്ദുക്കളും തങ്ങൾക്കു വോട്ട് ചെയ്തില്ലെന്ന യാഥാർഥ്യം മറച്ചുവയ്ക്കുന്നതിലെ ഒളിച്ചുകളി നിഷ്കളങ്കമല്ല. ഈ വിദ്വേഷപ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന സനാതനസംരക്ഷകരിലേറെയും ക്രൈസ്തവസ്ഥാപനങ്ങളിൽ പഠിച്ച് ഉന്നതസ്ഥാനങ്ങളിലെത്തിയവരും ഇന്നും സ്വമതത്തിൽ തുടരുന്നവരുമാണ്. എത്ര ജ്ഞാനമാർജിച്ച മസ്തിഷ്കത്തെയും നിശ്ചലമാക്കാൻ ഒരു തുള്ളി വിഷം മതി.
ജനാധിപത്യ-മതേതര ശക്തികൾ, എല്ലാം ഭരണഘടന നോക്കിക്കൊള്ളുമെന്ന് ആശ്വസിച്ച് ഉറങ്ങരുത്. അധികാരമോഹവുമായി രാഷ്ട്രീയത്തിലെത്തിയ പണ്ഡിതർ, നടീനടന്മാർ, സമുദായ നേതാക്കൾ, മതേതര മുഖ്യധാര പുറംതള്ളിയ മാധ്യമപ്രവർത്തകർ, ഇതര മതവിദ്വേഷം ഭക്ഷിച്ചു ജീവിക്കുന്ന ന്യൂനപക്ഷ വർഗീയവാദികൾ... നാടു നശിപ്പിക്കുകയാണ്. സംശയ-ശത്രുനിർമിതികളെ കരുതിയിരിക്കണം. ഇന്നലെവരെ തോളിൽ കൈയിട്ട് ഒന്നിച്ചുനടന്ന അയൽക്കാരൻ ശത്രുവാണെന്നു പറയുന്നവർ രണ്ടുപേരുടെയും ശത്രുവാണെന്നു തിരിച്ചറിയണം. ഇതിനെതിരേ പൊരുതിയില്ലെങ്കിലും ദയവായി പങ്കെടുക്കരുത്. ഏതു പ്രളയത്തെയും നാം അതിജീവിക്കും. പക്ഷേ, സഹോദരങ്ങളുടെ വെറുപ്പുമഴയിൽ ദുർബലരായിപ്പോകും. പരസ്പരം കരുത്തു പകരാം.
Editorial
“വിദ്വേഷപ്രസംഗങ്ങൾ തടയുന്നതിനു നിലവിലെ നിയമങ്ങൾ പര്യാപ്തമാണ്. അതു നടപ്പാക്കുന്നതിലെ പോരായ്മയാണ് പ്രശ്നം.’’- സുപ്രീംകോടതി
കോടതിയുടെ ഈ നിരീക്ഷണം തങ്ങളോടാണെന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മനസിലാകാതിരിക്കാനുള്ള സങ്കീർണതയൊന്നും ഇതിലില്ല. നിയമങ്ങൾ നടപ്പാക്കേണ്ടത് സർക്കാരുകളാണ്. പക്ഷേ, അതു ചെയ്യുന്നില്ല. എന്തുകൊണ്ട്? നടപടിയെടുക്കേണ്ട സർക്കാരിന്റെ ഭാഗമായ മന്ത്രിമാരും ഭരിക്കുന്ന പാർട്ടിയും ഉൾപ്പെടെ വിദ്വേഷപ്രസംഗങ്ങളിൽ പങ്കാളികളാകുമ്പോൾ പോലീസടക്കമുള്ള സംവിധാനങ്ങൾ നിഷ്ക്രിയരാകുന്നു എന്നതാണ് ഈ ചോദ്യത്തിനുത്തരം. 2020 മുതൽ സമൂഹ-മുഖ്യധാരാ മാധ്യമങ്ങളിലൂടെ നടത്തിയ വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികളിലാണു പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ വിസമ്മതിച്ചുകൊണ്ട് സുപ്രീംകോടതി നിരീക്ഷണം നടത്തിയത്. അങ്ങനെ നിയമപാലനം, നിയമലംഘനത്തിന്റെ ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന അധികാരകേന്ദ്രങ്ങളിലേക്കു തിരിച്ചെത്തിയിരിക്കുന്നു. സർക്കാരാണു തീരുമാനിക്കേണ്ടത്, ഹർജിക്കാരാണോ വിഭജനക്കാരാണോ പിരിഞ്ഞുപോകേണ്ടതെന്ന്; രാഷ്ട്രമാണോ രാഷ്ട്രീയമാണോ മുഖ്യമെന്ന്.
ഗോസംരക്ഷണത്തിന്റെ പേരിലും ബീഫ് കൈവശം വച്ചെന്നാരോപിച്ചും ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നെന്ന ഹർജികളിൽ 2022 ഒക്ടോബറിൽ സുപ്രീംകോടതി മാർഗരേഖ പുറത്തിറക്കിയിരുന്നു. വിദ്വേഷപ്രസംഗങ്ങൾക്കെതിരേ പരാതികൾക്കായി കാത്തുനിൽക്കാതെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് 2023ൽ സുപ്രീംകോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചതാണ്. എന്നാൽ, ഇതൊന്നും കൃത്യമായി പാലിക്കപ്പെടാത്തതിനാൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജി. അതിനു വിസമ്മതിച്ചുകൊണ്ടാണ്, ഇത്തരം വിഷയങ്ങൾ പരിഹരിക്കുന്നതിനു നിലവിലെ നിയമങ്ങൾ പര്യാപ്തമാണെന്നും അതു നടപ്പാക്കുന്നതിലെ പോരായ്മയാണ് പ്രശ്നമെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്.
കോടതി അതിന്റെ അധികാരപരിധി ലംഘിക്കില്ലെന്ന നിലപാടു സ്വീകരിച്ചതോടെ പന്ത് സർക്കാരിന്റെ കളത്തിലേക്കു വീണ്ടുമെത്തിയിരിക്കുന്നു എന്നു പറയാം. കോടതികൾക്കു നിയമത്തെ വ്യാഖ്യാനിക്കാനല്ലാതെ പുതിയ നിയമങ്ങൾ നിർമിക്കാൻ സർക്കാരിനെ നിർബന്ധിക്കാനാകില്ല. വിദ്വേഷ പ്രസംഗം തടയാൻ നിയമപരിഷ്കാരം ആവശ്യമാണോയെന്ന് പരിശോധിക്കേണ്ടത് പാർലമെന്റും നിയമസഭകളുമാണ്. ഒരു പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തപക്ഷം പരാതിക്കാരൻ പോലീസ് സൂപ്രണ്ടിനെയോ മജിസ്ട്രേറ്റിനെയോ സമീപിക്കുന്നതിലൂടെ അന്വേഷണത്തിന് ഉത്തരവിടാനാകും. മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുന്നത് കോടതി നടപടികൾ ഔദ്യോഗികമായി തുടങ്ങുന്നതിന് തുല്യമല്ലെന്നും അതിനാൽ ഇതിനായി മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അതായത്, സർക്കാരുകളുടെ നിഷ്ക്രിയതയിലേക്കു വെളിച്ചം വീശുന്നുണ്ടെങ്കിലും, കോടതിവിധി പൂർണമായും നിരാശാഭരിതമല്ല. ഉള്ള നിയമങ്ങൾ വച്ചുതന്നെ പരാതിക്കാർക്ക് പോലീസിനെയും കോടതിയെയും സമീപിക്കാം. സ്ഥിരം വിദ്വേഷപ്രചാരകർ അടുത്തിടെയും കേരളത്തിൽ അതാവർത്തിച്ചു. കേസെടുക്കാൻ കേന്ദ്രസർക്കാർ വരേണ്ടതില്ലല്ലോ. പക്ഷേ, സംസ്ഥാനം നോക്കുകുത്തിയായി. ഇവിടെയാണ് പ്രതിപക്ഷത്തിന്റെ പരാജയങ്ങൾ പരാമർശിക്കേണ്ടിവരുന്നത്.
നമ്മുടെ രാജ്യത്തെ വിദ്വേഷപ്രസംഗങ്ങളിലേറെയും ന്യൂനപക്ഷങ്ങൾക്കെതിരേ ആണെന്നത് അതിന്റെ രാഷ്ട്രീയത്തെ പരസ്യമാക്കുന്നുണ്ട്. 2025ൽ 1318 വിദ്വേഷപ്രസംഗങ്ങളുണ്ടായെന്ന് ഇന്ത്യ ഹേറ്റ് ലാബിന്റെ റിപ്പോർട്ട് പറയുന്നു. പ്രസംഗകർ ജയിലിലല്ല, സ്വന്തം വീടുകളിലും ആശ്രമങ്ങളിലും നിയമനിർമാണസഭകളിലുമാണ് ഇപ്പോഴുമുള്ളത്. ബിജെപിക്ക് വ്യക്തമായൊരു ലക്ഷ്യമുണ്ട്. 100 വർഷം പിന്നിട്ട ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ശീഘ്രഗതിയാർന്ന ആ പഥസഞ്ചലനത്തെക്കുറിച്ച് പ്രതിപക്ഷത്തിന് കൃത്യമായ അറിവില്ല. അല്ലെങ്കിൽ അവരുടെ നേതൃശൂന്യ-അലസ രാഷ്ട്രീയത്തിന് അതിനെ ചെറുക്കാനുള്ള പദ്ധതിയോ ശേഷിയോ ഇല്ലാതെപോയി. അതുമല്ലെങ്കിൽ വോട്ടുനഷ്ടത്തിന്റെ ഭയത്തിൽ സ്വീകരിച്ച മൃദുഹിന്ദുത്വവും ന്യൂനപക്ഷ വർഗീയപ്രീണനവും അവരെ സംശയനിഴലിലാക്കി. അങ്ങനെ ഛിന്നഭിന്നമായ പ്രതിപക്ഷം, രാജ്യത്തെ ന്യൂനപക്ഷങ്ങൾ രണ്ടാംതരം പൗരന്മാരെപ്പോലെ വിദ്വേഷപ്രസംഗകരുടെ ഉന്നമായപ്പോൾ നിഷ്ക്രിയരായിരിക്കുന്നു.
നാം ഒരേ സംസ്കാരത്തിന്റെ തുല്യാവകാശികളായ സഹോദരങ്ങളാണ്. വിദ്വേഷാഗ്നിയിൽ ഇന്ത്യാദഹനമരുത്. പുതിയ വിദ്വേഷരാഷ്ട്രീയത്തെ ചെറുക്കാൻ വിയർക്കാത്ത പഴയ രാഷ്ട്രീയം പോരെന്നു തിരിച്ചറിയണം. തീയിടുന്നവർ മാത്രമല്ല, അണയ്ക്കാതെ മാറിനിൽക്കുന്നവരും കണക്കുപറയേണ്ടിവരുന്നൊരു കാലം വിദൂരമല്ല.
Editorial
ഏതാനും ദിവസങ്ങൾക്കു മുന്പാണ്, ജിതു മുണ്ട എന്ന ഒഡീഷക്കാരൻ, എട്ടു പതിറ്റാണ്ടു പഴക്കമുള്ള സ്വതന്ത്ര ഇന്ത്യയുടെ അഴുകിയ വികസനബാക്കി കുഴിമാന്തിയെടുത്തത്. അതിരാവിലെ ശ്മശാനത്തിലെത്തിയ അയാൾ, മൂന്നുമാസം മുന്പ് സംസ്കരിച്ച സഹോദരി കാക്രയുടെ മൃതദേഹം പുറത്തെടുത്തു. അഴുകിത്തീർന്നിട്ടില്ലാത്ത ഭാഗങ്ങൾ ഒരു ചാക്കിൽ കയറ്റി മൂന്നു കിലോമീറ്റർ അകലെയുള്ള ബാങ്കിലേക്കു നടന്നു. കൊടുംചൂടാണെങ്കിലും ഉടുപ്പുമില്ല, ചെരിപ്പുമില്ല. വിയർത്തൊഴുകി അസ്ഥികൂടവും ചുമന്നെത്തിയ ആ ഗോത്രവാസിയെ കണ്ട് ബാങ്കിലുണ്ടായിരുന്ന, കോട്ടും സൂട്ടുമണിഞ്ഞ നഗരവാസികൾ നടുങ്ങിപ്പോയി. സഹോദരിയുടെ അക്കൗണ്ടിൽ 19,300 രൂപ ബാക്കിയുണ്ട്. കാക്രയുടെ ഭർത്താവും മകനും മരിച്ചതിനാൽ ജിതുവാണ് അനന്തരാവകാശി. പക്ഷേ, ബാങ്കിനു ചിട്ടകളുണ്ട്. ഒന്നുകിൽ അക്കൗണ്ട് ഉടമ വരണം. അല്ലെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് വേണം. സർട്ടിഫിക്കറ്റ് വാങ്ങിയെടുക്കുന്നതിന്റെ സങ്കീർണതയേക്കാൾ എളുപ്പം കുഴിമാന്തി ശവമെടുക്കുന്നതാണെന്ന് അദ്ദേഹത്തിനു തോന്നി. അസ്ഥികൂടം ബാങ്കിലെത്തിച്ചു. ബാക്കി പറയുംമുന്പ്, ഉത്തരമില്ലാത്ത ആ ചോദ്യം തടസപ്പെടുത്തുന്നു; “ആരുടേതാണ് ഇന്ത്യ?”
നമുക്കിതിനെ രണ്ടു രീതിയിൽ സമീപിക്കാം. ഒന്ന്, ഒഡീഷയിലെ ഒരു ദരിദ്ര-ഗോത്രവാസി, ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞതു മനസിലാക്കാനുള്ള ബോധംപോലുമില്ലാതെ സഹോദരിയുടെ അസ്ഥികൂടവും ചുമന്നുകൊണ്ട് വന്നിരിക്കുന്നു. രണ്ട്, ഒരു സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ പോലുമുള്ള വിദ്യാഭ്യാസമില്ലാത്തവരും, അല്ലെങ്കിൽ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിൽനിന്ന് അതു നേടിയെടുക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് സഹിക്കാനാകാത്തവരും, തുച്ഛമായൊരു തുകയ്ക്കുവേണ്ടി അഴുകിയ മൃതദേഹംപോലും തോളിലേറ്റാൻ മടിയില്ലാത്തവരുമായ നിരവധി ദരിദ്രർ രാജ്യത്തുണ്ട്. ഏതാണു ശരിയെന്ന് ഓരോരുത്തർക്കും താന്താങ്ങളുടെ രാഷ്ട്രീയമനുസരിച്ചു നിശ്ചയിക്കാം. റിപ്പോർട്ടുകളനുസരിച്ച്, ജിതുവിന്റെ സഹോദരി കാക്ര മുണ്ട മരിച്ചത് ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിലാണ്. ഉദരരോഗത്താൽ വലഞ്ഞിരുന്ന അവർ ചികിത്സയ്ക്കോ മറ്റോ സ്വന്തം കാളയെ വിറ്റ വകയിൽ കിട്ടിയ 19,000 രൂപ (പെൻഷൻ ലഭിച്ചതെന്ന് ചില റിപ്പോർട്ടുകൾ) ബാങ്കിൽ നിക്ഷേപിച്ചിരുന്നു. മരിക്കുംമുന്പ് അവർ അതു ജിതുവിനോടു പറഞ്ഞിരുന്നു. കാക്രയ്ക്ക് മറ്റാരുമില്ലാത്തതിനാൽ ജിതു ബാങ്കിനെ സമീപിച്ചു. പലതവണ ബാങ്കിലെത്തിയെങ്കിലും ഉദ്യോഗസ്ഥർ സാങ്കേതികത്വം പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയച്ചു.
ചരിത്രസംഭവം വാർത്തയായതോടെ സാങ്കേതികത്വമെല്ലാം മാറ്റിവച്ച് ബാങ്ക് ജിതുവിനു പണം കൊടുത്തു. ഒഡീഷ റവന്യു മന്ത്രി സുരേഷ് പൂജാരി ബാങ്ക് ഉദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലാത്ത നടപടിയെ വിമർശിക്കുകയും ചെയ്തു. ബാങ്കിന്റേതു നടപടിക്രമമാണെന്നും, ഇതേ ബാങ്കുകൾ മറ്റു ചിലർക്ക് കാർക്കശ്യമില്ലാതെ കോടാനുകോടി രൂപ ‘വായ്പ’ കൊടുക്കുമെന്നും അതിൽ വലിയൊരു പങ്ക് കിട്ടാക്കടമായി എഴുതിത്തള്ളുമെന്നും മന്ത്രിക്ക് അറിയാത്തതല്ല. നമ്മുടെ സിസ്റ്റം അങ്ങനെയാണ്. അതുകൊണ്ടാണ്, ഒഡീഷയിൽത്തന്നെ 2016ൽ ദാനാ മാഞ്ചി എന്ന ഗോത്രവർഗക്കാരന് ആംബുലൻസിനു കൊടുക്കാൻ പണമില്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹം തോളിലിട്ട് 60 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്കു മകൾക്കൊപ്പം നടക്കേണ്ടിവന്നത്. മൃതദേഹം ചുമക്കുന്നതിൽനിന്ന് അസ്ഥികൂടം ചുമക്കുന്നതിലേക്കാണ് ചില സംസ്ഥാനങ്ങളുടെ പുരോഗതി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ 41.5 കോടി ഇന്ത്യക്കാർ ദാരിദ്ര്യരേഖയിൽനിന്നു പുറത്തു കടന്നെന്ന് കഴിഞ്ഞ വർഷം യുഎൻ റിപ്പോർട്ട് ഉണ്ടായിരുന്നു. പക്ഷേ, ജിതു മുണ്ടയെയും ദാനാ മാഞ്ചിയെയുംപോലുള്ള ആദിവാസി-ദളിത്-ദരിദ്ര ജനകോടികൾ ഇതൊന്നും അറിയുന്നുപോലുമില്ല.
ജിതു മുണ്ടെയുടെ നാട് കെയോഞ്ജർ ജില്ലയിലാണ്. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ മാതൃജില്ല. മനസിലായില്ലെങ്കിൽ ഒന്നുകൂടി പറയാം; ഇതേ ജില്ലയിലെ മനോഹർപുരിലാണ് 1999ൽ കുഷ്ഠരോഗികൾക്കും ആദിവാസികൾക്കുമിടയിൽ പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും ഫിലിപ്, തിമോത്തി എന്നീ രണ്ടു മക്കളെയും ഹിന്ദുത്വവാദികൾ ജീപ്പിലിട്ട് ജീവനോടെ ചുട്ടുകൊന്നത്. ഇതരമതവിദ്വേഷത്താൽ കൊല്ലാനിറങ്ങിയവർക്ക് പക്ഷേ, സ്വമതത്തിന്റെ പേരിൽപോലും ആരെയും രക്ഷിക്കാൻ ബാധ്യതയില്ല! പ്രതിപക്ഷ പാർട്ടികളായ ബിജെഡിയും കോൺഗ്രസും സംഭവത്തെ അപലപിച്ചു; ആവശ്യമാണ്. പക്ഷേ, ഏറ്റവുമധികം കാലം രാജ്യം ഭരിച്ച കോൺഗ്രസിനു കുറ്റബോധത്തോടെയല്ലാതെ ഈ ദളിത്-ദരിദ്ര യാഥാർഥ്യങ്ങളെ അപലപിക്കാനാകില്ല. ഈ ദരിദ്രരെ പുതിയ ഭരണകൂടങ്ങൾക്കു കൈമാറിയത് അവരാണ്. ബിജെപിയുടെയും വികസന മാമാങ്കങ്ങളുടെ പരിസരത്താണ് ജിതു മുണ്ട കുഴി മാന്തിയിരിക്കുന്നത്. എന്തുമാത്രം ദരിദ്രനായിരുന്നിട്ടാവണം ഇടാനൊരു ഉടുപ്പോ ചെരിപ്പോ പോലുമില്ലാത്ത അസ്ഥികൂടം പോലൊരു മനുഷ്യൻ അഴുകിത്തീരാത്തൊരു മൃതദേഹം തോളിലെടുത്തത്!
നമ്മുടെ വികസന പദ്ധതികൾ പാവപ്പെട്ടവരെയും ദളിതരെയും ആദിവാസികളെയും ഇപ്പോഴും പുറന്പോക്കുകളിൽ നിർത്തിയിരിക്കുകയാണ്. ഒരു സർട്ടിഫിക്കറ്റ് കൊണ്ടുവരാൻ ആജ്ഞാപിക്കുകയല്ല, നിരക്ഷരരായ മനുഷ്യർക്ക് അതു തയാറാക്കിക്കൊടുത്ത് അവരുടെ പണം കൈയിൽ വച്ചുകൊടുക്കുന്ന സംവിധാനമുണ്ടാകണം. സാധാരണക്കാരുടെ പലിശകൊണ്ടും സേവനക്കൂലിയുംകൊണ്ടു ചീർത്ത ബാങ്കുകൾ അവർക്കല്ല ലാഭത്തിലേറെയും തിരിച്ചുകൊടുക്കുന്നതെന്ന് അധികാരികളറിയണം. പരിസരത്തെ മനുഷ്യരെ കാണാത്ത തദ്ദേശ സ്ഥാപനങ്ങളെ ഉടച്ചുവാർക്കണം. ഒരു സർട്ടിഫിക്കറ്റിനായി ഒന്പതു തവണ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്ന മനുഷ്യരുടെ ദുരിതമറിയണം. കടലാസുകൾ സർട്ടിഫിക്കറ്റുകളായി മാറണമെങ്കിൽ പല ഓഫീസുകളിലും കൈക്കൂലി നിർബന്ധമാണെന്ന് അറിയണം. ഒരാൾ ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ, അവകാശങ്ങളില്ലാതെ ജീവിക്കുന്നു. അർഹതയുള്ള ഇത്തിരി പണത്തിനുവേണ്ടി പലതവണ ബാങ്ക് കയറിയിറങ്ങുന്നു. എന്താണ് ചെയ്യേണ്ടതെന്നു പറഞ്ഞുകൊടുക്കാനോ ചെയ്തുകൊടുക്കാനോ ആളില്ലാത്തതിനാൽ ശവക്കുഴി മാന്തുന്നു. ഏറെനേരത്തിനൊടുവിൽ മൃതദേഹം പുറത്തെടുക്കുന്നു; മൂന്നര കിലോമീറ്റർ അതുമായി പൊതുവഴിയിലൂടെ നടക്കുന്നു; സർക്കാർ അറിയുന്നേയില്ല.
മൃതദേഹം കൊണ്ടുവരാൻ തങ്ങൾ പറഞ്ഞിട്ടില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞത്. ശരിയാണ്; വായ്പ തരില്ലെന്നു പറഞ്ഞാൽ, പോയി ചാകാൻ പറയുന്നതുപോലെയാണ് ചില ‘ദാരിദ്ര്യവാസികൾ’ കേൾക്കുന്നതെന്ന് അവർക്കറിയില്ല. പക്ഷേ, നാടു ഭരിക്കുന്ന സദ്ഭരണ വായാടികൾ അതറിയണം. എസിക്കു പകരം സവാള വയ്ക്കുന്ന ശൈലിയിലുള്ള വികസനപ്രക്രിയകൊണ്ട് ആഗോള സാന്പത്തികശക്തിയാകാം, പൊള്ളുന്ന യാഥാർഥ്യങ്ങളെ മറയ്ക്കാനാകില്ല. 80 വർഷം പഴക്കമുള്ളൊരു വികസനശ്മശാനത്തിൽനിന്നു ജിതു എന്ന മനുഷ്യനല്ല, ജീവനുള്ളൊരു അസ്ഥികൂടമാണ് മറ്റൊന്നും തോളിലേന്തി നടന്നുവരുന്നത്.
Editorial
എന്താണീ പറയുന്നത്? നമുക്കു കൈ കോർക്കാൻ, ഒന്നിച്ചൊരു പാട്ടു പാടാൻ, സാഹോദര്യത്തിന്റെ ആനന്ദനൃത്തമാടാൻ അവരുടെ അനുമതി വേണമെന്നോ? പ്രളയങ്ങളും മഹാമാരികളും മതം നോക്കാതെ പ്രാണനെടുക്കാൻ വീടുവീടാന്തരം കയറിയിറങ്ങിയപ്പോൾ കൈകോർത്ത സഹോദരങ്ങളല്ലേ നാം. പ്രളയത്തിലൊഴുകിപ്പോയ ജീവനു കണക്കില്ല. കോവിഡിൽ മരണം മഴപോലെ പെയ്യുകയായിരുന്നു. അന്നൊന്നും ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും മസ്ജിദിലേക്കും ഇവരാരും തിരിഞ്ഞുനോക്കിയില്ല. കൊറോണയെ പേടിച്ച്, സ്വന്തം മതക്കാരനെ ശുശ്രൂഷിക്കാനോ ശവമടക്കാനോപോലും മാളത്തിൽനിന്നിറങ്ങിയിട്ടില്ലാത്തവരാണ് ഇപ്പോൾ ഒരു പാട്ടിൽനിന്നു മതത്തെ രക്ഷിക്കാനിറങ്ങിയിരിക്കുന്നത്!
പക്ഷേ, നമ്മളൊന്നാണെന്നു പറഞ്ഞ് യുവാക്കളുൾപ്പെടെ രംഗത്തെത്തുന്നു. സമൂഹമാധ്യമങ്ങളിൽ വിദ്വേഷവ്യാപാരികൾക്കു പൊങ്കാലയിടുന്നു. സ്നേഹത്തിന്റെ വിരുന്നൊരുക്കുന്നു. ആരാധനാലയമുറ്റങ്ങളിൽ സഹോദരമത ഭക്തിഗാനങ്ങൾ കേട്ട് നൃത്തമാടുന്ന വിശ്വാസികളുടെ വീഡിയോകൾ കുത്തിപ്പൊക്കി സാഹോദര്യം ചൂണ്ടിക്കാണിക്കുന്നു. ഇതാണു ഞങ്ങളുടെ കേരളമെന്ന് ആർപ്പുവിളിക്കുന്നു... അതേ, കേരളം നരകക്കുഴിയല്ല, ദൈവനാടാണ്.
കോട്ടയം നട്ടാശേരിയിൽ ക്ഷേത്രത്തിനു പുറത്ത് ഭജനസംഘം ഒരു ക്രിസ്ത്യൻ പാട്ട് പാടിയത് ഭൂരിപക്ഷവും ഹിന്ദുക്കളായ ശ്രോതാക്കളുടെ അംഗീകാരത്തോടെയും കരഘോഷത്തോടെയുമായിരുന്നു. “ഈ പരദേവനഹോ നമുക്ക് പരിത്രാണനത്തിൻ അധിപൻ” എന്നു പാടുംമുന്പ് ഗായകൻ നവീൻ മോഹൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ: “ ഞാൻ എൽകെജി മുതൽ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്. നമ്മുടെ ഹോളി ഫാമിലി സ്കൂളിൽ. എന്റെ കുറേ സുഹൃത്തുക്കളൊക്കെ ഇവിടെയുണ്ട്. ഈ ഭജന നടക്കുന്പോൾ തിരക്കുണ്ടാകുമെന്നറിഞ്ഞിട്ട് നമുക്കുവേണ്ടി പാർക്കിംഗ് സൗകര്യമൊക്കെ ഒരുക്കിത്തന്നത് ഈ പള്ളി ഗ്രൗണ്ടിലാണ്. ദേശവിളക്ക് അടുത്ത ദിവസമുണ്ട്. അതിവിടെ നടക്കുന്ന സമയത്ത് ഇവിടെ പള്ളിയിലും വിളക്കു കത്തിക്കാറുണ്ട്. അങ്ങനത്തെ ഒരു നാടാണ്. ഈ കാലഘട്ടത്തിൽ മതസൗഹാർദമെന്നൊക്കെ പറയുന്നത് എന്തൊക്കെയോ പ്രശ്നംപോലെ കമന്റുകൾ വരാറുണ്ട്. അങ്ങനെയൊന്നും അറിയില്ലാത്ത കാലഘട്ടത്തിൽ ജീവിച്ച മനുഷ്യന്മാരാണ് നമ്മൾ. ഭജന കേൾക്കാൻവേണ്ടി തിരുവനന്തപുരത്തുനിന്ന് ക്രിസ്ത്യൻസ് ആയിട്ടുള്ള, എന്നെ പഠിപ്പിച്ച ടീച്ചേഴ്സ്, സിസ്റ്റേഴ്സ് ഒക്കെ ഇവിടെ വന്നിട്ടുണ്ട്. അവരൊക്കെ ഇവിടെ ഉണ്ടാകും. ഒരു കാര്യത്തിലും വ്യത്യാസങ്ങൾ കാണാത്ത ഒരു നാടാണിത്. അപ്പോ നമുക്കുവേണ്ടി ഇത്രയും സൗകര്യങ്ങളൊക്കെ ചെയ്തുതന്ന അവർക്കുവേണ്ടി ഒരു പാട്ട് നമുക്ക് പാടാമല്ലോ അല്ലേ?” കൈയടികൾക്കിടയിൽ പാട്ടു തുടങ്ങുകയും ചെയ്തു.
ഇത് എത്ര നല്ല കേരള സ്റ്റോറിയാണെന്ന് ആളുകൾ ചിന്തിച്ചും പറഞ്ഞും മുന്നേറവേയാണ് അപശബ്ദമുയർന്നത്. “നന്ദഗോവിന്ദം ഭജൻസ് കുന്തിരിക്കം ഭജൻസ് ആയതെങ്ങനെ?” തൊട്ടുപിന്നാലെ സ്ഥിരം വിദ്വേഷവേദികൾ മൈക്കുകളെടുത്തു. “ഭജനയെന്നാൽ ഗാനമേളയല്ല, പള്ളിമുറ്റത്താണെങ്കിൽ ഹിന്ദുഭക്തിഗാനം പാടുമോ...?” പതിവുപോലെ ക്രിസ്ത്യൻ വർഗീയ സംഘടനയും ‘പണി’ക്കിറങ്ങി. പക്ഷേ, പതിവിനു വിപരീതമായി മതവിശ്വാസികളിൽ നിരവധിപ്പേർ മറുപടി പറയാൻ ധൈര്യം കാണിച്ചു. പെരുന്നാളിനു പള്ളിമുറ്റത്ത് അയ്യപ്പഭക്തിഗാനം പാടുന്നതും ജാതിമതഭേദമെന്യേ ആളുകൾ ഇളകിയാടുന്നതുമായ വീഡിയോകളുമുൾപ്പെടെ എല്ലാ മതങ്ങളിലെയും സൗഹൃദക്കാഴ്ചകൾ പുറത്തുവന്നു. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ഭക്തിഗാനങ്ങളെഴുതി മലയാളിയെ നമ്രശിരസ്കരാക്കിയ ശ്രീകുമാരൻ തന്പി, യേശുദാസിന്റെ ‘ഹരിവരാസനം’ കേട്ട് പള്ളിയുറങ്ങുന്ന ശബരിഗീരിശനെക്കുറിച്ചും, ഉസ്താദ് ബിസ്മില്ലാഖാന്റെ ഷെഹനായ് കേൾക്കുന്ന കാശി വിശ്വാഥനെക്കുറിച്ചും, യൂസഫലി കേച്ചേരിയെഴുതിയ കൃഷ്ണഭക്തിഗാനങ്ങളെക്കുറിച്ചും നമ്മെ ഓർമിപ്പിക്കുന്നു. പക്ഷേ, വിഷപ്രചാരണത്തെ കലയാക്കിയവരും കൂട്ടാളികളും അടങ്ങുന്നില്ല. അവർ വിഭജനരാഷ്ട്രീയം പയറ്റുകയാണ്. ശ്രദ്ധിച്ചാലറിയാം, സ്ഥിരമായി ഇതര മതവിദ്വേഷം പറയുന്നവരും തമ്മിലടിപ്പിക്കുന്നവരും തന്നെയാണ് ഇത്. ഇവരുടെ സമൂഹമാധ്യമങ്ങളിൽ കയറിനോക്കുക, വെറുപ്പല്ലാതൊന്നും വില്പനയ്ക്കില്ല. ഈ രാഷ്ട്രീയത്തിനെതിരേ കേരളം സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പാരന്പര്യം മുറുകെപ്പിടിക്കണം.
അവർ മറക്കാൻ പറയുന്നത് നമ്മൾ ഓർമിപ്പിച്ചുകൊണ്ടേയിരിക്കണം. ഒന്നിച്ചതിനാൽ മാത്രം ജയിച്ച യുദ്ധങ്ങളെക്കുറിച്ചു മക്കളോടു പറയണം. ഒരു മേൽക്കൂരയ്ക്കടിയിൽ ഉണ്ടുമുറങ്ങിയും കഴിഞ്ഞ നാളുകൾ! പെരുമഴയുടെ താളത്തിലും മഹാമാരിയുടെ ഈണത്തിലുമൊരുങ്ങിയ ദുഃഖഗീതങ്ങൾ കേരളത്തെ ഈറനണിയിച്ച കാലത്തെക്കുറിച്ച്. കിട്ടിയ പൊതിച്ചോർ പങ്കുവച്ചവർ, എന്റെ വീട് നിന്റേതുമാണെന്ന് ഓർമിപ്പിച്ചവർ, വില തരേണ്ടെന്നു പറഞ്ഞ് കടകൾ തുറന്നിട്ടവർ..! മറക്കരുത്, ക്ഷേത്ര-പള്ളി-മസ്ജിദ് കെട്ടിടങ്ങൾ എല്ലാവർക്കുമായി തുറക്കപ്പെട്ട നാളുകൾ! അക്കാലത്ത് വള്ളത്തിൽനിന്നു വെള്ളത്തിൽ വീഴാതിരിക്കാൻ മുതുകു കാട്ടിക്കൊടുത്തവരെക്കുറിച്ചു പറയണം. ഓഖി വീശിയ കടലാഴങ്ങളിൽനിന്നു സെമിത്തേരിയിലേക്കെടുത്ത പ്രിയപ്പെട്ടവരുടെ സംസ്കാരത്തിന്റെ കണ്ണീരുണങ്ങുംമുന്പേ പ്രളയത്തിൽ മുങ്ങിയ അപരനെ പൊക്കിയെടുക്കാൻ വള്ളങ്ങളുമായിറങ്ങിയ മീൻപിടിത്തക്കാരെക്കുറിച്ചു പറയണം. കരുത്തായ സർക്കാരിനെക്കുറിച്ച്, രാവും പകലും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പരക്കംപാഞ്ഞു നടന്ന ജെൻസിയെക്കുറിച്ച്, കോവിഡ് ബാധിച്ചു പിടഞ്ഞ സഹോദരങ്ങൾക്കുവേണ്ടി ജീവൻ വെടിഞ്ഞ ആതുരശുശ്രൂഷകരെക്കുറിച്ചു പറയണം... ഈ കേരളത്ത നമുക്കെങ്ങനെയാണ് ഒരു പാട്ടുകൊണ്ട് വിഭജിക്കാനാകുന്നത്.
ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം കണ്ണൂർ പരിയാരത്തുനിന്നു വന്ന ഒരു വാർത്തകൂടി ചൂണ്ടിക്കാട്ടാം. പരിയാരം ഏമ്പേറ്റ് അമ്പേറ്റുകാവ് കിരാതേശ്വര ക്ഷേത്രോത്സവ പരിപാടിക്കായി കണ്ണൂർ രൂപതയുടെ കീഴിലുള്ള പരിയാരം സെന്റ് ഫ്രാൻസിസ് പള്ളി മതിൽ പൊളിച്ചുകൊടുത്ത് സൗകര്യമൊരുക്കി. കലാപരിപാടി നടത്താനും പാർക്കിംഗിനുമായാണ് ഇത്തരമൊരു സൗകര്യം പള്ളിക്കമ്മിറ്റി രൂപതാധ്യക്ഷന്റെ അനുമതിയോടുകൂടി ചെയ്തത്.
ക്ഷേത്രങ്ങളിലും പള്ളികളിലും മസ്ജിദുകളിലും നടത്തുന്ന പൂജകളെയും പ്രാർഥനകളെയും കുറിച്ചല്ല നാം പറയുന്നത്. അതൊക്കെ അതിന്റെ തനിമയോടെ നടക്കട്ടെ. പക്ഷേ, പുറത്ത് നമ്മുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇതര മതസ്ഥരും നിരീശ്വരവാദികളുമൊക്കെയുണ്ടാകും. അവർ നമ്മുടെ അതിഥികളാണ്. അവരെയും ചേർത്തുപിടിക്കാതെ ഒറ്റയ്ക്ക് ആഘോഷിക്കുന്ന ശാഠ്യങ്ങളാണ് വിശ്വാസമെന്നു കരുതുന്നുണ്ടെങ്കിൽ നാം തിരുത്തേണ്ടതുണ്ട്.
ഉഷ്ണകാലമാണ്; വീടുകൾക്ക്, എന്തിന് സ്നേഹത്തണുപ്പുള്ള ആരാധനാലയങ്ങൾക്കടുത്തുപോലും ആപത്തുകളെത്തും. മനസുപോലെ പരിസരങ്ങളും മാലിന്യമൊഴിവാക്കി സൂക്ഷിക്കുക. ജാഗ്രത വേണമെന്നു മക്കളോടും പറയുക. ഈ കാലത്തെയും നമുക്ക് ഒന്നിച്ചുനിന്ന് അതിജീവിക്കണം.
Editorial
കഴിഞ്ഞ ദിവസം, കോട്ടയം കുറവിലങ്ങാട് നസ്രത്തുഹിൽ ഗ്രാമവാസികൾ ഉറക്കമുണർന്നത് ദുർഗന്ധം ശ്വസിച്ചുകൊണ്ടാണ്. ഇരുട്ടിലെത്തിയ സാമൂഹ്യദ്രോഹികൾ ഒരു കലുങ്കിനടിയിലേക്ക് ശുചിമുറി മാലിന്യം തള്ളി. കൊടുംവരൾച്ചയിൽ ഒരുതുള്ളി വെള്ളത്തിനുപോലും മനുഷ്യർ പരക്കംപായുന്നതിനിടെ ആ വിസർജ്യം കുടിവെള്ള പദ്ധതിയുടെ സ്രോതസിലേക്കുവരെ ഒലിച്ചിറങ്ങി.
മറുവശത്ത്, വെയിലത്താരും പണിക്കിറങ്ങരുതെന്നു തുടങ്ങുന്ന ഉപദേശങ്ങൾ ഭരണ സിരാകേന്ദ്രങ്ങളിൽനിന്ന് നാടാകെ ഒലിച്ചിറങ്ങുന്നു. പക്ഷേ, പണിക്കിറങ്ങാത്തവരുടെ പട്ടിണിയെക്കുറിച്ച് അതിലൊന്നുമില്ല. വേനലിൽ വറ്റിവരളുന്ന കിണറുകളെയും കുളങ്ങളെയും മാലിന്യം നിറഞ്ഞ ജലസ്രോതസുകളെയുംകുറിച്ച് കഴിഞ്ഞ മാസങ്ങളിൽ ജനങ്ങളും മാധ്യമങ്ങളും കൊടുത്ത മുന്നറിയിപ്പുകളൊക്കെ സർക്കാർ തള്ളിയതിന്റെ ഫലവും നാടാകെ അനുഭവിക്കുന്നു.
തീവ്രതയിൽ വ്യത്യാസമുണ്ടാകാമെങ്കിലും വേനലെത്തുന്നത് ആദ്യമല്ല. പക്ഷേ, വരൾച്ചാ മുന്നൊരുക്കങ്ങൾ നടത്താതെ ഇത്തവണയും നാമത് ഊതിക്കത്തിച്ച് ആഴിയാക്കിയിരിക്കുന്നു. വേനൽച്ചൂടറിയാത്തവരില്ലെങ്കിലും ആക്രമണത്തിനിരയാകുന്നതിലേറെയും സാധാരണക്കാരും പാവങ്ങളുമാണ്.
ശീതീകരിച്ചതു പോയിട്ട്, ഒരു മുറിയിൽ പോലുമല്ല അവർ ജോലി ചെയ്യുന്നത്. പാടത്തും പറന്പിലും പാത-കെട്ടിട നിർമാണങ്ങളിലുമൊക്കെ അവർ വിയർത്തൊഴുകുകയാണ്. സന്പാദ്യങ്ങൾ സാധ്യമാകാത്ത അവരിൽ പലർക്കും കൂലി കിട്ടിയേ തീരൂ.
അരി, പലചരക്ക്, പച്ചക്കറി, കുടിവെള്ളം, മരുന്ന്, കുട്ടികളുടെ വിദ്യാഭ്യാസം, വായ്പയടവ്... അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ സൂര്യാതപത്തേക്കൾ പൊള്ളിക്കുന്ന യാഥാർഥ്യങ്ങളാണ്. ജീവിതം ദുഃസഹമാക്കുന്ന കാഴ്ചകൾ വേറെയുമുണ്ട്. തോടുകളിലേക്കും പുഴകളിലേക്കും നോക്കൂ. ജല ഉപയോഗവും മത്സ്യബന്ധനവും ജലഗതാഗതവുമൊക്കെ അസാധ്യമാക്കിക്കൊണ്ട് ആഫ്രിക്കൻ പായലും പോളയും ജലാശയങ്ങളെ വനസമാനമാക്കി.
വെള്ളത്തിലേക്ക് സൂര്യപ്രകാശം കടക്കാത്തതിനാൽ ഓക്സിജനില്ലാതെ മത്സ്യങ്ങൾ ചത്തൊടുങ്ങുന്നു. കുട്ടനാട്ടിലുൾപ്പെടെ ജലഗതാഗതത്തെ ആശ്രയിക്കുന്നവരുടെ വഴി മുടങ്ങി. ബോട്ടുകളും വള്ളങ്ങളുമൊക്കെ അനക്കാനാകാത്തത് ടൂറിസത്തെയും ബാധിച്ചു. മത്സ്യബന്ധനവും ഏതാണ്ട് നിലച്ചു. കോരുവല മുതൽ ചീനവല വരെ വെള്ളത്തിലിറക്കാനാകില്ല. യഥാസമയം പോളവാരൽ നടത്തിയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.
വേനലിന്റെ നഷ്ടം ഏറ്റവുമധികം സഹിക്കുന്നതു കർഷകരാണ്. നെൽകർഷകരിൽ കുറച്ചുപേർകൂടി ഇനി കൃഷി വേണ്ടെന്ന് ഇത്തവണയും തീരുമാനിക്കും. സ്വകാര്യ മില്ലുകാരും അവരുടെ വിധേയരായ സർക്കാരും ചേർന്ന് സ്ഥിരം കൊയ്ത്തുകാല നാടകം ആരംഭിച്ചതോടെ നെല്ലെല്ലാം പാടത്തുണ്ട്. വേനൽമഴ ഭയക്കുന്ന കർഷകർ ഒടുവിൽ ഗതികെട്ട് മില്ലുകാർ പറയുന്ന കിഴിവിനും വിലയ്ക്കും നെല്ല് കൊടുക്കുമെന്ന് സർക്കാരിനുമറിയാം.
എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ കെടുകാര്യസ്ഥതയിൽ മുന്നിലാണ് പാളിയ നെല്ലുസംഭരണം. പച്ചക്കറി, വാഴ, കപ്പ, കമുക്, കുരുമുളക്, കൊക്കോ, ജാതി... എല്ലാം കരിഞ്ഞുണങ്ങി. ക്ഷീരകർഷകർക്കും എങ്ങനെ മുന്നോട്ടു പോകണമെന്നറിയില്ല. ഈ നഷ്ടങ്ങൾ അവരുടേതു മാത്രമാണ്. സർക്കാരിന്റെ വേനൽ പ്രതിരോധമെന്നാൽ, വിദ്യാർഥികളും കൂലിപ്പണിക്കാരും പൊതുജനങ്ങളും പുറത്തിറങ്ങുന്നതിനുള്ള സമയക്രമം പ്രസിദ്ധീകരിക്കുന്നതിലൊതുങ്ങി.
സർക്കാരില്ലെങ്കിലും ഗൂഗിൾ കൊടുക്കുന്ന സേവനങ്ങളാണ് ഇതൊക്കെ. ജനപ്രതിനിധികൾ ശീതീകരിച്ച മുറികളിൽനിന്നും കാറുകളിൽനിന്നും പുറത്തിറങ്ങി തെരുവുകളിലേക്കും പണിസ്ഥലങ്ങളിലേക്കും ഒരു ദിവസം നടന്നാൽ മനസിലാക്കാവുന്ന പാഠങ്ങളേ ഏതു വേനലും പഠിപ്പിക്കുന്നുള്ളൂ.
ജനങ്ങൾ ചെയ്യേണ്ടത് അവരും ചെയ്യണം. ആവശ്യത്തിനു വെള്ളം കുടിക്കാൻ സർക്കാരിന്റെ സഹായം വേണ്ടല്ലോ. 11നും മൂന്നിനുമിടയ്ക്ക് പുറംജോലികളിൽനിന്നു വിട്ടുനിന്നില്ലെങ്കിൽ ചികിത്സയ്ക്കുള്ള പണംകൂടി കണ്ടെത്തേണ്ടിവരും.
പണിയില്ലാത്തതിന്റെ പേരിൽ കടുത്ത പ്രതിസന്ധിയിലായവരെ സർക്കാർ സഹായിക്കുന്നില്ലെങ്കിൽ രാഷ്ട്രീയ-മത-ജീവകാരുണ്യ സംഘടനകളും അയൽക്കാരുമൊക്കെ കണ്ടുപിടിക്കണം; സഹായിക്കണം. കഴിഞ്ഞ വർഷകാലത്തും നമ്മൾ കുത്താതെ പോയ മഴക്കുഴികളിലൂടെയാണ് വേനൽ കിളിർത്തത്. ഒഴുക്കിക്കളഞ്ഞ 2026ലെ ലോക ഭൗമദിന പ്രമേയം ‘നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം’ എന്നതാണ്. ഭൂമിയെന്ന ഗ്രഹത്തെ സംരക്ഷിക്കേണ്ട ആവശ്യം അതിലുണ്ട്.
പക്ഷേ, ഈ ഗ്രഹമെന്നാൽ മനുഷ്യരും ഉൾപ്പെടെയാണെന്നു മറക്കരുത്. എന്നുവച്ചാൽ ഞാനെന്നോ നീയെന്നോ അവരെന്നോ ഇല്ലാതെ എല്ലാ മനുഷ്യരും. ഗ്രീഷ്മം ഋതുക്കളിലൊന്നാണ്. അതു വരാതിരിക്കില്ല. പക്ഷേ, സർക്കാരുകൾ പണിയെടുത്താൽ, നാം പരസ്പരം സഹായിച്ചാൽ, കുടിവെള്ളത്തിൽ വിസർജ്യം കലർത്താതിരുന്നാൽ, മാനവികതയിൽ വിഷം കലക്കാതിരുന്നാൽ... പൊള്ളലേൽക്കില്ല.
Editorial
കേരളം വിറങ്ങലിച്ചു നിൽക്കുകയാണ്. പത്തു വിനോദയാത്രികർ മരിച്ച വാൽപ്പാറ അപകടത്തിന്റെ വേദന തീരുംമുന്പേ തൃശൂരിലെ വെടിക്കെട്ടുപുരയിൽ നമ്മുടെ 14 സഹോദരങ്ങൾക്കു ജീവൻ നഷ്ടമായിരിക്കുന്നു. അതും 110 പേർ മരിച്ച പുറ്റിംഗൽ വെടിക്കെട്ടപകടത്തിനു 10 വർഷം തികഞ്ഞതിനു തൊട്ടുപിന്നാലെ.
കരിമരുന്നു കലാപ്രകടനത്തിലൂടെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ അഹോരാത്രം പണിയെടുക്കുന്നവരുടെയും അതു കാണാനെത്തുന്നവരുടെയുമൊക്കെ കൂട്ടമരണങ്ങൾ ഇനിയെത്ര കാണണം? ഒരപകടവും പാഠമാകുന്നില്ല. അപകടപ്പിറ്റേന്നത്തെ പൊള്ളയായ വാഗ്ദാനങ്ങളും പ്രതിജ്ഞകളുമൊന്നും പ്രായോഗികമാകുന്നുമില്ല.
ജോലിക്കാരുടെ പിഴവോ ചൂടു കാലാവസ്ഥയോ പറഞ്ഞ് ഉത്തരവാദിത്വം ഒഴിയാനാകില്ല. അതൊക്കെ നിരീക്ഷിക്കാനും കുറ്റമറ്റതാക്കാനുമുള്ള ഉദ്യോഗസ്ഥ-ഭരണ സംവിധാനങ്ങൾ പരാജയപ്പെട്ടു. ഫലമോ, നമ്മുടെ ഉത്സവങ്ങളും പെരുന്നാളുകളും നിലവിളികളിൽ മുങ്ങിത്താഴുന്നു. സഹജീവികളുടെ പട്ടടയിൽ ചവിട്ടിനിന്ന് എന്തു വിസ്മയം കാണാനാണ് നാം ആകാശത്തേക്കു നോക്കുന്നത്?
തൃശൂർ പൂരത്തിന്റെ പങ്കാളിയായ തിരുവന്പാടി വിഭാഗത്തിന്റെ മുണ്ടത്തിക്കോട്ടുള്ള വെടിക്കെട്ടുപുരയിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ സ്ഫോടനമുണ്ടായത്. 14 പേർ മരിച്ചു. വെടിക്കെട്ട് ലൈസൻസി സതീഷ് ഉൾപ്പെടെ 23 പേർ ചികിത്സയിലുണ്ട്. തൃശൂർ നഗരത്തിൽനിന്ന് 18 കിലോമീറ്റർ അകലെ മുണ്ടത്തിക്കോട് പാടത്തിനു നടുവിലെ 12 ഷെഡുകളിൽ 11 എണ്ണമാണ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിന്റെ പ്രകന്പനം അഞ്ചു കിലോമീറ്റർ ദൂരത്തും അനുഭവപ്പെട്ടു. നാലു മണിക്കൂറിനുശേഷവും തുടർസ്ഫോടനങ്ങൾ ഉണ്ടായി. വൈകുന്നേരം ആറോടെ തീ നിയന്ത്രണവിധേയമായപ്പോഴാണു രക്ഷാപ്രവർത്തനം ഊർജിതമാക്കാനായത്. വീണ്ടെടുത്ത മൃതദേഹങ്ങളിലേറെയും തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ്. അഗ്നിരക്ഷാസേനയ്ക്ക് എത്താൻ എളുപ്പമല്ലാത്ത സ്ഥലത്താണ് ഇത്രയധികം വെടിമരുന്നുകൾ ഒരുക്കിയതെന്നത് സ്ഫോടനത്തേക്കാൾ നടുക്കുന്ന കാര്യമാണ്.
നന്നാകാനാണെങ്കിൽ ശിക്ഷകൾ ഏറെ ഏറ്റുവാങ്ങിയിട്ടുള്ളതാണ് കേരളം. 20 വർഷത്തിനിടെ ചെറുതും വലുതുമായി 750 വെടിക്കെട്ടപകടങ്ങൾ പൊള്ളിച്ച നാടാണിത്. 2016 ഏപ്രിൽ 10ന് പുലർച്ചെയായിരുന്നു പുറ്റിംഗൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടപകടമുണ്ടായത്. 110 പേർ മരിക്കുകയും 750 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വീടുകൾ തകർന്നു.
ക്ഷേത്രം ഭാരവാഹികൾക്കും വെടിക്കെട്ടുകാർക്കുമെതിരേയായിരുന്നു കുറ്റപത്രം. പിന്നീടും ജീവനെടുത്ത അപകടങ്ങളുണ്ടായി. ഇപ്പോഴും വലിയതോതിൽ വെടിക്കെട്ട് നടത്തുന്ന ക്ഷേത്രങ്ങളും പള്ളികളുമൊക്കെയുണ്ട്. കമ്മിറ്റിക്കാർക്ക് നിർദേശം കൊടുത്ത് ചുമതലയൊഴിയാതെ ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നിടത്ത് അപകടങ്ങൾ കാര്യമായി സംഭവിക്കുന്നില്ല.
കരിമരുന്നു കലാപ്രകടനങ്ങളുടെ നടത്തിപ്പുകാർ പലപ്പോഴും സാന്പത്തിക താത്പര്യങ്ങളോ അമിതമായ ആത്മവിശ്വാസമോ ഉള്ളവരായിരിക്കാം. അവർ ആഗ്രഹിക്കുന്ന വിട്ടുവീഴ്ചകൾക്കു വഴങ്ങാതിരിക്കേണ്ടത് ചുമതലപ്പെട്ട ഉദ്യോഗസ്ഥരാണ്. അപകടമുണ്ടായാൽ ഉദ്യോഗസ്ഥരും പ്രതിയാകുമെന്ന് ഉറപ്പാക്കിയാൽ മാറ്റമുണ്ടാകും.
കഴിഞ്ഞദിവസം തമിഴ്നാട് വിരുദുനഗറിലെ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 23 പേർ മരിച്ചെന്ന വാർത്തയുടെ പുകയടങ്ങുംമുന്പാണ് ഈ അപകടം. എന്നിട്ടുപോലും തൃശൂരിലേക്കു തിരിഞ്ഞുനോക്കാനുള്ള വകതിരിവ് സർക്കാരിനുണ്ടായില്ല.
നിയമങ്ങളുടെ അഭാവമൊന്നും നമുക്കില്ല. ഫയർ വർക്സ് ഡിസ്പ്ലേസ് സർക്കുലർ, കേരള ഫെസ്റ്റിവൽ ഗൈഡ്ലൈൻസ് തുടങ്ങിയവ ഏട്ടിലെ പശുവായി മാറുകയാണ്. കോടതി നിർദേശങ്ങൾ ഉൾപ്പെടെ പലതും ഇതിനു പുറമേയുണ്ട്. പക്ഷേ, നടപ്പാക്കാൻ ആളില്ല. മുണ്ടത്തിക്കോട്, അഗ്നിരക്ഷാസേനയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലത്ത് പടക്കനിർമാണം നടത്തിയെന്ന ആരോപണം ശരിയാണെങ്കിൽ ഉത്തരവാദികൾ രക്ഷപ്പെടരുത്.
ഭരണ-ഉദ്യോഗസ്ഥ കെടുകാര്യസ്ഥത അങ്ങേയറ്റമായ നാട്ടിൽ സഹജീവികളുടെ ജീവൻ പണയംവച്ചുള്ള പരന്പരാഗത ആഘോഷങ്ങൾ തുടരണോയെന്ന് ജനങ്ങളും ചിന്തിക്കണം. നിർമിതബുദ്ധിക്കാലത്തെ ഡിജിറ്റൽ ശബ്ദ-ദൃശ്യവിസ്മയങ്ങളെ അപകടരഹിത ആഘോഷങ്ങളായി സ്വീകരിക്കാവുന്നതാണ്. പലയിടത്തും ഇതൊക്കെ വിജയകരമായി നടത്തുന്നുമുണ്ട്.
എന്തായാലും നമ്മുടെ സർക്കാർ സിസ്റ്റം കാര്യക്ഷമമാകുവോളം മനുഷ്യരെ ഈവിധം മരണത്തിനു വിട്ടുകൊടുക്കാനാകില്ല. നമ്മളീ കണ്ടതും കേട്ടതുമല്ല, മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിലെ യാതന. നൈമിഷികമായ ആകാശവിസ്മയങ്ങളിൽനിന്നു കാൽച്ചുവട്ടിലെ പൊള്ളുന്ന യാഥാർഥ്യങ്ങളിലേക്ക് നോക്കാൻ സമയമായി.
Editorial
ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കണമെന്നാൽ പാലിന്റെ വില കൂട്ടുക എന്നല്ലാതെ മറ്റൊന്നും സർക്കാരിന്റെ ചിന്തയിൽ ഉദിക്കുന്നില്ലെന്നത് കഴിവുകേടാണ്. കന്നുകാലി വളർത്തുന്നവരോ നെൽകൃഷി ചെയ്യുന്നവരോ ആരുമാകട്ടെ കർഷകരുടെ കാര്യത്തിൽ ഒന്നിനുമില്ലൊരു നിശ്ചയവും.
നെല്ല് കൊയ്ത് പാടത്തു കൂട്ടിയിട്ടു കഴിയുന്പോഴാണ് സംഭരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച തുടങ്ങുന്നത്. വില സമയത്തു കിട്ടുകയുമില്ല. വർഷങ്ങളായി ഒരേ പ്രശ്നം, ഒരേ ഒഴികഴിവുകൾ, ഒരേ തോൽവി. ക്ഷീരകർഷകരുടെ പെടാപ്പാടും സർക്കാരിന്റെ കഴിവുകേടും അറിയാവുന്നവർ പാലിനു ചെറിയ വിലവർധന ഉണ്ടായാലും സഹിച്ചേക്കും.
എന്നുവച്ചാലെന്താ? നമ്മുടെ കർഷകരെ നിലനിർത്തുന്നത് സർക്കാരല്ല, അരിയും പാലും പച്ചക്കറിയും മറ്റും വാങ്ങുന്നവർ തനിച്ചാണെന്ന്. വേനൽക്കാലത്ത് ക്ഷീരോത്പാദനം കുറയുമെന്നും നെല്ല് കൊയ്താൽ സംഭരിക്കണമെന്നും കർഷകർക്കു കാശുകൊടുക്കണമെന്നും അറിയാം. പക്ഷേ, പരിഹരിക്കാനറിയില്ല. ഭരണപാപ്പരത്തം..!
ചൂടുകൊണ്ട് മനുഷ്യർക്കു മാത്രമല്ല, മൃഗങ്ങൾക്കും പൊറുതിമുട്ടി. പച്ചപ്പുല്ലിനും ജലത്തിനും ക്ഷാമമായതോടെ പാല് ഉത്പാദനം കുറഞ്ഞു. കാലിത്തീറ്റ വിലവര്ധനയും കർഷകരുടെ നടുവൊടിച്ചു. ചൂട് കൂടുന്നതിനനുസരിച്ചുള്ള സൗകര്യങ്ങള് തൊഴുത്തില് ഒരുക്കണമെങ്കില് ചെലവേറും. മൃഗചികിത്സാ ചെലവ് കൂടി.
ചൂട് അസഹനീയമായതോടെ പശുക്കള്ക്ക് അകിടുവീക്കം ഉള്പ്പെടെയുള്ള രോഗങ്ങളുമേറി. പച്ചപ്പുല്ല് കിട്ടാതായതോടെ പശുക്കള്ക്കു നല്കുന്നതു വൈക്കോലാണ്. അതോടെ പാൽ കുറഞ്ഞു. ഇതു പരിഹരിക്കാൻ കാലിത്തീറ്റ കൂടുതലായി നല്കുന്നുണ്ട്. എന്നാല്, വിലവര്ധന തിരിച്ചടിയായി. കര്ണാടകയില്നിന്നു ചോളത്തണ്ടുകള് എത്തുന്നതും കുറഞ്ഞു.
സ്വകാര്യകമ്പനികളുടെ 50 കിലോഗ്രാം ചാക്ക് കാലിത്തീറ്റയ്ക്ക് 1,500 രൂപയ്ക്കു മുകളിലാണ് വില. 20 കിലോഗ്രാം റോള് വൈക്കോലിന് 240-260 രൂപ. പാടശേഖരങ്ങളില്നിന്ന് ഇവ എത്തിക്കുന്നതിനു വണ്ടിക്കൂലിയും മറ്റു പണിച്ചെലവുകളും വേറെ.
ജലക്ഷാമവും തിരിച്ചടിയായി. പശുവിനു ദിവസം 100 ലിറ്ററില് അധികം വെള്ളം കുടിക്കാന് നല്കണം. കുളിപ്പിക്കാനും വേണം വെള്ളം. നന്നായി കുളിപ്പിച്ചില്ലെങ്കില് രോഗസാധ്യതയേറെയാണ്. നിലവിലെ സാഹചര്യത്തില് ലിറ്ററിന് 50 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനില്ക്കാനാകൂവെന്ന് കര്ഷകര് പറയുന്നു. നഷ്ടം സഹിച്ചു മടുത്തവർ ഈ പണി നിർത്തി.
ഇന്നലെ രാവിലെ സംഭവിച്ചതല്ല ഇതൊന്നും. മറ്റു വരുമാനമുള്ളവരും കാലിവളർത്തലിനെ ഇഷ്ടപ്പെടുന്നവരും വൻകിടക്കാരുംപോലും ലാഭത്തെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നായി. പക്ഷേ, ഇതുകൊണ്ടു മാത്രം കഴിയുന്നവരോ? മൂന്നു വര്ഷമായി പാല്വില കൂട്ടിയിട്ടില്ല. 29ന് ചേരുന്ന മില്മ ഡയറക്ടര് ബോര്ഡ് യോഗത്തില് പാല്വില കൂട്ടാന് തീരുമാനമുണ്ടായേക്കും. അതു മാത്രമേ സർക്കാരിന് അറിയൂ.
പാൽവില വർധിപ്പിച്ചില്ലെങ്കിൽ ക്ഷീരകർഷകരെയും, വർധിപ്പിച്ചാൽ പാവപ്പെട്ടവരെയും ബാധിക്കും. വിലവർധനയല്ലാതെ മറ്റൊരു പരിഹാരത്തെക്കുറിച്ചു സർക്കാർ ചിന്തിച്ചിട്ടില്ല. കർഷകരും സംഘടനകളും മാധ്യമങ്ങളുമൊക്കെ പ്രതിസന്ധികൾ അപ്പപ്പോൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു കാര്യവുമില്ല.
ഒരു ലിറ്റർ പാലിന്റെ ഉത്പാദനച്ചെലവ് 60 രൂപയിലേറെയാണ്. എന്നാൽ, പാൽ സൊസൈറ്റികൾ സംഭരിക്കുന്നത് 42 രൂപയ്ക്കാണ്. 2019ൽപോലും ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 48.68 രൂപയുടെ ചെലവുണ്ടെന്ന് മിൽമതന്നെ കണ്ടെത്തിയതാണ്.
ഉത്പാദനച്ചെലവിലും കുറച്ച് ഉത്പന്നം വിൽക്കുന്നത് കർഷകരല്ലാതെ ആരുണ്ട്? ക്ഷീരകർഷകരുടെയും കുടുംബാംഗങ്ങളുടെയും രാപകൽ അധ്വാനത്തിനുകൂടി കൂലി നിശ്ചയിച്ചാൽ കേരളത്തിലെ ഏറ്റവും വലിയ ചൂഷണത്തിന്റെ ചുരുളഴിയും. ഈ കർഷകർ നിലനിൽക്കണമെങ്കിൽ വല്ലപ്പോഴും പാൽവില കൂട്ടിയാൽ പോരാ. സാന്പത്തികസഹായവും സബ്സിഡിയുമൊക്കെ വർധിപ്പിക്കണം.
വേനൽകാലത്ത് പ്രത്യേക സഹായം ഉറപ്പാക്കണം. അപ്രതീക്ഷിത നഷ്ടങ്ങളെ ഏറ്റെടുക്കണം. നമ്മുടെ കാലിത്തൊഴുത്തുകളും നെൽപാടങ്ങളും കൃഷിത്തോട്ടങ്ങളുമൊക്കെ വിഷാദത്തിന്റെ വിളനിലങ്ങളാണെന്ന്, വരുന്ന സർക്കാർ ഏതായാലും തിരിച്ചറിയണം.
കർഷകർ കൊഴിയുന്നതോടെ ക്ഷീരസംഘങ്ങളും അടയുകയാണ്. അഞ്ചു വർഷം മുന്പ് 13 ലക്ഷം പശുക്കൾ സംസ്ഥാനത്തുണ്ടായിരുന്നത് ഇപ്പോൾ ഒന്പതു ലക്ഷമായി. ഈ പോക്ക് നാശത്തിലേക്കാണ്. ഇതരസംസ്ഥാനങ്ങളില്നിന്നു ഗുണനിലവാരം കുറഞ്ഞ പാല്, കുറഞ്ഞ വിലയ്ക്ക് എത്തുന്നതുകൊണ്ട് ചായകുടി മുട്ടുന്നില്ല. പക്ഷേ, ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാണ്.
ക്ഷീരവകുപ്പും മന്ത്രിയും മിൽമ ഭരിക്കുന്നവരും ഉദ്യോഗസ്ഥരുമൊക്കെ ഒന്നും ചെയ്യുന്നില്ലെന്നല്ല. പക്ഷേ, ആർക്കാണു ഗുണമെന്നറിയാൻ ഗവേഷണം നടത്തണം. ക്ഷീരകർഷകരെ രഹസ്യത്തിൽ ചതിക്കുന്നവരുടെ പരസ്യമാണ് ‘കേരളം കണി കണ്ടുണരുന്ന നന്മ!’ ഒന്നുകിൽ പരസ്യം മാറ്റ് അല്ലെങ്കിൽ പെരുമാറ്റം മാറ്റ്.
Editorial
ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ലെന്നത് കേന്ദ്രസർക്കാരിന്റെ നിയമ ഭേദഗതികളെയും ബില്ലുകളെയും സംശയനിഴലിലാക്കുന്നുണ്ട്. ഇന്നലെ പാർലമെന്റിൽ പ്രതിപക്ഷ എതിർപ്പിൽ തള്ളിപ്പോയ വനിതാ സംവരണ ബിൽ ഇതിൽ പുതിയതാണ്. വനിതാ സംവരണ ബിൽ തനിച്ച് അവതരിപ്പിച്ചാൽ എതിരില്ലാതെ പാസാകുമെന്നറിയാവുന്ന സർക്കാർ, അഭിപ്രായ ഐക്യമുണ്ടായിട്ടില്ലാത്തതും അടിമുടി ദുരൂഹതകൾ ആരോപിക്കപ്പെടുന്നതുമായ മണ്ഡല പുനർനിർണയവുമായി അതിനെ കൂട്ടിക്കെട്ടി. തെറ്റിദ്ധരിപ്പിക്കാൻ മുൻകൂർ ജാമ്യവുമെടുത്തു. “സംവരണം തടഞ്ഞാൽ സ്ത്രീകൾ പൊറുക്കില്ല.” ദുരൂഹ വകുപ്പുകളെക്കുറിച്ചു മറുപടി പറയുന്നതിനു പകരം, എഫ്സിആർഎയെ എതിർക്കുന്നത് തട്ടിപ്പു മറയ്ക്കാനാണെന്ന പുകമറയുടെ മറ്റൊരു പതിപ്പ്! മണ്ഡല പുനർനിർണയമെന്ന ദുരൂഹബില്ലിനെ മോചിപ്പിക്കാൻ വനിതാ സംവരണത്തെ ബന്ദിയാക്കിയ ഈ നാടകം സ്ത്രീകൾ പൊറുക്കാനിടയില്ല.
ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കിയ നിയമം പാസാക്കിയത് 2023ലാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽതന്നെ അതു നടപ്പാക്കാമായിരുന്നെങ്കിലും ചെയ്തില്ല. പുതിയ സെൻസസ് നടത്തി, ജനസംഖ്യാനുപാതികമായി മണ്ഡലങ്ങളുടെ എണ്ണം കൂട്ടിയശേഷം 2029 ലോകസഭാ തെരഞ്ഞെടുപ്പിൽ നടത്തിയാൽ മതിയെന്നു സർക്കാർ തീരുമാനിച്ചു. ഇപ്പോൾ പറയുന്നത്, പുതിയ സെൻസസിനു വളരെ സമയമെടുക്കമെന്നതിനാൽ 2011ലെ സെൻസസിനെ അടിസ്ഥാനമാക്കി ലോക്സഭാ മണ്ഡലങ്ങൾ 816 ആയി വർധിപ്പിച്ച് അതിൽ 33 ശതമാനം സ്ത്രീ സംവരണമാക്കാമെന്നാണ്. അതായത്, മണ്ഡല പുനർനിർണയമില്ലാതെ സ്ത്രീസംവരണം നടത്തില്ലെന്ന പിടിവാശി. ഇവിടെയാണ് സംശയങ്ങളും ആശങ്കകളും ഉയർന്നിട്ടുള്ളത്.
ഇങ്ങനെ ജനസംഖ്യാനുപാതികമായി മണ്ഡലങ്ങൾ വർധിപ്പിച്ചാൽ സ്വാഭാവികമായും ജനസംഖ്യാനിയന്ത്രണ പദ്ധതിയോടു സഹകരിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യ കുറവായതുകൊണ്ട് മണ്ഡലങ്ങളുടെ എണ്ണം കുറയുമെന്നാണ് ഒരു വാദം. ഇത് പാർലമെന്റിൽ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയ്ക്കുകയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ശിഥിലമാക്കുകയും ചെയ്യും. തമിഴ്നാട്ടിൽ ബില്ലിന്റെ കോപ്പി കത്തിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യുദ്ധപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമാക്കിയ ദക്ഷിണേന്ത്യക്കുള്ള ശിക്ഷയാണോ ഇതെന്ന് അദ്ദേഹം ചോദിക്കുന്നു. ബിജെപിയുടെ രാഷ്ട്രീയത്തിൽ വ്യക്തത വരേണ്ടതുണ്ട്. മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിലുള്ള ഭിന്നിപ്പുരാഷ്ട്രീയം ഫലം കണ്ടുതുടങ്ങുന്നതിനിടെ പുതിയൊരു വിഭാഗീയ ചിന്തകൂടി പ്രബലമാകാതിരിക്കാൻ ഭരണ-പ്രതിപക്ഷങ്ങൾ ജാഗ്രത പാലിക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും 50 ശതമാനം സീറ്റ് വർധന എന്ന ബിജെപി ഫോർമുലയിലും കെണിയുണ്ടെന്നു പ്രതിപക്ഷം വാദിക്കുന്നു. വോട്ടുനേട്ടം സാധ്യമാകുംവിധം മണ്ഡലങ്ങളുടെ അതിരുകൾ മാറ്റാൻ കേന്ദ്രത്തിനു സാധിക്കുമത്രേ. ജമ്മു കാഷ്മീരിൽ പുനർനിർണയം നടത്തി വർധിപ്പിച്ച ഏഴിൽ അഞ്ച് സീറ്റും ബിജെപിക്ക് ലഭിച്ചു. ആസാമിൽ സീറ്റ് വർധിപ്പിച്ചില്ലെങ്കിലും പുനർനിർണയത്തിൽ, മുസ്ലിം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളിൽ പലതിന്റെയും സ്ഥിതി മാറ്റിയെടുത്തു.
പുതിയ സെൻസസിൽ ജാതി തിരിച്ചുള്ള കണക്കുകൾ വരുമെന്നതും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ടാകാം. ദളിത് രാഷ്ട്രീയം ശക്തി പ്രാപിക്കുന്നത് ബിജെപിക്കു ഗുണകരമാകാനിടയില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഉദ്ദേശിച്ച വിജയം ലഭിക്കാതിരുന്നത് അവരുടെ അരക്ഷിതാവസ്ഥയ്ക്കു കാരണമാണ്. 2029ൽ സ്ഥിതി ഇതിലും വഷളായാൽ അധികാര നഷ്ടമുണ്ടാകും. രാമജന്മഭൂമി പോലുള്ള മതവികാരങ്ങളിൽ കേന്ദ്രീകരിക്കാവുന്ന വോട്ടുകൾ അതിന്റെ പാരമ്യതയിൽ ലഭിച്ചുകഴിഞ്ഞതിനാൽ പുതിയ തന്ത്രങ്ങൾ കണ്ടെത്തിയേ തീരൂ. ദക്ഷിണേന്ത്യയെ ആശ്രയിച്ചിട്ടു കാര്യമില്ലെന്ന് ബിജെപിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചിന്തിച്ചാൽ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതും അതിരു മാറ്റുന്നതുമൊക്കെ ജനാധിപത്യത്തിന്റെ ഭാവിയേക്കാൾ ബിജെപിയുടെ ഭാവിയോടാണ് ചേർന്നുവരുന്നത്. സംശയങ്ങൾക്കു മറുപടി നൽകുന്നതിനു പകരമാണ് സ്ത്രീസംവരണത്തെ, രാജ്യത്തിന്റെ രാഷ്ട്രീയ-ജനാധിപത്യ ഭാവി നിർണയിക്കുന്ന മണ്ഡല പുനർനിർണയവുമായി കൂട്ടിക്കെട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകാൻപോലും കാത്തിരിക്കാതെയുള്ള നീക്കവും സംശയകരമാണ്. ബിജെപിക്ക് സ്ത്രീകളോട് പ്രതിബദ്ധതയുണ്ടെങ്കിൽ ഉടനെ സ്ത്രീസംവരണം നടപ്പാക്കാം. അതിനുശേഷം ആശങ്കകൾ പരിഹരിച്ച് മണ്ഡല പുനർനിർണയം നടത്തുകയുമാകാം. പക്ഷേ, ചെയ്യുന്നില്ല. ബിജെപിയാണ് മറുപടി പറയേണ്ടത്.
ബിജെപി ഏതു നിയമം കൊണ്ടുവന്നാലും പ്രത്യക്ഷത്തിലില്ലാത്തൊരു ലക്ഷ്യം അതിനുണ്ടാകുമെന്നത് പാർട്ടിക്കാരും ആരാധകരും ഒഴികെ എല്ലാവരുടെയും നിരീക്ഷണമാണ്. ഇലക്ടറൽ ബോണ്ട്, മതപരിവർത്തന നിരോധന നിയമം, ഗോഹത്യ നിരോധന നിയമം, പ്രതിപക്ഷ അഴിമതി മാത്രം കണ്ടെത്തുന്ന അന്വേഷണ ഏജൻസികളുടെ റെയ്ഡുകൾ, എഫ്സിആർഎ... തുടങ്ങിയതിലെല്ലാം പ്രതിപക്ഷ-ന്യൂനപക്ഷമുക്ത ലക്ഷ്യങ്ങൾ ആരോപിക്കപ്പെടുന്നു. ഏതു സർക്കാരായാലും പ്രവർത്തനങ്ങളിൽ സുതാര്യതയുണ്ടെങ്കിൽ വ്യാജപ്രചാരണങ്ങളെയും സൈബർ ഗുണ്ടകളെയും മതത്തെയുമൊന്നും ഒരു പാർട്ടിക്കും ആശ്രയിക്കേണ്ടിവരില്ല. സ്ത്രീകൾക്കും കാര്യങ്ങൾ മനസിലാകും.
Editorial
യുദ്ധം, അതിന്റെ ‘സമ്മാനങ്ങൾ’ ലോകത്ത് എല്ലാവർക്കും ലഭിക്കത്തക്കവിധം അയച്ചുകൊണ്ടിരിക്കുകയാണ്. കിട്ടാത്തവർക്കും വൈകാതെ ലഭിച്ചുകൊള്ളും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ 25 ലക്ഷം പേരും ആഗോളതലത്തിൽ 88 ലക്ഷം പേരും പുതുതായി ദാരിദ്ര്യത്തിലാകാൻ സാധ്യതയെന്ന, യുഎൻഡിപി (അന്താരാഷ്ട്ര വികസനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി) റിപ്പോർട്ട് അതീവ ഗൗരവത്തിലെടുക്കേണ്ടതാണ്. ഇപ്പോൾതന്നെ വലിയൊരു വിഭാഗം ജനങ്ങൾ തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും പെട്ടുകഴിഞ്ഞു. കേന്ദ്രത്തിന്റെ സമാധാനമൊഴികളൊന്നും അത്ര ഫലിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ധനവിലയും വർധിച്ചാൽ, യുഎൻഡിപിയുടെ റിപ്പോർട്ടിലേക്ക് വലിയ ദൂരമുണ്ടാകില്ല. പരിഹാരത്തിനുള്ള പ്രധാന ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെങ്കിലും സംസ്ഥാന സർക്കാരുകൾ പഞ്ചായത്തു തലം മുതൽ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്.
ഇന്ധന വിലവർധന, ചരക്കുനീക്കത്തിനുള്ള ഉയർന്ന ചെലവ്, മറ്റ് ഉത്പാദനച്ചെലവുകൾ എന്നിവ സാധാരണക്കാരുടെ വാങ്ങൽശേഷി കുറയ്ക്കുകയും ഭക്ഷ്യസുരക്ഷയെ ബാധിക്കുകയും ചെയ്യും. ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് 23.9 ശതമാനത്തിൽനിന്ന് 24.2 ശതമാനമായി ഉയർന്നേക്കാം. ആഗോളതലത്തിൽ ഏകദേശം 88 ലക്ഷം പേരും ഇന്ത്യയിൽ 25 ലക്ഷം പേരും, ഇതുകൂടാതെ 50 ലക്ഷത്തോളം പേർ ഇറാനിലും പുതുതായി ദരിദ്രരായേക്കാം. പ്രതിസന്ധിയിലേറെയും ദക്ഷിണേഷ്യൻ രാജ്യങ്ങളിലായിരിക്കും. ഏഷ്യ പസഫിക് മേഖലയ്ക്ക് ആകെ 299 ബില്യണ് ഡോളറിന്റെ (ഏകദേശം 28 ലക്ഷം കോടി) നഷ്ടം ഉണ്ടായേക്കാം. ഒരു വർഷത്തെ വികസനനേട്ടങ്ങൾക്കു വരെ യുദ്ധം വിലങ്ങുതടിയാകും. ഊർജ-എണ്ണ വ്യാപാരത്തിന് ഇന്ത്യ പശ്ചിമേഷ്യയെ കൂടുതൽ ആശ്രയിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. നമ്മുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും വളം ഇറക്കുമതിയുടെ 45 ശതമാനവും പശ്ചിമേഷ്യയിൽനിന്നാണ്. എൽഎൻജി വില വർധിച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതോത്പാദനത്തിലേക്കു തിരിയുന്നുണ്ട്. കയറ്റുമതി മേഖലയിൽ വലിയ ആഘാതമുണ്ടാകുമെന്നും ചരക്കുനീക്കത്തിലെ കാലതാമസവും ഇൻഷുറൻസ് തുകയിലുണ്ടായ വർധനയും വ്യാപാരമേഖലയെ ബാധിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
യുദ്ധം നീണ്ടുപോയാൽ നാശത്തിന്റെ വ്യാപ്തി, റിപ്പോർട്ടിലെ മുന്നറിയിപ്പിനേക്കാൾ വിനാശകരമായിരിക്കും. സമാധാന ചർച്ചകൾക്ക്, യുദ്ധം അവസാനിപ്പിക്കാൻ പോയിട്ട് ഹോർമുസ് കടലിടുക്കിലെ ചരക്കുകടത്ത് പുനഃസ്ഥാപിക്കാൻപോലും കഴിയുന്നില്ല. പാചകവാതക ക്ഷാമത്തിൽ തുടങ്ങിയ ദുരിതങ്ങൾ വിവിധ തലങ്ങളിലേക്കു വ്യാപിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ നിഷ്പക്ഷ നിലപാടിനെ പ്രതിപക്ഷം വിമർശിക്കുന്നുണ്ടെങ്കിലും അതുകൊണ്ടു മാത്രമാണ് ഹോർമുസിലൂടെ കുറെയെങ്കിലും ഇന്ധനം കടത്തിക്കൊണ്ടുവരാൻ കഴിയുന്നത്. പക്ഷേ, അമേരിക്കയുടെ സ്ഥിരതയില്ലാത്ത നിലപാട് അനിശ്ചിതാവസ്ഥയെ സൂചിപ്പിക്കുന്നു. അമേരിക്കയിൽനിന്ന് എണ്ണ വാങ്ങണമെന്നും റഷ്യൻ എണ്ണ വാങ്ങാൻ നൽകിയ ഇളവ് പുതുക്കില്ലെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇറേനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രിൽ 19ന് അവസാനിക്കും. റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചെന്നും നിലവിൽ കടലിലുള്ള കപ്പലുകളിലെ എണ്ണയുടെ ഇടപാടുകൾക്കു മാത്രമാണ് ഇളവ് ബാധകമെന്നും അമേരിക്ക നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെങ്ങും പാചകവാതകക്ഷാമം യാഥാർഥ്യമാണ്. അടഞ്ഞ ഭക്ഷണശാലകളിൽ പലതും തുറന്നിട്ടില്ല. തൊഴിൽ നഷ്ടപ്പെട്ടവർ തിരിച്ചു കയറിയിട്ടില്ല. കെട്ടിടനിർമാണ സാമഗ്രികളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നിന്റെയുമൊക്കെ വില വർധിച്ചുതുടങ്ങി. 90 ലക്ഷം ഇന്ത്യക്കാരുള്ള ഗൾഫിലെ തൊഴിൽനഷ്ടവും വരുമാനത്തിലെ കുറവും ഇന്ത്യയെ, പ്രത്യേകിച്ച് കേരളത്തെ ബാധിക്കും. ഏപ്രിൽ 29ന് നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിക്കുന്നതോടെ ഇന്ധനവില വർധിച്ചാൽ ഇതൊന്നുമല്ല സംഭവിക്കാനിരിക്കുന്നത്. വിദേശ നയതന്ത്രങ്ങൾക്കൊപ്പം സമാന്തരമായി സംസ്ഥാനങ്ങളുമായി ഇക്കാര്യം കേന്ദ്രം ചർച്ച ചെയ്യേണ്ടതാണ്. സംസ്ഥാനങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരു പക്ഷേ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ ഇടപെടലുകളിലൂടെ നാം കോവിഡ് കാലത്തെ കുറേയെങ്കിലും അതിജീവിച്ചതുപോലെ. പക്ഷേ, ഇത്തരം നീക്കങ്ങളൊന്നും കേന്ദ്രമോ സംസ്ഥാനമോ തുടങ്ങിവച്ചതായി കാണുന്നില്ല. ഉണ്ടെങ്കിൽ ജനങ്ങളോടു പറഞ്ഞിട്ടില്ല.
ലോകരാജ്യങ്ങളിലേറെയും പങ്കെടുക്കുന്നതാണ് ലോകയുദ്ധമെന്ന നിർവചനം കാലഹരണപ്പെട്ടു. ആരെവിടെ യുദ്ധം ചെയ്താലും ബാക്കിയെല്ലാവരും അനുഭവിക്കേണ്ടിവരുമെന്നതിനാൽ ഏതു യുദ്ധവും ഇനി ലോകയുദ്ധം തന്നെ. അനിവാര്യമായ ആഗോളവത്കരണത്തിന്റെ സ്വാഭാവിക ദൂഷ്യവശങ്ങളുടെ പട്ടികയിൽ നാം ചേർക്കാൻ വിട്ടുപോയ കാര്യമാണിത്. പശ്ചിമേഷ്യയിൽ നാം യുദ്ധത്തിലല്ല. പക്ഷേ, 25 ലക്ഷം ഇന്ത്യക്കാരെങ്കിലും പുതുതായി ദരിദ്രരാകുമെന്ന റിപ്പോർട്ട് എല്ലാ പഞ്ചായത്തുകളിലുമെത്തുന്ന ദീർഘദൂര മിസൈലുകളാണ്.
Editorial
1887 ഏപ്രിൽ 15 വിഷുദിനത്തിൽ കോട്ടയം മാന്നാനത്ത് ദീപിക ആദ്യമായി അച്ചടിച്ചപ്പോൾ, ‘പ്രസ്താവന’ എന്ന തലക്കെട്ടിൽ എഴുതിയ ആദ്യ മുഖപ്രസംഗത്തിൽ ഇങ്ങനെ ഒരു വാക്യമുണ്ടായിരുന്നു: “ഞങ്ങളുടെ ദീപിക, ശേഷം പത്രങ്ങളുടെ പ്രഭാകരശോഭ അധികരിച്ചും അന്യോന്യം പ്രകാശിച്ചും കേരള നിവാസികളുടെ മാനസകുസുമത്തെ വികസിപ്പിച്ചും വിജ്ഞാനതേജസിനെ പരിദാനം ചെയ്യുന്നതിനാൽ ഒരു സഹായി ആയിരിക്കുമെന്നേ ഉറപ്പിക്കാനാകൂ.’’
മറ്റു പത്രങ്ങൾക്കൊപ്പം കേരളനാടിന് ഒരു സഹായിയാകണമെന്ന ദീപികയുടെ ആ വിനയാന്വിതമായ താത്പര്യത്തെ കേരളം അംഗീകരിച്ചെന്നു മാത്രമല്ല, കൈപിടിച്ചുയർത്തുകയും ചെയ്തു. അന്നുണ്ടായിരുന്ന മറ്റു പത്രങ്ങളെല്ലാം ക്രമേണ അസ്തമിച്ചപ്പോൾ ദീപിക രാജ്യത്തിന്റെതന്നെ ദീപശിഖയായി ഉയർന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന്റെ ഷൂ, നാം ഇന്ത്യക്കാരുടെ മുതുകിൽ അമർത്തിക്കൊണ്ടേയിരുന്ന അക്കാലത്ത്, ദീപിക അതിനെ നക്കിത്തുവർത്തുകയായിരുന്നില്ല.
ആ മലിനപാദുകത്തെ നാടുകടത്താനിറങ്ങിയ പോരാളികൾക്ക് ഊർജമാകുകയായിരുന്നു. 1978 ഏപ്രിൽ 25ന് രാഷ്ട്രപതിയായിരുന്ന നീലം സഞ്ജീവ റെഡ്ഡി പറഞ്ഞു: “ദീപികയുടെ ചരിത്രം വായിച്ചപ്പോൾ, ഇന്ത്യാ ചരിത്രത്തിന്റെ ഒരു ഭാഗം അവലോകനം ചെയ്യുകയാണെന്ന പ്രതീതിയാണ് എനിക്കുണ്ടായത്.’’ ആ പത്രപ്രവർത്തനം ഇന്ന് 140-ാം വർഷത്തിലേക്കു പദമൂന്നുകയാണ്. ഇതൊരു മുത്തശിക്കഥയല്ല, 140-ാം വർഷത്തിലും തുടരുന്ന പത്രപ്രവർത്തനത്തിന്റെ പോരാട്ടചരിത്രം.
പ്രിയ വരിക്കാരേ, വായനക്കാരേ, സഹപൗരരേ നന്ദി! ഉന്നതശീർഷരായിരുന്ന പത്രാധിപന്മാർ, പ്രതിസന്ധിഘട്ടങ്ങളിലും നയിച്ച മാനേജർമാർ, സാന്പത്തിക-നടത്തിപ്പു കാര്യങ്ങളിൽ ഉദാരമനസ്കരായ ഡയറക്ടർമാർ, സഭാ പിതാക്കന്മാർ, മത-സമുദായ- രാഷ്ട്രീയ നേതാക്കൾ, ജീവനക്കാർ, എഴുത്തുകാർ, വിതരണക്കാർ, പരസ്യദാതാക്കൾ, സഹ മാധ്യമങ്ങൾ... എല്ലാവർക്കും നന്ദി!
മാന്നാനത്തെ സെന്റ് ജോസഫ് പ്രസിൽ, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ നിർമിച്ച മരപ്രസിൽനിന്ന് ദീപിക (അന്ന് നസ്രാണിദീപിക) പുറത്തിങ്ങിയപ്പോൾ കേരളം നവോത്ഥാനത്തിന്റെ ആദ്യാക്ഷരങ്ങൾ വായിച്ചു. നിധീരിക്കൽ മാണിക്കത്തനാരായിരുന്നു സ്ഥാപക പത്രാധിപർ. 1805ൽ ജനിച്ച ചാവറയച്ചൻ പ്രധാനമായും ജാതി-മത-സ്ത്രീ-പുരുഷ ഭേദമെന്യേ എല്ലാവർക്കുമുള്ള വിദ്യാഭ്യാസത്തിലൂടെ നവോത്ഥാനം ലക്ഷ്യമിട്ടു.
ആ നവോത്ഥാന പ്രയത്നങ്ങളുടെ ഭാഗമായിരുന്നു ദീപികയുടെ പ്രസിദ്ധീകരണം. 1853ൽ ജനിച്ച ചട്ടന്പിസ്വാമികൾ, 1856ൽ ജനിച്ച ശ്രീനാരായണഗുരു തുടങ്ങിയവരും 19-ാം നൂറ്റാണ്ടിലെ നവോത്ഥാന നായകരായി. സമാന്തരമായി, രാജ്യത്ത് സ്വാതന്ത്ര്യസമരം ശക്തി പ്രാപിക്കാൻ തുടങ്ങി.
ദീപിക അതിന്റെ ഭാഗമായി. വിദേശവസ്തുക്കൾ ബഹിഷ്കരിക്കാനും സ്വദേശി വസ്തുക്കൾ വാങ്ങാനും ആഹ്വാനം ചെയ്ത 1905 ഒക്ടോബർ നാലിലെ മുഖപ്രസംഗത്തിൽ ഇങ്ങനെ എഴുതി: “ഞാൻ ഹിന്ദു, ഞാൻ ക്രിസ്ത്യൻ, നീ തീയൻ, നീ പുലയൻ എന്നിങ്ങനെയുള്ള ജാതിമത്സരം വിട്ടു നാമെല്ലാം സ്വദേശി എന്നുള്ള ബന്ധത്തിൽ പെട്ടിരിക്കുന്ന ഒരു കൂട്ടക്കാരാണെന്നുള്ള ധാരണ ഏതൊരു രാജ്യക്കാർക്കുണ്ടാകുന്നുവോ, അവരാണ് ക്രമേണ പരിഷ്കാരികളും അത്യുന്നതപദാവലംബികളുമാകുന്നത്...” ഹരിജൻ, യംഗ് ഇന്ത്യ എന്നീ മാസികകളിലെ ഗാന്ധിജിയുടെ ലേഖനങ്ങൾ ദീപിക അപ്പപ്പോൾ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. ദീപികയും സ്വാതന്ത്ര്യസമരത്തിലായിരുന്നു.
സ്വാതന്ത്ര്യനന്തരസമരം, പോരാട്ടം നമ്മുടെ പിന്നാക്കാവസ്ഥകളോടും അതു പരിഹരിക്കേണ്ട ഭരണകൂടങ്ങളോടുമായി. അടിയന്തരാവസ്ഥ പ്രധാന നാഴികക്കല്ലായിരുന്നു. 1975 ജൂൺ 25നാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അന്നുതന്നെ ദീപിക അതിനെതിരേ കാർട്ടൂൺ പ്രസിദ്ധീകരിച്ചു.
ജൂൺ 25ന് ദീപിക എഡിറ്റോറിയലിനു പകരം ഇന്ദിരാഗാന്ധിയെ ഉന്നമിട്ട് രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിൽനിന്നുള്ള “എവിടെ മനസ് നിർഭയമായിരിക്കുന്നുവോ, എവിടെ ശിരസ് ഉയർത്തിപ്പിടിക്കുന്നുവോ, ആ സ്വർഗത്തിലേക്കെൻ നാടുണരട്ടെ.....’’ എന്നു തുടങ്ങുന്ന വരികൾ പ്രസിദ്ധീകരിച്ചു. പക്ഷേ, അതെടുത്തതു ഗീതാഞ്ജലിയിൽനിന്നല്ല; ഇന്ദിരയുടെ പിതാവ് നെഹ്റുവിന്റെ “ഒരച്ഛൻ മകൾക്കയച്ച കത്ത്’’ എന്ന പുസ്തകത്തിൽനിന്ന്.
സർക്കാർ ഇടപെട്ടു. ലൈസൻസ് റദ്ദാക്കുമെന്നറിയിച്ചു. പത്രാധിപരായിരുന്ന ഫാ. കൊളംബിയർ സിഎംഐയെ പിന്നീട് കോട്ടയത്തെത്തിയ വേളയിൽ ഇന്ദിരാഗാന്ധിയുടെ അടുത്തെത്തിക്കാൻ ശ്രമമുണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വാരിക്കുഴിയിൽ വീണ ആനയുടെ ചിത്രത്തിന്, ‘സ്വാതന്ത്ര്യമേ വിട’ എന്ന അടിക്കുറിപ്പ് കൊടുത്തതിന് സർക്കാർ പിഴയിട്ടു.
ഇറ്റലിയിലെ പിസ ഗോപുരത്തെ താങ്ങിനിർത്തുന്നതായി ഭാവിക്കുന്ന യുവതിയുടെ ചിത്രത്തിന്റെ അടിക്കുറിപ്പ്, ‘ഇതെത്രനാൾ’ എന്നായിരുന്നു. വീണ്ടും പിഴശിക്ഷ. ഏകാധിപതികൾക്കെതിരേയുള്ള പത്രപ്രവർത്തനത്തോളം ക്ലേശകരമായി മറ്റൊന്നുമില്ലെന്ന് ദീപികയോളം അറിയാവുന്നവർ കുറവാണ്.
കുടിയേറ്റക്കാർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, ദളിതർ, സ്ത്രീകൾ, ദരിദ്രജനവിഭാഗങ്ങൾ എന്നിവരുടെ തീരാദുരിതങ്ങൾ, ആഗോള തീവ്രവാദം, ക്രൈസ്തവരും ഉൾപ്പെടുന്ന വിനാശകരമായ വർഗീയത... പത്രപ്രവർത്തനം വിശ്രമമില്ലാത്ത അക്ഷരസമരമാണ്. വർഗീയതയ്ക്കെതിരേ പ്രസംഗിക്കുന്നവരും തങ്ങളുടേതായ മറ്റൊന്നിൽ പങ്കെടുക്കുന്നു.
യുദ്ധത്തിനെതിരേ ശബ്ദിക്കുന്ന മാർപാപ്പയെ ഭീഷണിപ്പെടുത്തുന്ന അധികാരീവർഗം മറ്റു സഭാ പിതാക്കന്മാരെ വെറുതേ വിടാത്തതിൽ അതിശയമില്ല. ന്യൂനപക്ഷങ്ങളെക്കുറിച്ചോ ദളിതരെക്കുറിച്ചോ ആദിവാസികളെക്കുറിച്ചോ മിണ്ടരുത്. ന്യൂനപക്ഷങ്ങൾക്കെതിരേ കുറ്റപത്രം തയാറാക്കാനും വിചാരണ ചെയ്യാനും ശിക്ഷിക്കാനും അധികാരമുള്ള നാട്ടുരാജാക്കന്മാരായി വർഗീയസംഘടനകളെ വാഴിച്ചുകഴിഞ്ഞു.
ദീപിക പത്രമാണ്, പ്രതികരിക്കും. രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്നതു നശിപ്പിക്കാനല്ല, തിരുത്താനാണ്. ഇന്ത്യയിലെ പല രാഷ്ട്രീയ പാർട്ടികളുടെയും തത്വവിചാരങ്ങൾ മതത്തിന്റെയോ ഏതെങ്കിലുമൊരു വർഗത്തിന്റെയോ സർവാധിപത്യത്തെ ലക്ഷ്യമിടുന്നവയാണ്.
പക്ഷേ, രാജ്യം വച്ചുപൊറുപ്പിക്കുന്നത്, അവയൊക്കെയും ജനാധിപത്യ-മതേതര ഭരണഘടനയുടെ നിലപാടുതറയിലാണെന്ന വിശ്വാസത്തിലാണ്. അവിടെനിന്നു കുതറിമാറുന്നവരുടെ ഭീഷണികൾക്കു വഴങ്ങുന്നിടത്ത് അവസാനിക്കുന്നതെന്തോ അതാണ് പത്രപ്രവർത്തനം. ദീപിക പത്രപ്രവർത്തനം തുടരാൻ ആഗ്രഹിക്കുന്നു. പ്രബുദ്ധ കേരളം ഒപ്പമുണ്ടാകണം.
സങ്കുചിത രാഷ്ട്രീയത്തോടു രമ്യപ്പെട്ട് വിൽക്കാൻ വച്ചിരിക്കുന്ന കടലാസല്ല ദീപികയെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു. ദീപിക പ്രസിലല്ല നിർമിക്കപ്പെടുന്നത്. മനുഷ്യവംശത്തോടല്ലാതെ, ഒരു വംശീയതയോടും കൂറില്ലാത്തവരുടെ ചിന്തകളിലാണ്. പ്രബുദ്ധ കേരളമേ സ്നേഹ-സാഹോദര്യങ്ങളുടെ കൊടിയേന്താൻ ഇനിയും തുണയാകുക.
വിഷുദിനാശംസകൾ!
Editorial
ഡോക്ടറാകണമെന്നും വീടു കെട്ടണമെന്നും സ്വപ്നം കണ്ടിരുന്ന, കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജ് ഇപ്പോൾ ക്ലാസ് മുറിയിലില്ല. കഴിഞ്ഞ 10ന് ഉച്ചയ്ക്ക് അവൻ കോളജിന്റെ മുകളിൽനിന്നു ചാടി ജീവനൊടുക്കി. ആരാണ് നിതിനെ മരണത്തിലേക്കു തള്ളിവിട്ടതെന്നു പറയേണ്ടത് പോലീസാണ്. പക്ഷേ, അവന്റെ ഫോണിൽനിന്നുള്ള വിവരങ്ങളിൽ ‘സാന്പത്തിക-ജാതി പിന്നാക്കാവസ്ഥ’ അനുഭവിക്കുന്ന ഒരു യുവാവിന്റെ അത്മഹത്യാക്കുറിപ്പിന്റെ കരടുണ്ട്. ഓൺലൈൻ വായ്പാ മാഫിയയുടെ ഭീഷണി, അധ്യാപകരുടെ ജാതിവെറി, സഹപാഠികളുടെ പരിഹാസം തുടങ്ങിയവ ആരോപിക്കപ്പെട്ടിട്ടുണ്ട്. നിതിൻരാജ് ഒഴികെ എല്ലാവർക്കും ഇനി തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ സാധിക്കും. അതിനവർക്ക് അവകാശവുമുണ്ട്. പക്ഷേ നാം തിരിച്ചറിയേണ്ടത്, അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കണ്ണിലൂടെ വായിക്കുവോളം അവരുടെ അടിസ്ഥാന പ്രശ്നങ്ങൾ ഭരണകൂടമോ സവർണ സമൂഹമോ തിരിച്ചറിയില്ല എന്നതാണ്. ആരെങ്കിലും അതു തിരിച്ചറിഞ്ഞിരുന്നെങ്കിൽ, ഒപ്പമുണ്ടെന്നു പറഞ്ഞിരുന്നെങ്കിൽ... മരണമാണു ഭേദമെന്ന് അവൻ തെറ്റിദ്ധരിക്കില്ലായിരുന്നു. ഇന്ത്യയിലെ പിന്നാക്കജനതയുടെ ഉന്നമനത്തിനുവേണ്ടി ശബ്ദമുയർത്തിയ ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജന്മവാർഷിക ദിനത്തിലാണ് ഇതു നിങ്ങൾ വായിക്കുന്നത് എന്നുകൂടി ഓർമിക്കണം.
ആത്മഹത്യാപ്രേരണക്കുറ്റത്തിന് അധ്യാപകർക്കെതിരേ കേസെടുക്കുകയും കോളജിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും കേസുണ്ട്. കോളജിൽനിന്നും ഹോസ്റ്റലിൽനിന്നും നിതിൻരാജ് ജാത്യധിക്ഷേപത്തിനും വിവേചനത്തിനും ഇരയായിട്ടുണ്ടെന്ന ആരോപണങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിനിടെയാണ് ഓൺലൈൻ വായ്പക്കാരുടെ ഭീഷണിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. നിരവധി മനുഷ്യരുടെ ജീവനെടുക്കുകയും മാനം കെടുത്തുകയും ചെയ്ത ഈ മാഫിയയെ തളയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കൊന്നും സാധിച്ചിച്ചിട്ടില്ല. ഈ കൊള്ളപ്പലിശക്കാർ കുടിശികയടവിനുവേണ്ടി നിതിനെയും നിതിന്റെ ഫോണിലെ കോൾ ലിസ്റ്റിൽലുള്ളവരെയും വിളിച്ചു ഭീഷണിപ്പെടുത്തി. അതിലൊന്ന് നിതിന്റെ അധ്യാപികയായിരുന്നു. സഹികെട്ട അധ്യാപിക പരാതിപ്പെട്ടതിനെത്തുടർന്ന് പ്രിൻസിപ്പൽ നിതിനെ വിളിച്ചുവരുത്തി ശാസിച്ചു. മുക്കാൽ മണിക്കൂറിനകം കോളജിന്റെ മുകളിൽനിന്നു ചാടി നിതിൻ ജീവനൊടുക്കുകയും ചെയ്തു.
അമ്മയുടെ ചികിത്സയ്ക്കുവേണ്ടിയെടുത്ത വായ്പയുടെ പേരിൽ അധ്യാപകർക്കു ഭീഷണി ഉണ്ടായിരുന്നെങ്കിൽ തങ്ങളെ അറിയിക്കേണ്ടതല്ലേ എന്നാണ് മാതാപിതാക്കൾ ചോദിച്ചത്. ലഭ്യമായ വിവരങ്ങളനുസരിച്ച് ഓൺലൈൻ വായ്പക്കാരുടെ ഭീഷണിയും തിരിച്ചടവിനു പണമില്ലാതെ വന്നതും അധ്യാപകരിൽനിന്നുണ്ടായ ശകാരവും ആത്മഹത്യക്കു പ്രേരണയായിരിക്കാം. പക്ഷേ, ഒരു ദളിത് വിദ്യാർഥിയുടെ ആത്മവിശ്വാസമത്രയും തകർത്ത ജാതി അധിക്ഷേപങ്ങൾ കോളജിൽ മുന്പ് ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതാണ്. അമ്മയുടെ ചികിത്സക്കാര്യം പറഞ്ഞുപോലും അധ്യാപകൻ പരിഹസിച്ചെന്നും ബോധപൂർവം മാർക്ക് കുറച്ചത് മാതാപിതാക്കൾക്കുള്ള ‘സർപ്രൈസ് ഗിഫ്റ്റ്’ ആണെന്നു പറഞ്ഞെന്നും നിതിന്റെ ശബ്ദസന്ദേശത്തിലുണ്ട്. സ്റ്റാഫ് മുറിയിൽവച്ച് എല്ലാവരും കൂട്ടത്തോടെ അധിക്ഷേപിച്ചതിനു പുറമെ, ഗേറ്റിനു പുറത്തിറങ്ങിയാൽ കാലും കൈയും വെട്ടുമെന്നും നീ കൈ ഇല്ലാതെ ജീവിക്കേണ്ടിവരുമെന്നും പറഞ്ഞത്രേ. അധ്യാപകരുടെയും ചില സഹപാഠികളുടെയും നിരന്തരമായ ജാതി അധിക്ഷേപങ്ങളാൽ മാനസികമായി തകർന്ന നിതിൻ ഓൺലൈൻ വായ്പക്കാരുടെ ഭീഷണികൂടിയായതോടെ ജീവനൊടുക്കുക എന്ന അന്തിമതീരുമാനമെടുത്തിരിക്കാം. ഇത്തരം സംഭവങ്ങളിൽ മരിച്ചവരുടെ പഴയ വാക്കും പെരുമാറ്റവും കുറ്റങ്ങളുമൊക്കെ ഉയർന്നുവന്നേക്കാം. ജീവനെടുത്തവരുടേതിനേക്കാൾ വലിയ കുറ്റമായി അതു വ്യാഖ്യാനിക്കപ്പെടുകയും ചെയ്തേക്കാം. അങ്ങനെയാണ് നമ്മുടെ പൊതുബോധം കുറ്റക്കാരല്ലെന്നു സ്വയം ന്യായീകരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസത്തിനുപോലും പിഴുതെറിയാൻ കഴിഞ്ഞിട്ടില്ലാത്ത സവർണബോധവും ജാതിവെറിയും പേറുന്ന അധ്യാപകർ കൂടുതൽ ശിക്ഷാർഹരാണ്. സാങ്കേതികവിദ്യ മാത്രം പഠിക്കാനാണെങ്കിൽ ഇവരെക്കാളെത്ര ഭേദമായിരിക്കും നിർമിതബുദ്ധി. അധ്യാപകർ വിദ്യാർഥികളെ പാഠ്യവിഷയങ്ങൾക്കപ്പുറവും സഹായിക്കേണ്ടവരാണ്. പ്രതിസന്ധികളെ അതിജീവിക്കാൻ നിരന്തരം ഓർമിപ്പിക്കണം. ഏതു വിഷമഘട്ടത്തിലും ഓടിയെത്താനുള്ള തുരുത്താകണം. വിദ്യാർഥികളുമറിയണം, പഠനമെന്നാൽ വിവരശേഖരണം മാത്രമല്ല, ആത്മവിശ്വാസം ആർജിക്കുന്നതുകൂടിയാണെന്ന്. ജീവിതത്തിൽനിന്ന് ഓടിപ്പോകുന്നവർ തങ്ങളുടെ പ്രിയപ്പെട്ടവരെയും ദുരിതക്കയത്തിലേക്കു തള്ളിയിടുകയാണ്.
നിതിനു ജീവനോ നീതിയോ ഇനി കൊടുക്കാനാകില്ല. പക്ഷേ, കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാൽ പ്രതിപ്പട്ടികയിലില്ലാത്ത സവർണചിന്തയ്ക്കും മുന്നറിയിപ്പായേക്കാം. ഈ രാജ്യത്തെ ദളിതരും ദരിദ്രരും നടു നിവർക്കാനാവാത്തവിധം പാർശ്വവത്കരിക്കപ്പെട്ടവരാണ്. നിതിൻ രണ്ടുമായിരുന്നു. രക്ഷപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള ഇന്ത്യൻ യാഥാർഥ്യം!
Editorial
ദുഃഖവെള്ളിയാഴ്ച ജറൂസലെമിൽ രണ്ട് മരണങ്ങളാണുണ്ടായത്; ഒരു കൊലപാതകവും ഒരു ആത്മഹത്യയും. അധികാരകേന്ദ്രങ്ങളെ വിമർശിച്ചതിനാണ് ക്രിസ്തുവിനെ കുരിശിൽ തറച്ചു കൊന്നത്. അതിന് മതപരവും രാഷ്ട്രീയവുമായ മാനങ്ങളുണ്ടായിരുന്നു. മനുഷ്യപുത്രനെ ഭരണകൂടത്തിന് ഒറ്റിക്കൊടുത്ത ശിഷ്യനായ യൂദാസ് അതേ ദിവസം ദൂരെയല്ലാതെ ഒരു മരത്തിൽ തൂങ്ങിമരിച്ചു.
രണ്ടിനും പ്രസക്തിയുണ്ട്. കാരണം, ഈ രണ്ടു മരണങ്ങളും രാഷ്ട്രീയമാണ്. കൂടുതൽ തെളിച്ചുപറഞ്ഞാൽ, ഭരണകൂട-മത-ജനദ്രോഹ രാഷ്ട്രീയം, അതിനെതിരേ ശബ്ദമുയർത്തുന്നവരെ വേട്ടയാടൽ, അതിനായുള്ള ആൾക്കൂട്ട ധ്രുവീകരണം, ഒറ്റുകാരുടെ ഭരണകൂട വാഴ്ത്ത്, വെള്ളിക്കാശിനുവേണ്ടിയുള്ള ചുംബനം...; മത-രാഷ്ട്രീയ കൂട്ടുകെട്ട് നിന്ദിതരെയും പീഡിതരെയും ചവിട്ടിമെതിക്കുന്നിടത്തെല്ലാം വായിക്കപ്പെടേണ്ടതാണ് പീഡാനുഭവചരിത്രം. ഈ ദിനം വിലാപത്തിന്റേതു മാത്രമല്ല, തിരിച്ചറിവിന്റേതുകൂടിയാകണം.
അത്താഴം കഴിഞ്ഞു മുകളിലത്തെ മുറിയിൽനിന്നിറങ്ങിയവർ പട്ടണത്തിലൂടെ നടന്ന് ഒലിവുമലയിലേക്കു പോയി. അത്താഴമുറി രാഷ്ട്രീയ ചരിത്രത്തിന്റെ മ്യൂസിയമായി കിടന്നു. മേശയിൽ ശിഷ്യരുടെ പാദങ്ങൾ കഴുകാൻ ക്രിസ്തു വെള്ളമെടുത്ത താലം, അരയിൽ കെട്ടിയ കച്ച, ഒറ്റുകാരനും കൈയിലെടുത്ത ചോരമണമുള്ള കാസ... പലതുമുണ്ട്.
യൂദാസാണ് ആദ്യം മുറിയിൽനിന്നു പുറത്തിറങ്ങിയത്. ധൃതിയുണ്ടായിരുന്നു; അവനെ കാത്ത് ക്രിസ്തുവിനെയും അവന്റെ സന്ദേശത്തെയും നശിപ്പിക്കാൻ കാത്തിരുന്ന രാഷ്ട്രീയക്കാർ പുറത്തുണ്ട്. ജറൂസലെം തണുത്തുവിറയ്ക്കവേ, ഗത്സമേൻ തോട്ടത്തിൽ ക്രിസ്തു മുട്ടിന്മേൽ നിന്നു വിയർത്തു. പ്രാർഥനാമധ്യേ ചോരത്തുള്ളികൾ മണ്ണിലെത്തി.
ഒലിവുമരങ്ങൾ ഒരു ദുരന്തനാടകത്തിന്റെ കാണികളെപ്പോലെ നിശ്ചലരായി. ഇരുട്ടിന്റെ ഗുഹകൾക്കപ്പുറത്ത് തീപ്പന്തങ്ങൾ കാണാനായി. ക്രിസ്തുവിന്റെ കാസയിൽ പങ്കു പറ്റിയവൻ മുന്നിലുണ്ട്. അവന്റെ മടിശീലയുടെ കിലുക്കം ഒലിവുമല മുതൽ കുശവന്റെ പറന്പോളം മുഴങ്ങി. ഒരു ചുംബനം! വരാനിരുന്ന എല്ലാ പീഡകളെയുംകാൾ വേദനിപ്പിച്ചത്.
ഭരണാധികാരിയായ സീസറിന്റെ ശത്രുവും റോമാ സാമ്രാജ്യത്തിലെ ദേശദ്രോഹിയുമായി ചിത്രീകരിച്ച് ക്രിസ്തുവിന്റെ വിചാരണ തുടങ്ങി. ദേശദ്രോഹിയെന്ന ചാപ്പ ഇന്നും, എതിർക്കുന്നവരെ കുരിശിലേറ്റാനുള്ള രാഷ്ട്രീയ കുറ്റപത്രത്തിന്റെ തലക്കെട്ടാണ്. ക്രിസ്തുവിനു നിലപാടുണ്ടായിരുന്നു. നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും തനിക്ക് അധികാരമുണ്ടെന്നു പീലാത്തോസ് പറഞ്ഞിട്ടും അവൻ ഭരണകൂടത്തിനു മുന്നിൽ തലകുനിച്ചില്ല.
ക്രിസ്തുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: “ഉന്നതത്തില്നിന്നു നല്കപ്പെട്ടില്ലായിരുന്നുവെങ്കില് എന്റെമേല് ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്, എന്നെ നിനക്കേല്പിച്ചുതന്നവന്റെ പാപം കൂടുതല് ഗൗരവമുള്ളതാണ്.” അത് യൂദാസായിരുന്നു. ഗുരുവിനെ, സ്വന്തം ജനങ്ങളെ, സമുദായത്തെ ഒറ്റിക്കൊടുക്കുന്നവരുടെ രണ്ടായിരം വർഷം പഴക്കമുള്ള ജറൂസലെം പ്രേതം! അതുകൊണ്ടാണ്, താരതമ്യപ്പെടുത്താനാകില്ലെങ്കിലും ദുഃഖവെള്ളിയിലെ രണ്ടു മരണങ്ങളും പ്രാധാന്യമുള്ളതാകുന്നത്.
രാജ്യദ്രോഹത്തിന്റെ പേരിൽ ക്രിസ്തുവിനെതിരേ ചുമത്തപ്പെട്ടത് വ്യാജ കേസുകളായിരുന്നു. കള്ളസാക്ഷ്യങ്ങൾ പാഴായി. പക്ഷേ, മതഭരണകൂടം അവനെ ഉന്മൂലനം ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. രാജ്യദ്രോഹവും ദൈവദൂഷണവുമാണ് കുറ്റം. തങ്ങളുടെ ജനവിരുദ്ധതയെ വിമർശിക്കുകയും വെള്ളയടിച്ച കുഴിമാടങ്ങളെന്നു വിളിക്കുകയും ചെയ്തവനെ എങ്ങനെയും കുടുക്കണം.
അതിനവർ രണ്ടു കാര്യങ്ങൾ ചെയ്തു. ഒന്ന്, അക്രമാസക്തരും രക്തദാഹികളുമായ ആൾക്കൂട്ടത്തെ തയാറാക്കി. രണ്ട്, കൊല്ലാൻ നിശ്ചയിച്ചിരുന്ന ക്രിസ്തുവിന്റെ ശിഷ്യരിൽനിന്നുതന്നെ ഒരാളെ ഒറ്റുകാരനാക്കി. ക്രിസ്തുവിന്റെ ശിഷ്യരെന്ന മേൽവിലാസം കളയാതെതന്നെ അവനോടൊപ്പം അത്താഴത്തിനിരിക്കുകയും അതേസമയംതന്നെ ഭരണകൂടവുമായി സന്ധിയുണ്ടാക്കി അധികാരത്തിന്റെയോ സന്പത്തിന്റെയോ വെള്ളിക്കാശുകൾ കൈക്കലാക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തിന്റെ മുന്നറിയിപ്പായിരുന്നു ദുഃഖവെള്ളി.
കാര്യം കഴിഞ്ഞാൽ ഭരണകൂടത്തിനും രാഷ്ട്രീയത്തിനും ഒറ്റുകാരെക്കൊണ്ട് ആവശ്യമില്ല. ക്രിസ്തുവിനെ വധിച്ചതറിഞ്ഞ യൂദാസ് ഒറ്റുകാശ് പ്രധാനപുരോഹിതന്മാരെയും പ്രമാണിമാരെയും ഏല്പിച്ചുകൊണ്ടു പറഞ്ഞു: “നിഷ്കളങ്ക രക്തത്തെ ഒറ്റിക്കൊടുത്ത് ഞാന് പാപം ചെയ്തിരിക്കുന്നു.” അവര് അവനോടു പറഞ്ഞു: “അതിനു ഞങ്ങള്ക്കെന്ത്? അതു നിന്റെ കാര്യമാണ്.” വെള്ളിനാണയങ്ങള് ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട് അവന് പോയി കെട്ടിഞാന്നു ചത്തു.
ക്രിസ്തുവിനെ കുരിശിലേറ്റിയ കാൽവരിയും യൂദാസ് തൂങ്ങിച്ചത്ത കുശവന്റെ പറന്പും തമ്മിൽ ഒരു മൈൽ ദൂരമേയുള്ളൂ. പക്ഷേ, രണ്ടും പറഞ്ഞില്ലെങ്കിൽ ദുഃഖവെള്ളിയുടെ ചരിത്രവും വർത്തമാനവും ഭാവിയും അപൂർണമായിരിക്കും. പെസഹാരാത്രി മുതൽ വെള്ളിയാഴ്ച മൂന്നുമണിവരെയുള്ള സമയത്തെ സംഭവങ്ങൾ നമ്മുടെ പരിസരത്തുമുണ്ട്.
കുരിശിന്റെ വഴികളിലെ പതിനാലിടങ്ങളും ചോദിക്കും. നീതിമാന്റെ, പാവപ്പെട്ടവന്റെ, അനാഥന്റെ, വിധവയുടെ, ദളിതരുടെ, ന്യൂനപക്ഷങ്ങളുടെ, ഇതരമതസ്ഥരുടെ, അടിച്ചമർത്തപ്പെട്ടവരുടെ ചോര കൈയിലുണ്ടോ? മടിശീലയിലെ പണം എങ്ങനെ സന്പാദിച്ചതാണ്? നീ പോകാനിരിക്കുന്ന പതിനഞ്ചാം സ്ഥലം എവിടെയാണ്?
Editorial
ഇനി ഒരത്താഴംകൂടിയേ ഉള്ളൂ. കൊല്ലപ്പെടാൻ 24 മണിക്കൂർ പോലും ബാക്കിയില്ലെന്ന് അറിയാമായിരുന്നെങ്കിലും ആ യുവാവ് തന്റെ ജോലികൾ പൂർത്തിയാക്കാനുള്ള തിടുക്കത്തിലായിരുന്നു. ഓശാനഞായറാഴ്ച ഭരണകൂടം എഴുതിത്തുടങ്ങിയ കുറ്റപത്രം ഏതാണ്ട് പൂർത്തിയായെന്നും നേരം പുലരുംമുന്പ് അതിലേക്ക് വധശിക്ഷ എഴുതിച്ചേർക്കുമെന്ന കാര്യത്തിലും സന്ദേഹമില്ല.
പക്ഷേ, അത്താഴത്തിനായി മേശയ്ക്കു ചുറ്റും കൂടിയ ശിഷ്യരോട് അവൻ രാഷ്ട്രീയം പറഞ്ഞില്ല. ഭരണകൂട ഗൂഢാലോചനയെക്കുറിച്ചോ അതിലെ അനീതിയെക്കുറിച്ചോ പ്രതിരോധത്തെക്കുറിച്ചോ എന്നല്ല, സ്വയരക്ഷയെക്കുറിച്ചുപോലും ഒന്നുമുരിയാടിയില്ല.
എന്നാലോ, നിലത്തിരുന്നു ശിഷ്യരുടെ കാലുകൾ കഴുകി ചുംബിച്ച്, യുദ്ധങ്ങൾ അവസാനിപ്പിക്കേണ്ടതെങ്ങനെയെന്നു പഠിപ്പിച്ചു. അഹംബോധത്തെ തകർക്കുക! ആ യുവാവ് ക്രിസ്തുവായിരുന്നു. വസന്തർത്തുവിൽനിന്നു ജറൂസലെമിനെ മറച്ചുകൊണ്ട് സൂര്യൻ ഭൂമിയിൽനിന്നു മറയാനൊരുങ്ങി. അത്താഴം തുടങ്ങി.
അഹന്തയൊടുങ്ങിയാൽ സാധ്യമാകുന്ന സ്നേഹത്തിന്റെ സ്മാരക സ്ഥാപനമാണ് പിന്നീടു നടത്തിയത്. ഇന്നതിന്റെ ഓർമയാണ്; പെസഹാ. അഹംബോധത്തെ വെടിഞ്ഞ് സ്നേഹത്തിന്റെ അത്താഴമേശയൊരുക്കാനുള്ള രാത്രിയണയുന്നു.
പഴയനിയമത്തിലെ പെസഹാ ആചരണദിനമായിരുന്നു അന്ന്. നമ്മളെവിടെയാണ് പെസഹാ ഒരുക്കുന്നതെന്ന് ശിഷ്യന്മാർ ക്രിസ്തുവിനോടു ചോദിച്ചു. അഞ്ചു ദിവസം മുന്പ് ഓശാനഞായറിൽ കഴുതയെ കണ്ടെത്താൻ പറഞ്ഞയച്ചതുപോലെ നിഗൂഢമായിരുന്നു മറുപടി.
“നിങ്ങള് പട്ടണത്തിലേക്കു പ്രവേശിക്കുമ്പോള് ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന് നിങ്ങള്ക്കെതിരേ വരും. അവനെ പിന്തുടരുക. അവൻ പ്രവേശിക്കുന്ന വീടിന്റെ ഉടമസ്ഥനോടു പറയുക: ഗുരുവിനു പെസഹാ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്?” ശിഷ്യന്മാർ അതു ചെയ്തു.
ആ വീട്ടുടമ കാണിച്ചുകൊടുത്തതാണ് സീയോൻ മലയിൽ ദാവീദിന്റെ ശവകുടീരത്തിനു മുകളിലെന്നു കരുതുന്ന മാളികമുറി. മേശയ്ക്കു ചുറ്റും എല്ലാവരും ഇരുന്നു. ആമുഖമായി ക്രിസ്തു ഇങ്ങനെ പറഞ്ഞു. “പീഡാനുഭവത്തിനുമുന്പ് ഈ പെസഹാ നിങ്ങൾക്കൊപ്പം ഭക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.” ആരുമൊന്നും സംസാരിച്ചില്ല.
ഒരു താലത്തിൽ വെള്ളമെടുത്തുകൊണ്ട് അവൻ നിലത്തിരുന്ന് ഓരോരുത്തരുടെയായി കാലുകൾ കഴുകാൻ തുടങ്ങി. പത്രോസ് കാൽ വലിച്ചുമാറ്റി. “നീയെന്റെ കാലുകൾ കഴുകുകയോ?” ക്രിസ്തു പറഞ്ഞു: “ഞാൻ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല.” എല്ലാവരുടെയും കാലുകൾ കഴുകിയശേഷം സ്വസ്ഥാനത്തിരുന്നിട്ട് അവൻ പറഞ്ഞു: “ഇതൊരു മാതൃകയാണ്. ഗുരുവും കർത്താവുമായ ഞാനിതു ചെയ്തെങ്കിൽ നിങ്ങളും പരസ്പരം കാലുകൾ കഴുകുവിൻ.”
ഇത്ര വിനീതരാകാൻ ആർക്കു കഴിയുമെന്ന് അവർ ആശ്ചര്യപ്പെട്ടിരിക്കേ, അപ്പമെടുത്ത് ക്രിസ്തു പറഞ്ഞു: “ഇതെന്റെ ശരീരമാണ് ഭക്ഷിക്കുക.” വീഞ്ഞെടുത്തു പറഞ്ഞു, “ഇതു പാപമോചനത്തിനായി നിങ്ങള്ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്, പാനം ചെയ്യുക.” നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുന്പോൾ ഇതു ചെയ്യുക എന്നും അവൻ പറഞ്ഞു; പരസ്പരം കാലുകൾ കഴുകുക എന്നു പറഞ്ഞതുപോലെ. പുറത്ത് ഇരുട്ടായി.
എത്രയും പെട്ടെന്ന് തങ്ങൾക്കെതിരേയുള്ള ഭീഷണി ഒഴിവാക്കാൻ ആഗ്രഹിച്ചിരുന്ന അധികാരവർഗം, വിനയത്തിന്റെയും സ്നേഹത്തിന്റെയും ബലിവേദിയായി മാറിയ അത്താഴമേശയിൽനിന്നൊരാളെ കാത്തിരുന്നു. അപ്പോൾ ക്രിസ്തു പറഞ്ഞു, “ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെയടുത്ത് മേശമേല്തന്നെയുണ്ട്.” ഒരു പക്ഷേ, പുറത്തെ ഗൂഢാലോചനയേക്കാൾ ക്രിസ്തുവിനെ വേദനിപ്പിച്ചത് അകത്തെ വഞ്ചനയാകാം.
ഗുരുവിനുവേണ്ടി എന്തിനും തയാറാണെന്നു പറഞ്ഞുകൊണ്ടേയിരുന്ന പത്രോസിനോട് അവൻ പറഞ്ഞു: “പുലർച്ചെ കോഴി കൂകുന്നതിനുമുന്പ് എന്നെ അറിയില്ലെന്നു നീ മൂന്നു പ്രാവശ്യം പറയും.” ഭരണകൂടത്തെ ഭയന്ന്, സത്യം പറയാൻ മടിക്കുന്നവരെയും ക്രിസ്തു മുൻകൂട്ടി കണ്ടു. പക്ഷേ, ഒന്നിനെയും തടയാൻ അവൻ മുതിർന്നില്ല.
മനുഷ്യന്റെ അകത്തും പുറത്തുമുള്ള യുദ്ധങ്ങൾക്കു പരിഹാരം, സ്നേഹത്തിന്റെയും വിനയത്തിന്റെയും പ്രയോഗവത്കരണം, സ്നേഹിക്കുന്നവരെയും ചതിക്കുന്നവരെയുമൊക്കെ ഒന്നിച്ചിരുത്തി അത്താഴം വിളന്പാനുള്ള ദൈവികത, ഒറ്റിക്കൊടുക്കപ്പെടുന്നതിന്റെ നീറ്റൽ, നീതിമാന്മാരെ ഇല്ലാതാക്കാൻ അധികാര ദുർവിനിയോഗം നടത്തുന്ന ഭരണകൂടങ്ങൾ...
ലോകത്തിന്റെ ഒരു പതിപ്പാണ് ഒടുവിലത്തെ അത്താഴത്തിനിടെ അരങ്ങേറിയത്. പരിഹാരവുമുണ്ടായിരുന്നു. അതിൽ പ്രധാനം, എല്ലാ യുദ്ധങ്ങളുടെയും പ്രഭവകേന്ദ്രമായ മനുഷ്യന്റെ അഹംബോധത്തെ നിർവീര്യമാക്കുന്നതിനെക്കുറിച്ചായിരുന്നു. “പരസ്പരം കാലുകൾ കഴുകാവുന്നത്ര വിനീതരാകുക. നിങ്ങളില് ഏറ്റവും വലിയവന് ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവന് ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ.”
ജറൂസലെമിലെ മുകളിലത്തെ മുറി ഇന്ന് നമ്മുടെ വീടുകളിലേക്ക് എത്തുകയാണ്. റൊട്ടിയും പുളിക്കാത്ത അപ്പവും പാലുമല്ല, വിനയവും സ്നേഹവുമാണ് വിളന്പേണ്ടത്. പിണങ്ങിയിരിക്കുന്നവരെ ചെന്നു വിളിക്കുക, നീയില്ലാതെ ഈ പെസഹാ അപ്പം മുറിക്കില്ലെന്നു പറയാൻ തക്കവിധം കരുത്തരാകാം. ഒരാലിംഗനത്തിൽ തീരാത്തൊരു യുദ്ധവുമില്ല.
ഏതൊരാളുടെ കാലുകൾ കഴുകുന്നുവോ അവരുടെ ഹൃദയം നാം വെടിപ്പാക്കും. എന്നിട്ടും ദൈവചുംബനമണിഞ്ഞ പാദങ്ങളുമായൊരാൾ പുറത്തേക്കു നടന്നേക്കാം. അപ്പോൾ ക്രിസ്തുവിനെ സ്മരിക്കുക. അതേ, ഉള്ളിലെ ആയുധപ്പുരകൾ കാലിയാക്കാൻ ഇനിയൊരവസരം കിട്ടിയെന്നുവരില്ല.
Editorial
പുരുഷന്മാർ വീണ്ടും വനിതാ സംവരണം ചർച്ചയ്ക്കെടുത്തിട്ടുണ്ട്. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കി 2023ൽ പാസാക്കിയ നിയമം, 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാക്കാനാണ് ആലോചന. എന്തുകൊണ്ട്, നിയമം പാസാക്കിയതിനു പിന്നാലെ നടത്തിയ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ സംവരണം നടപ്പാക്കിയില്ല? പുരുഷന്മാരുടെ സീറ്റ് കുറയും; അതു പറ്റില്ല.
പുതിയ സെൻസസ് നടത്തി, മണ്ഡലങ്ങളുടെ എണ്ണം കൂട്ടിയാൽ പുരുഷന്മാരുടെ സീറ്റുകൾ നിലനിർത്തിക്കൊണ്ടുതന്നെ വനിതകളുടെ സീറ്റ് വർധിപ്പിക്കാം. പക്ഷേ, അതിനു വർഷങ്ങളെടുക്കും. ഉദ്ദേശ്യവും വൈകിക്കലായിരുന്നു. അതിനിടെ വനിതാ സംവരണം മണ്ഡല പുനർനിർണയവുമായി ബന്ധപ്പെടുത്തി വൈകിക്കുന്നതിനെതിരേയുള്ള ഹർജികളിൽ ഏപ്രിൽ 13ന് സർക്കാർ വിശദീകരണം നൽകണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ ആ വിശദീകരണം സ്ത്രീപക്ഷത്താകുകയും വേണം. ഇതാവാം ഇപ്പോഴത്തെ വനിതാ സംവരണ പ്രതിബദ്ധതയ്ക്കു കാരണം.
ഇന്നു പുതിയ സെൻസസ് നടപടികൾ തുടങ്ങുകയാണ്. പക്ഷേ, അതു പൂർത്തിയാക്കി അതിനെ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്താൻ വർഷങ്ങളെടുക്കും. അതുകൊണ്ട് 2011ലെ സെൻസസിനെ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽതന്നെ ഇതു നടപ്പാക്കാനാകുമോ എന്നാണ് ആലോചന. അതിന്റെ പ്രധാന കാരണങ്ങൾ മുകളിൽ പറഞ്ഞതുപോലെ കോടതിയുടെ ഇടപെടലും നിയമസഭാ തെരഞ്ഞെടുപ്പുകളും മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യയുടെ എതിർപ്പ് വനിതാ സംവരണത്തെ മുൻനിർത്തി തടയുകയുമൊക്കെയാകാം.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ലോക്സഭയിലെയും നിയമസഭകളിലെയും സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുമെന്നാണ്. അതനുസരിച്ച് ലോക്സഭയിൽ നിലവിലുള്ള അംഗസംഖ്യയായ 543ൽനിന്ന് വനിതാ സംവരണത്തിനുള്ള 273 സീറ്റുകൾ ഉൾപ്പെടുത്തി 816 ആയി ഉയർത്തും. രണ്ടുണ്ട് ലാഭം. ഒന്ന്, സ്ത്രീസംവരണം നടപ്പാകും. രണ്ട്, ഇപ്പോൾ സ്ത്രീകൾക്ക് ഉൾപ്പെടെ വീതംവയ്ക്കുന്ന 543 സീറ്റുകളും പുരുഷന്മാർക്ക് എടുക്കാം. ഇന്നു തുടങ്ങുന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്താൻ വൈകുമെന്നതിനാൽ, 2011ലെ സെൻസസിനെ അടിസ്ഥാനമാക്കാനാണ് ആലോചന.
പക്ഷേ, അതിനും ഏറെ സമയമെടുക്കും. പ്രതിപക്ഷവുമായി സമവായത്തിലെത്തി നടപ്പാക്കേണ്ട അതീവഗൗരവതരമായ വിഷയമാണ് കേന്ദ്രം സങ്കീർണമാക്കിയതെന്നു പറയാതെ വയ്യ. 2023ൽ നിയമം പാസാക്കിയപ്പോൾതന്നെ നടപ്പാക്കിയിരുന്നെങ്കിൽ, പുരുഷന്മാരുടെ കുറച്ചു സീറ്റുകൾ നഷ്ടപ്പെട്ടാലും അതിനൊരു ആത്മാർഥത ഉണ്ടാകുമായിരുന്നു. പരോക്ഷ ലക്ഷ്യങ്ങൾകൂടി സാധിച്ചെടുക്കാനുള്ള രാഷ്ട്രീയനീക്കങ്ങൾ യഥാർഥ ലക്ഷ്യമായിരുന്ന വനിതാ സംവരണത്തെ വൈകിക്കുകയായിരുന്നു എന്നു പറയേണ്ടിവരും.
ഇതിന്റെ മറ്റൊരു വശംകൂടി നോക്കാം. രാഷ്ട്രീയ പാർട്ടികൾക്ക് ആത്മാർഥതയുണ്ടെങ്കിൽ സംവരണം നടപ്പാക്കാതെതന്നെ 33 ശതമാനം വനിതകളെ മത്സരിപ്പിക്കാനാകില്ലേ? സാധിക്കുമെന്ന് വനിതാ മുഖ്യമന്ത്രിയായ മമത ബാനർജി തെളിയിച്ചിട്ടുണ്ട്. പശ്ചിമബംഗാളിൽനിന്ന് 2024ൽ ലോക്സഭയിലെത്തിയ തൃണമൂൽ കോൺഗ്രസ് എംപിമാരുടെ പ്രാതിനിധ്യം 38 ശതമാനമാണ്. മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ള ആ വനിതകൾ ഉജ്വല പ്രകടനമാണ് ലോക്സഭയിൽ നടത്തുന്നത്.
ഇത്തവണത്തെ നിയമസഭയിലേക്ക് തൃണമൂൽ കോൺഗ്രസ് മത്സരിപ്പിക്കുന്നത് 52 സ്ഥാനാർഥികളെയാണ്. ഇത് 18 ശതമാനം പ്രാതിനിധ്യമേയുള്ളൂ. പക്ഷേ, കോൺഗ്രസ്, ബിജെപി, സിപിഎം തുടങ്ങിയ പാർട്ടികളേക്കാൾ കൂടുതലാണ്. കേരളത്തിൽ കോണ്ഗ്രസ് മത്സരിക്കുന്ന 95 സീറ്റുകളില് ഒമ്പത് മണ്ഡലങ്ങളിലാണ് വനിതകള് സ്ഥാനാര്ഥികളായിട്ടുള്ളത്. സിപിഎം മത്സരിക്കുന്ന 86 സീറ്റുകളിൽ 10 പേരാണ് വനിതകൾ. ഈ പശ്ചാത്തലത്തിലാണ് കേരളത്തില് ഒരു വനിതാ മുഖ്യമന്ത്രി ചുമതലയേല്ക്കുന്നത് താന് സ്വപ്നം കാണാറുണ്ടെന്ന് തിങ്കളാഴ്ച കേരളത്തിലെത്തിയ രാഹുൽ ഗാന്ധി പ്രസംഗിച്ചത്.
100 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് ആവർത്തിച്ചു പറയുന്ന പാർട്ടിയാണ് സ്വന്തം സ്ഥാനാർഥിപ്പട്ടികയിൽ 10 ശതമാനം പ്രാതിനിധ്യംപോലും സ്ത്രീകൾക്കു കൊടുക്കാതെ സ്വപ്നങ്ങളുടെ കെട്ടഴിക്കുന്നത്. സിപിഎമ്മിന്റെ കാര്യത്തിലാണെങ്കിൽ, 1987ൽ “കേരം തിങ്ങും കേരളനാട്, കെ.ആർ. ഗൗരി ഭരിച്ചീടും’’ എന്ന മുദ്രാവാക്യമെങ്കിലും ഉയർന്നു. ഇന്നാകട്ടെ, മുദ്രാവാക്യംപോലുമില്ല.
രാജ്യത്തെ ഒരൊറ്റ രാഷ്ട്രീയ പാർട്ടിപോലും തങ്ങളുടെ ഭാരവാഹികളിൽ വനിതകൾക്ക് 33 ശതമാനം സംവരണം കൊടുത്തിട്ടില്ല. അതായത്, സ്ഥാനാർഥികളിലോ പാർട്ടി ഭാരവാഹികളിലോ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം കൊടുക്കാത്തവർ നിയമനിർമാണസഭകളിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ച് തർക്കിച്ചുകൊണ്ടിരിക്കുകയാണ്. ദളിത്-പിന്നാക്ക-വനിതാ സംവരണങ്ങളിലൊക്കെ ഒരേ മനസാണ് ഇടതു-വലതു-മധ്യ മുന്നണികൾക്കെല്ലാമുള്ളത്. ഇതാണ് കുടുംബം മുതൽ പാർലമെന്റ് വരെ നീളുന്ന ആണധികാരത്തിന്റെ നേർചിത്രം.
Editorial
ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തത് ഖേദകരമാണ്. അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ ഇല്ലയോ എന്നതല്ല, ക്രൈസ്തവരെ അത്രപോലും വിലമതിക്കുന്നില്ല എന്നതാണ് വിഷയം.
ഒരുവശത്ത് സംഘപരിവാറിന്റെ ആക്രമണങ്ങളും, മറുവശത്ത് മതപരിവർത്തന നിരോധനനിയമം, എഫ്സിആർഎ തുടങ്ങി ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കിയുള്ള നിയമങ്ങളും ഭേദഗതികളും നടപ്പാക്കിക്കൊണ്ടിരിക്കെ, ന്യൂനപക്ഷ കമ്മീഷൻതന്നെ കേവലമൊരു ഔദ്യോഗികതയായി ചുരുങ്ങിക്കഴിഞ്ഞു.
എങ്കിലും, ബിജെപി ഭരണത്തിൽ നിരന്തരം പാർശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നവർക്ക് ‘മൻ കി ബാത്തു’കളിൽ വിട്ടുപോകുന്നവ ചൂണ്ടിക്കാണിക്കാതെ വയ്യ. മുസ്ലിം, പാഴ്സി മതവിഭാഗങ്ങളിൽനിന്നുള്ള രണ്ടുപേരെ കഴിഞ്ഞദിവസം ന്യൂനപക്ഷ കമ്മീഷനിൽ നിയമിച്ചെങ്കിലും ക്രൈസ്തവ പ്രതിനിധിയില്ല.
ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ 2020ൽ കമ്മീഷനിലെ സ്ഥാനം ഒഴിഞ്ഞതു മുതൽ ക്രൈസ്തവ വിഭാഗത്തിന്റെ പ്രാതിനിധ്യം ഒഴിഞ്ഞുകിടക്കുകയാണ്. ആറു വർഷമായി ഇതാണു സ്ഥിതി. 2025 ഏപ്രിൽ 12ന് ഇക്ബാൽ സിംഗ് ലാൽപുര ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷസ്ഥാനം ഒഴിഞ്ഞശേഷം അതും നികത്തിയിട്ടില്ല.
എല്ലാ ന്യൂനപക്ഷ മതവിഭാഗങ്ങളുടെയും വ്യക്തിഗത സാന്നിധ്യം നിയമപരമായി നിർബന്ധമല്ലെങ്കിലും തുല്യത ഉറപ്പുവരുത്തുന്നതിനും ക്രൈസ്തവരെ ദേശീയതലത്തിൽ കേൾക്കുന്നതിനും ക്രൈസ്തവ പ്രതിനിധിയുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് സഭാ പ്രതിനിധികളടക്കം നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷേ, ഒരു വിലയും കേന്ദ്രസർക്കാർ കൊടുത്തില്ല. ഒടുവിൽ കോടതി ഇടപെട്ടു. ഒഴിവുകൾ നികത്തുന്നതിനുള്ള സമയപരിധി സംബന്ധിച്ച് പ്രത്യേക സത്യവാങ്മൂലം ഹാജരാക്കുന്നതിൽ പരാജയപ്പെട്ട മന്ത്രാലയത്തിന്റെ നടപടി കോടതിയെ പരിഹസിക്കുന്നതിനു തുല്യമാണെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു.
കോടതി രണ്ടാഴ്ചയ്ക്കകം മറുപടി ആവശ്യപ്പെട്ടതോടെയാണ് മുസ്ലിം, പാഴ്സി വിഭാഗങ്ങളിൽനിന്നുള്ള രണ്ടുപേരെ ഇപ്പോൾ തിരക്കിട്ടു നിയമിച്ചത്. ന്യൂനപക്ഷങ്ങളെ പരിഹസിക്കുന്നതുപോലെ കോടതിയെ പരിഹസിക്കാനാകില്ലല്ലോ.
കോടതികളുടെ ഇടപെടലില്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്കു നീതി അപ്രാപ്യമാകുന്ന ഒരു ഭരണകാലമാണ്. പാർലമെന്റ് നിയമത്തിലൂടെ പാസാക്കിയ ഒരു ഭരണഘടനാ സ്ഥാപനത്തെ ഇത്തരത്തിൽ നിർജീവമാക്കുന്നത് ഭരണഘടനാപരമായ വീഴ്ചയാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ഇക്കാര്യത്തിൽ മാത്രമല്ല, മതരാഷ്ട്രങ്ങൾക്കു സമാനമായ രീതിയിൽ ഏതൊരു വർഗീയവാദിക്കും ന്യൂനപക്ഷ വേട്ടയ്ക്ക് അവസരമൊരുക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ഭരണഘടനയെ എന്നേ നോക്കുകുത്തിയാക്കിക്കഴിഞ്ഞു.
ക്രൈസ്തവമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവരെ പട്ടികജാതി (എസ്സി) വിഭാഗമായി കണക്കാക്കാനാകില്ലെന്ന ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചത് ദിവസങ്ങൾക്കു മുന്പാണ്. ദളിതർക്കു മതഭേദമില്ലാതെ തുല്യനീതി നൽകിയിരുന്ന ഭരണഘടനയിൽ പാർലമെന്റ് വരുത്തിയ ഭേദഗതികൾ നിലനിൽക്കേ, കോടതികളിൽനിന്ന് മറ്റൊരു വിധി ഉണ്ടാകില്ല.
ലോക്സഭയിൽ കഴിഞ്ഞദിവസം അവതരിപ്പിച്ച എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബിൽ ന്യൂനപക്ഷങ്ങൾക്കെതിരേ, പ്രത്യേകിച്ച് ന്യൂനപക്ഷ വേട്ടയ്ക്കുള്ള മറ്റൊരു മാരകായുധമാണ്. വിദേശഫണ്ട് സ്വീകരിക്കുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കിക്കിട്ടാതിരിക്കുകയോ റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുകയോ നിലവിലുള്ള ലൈസൻസ് സറണ്ടർ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇത്തരം ഫണ്ട് ഉപയോഗിച്ചു വികസിപ്പിച്ചിട്ടുള്ള ആസ്തികൾ സർക്കാരിനു കണ്ടുകെട്ടാമെന്നാണ് ഭേദഗതി.
ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ നടത്തി നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കല്ലേ പേടിക്കേണ്ടതുള്ളൂ എന്നു പറഞ്ഞ് ബിജെപി ഭക്തജനസംഘം നാവടക്കുന്നതിനു മുന്പ്, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ലോക്സഭയിൽ കാര്യം തെളിച്ചങ്ങു പറഞ്ഞു.
“നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെയാണ് ലക്ഷ്യമിടുന്നത്.” പക്ഷേ, ഇവരുടെ ഭക്തർക്കു യുക്തി വേണ്ടല്ലോ! ക്രൈസ്തവസ്ഥാപനങ്ങളും സന്പത്തും കണ്ടുകെട്ടാൻ ലക്ഷ്യമിടുന്ന എഫ്സിആർഎ ഭേദഗതി സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വർഗീയോദ്ദേശ്യപരമായ നിയമങ്ങളിലൊന്നാണ്.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയമായിട്ടുപോലും ഒരു മറയുമില്ലാതെ ഇത്തരം അജൻഡകൾ നടപ്പിലാക്കുന്നുണ്ടെങ്കിൽ ഇതു സൂചനയല്ല, കൃത്യമായ സന്ദേശമാണ്. സംഘപരിവാർ ആക്രമണങ്ങൾ, മതപരിവർത്തന നിരോധന നിയമം, എഫ്സിആർഎ, ന്യൂനപക്ഷ കമ്മീഷനിലെ അംഗത്വനിഷേധം... ക്രൈസ്തവരെക്കുറിച്ചു ബിജെപി ചിന്തിക്കുന്നില്ലെന്നു പറയാനാകില്ല.
ന്യൂനപക്ഷ കമ്മീഷനിൽ ഒരു ക്രിസ്ത്യാനി വന്നിട്ടെന്താ എന്ന ചോദ്യവും അർഥമുള്ളതാണ്. ന്യൂഡൽഹി ലോധി റോഡിലെ, അധ്യക്ഷനും ആവശ്യത്തിന് അംഗങ്ങളുമില്ലാത്ത ആ ഓഫീസിൽ ഒരു ക്രിസ്ത്യൻ നാമധാരികൂടി വന്നിട്ട് പ്രത്യേകിച്ചൊന്നുമില്ല. പക്ഷേ, തങ്ങൾ ക്രൈസ്തവരെ തുല്യരായി കാണുന്നുണ്ടെന്നു വാദിക്കാനെങ്കിലും ബിജെപിക്കൊരു കച്ചിത്തുരുമ്പാകുമായിരുന്നു.
Editorial
ജീവകാരുണ്യ സംഘടനകളാണോ വർഗീയ സംഘടനകളാണോ ഈ രാജ്യത്തിന്റെ യഥാർഥ ഭീഷണിയെന്ന് രാജ്യം ചർച്ച ചെയ്യാൻ സമയമായി. മതപരിവർത്തനനിരോധ നിയമത്തിന്റെ അനുഭവം വച്ചാണെങ്കിൽ എഫ്സിആർഎയും ന്യൂനപക്ഷങ്ങളെ മാത്രം ഉന്നം വയ്ക്കുന്നതാകും.
ന്യൂനപക്ഷങ്ങളെ മര്യാദ പഠിപ്പിക്കാൻ തങ്ങളല്ലാതെ ആരുണ്ടെന്ന നിലയിലാണ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ പല നീക്കങ്ങളും. അതിലെ പുതിയ ഇനമായാണ് എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. എന്നുവച്ചാൽ, വിദേശസഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെയും ആരാധനാലയങ്ങളുടെയുമൊക്കെ (ഫലത്തിൽ പ്രധാനമായും ന്യൂനപക്ഷങ്ങളുടെ) സ്വത്തുവകകൾ കണ്ടുകെട്ടാൻ സർക്കാരിനു രാജ്യത്തിനകത്തും പുറത്തും നാലാളുടെ മുന്നിൽ പറയാനൊരു നിയമം.
നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെയാണ് ലക്ഷ്യമിടുന്നതെന്ന് വലിയ വളച്ചുകെട്ടൊന്നുമില്ലാതെ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ലോക്സഭയിൽ പറഞ്ഞിട്ടുണ്ട്. എന്നാലോ, നിയമവിരുദ്ധ പ്രവർത്തനം നടത്തിയാലല്ലേ പേടിക്കാനുള്ളു എന്നാണ് നിഷ്പക്ഷ നാട്യക്കാരായ ബിജെപി ഒളിപ്പോരുകാരുടെ വാദം. മതപരിവർത്തന നിരോധന നിയമത്തിലും ഇതായിരുന്നു അവരുടെ മുഖംമൂടി.
പക്ഷേ, ജയിലിലായതിൽ ന്യൂനപക്ഷക്കാരല്ലാതെ മതപരിവർത്തനം അജണ്ടയാക്കിയ ഘർവാപ്പസിക്കാരൊന്നുമില്ല. പാക്കിസ്ഥാനിൽ മതമൗലികവാദികൾ വാദിയായ പ്രവാചക-മതനിന്ദാ കേസുകൾപോലെ ഇവിടെ സംഘപരിവാർ തീരുമാനിക്കും ആർക്കെതിരേ കേസെടുക്കണമെന്ന്. ആരു പറഞ്ഞു, ന്യൂനപക്ഷങ്ങൾ രണ്ടാംതരം പൗരന്മാരാകാൻ ഹിന്ദു രാഷ്ട്രം വരണമെന്ന്!
വിദേശഫണ്ട് സ്വീകരിക്കുന്നവർക്ക് നിശ്ചിതസമയത്തിനുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കിക്കിട്ടാതിരിക്കുകയോ റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുകയോ നിലവിലുള്ള ലൈസൻസ് സറണ്ടർ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇത്തരം ഫണ്ട് ഉപയോഗിച്ചു വികസിപ്പിച്ചിട്ടുള്ള ആസ്തികൾ സർക്കാരിനു കണ്ടുകെട്ടാം. ഇതു വിൽക്കാനും മറ്റു സർക്കാർ സ്ഥാപനങ്ങൾക്കു കൈമാറാനും സർക്കാരിന് അവകാശമുണ്ടായിരിക്കും. വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിത നിധിയിലേക്കു മാറ്റും.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിശ്ചയിക്കുന്ന അഥോറിറ്റിക്ക് സിവിൽ കോടതിയുടെ അധികാരവുമുണ്ട്. 90 ദിവസത്തിനകം ജില്ലാ ജഡ്ജിക്ക് അപ്പീൽ നൽകാനുള്ള അവകാശം ഉണ്ട്. ഏറ്റെടുക്കുന്നതിൽ ആരാധനാലയങ്ങളുണ്ടെങ്കിൽ അതിന്റെ തനിമയിൽ മാറ്റം വരുത്താതെ സർക്കാർ നിശ്ചയിക്കുന്നവർക്കു കൈമാറാം. നിശ്ചിത സമയത്തിനകം ലൈസൻസ് തിരിച്ചുകിട്ടിയാൽ സ്വത്തും തിരികെ കിട്ടും.
ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള, ലൈസൻസ് മുടക്കിയ അഥോറിറ്റി തന്നെയാണ് അതു തിരിച്ചു നൽകേണ്ടതെന്നും മറക്കരുത്. വിദേശഫണ്ട് ചെലവഴിക്കുന്നതിനും സമയപരിധിയുണ്ട്. അത് എത്രയെന്നു ഭേദഗതിയിൽ പറയുന്നില്ല. മുന്പുണ്ടായിരുന്ന താത്കാലിക ഏറ്റെടുക്കലാണ് ഇപ്പോൾ കണ്ടുകെട്ടലും വിൽപനയുമൊക്കെയായി മാറിയിട്ടുള്ളത്. മുന്പ് താത്കാലികമായി ഏറ്റെടുത്ത വസ്തുവകകൾക്കും പുതിയ ഭേദഗതി ബാധകമാണ്. അതുപോലെ ലൈസൻസ് പുതുക്കി ലഭിക്കാത്തവർക്ക് സർക്കാരിന്റെ അനുമതിയില്ലാതെ അതു കൈകാര്യം ചെയ്യാനുമാകില്ല.
15,010 സംഘടനകൾക്കാണ് നിലവിൽ എഫ്സിആർഎ ലൈസൻസുള്ളത്. ഇന്ത്യയെപ്പോലെ ധനികർ വീണ്ടും ധനികരും ദരിദ്രർ വീണ്ടും ദരിദ്രരുമാകുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ കാലത്ത് ഈ എണ്ണം പോലും അപര്യാപ്തമാണ്. ലോകമെങ്ങും ജീവകാരുണ്യ പ്രവർത്തകർ ബഹുമാനിക്കപ്പെടുന്പോൾ, സ്വാഭാവികമായും ഉണ്ടാകാവുന്ന പുഴുക്കുത്തുകളുടെ പേരിൽ ഇന്ത്യയിൽ അവർ അപമാനിക്കപ്പെടരുത്. ജീവകാരുണ്യ സംഘടനകളാണോ വർഗീയ സംഘടനകളാണോ ഈ രാജ്യത്തിന്റെ യഥാർഥ ഭീഷണിയെന്ന് രാജ്യം ചർച്ച ചെയ്യാൻ സമയമായി.
ഭരണഘടനാപരമായ സംരക്ഷണമൊന്നുമില്ലാതെ സർക്കാരിനു വിപുലമായ അധികാരം നൽകുന്നത് അപകടമാണെന്ന കോൺഗ്രസ് മുന്നറിയിപ്പിന്, മതപരിവർത്തനവും ഫണ്ട് ദുരുപയോഗവും നടത്തുന്നവർക്കാണ് അപകടം എന്നായിരുന്നു ആഭ്യന്തര സഹമന്ത്രിയുടെ മറുപടി. ലക്ഷ്യം വ്യക്തമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ദുരുപയോഗിക്കപ്പെടുന്ന മതപരിവർത്ത നിരോധനിയമം ആരെയാണ് വേട്ടയാടിക്കൊണ്ടിരിക്കുന്നതെന്ന് ദിവസവും വെളിപ്പെടുന്നുണ്ട്.
സമാന്തരമായി, ദളിത് ക്രൈസ്തവരുടെ പട്ടികജാതി സംവരണവും പദവിയും അട്ടിമറിച്ചവർ അവർക്കെതിരേയുള്ള ആക്രമണങ്ങളും ഹിന്ദുമതത്തിലേക്കു മാറ്റുന്ന ഘർവാപ്പസിയും വ്യാപകമാക്കി. അത് മതപരിവർത്തനമല്ലെന്ന് സംഘപരിവാർ തീരുമാനിച്ചു; അത്രതന്നെ. അഴിമതി വിരുദ്ധത പറയുന്ന സർക്കാർ, രാജ്യമെങ്ങും ആരെ തിരക്കിയാണ് അന്വേഷണ ഏജൻസികളെ പറഞ്ഞയയ്ക്കുന്നതെന്നും വ്യക്തമായി.
അന്വേഷണ ഏജൻസികൾ, ബുൾഡോസറുകൾ, മതപരിവർത്ത കേസുകൾ, ആരാധനാലയ ആക്രമണങ്ങൾ... ഈ പട്ടികയിലേക്കാണ് എഫ്സിആർഎ അവതരിക്കുന്നതെന്ന് ന്യൂനപക്ഷങ്ങൾ തിരിച്ചറിയുന്നുണ്ട്. ഇതുവരെയുള്ള അനുഭവം വച്ചാണെങ്കിൽ ഏതു സ്ഥാപനങ്ങളുടെ ലൈസൻസുകളായിരിക്കും റദ്ദാക്കപ്പെടുന്നതെന്നും സ്വത്തു കണ്ടുകെട്ടുന്നതെന്നും ഊഹിക്കാവുന്നതേയുള്ളു. മുൻവിധികളല്ല, മുന്നനുഭവങ്ങൾ..!
നമ്മുടെ രാജ്യത്ത് പതിറ്റാണ്ടുകളായി ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സന്നദ്ധ സംഘടനകളെ എല്ലാം ഒരാവശ്യവുമില്ലാതെ സംശയനിഴലിലാക്കിക്കഴിഞ്ഞു. വിദേശഫണ്ട് ദുരുപയോഗം തടയാൻ നിയമങ്ങളില്ലാഞ്ഞിട്ടല്ല, ഈ ഭേദഗതി. ഒരു സ്ഥാപനം പിടിച്ചെടുക്കാൻ തീരുമാനിച്ചാൽ എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന ആഭ്യന്തരമന്ത്രാലയത്തിന്, വേണമെങ്കിൽ ഒരുദ്യോഗസ്ഥനുപോലും ലൈസൻസ് പുതുക്കാതിരിക്കാം. കോടതിയും അപ്പീലുമൊക്കെ സാധ്യമാണ്. പക്ഷേ, പുതിയ നിയമത്തെ അടിസ്ഥാനമാക്കിയല്ലാതെ കോടതി വിധി ഉണ്ടാകില്ല. ദളിത് ക്രൈസ്തവരെ പട്ടികജാതി പട്ടികയിൽനിന്ന് ഒഴിവാക്കാൻ ഭരണകൂടം അനുവദിച്ചില്ലെങ്കിൽ കോടതി നിസഹായമാകുന്നതുപോലെ.
ഇന്ത്യയിൽ സർക്കാരിന്റെ സഹായമെത്താത്ത ഇടങ്ങളിലൊക്കെ ദളിത്-ആദിവാസി മേഖലകളിൽ ഉൾപ്പെടെ ജീവകാരുണ്യസംഘടനകളുണ്ട്. സവർണ മേധാവിത്വം അതിൽ അസ്വസ്ഥരുമാണ്. ബിജെപി അധികാരത്തിലെത്തിയതുമുതൽ 2016, 2018, 2020 എന്നീ വർഷങ്ങളിൽ പടിപടിയായി നടത്തിയ ഭേദഗതികൾക്കൊടുവിലാണ് ഇപ്പോൾ കുടുതൽ മൂർച്ചയുള്ള ആയുധമൊരുക്കിയിരിക്കുന്നത്.
എൻഡിഎ എഫ്സിആർഎ നടപ്പാക്കുമോ എന്നതല്ല, പ്രതിപക്ഷം ഇതിനെതിരേ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കുമോ എന്നതാണ് ചോദ്യം. ജനാധിപത്യം ബാക്കിയുണ്ടാകുമെന്നും ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾ തനിച്ചല്ലെന്നും ബോധ്യപ്പെടുത്താൻ ഭരണഘടനയുണ്ടെന്നറിയാം. പക്ഷേ, ഭരണകൂടങ്ങളുടെ ജനാധിപത്യ സ്വത്വനഷ്ടം അതിനെ കെട്ടുകാഴ്ചയാക്കിയേക്കാം.
Editorial
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാമ്പത്തികാഘാതങ്ങളിൽനിന്ന് വിമാനക്കമ്പനികളെ രക്ഷിക്കാനിറങ്ങിയ സർക്കാർ എളുപ്പവഴി തെരഞ്ഞെടുത്തു. യാത്രാക്കൂലി വിമാനക്കമ്പനികൾക്കു തീരുമാനിക്കാം. ഇന്ധനവിലക്കുറവിന്റെ ലാഭം കിട്ടാത്ത ജനം വർധനയുടെ നഷ്ടം കൊടുക്കണം.
വിമാനക്കമ്പനികളുടെ ലാഭക്കുറവ് പരിഹരിക്കാൻ ടിക്കറ്റ് നിരക്ക് വർധനയ്ക്ക് അനുമതി നൽകിയ കേന്ദ്രസർക്കാരിന് യാത്രക്കാരന്റെ നഷ്ടത്തെക്കുറിച്ച് ചിന്തയില്ല. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം ഇന്നലെ മുതൽ നീക്കിക്കൊടുത്തു. അവധിക്കാലങ്ങളിലും വിശേഷദിവസങ്ങളിലും യാത്രക്കാരെ കൊള്ളയടിക്കുന്ന സ്ഥിരം "അധികൃത അഴിമതി’യുടെ യുദ്ധകാല പതിപ്പാണിത്.
ആരുടെ നികുതിപ്പണംകൊണ്ടാണോ ഈ ഭരണ-ഉദ്യോഗസ്ഥ പ്രഭുക്കളും കുടുംബാംഗങ്ങളും സൗജന്യവിമാനയാത്രക്കാരായി മാറിയത്, അവരെയാണ് നിർദാക്ഷിണ്യം വിമാനക്കന്പനികളുടെ ചൂഷണത്തിന് എറിഞ്ഞുകൊടുക്കുന്നത്. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നവർക്കു ചില്ലിക്കാശിന്റെ നഷ്ടമില്ല. വീണ്ടും വീണ്ടും സന്പന്നരായിക്കൊണ്ടിരിക്കുന്നവർക്കും വേവലാതിയില്ല. സാധാരണക്കാരും പാവങ്ങളുമായ യാത്രക്കാരെമാത്രം ലക്ഷ്യമിടുന്നതും, പ്രയോഗിക്കുന്നവരെ ബാധിക്കാത്തതുമായ ഡ്രോൺ ആക്രമണങ്ങളാണ് ഇത്തരം തീരുമാനങ്ങൾ. തിരുത്തണമെങ്കിൽ, സർക്കാർ ജനപക്ഷത്തേക്ക് മാറിനിൽക്കണം.
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണം നീക്കിയതോടെ വിമാനക്കമ്പനികൾക്ക് സ്വതന്ത്രമായി നിരക്ക് നിശ്ചയിക്കാം. ഒന്നാം തീയതി മുതൽ നിരക്ക് വർധിക്കും. നേരത്തേ ഇൻഡിഗോ വിമാന സർവീസ് തടസപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകളിൽ കുത്തനെ വർധനയുണ്ടായിരുന്നു. തുടർന്ന് ജനരോഷം ഉയർന്നതോടെ കഴിഞ്ഞ ഡിസംബറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇപ്പോൾ കേന്ദ്രസർക്കാർ നീക്കിയിരിക്കുന്നത്.
500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 7,500 രൂപയും 1500 കിലോമീറ്റർ യാത്രകൾക്ക് പരമാവധി 18,000 രൂപയുമായിട്ടായിരുന്നു നിയന്ത്രണം. ഇനി അതില്ല. അമേരിക്ക, ഇസ്രയേൽ-ഇറാൻ യുദ്ധത്തെ തുടർന്നുള്ള ഇന്ധനക്ഷാമത്തിന്റെ പേരിൽ വിമാനക്കന്പനികളുടെ ലാഭത്തിലുണ്ടായ കുറവോ നഷ്ടമോ നികത്താനാണിത്. ഏവിയേഷൻ ടർബൈൻ ഇന്ധന (എടിഎഫ്) വില വർധനയും പ്രവർത്തന തടസവും കാരണം, നിരക്ക് നിയന്ത്രണം നഷ്ടത്തിന് കാരണമാകുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സർക്കാരിനോട് പരാതിപ്പെട്ടിരുന്നു. പിന്നാലെ വ്യോമയാന മന്ത്രാലയം നിയന്ത്രണം നീക്കി.
ഈ യുക്തി പക്ഷേ, സാധാരണക്കാരായ മനുഷ്യർക്ക് ബാധകമാണെന്ന് സർക്കാരിനു തോന്നിയില്ല. പാചകവാതക സിലിണ്ടറുകൾക്ക് ഉൾപ്പെടെ വില വർധിപ്പിച്ചതും അതിനെ തുടർന്ന് ഹോട്ടൽ-ബേക്കറി വ്യാപാരം തകർന്നതും ഭക്ഷണത്തിനും അവശ്യവസ്തുക്കൾക്കും വില വർധിച്ചതുമൊക്കെ സഹിക്കുകയാണ് സാധാരണക്കാർ. അതിനു പുറമേ യുദ്ധത്തിന്റെ അടുത്ത ബാധ്യതയും അതേ ചുമലുകളിലേക്കു വച്ചുകൊടുത്തിരിക്കുന്നു.
വിമാനക്കന്പനികളുടെ നൊന്പരമറിയുന്ന സർക്കാർ സാധാരണക്കാരന്റെ ജീവിതച്ചെലവ് വർധിച്ചതും വരുമാനം വർധിക്കാതിരിക്കുന്നതും അറിഞ്ഞിട്ടില്ല. യാത്രക്കാരെ ആശ്വസിപ്പിക്കാനെന്നോണം വിമാനക്കന്പനികളെ ഉപദേശിക്കാനും സർക്കാർ മറന്നിട്ടില്ല. അമിതമോ അന്യായമോ ആയ നിരക്കുവർധന ഗൗരവമായി കാണുമെന്നും പൊതുതാത്പര്യാർഥം ആവശ്യമെങ്കിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.
യുദ്ധസമയമല്ലാത്തപ്പോഴും, വിമാനക്കന്പനികൾ, അവധിക്കാലത്തും വിശേഷാവസരങ്ങളിലും ടിക്കറ്റ് നിരക്കു വർധിപ്പിക്കുന്നതു പതിവായിരുന്നു. ഇതര സംസ്ഥാനത്തുനിന്നുള്ള സർക്കാർ-സ്വകാര്യ ബസുകളും യാത്രക്കാരെ കവർച്ച ചെയ്തു. വിദേശത്തുള്ളവരെല്ലാം അതിസന്പന്നരല്ല. ഗൾഫ് നാടുകളിലുൾപ്പെടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു സാധാരണക്കാർക്ക് ഇരട്ടിയോ അതിലേറെയോ വർധിപ്പിക്കുന്ന യാത്രക്കൂലി വലിയ ബാധ്യതയാണ്.
എല്ലാ വർഷവും ഇതിനൊക്കെ കൂട്ടുനിൽക്കുന്ന സർക്കാരാണ് ഇത്തവണ യുദ്ധം മൂലമുണ്ടായ ഇന്ധനവിലവർധന കാരണമാക്കി ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വർധനയുടെ നിയന്ത്രണം പിൻവലിച്ചത്. ചെറുകിട ബിസിനസുകാരും ജോലിക്കാരുമൊക്കെ ആഭ്യന്തര വിമാന സർവീസുകളെ ആശ്രയിക്കുന്നുണ്ട്. വിമാനക്കന്പനികൾക്ക് നഷ്ടം ഉണ്ടായിരിക്കാം. അപ്രതീക്ഷിത സന്ദർഭങ്ങളിലെ ഈ നഷ്ടമോ ലാഭത്തിലെ കുറവോ ജനങ്ങളുടെ ചുമലിലേക്കു വച്ചുകൊടുക്കുന്നതിനു പകരം, സർക്കാർ കുറച്ചെങ്കിലും ഏറ്റെടുക്കണം. യുദ്ധവും മഹാമാരിയുംപോലെ തങ്ങളുടേതല്ലാത്ത കാരണത്താൽ വലയുന്ന സാധാരണ പൗരർക്കൊപ്പം നിൽക്കുന്നില്ലെങ്കിൽ സർക്കാരിനെക്കൊണ്ട് എന്തു ഗുണം?
അന്തർദേശീയ മാർക്കറ്റിൽ ഇന്ധനവില കുറഞ്ഞപ്പോൾ സർക്കാരും സ്വകാര്യ മേഖലയിലേത് ഉൾപ്പെടെയുള്ള എണ്ണക്കന്പനികളും വിമാനക്കന്പനികളുമൊന്നും പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കുറച്ചോ യാത്രാനിരക്ക് കുറച്ചോ ലാഭം ജനങ്ങളുമായി പങ്കുവച്ചിരുന്നില്ല. പങ്കുവയ്ക്കുന്നതു നഷ്ടങ്ങൾ മാത്രം! കോവിഡ് കാലത്ത് സർക്കാർ യാത്രാസൗകര്യംപോലും ഏർപ്പെടുത്താതിരുന്നതിനാൽ ജോലിസ്ഥലത്തുനിന്നു ജന്മനാടുകളിലേക്കു നൂറുകണക്കിനു മൈലുകൾ താണ്ടിയ പാവപ്പെട്ട മനുഷ്യരുടേതുകൂടിയാണ് ഈ രാജ്യമെന്ന് ഭരിക്കുന്നവർ ഓർത്തില്ല. ആ മറവി സർക്കാരിനെ വിട്ടുമാറിയിട്ടില്ല.
മിസൈലുകളെയും ബോംബുകളെയും തടയാനാകാത്ത യുദ്ധരാഷ്ട്രങ്ങളുടെ അതേ വിധിയാണ്, അതിന്റെ ആഗോള പ്രത്യാഘാതങ്ങളെ തടയാനാകാത്ത സർക്കാരുകളുള്ള വിദൂര രാഷ്ട്രങ്ങളിലെ ജനങ്ങളും അഭിമുഖീകരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാന്പത്തികാഘാതങ്ങളിൽനിന്ന് വിമാനക്കന്പനികളെ രക്ഷിക്കാനിറങ്ങിയ സർക്കാർ യാത്രക്കാരെ ശിക്ഷിക്കുകയാണ്. യുദ്ധകാലത്ത്, പ്രതിസന്ധികളുടെ കടലിടുക്കുകളിൽ കപ്പലുകൾക്കു സുരക്ഷ കൊടുക്കുന്നവർ ജനങ്ങളുടെ പായ്വഞ്ചികൾ മുങ്ങുന്നതു കാണുന്നില്ല!
Editorial
ഭരണഘടനയെ മാനിക്കുമെന്ന വാഗ്ദാനത്തോടെ മത്സരത്തിനിറങ്ങുന്നവർക്ക് മതമുണ്ടാകാം. പക്ഷേ, അതിനെ വോട്ടിനുള്ള പ്രചാരണായുധമാക്കരുത്. മനുഷ്യർക്കു മുകളിൽ മതത്തെ പ്രതിഷ്ഠിക്കുന്നവരുടെ എണ്ണം കൂടുന്നത് നാം ശ്രദ്ധിക്കാതെ പോകരുത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകാനുള്ള അവസാനദിനമാണിന്ന്. വോട്ടെടുപ്പിനു രണ്ടാഴ്ചയേ ബാക്കിയുള്ളൂ. ചർച്ച ചെയ്യാൻ ഈ സംസ്ഥാനത്തിന്റെ നിരവധി പ്രതിസന്ധികളും വികസന ആവശ്യങ്ങളും ഭാവി സ്വപ്നങ്ങളുമുണ്ട്. അതിനുപകരം മതവികാരം ഉണർത്താൻ ചില മണ്ഡലങ്ങളിലെങ്കിലും ശ്രമമുണ്ടാകുന്നത് നിർഭാഗ്യകരമാണ്.
ആനുപാതികമല്ലാത്ത മത-ജാതി-ദളിത്-സ്ത്രീ പ്രാതിനിധ്യങ്ങളിലൊക്കെ പലർക്കും വിയോജിപ്പുകളുണ്ടെന്നതു യാഥാർഥ്യമാണ്. അതിൽതന്നെ, മതത്തെ വോട്ടു നേടാൻ ഉപയോഗിക്കുന്നത് കൂടുതൽ ധ്രുവീകരണത്തിനു വഴിതെളിക്കും. ഒരുവിധത്തിലും അത് സംസ്ഥാന താത്പര്യങ്ങൾക്കു ഗുണകരമാകില്ല. അത്തരം നീക്കങ്ങൾക്ക് മറുപടിയായി മറ്റു മണ്ഡലങ്ങളിലും സമാനമനസ്കർ അത് ഏറ്റുപിടിച്ചാൽ അപകടമാണ്. പാർട്ടികളും നേതാക്കളും വോട്ടർമാരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്. മറക്കരുത്, മതമല്ല, മനുഷ്യരാണ് മുഖ്യം.
കേൾക്കുന്പോൾ അതു ശരിയാണല്ലോ, ഈ മണ്ഡലത്തിൽ നമ്മുടെ മതത്തിൽപ്പെട്ടവർക്കു സ്ഥാനാർഥിത്വം നിഷേധിക്കപ്പെടുകയാണല്ലോ എന്നൊക്കെയുള്ള ചിന്ത വോട്ടർമാരിൽ ചിലർക്കെങ്കിലും ഉണ്ടാകാനിടയുണ്ട്. പറയുന്നയാളുടെ പ്രസംഗ-വർത്തമാന പാടവം സ്ഥിതി രൂക്ഷമാക്കുകയും ചെയ്യും. കേരളത്തിലെ ഏതെങ്കിലും മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തിലെ മത വിവേചനം ചൂണ്ടിക്കാട്ടി മതധ്രുവീകരണത്തിനു ശ്രമിക്കുന്ന പാർട്ടികൾ ആദ്യം നോക്കേണ്ടത്, കേന്ദ്രത്തിലേക്കും തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കുമാണ്.
പാർലമെന്റിലും നിയമസഭകളിലും തങ്ങളുടെ പാർട്ടി എല്ലാ മതസ്ഥർക്കും ആനുപാതിക പ്രാധാന്യം കൊടുത്തിട്ടുണ്ടോയെന്ന് എല്ലാവരും ആത്മപരിശോധന നടത്തണം. പ്രത്യേകിച്ച് രാജ്യം ഭരിക്കുന്ന പാർട്ടിയും മുന്നണിയും. മതേതരത്വത്തിന്റെ കാര്യത്തിൽ കേരളം അത്ര വലിയ മാതൃകയൊന്നുമല്ല. പക്ഷേ, മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ വളരെ ഭേദമാണ്. എല്ലാ പാർട്ടികളും മതം നോക്കി സ്ഥാനാർഥികളെ തീരുമാനിക്കുന്നുമുണ്ട്.
മതേതരത്വം പറയുകയും മതംനോക്കി സ്ഥാനാർഥികളെ നിശ്ചയിക്കുകയും ചെയ്യുന്ന നിരവധി മണ്ഡലങ്ങളുണ്ട്. പക്ഷേ, സംസ്ഥാനത്തെ മൊത്തത്തിലെടുത്താൽ കേരളം പഞ്ചായത്ത് തലം മുതൽ ലോക്സഭ വരെ എല്ലാ മതങ്ങൾക്കും പ്രാധാന്യം കൊടുത്തിട്ടുണ്ട്. അതായത്, മണ്ഡലാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് നീക്കുപോക്കുകൾ പ്രീണനങ്ങളാണെങ്കിലും വർഗീയ ധ്രുവീകരണമെന്നു പറയാനാകില്ല. ഈ ആപത്ത് പാർട്ടികൾ തിരിച്ചറിഞ്ഞില്ലെങ്കിൽ വോട്ടർമാർ തിരിച്ചറിയണം.
ദളിത്-സത്രീ പ്രാതിനിധ്യത്തിലും കേരളത്തിലെ ഒരു പാർട്ടിയും നീതി കാണിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ തൃണമൂൽ കോൺഗ്രസ് മാത്രമാണ് എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചിട്ടുള്ളത്. പശ്ചിമബംഗാളിൽ 291 സീറ്റുകളുടെ പട്ടിക പുറത്തിറക്കിയപ്പോൾ മമത ബാനർജി 95 ദളിതരെയും 52 വനിതകളെയും 47 മുസ്ലിംകളെയും സ്ഥാനാർഥികളാക്കി.
മണ്ഡല അടിസ്ഥാനത്തിൽ നോക്കിയാലും കേരളത്തിലെ ഒരു പാർട്ടിക്കും പാർട്ടി നേതാവിനും മമതയുടെ ധൈര്യവും ആത്മാർഥതയും ഉണ്ടായില്ല. ജാതി-മത-ദളിത്-സ്ത്രീ പ്രാതിനിധ്യം സർക്കാരുകളിൽ മാത്രമല്ല, പാർട്ടികളിലും ഉണ്ടാകേണ്ടതാണ്. നിർഭാഗ്യവശാൽ ഒരു പാർട്ടിയിലുമില്ല. ഇക്കാര്യങ്ങളൊക്കെ ചില പാർട്ടികളിൽ ദേശീയതലത്തിൽ അങ്ങേയറ്റം പരിതാപകരമാണ്.
പക്ഷേ, കേരളത്തിലെത്തുന്പോൾ അതിൽനിന്നു മതത്തെ മാത്രം എടുത്ത് കേരളത്തിൽ വിവേചനമാണെന്നു പറയുന്നവർ തെറ്റായ താരതമ്യത്തെ ശരിയായ നിഗമനമെന്ന മട്ടിൽ അവതരിപ്പിക്കുകയാണ്. ഓരോ മതവും സമുദായവുമൊക്കെ നേരിടുന്ന അനീതികളെക്കുറിച്ചു ചൂണ്ടിക്കാണിക്കാം. ജനാധിപത്യ-മതേതര ശൈലിയിൽ പരിഹാരം ആവശ്യപ്പെടുകയുമാകാം. പക്ഷേ, അതിന്റെ പേരിൽ വോട്ടർമാർക്കിയിൽ മതധ്രുവീകരണം നടത്തി ജയിക്കാമെന്നത് ദുഷ്ടലാക്കാണ്.
തെരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ചയേ ബാക്കിയുള്ളൂ. ഭരണഘടനയെ മാനിക്കുമെന്ന വാഗ്ദാനത്തോടെ മത്സരത്തിനിറങ്ങുന്നവർക്ക് മതമുണ്ടാകാം. പക്ഷേ, അത് വോട്ടിനുള്ള പ്രചാരണായുധമാക്കരുത്. മനുഷ്യർക്കു മുകളിൽ മതത്തെ പ്രതിഷ്ഠിക്കുന്നവരുടെ എണ്ണം കൂടുന്നത് ശ്രദ്ധിക്കാതെ പോകരുത്. മതത്തെ ദുരുപയോഗിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനു വിട്ടുകൊടുക്കുക.
വിവാദ പീഡനആരോപണങ്ങൾ കോടതിക്കു വിട്ടുകൊടുക്കുക. ചുണയുണ്ടെങ്കിൽ കേരളത്തിന്റെ തകർച്ചയും വികസന വിഷയങ്ങളും മതേതരത്വവും ജനാധിപത്യവുമൊക്കെ ചർച്ച ചെയ്യുക. മതമാണു വിഷയമെന്ന് ആരു പറഞ്ഞാലും സമ്മതിക്കരുത്. മതമല്ല, മതമല്ല, മതമല്ല; മനുഷ്യനാണു വിഷയമെന്നു നാം വോട്ടർമാർ തിരുത്തണം.
Editorial
ജലയുദ്ധങ്ങൾ കല്പിത ശാസ്ത്രകഥയല്ല. ഏതോ വിദൂരഭാവിയിൽ കാത്തിരിക്കുന്ന ദുരന്തവുമല്ല. നമ്മുടെ കൺമുന്നിൽ കാണുന്ന സത്യമാണ്. ജലസമൃദ്ധിയിൽനിന്ന് ഭൂമിയെ ജലക്ഷാമത്തിലേക്ക് നയിച്ച അത്യാഗ്രഹത്തെയും ധൂർത്തിനെയും അനീതിയെയും നാം തിരിച്ചറിയണം.
വിവേകശൂന്യരായ മനുഷ്യർ നടത്തുന്ന വിനാശകരമായ യുദ്ധങ്ങൾ ഒരുവശത്ത്. ഭക്ഷണവും വെള്ളവും വായുവും വസ്ത്രവും നിഷേധിക്കുന്ന യുദ്ധങ്ങൾ മറുവശത്ത്. നാലുവശത്തും ചെകുത്താന്മാർ മാത്രമാകുമ്പോൾ മനുഷ്യത്വം മുഴുവൻ ഉണർന്നാലേ ഭാവിയിൽ ഭൂമിയിൽ മനുഷ്യരുണ്ടാകൂ. നാളെ മറ്റൊരു ജലദിനമെത്തുമ്പോൾ ഈ ഭൂമിയെയും ഭൂമിയിലെ ജീവനെയും കാത്തുരക്ഷിക്കാൻ ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന ഓർമപുതുക്കലിനുള്ള അവസരമാണ്.
ദൈനംദിന ഉപഭോഗം മുതൽ ശുചീകരണം വരെ ശരാശരി വ്യക്തിക്ക് പ്രതിദിനം 135 മുതൽ 200 വരെ ലിറ്റർ വെള്ളം ആവശ്യമുണ്ട്. ഇത് കേന്ദ്ര ഭൂഗർഭജല അഥോറിറ്റിയുടെ കണക്കാണ്. എന്നാൽ, എല്ലാവർക്കും കിട്ടുന്ന വെള്ളത്തിൽ തുല്യതയില്ല. വെള്ളത്തിന്റെ ശുദ്ധിയിലും തുല്യതയില്ല. നമ്മളിൽ ചിലർ ആവശ്യത്തിലേറെ ഉപയോഗിക്കുന്നു, അഥവാ പാഴാക്കുന്നു. ഈ രാജ്യത്ത് ഒരുപാടുപേർ, വിശേഷിച്ച് സ്ത്രീകളും കുട്ടികളും അനവധി കിലോമീറ്ററുകൾ നടന്നാണ് ശുദ്ധജലം നേടുന്നത് എന്നറിയുമ്പോൾ ഈ പാഴാക്കൽ എത്ര കൊടിയ പാപമാണെന്നോർക്കുക.
ദിവസേന കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കുന്നത് ജലസംരക്ഷണത്തിന്റെ മാർഗമല്ല. നിർജലീകരണം നിങ്ങളുടെ ജീവനു ഭീഷണിയാകും. ചോരുന്ന ടാപ്പുകൾ, ആവശ്യത്തിലധികം സമയം ആസ്വദിച്ച് കുളിച്ച് ഒഴുക്കിക്കളയുന്ന വെള്ളം ഇതൊക്കെ ജലധൂർത്താണ്.
ഏകദേശം 600 ദശലക്ഷം ഇന്ത്യക്കാർ കടുത്തതോ അതിനോടടുത്തതോ ആയ ജലക്ഷാമം നേരിടുന്നു. സുരക്ഷിതമായ വെള്ളം ലഭിക്കാത്തതിനാൽ പ്രതിവർഷം ഏകദേശം 2,00,000 പേർ മരിക്കുന്നു. ഡൽഹി, ബംഗളൂരു, ചെന്നൈ തുടങ്ങിയ വൻനഗരങ്ങൾ കടുത്ത ജലക്ഷാമം നേരിടുന്നു, കാലക്രമേണ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് സൂചനകൾ.
ഇത് നമ്മുടെ നീതി ആയോഗിന്റെ റിപ്പോർട്ടിലുള്ളതാണ്. തെക്കൻ, മധ്യ ഏഷ്യ, വടക്കേ ആഫ്രിക്ക എന്നിവ ഏറ്റവും കൂടുതൽ ജലക്ഷാമമുള്ള പ്രദേശങ്ങളാണ്. അവിടെ സ്ഥിതി ഗുരുതരമാണ്. അമേരിക്കപോലെ അടിസ്ഥാനസൗകര്യങ്ങളിൽ ഉയർന്ന നിലവാരമുള്ള രാജ്യങ്ങളിൽപോലും ജലനിരപ്പ് റിക്കാർഡ് നിലയിലേക്ക് താഴുന്നതു കാണാം.
ഇനിയുമുണ്ട് ഒരേസമയം രസകരവും ഭീതിദവുമായ കണക്ക്. ഒരു ജോഡി ജീൻസ് നിർമിക്കാൻ ഏകദേശം 3,781 ലിറ്റർ വെള്ളം ആവശ്യമാണ്. സ്മാർട്ട്ഫോണിനു വേണ്ടത് 12,760 ലിറ്റർ വെള്ളം! ഒരു എ4 ഷീറ്റ് നിർമിക്കാനും വേണം ഏകദേശം അഞ്ച് ലിറ്റർ വെള്ളം.
ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുക എന്നതാണ് പ്രധാനം; ഏറ്റവും പ്രയാസമുള്ളതും. റോഡിലൊരു കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം ചീറ്റുമ്പോൾ നമ്മളതാസ്വദിച്ചു നിൽക്കും. വേണമെങ്കിൽ ജല അഥോറിറ്റിയെ രണ്ടു ചീത്തയും വിളിക്കും. അത്രയേ ഉള്ളൂ നമ്മുടെ അവബോധം! കൺമുന്നിൽ ജലം പാഴാക്കിക്കൊണ്ട് സ്കൂളുകളിൽ ജലസംരക്ഷണത്തെക്കുറിച്ച് പഠിപ്പിക്കും.
വീട്ടിലെ വരവു-ചെലവു കണക്കുകൾ ഗൗരവത്തോടെ വിലയിരുത്തുന്നതുപോലെ ജലവിനിയോഗ കണക്കും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു പരിശോധിക്കണം. എവിടെയാണ് പാഴാകുന്നത്, മലിനമാകാൻ എന്താണു കാരണം എന്നൊക്കെ പഠിക്കണം. കുട്ടികളെ ബോധ്യപ്പെടുത്തണം. ജലവിനിയോഗപഠനം സ്കൂൾ സിലബസിലും തികഞ്ഞ ഗൗരവത്തോടെ പഠിപ്പിക്കണം.
ഉള്ള ജലം മലിനമാക്കുന്നതിലും നമ്മൾ പരസ്പരം മത്സരിക്കുകയാണ്. ജലാശയങ്ങളിലേക്ക് അറവുമാലിന്യങ്ങളും പ്ലാസ്റ്റിക്കും വലിച്ചെറിയാൻ ഒരു മടിയുമില്ലാത്തത്ര ‘ഉയർന്ന’സാമൂഹികബോധം! വ്യവസായശാലകളിൽനിന്ന് ഒഴുക്കുന്ന സംസ്കരിക്കാത്ത മലിനജലം, ഭൂഗർഭജലത്തെ വരെ ബാധിക്കുന്ന രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം, തീരപ്രദേശങ്ങളിൽ സമുദ്രജലത്തിലേക്ക് തള്ളുന്ന പ്ലാസ്റ്റിക്കും മാലിന്യങ്ങളും, ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലെ മലിനജല സംസ്കരണത്തിലെ പോരായ്മകൾ എന്നിവയെല്ലാം കുടിവെള്ളത്തെ വിഷജലമാക്കുന്നു.
ഭൗമതാപനത്തിന്റെ പരിണതഫലമായ കാലാവസ്ഥാ വ്യതിയാനംകൂടി ഇതിനോടു ചേരുമ്പോൾ എല്ലാം പൂർത്തിയായി. പക്ഷേ, വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ, ശാസ്ത്രനേട്ടങ്ങളിലൂടെ നമ്മൾ പണിതുയർത്തിയതെല്ലാം നിമിഷനേരംകൊണ്ട് ചുട്ടുചാമ്പലാക്കുന്ന തിരക്കിൽ ഇതൊക്കെ നോക്കാൻ ആർക്കുണ്ട് നേരം? സാഹോദര്യത്തിലും സഹകരണത്തിലുമൂന്നിയുള്ള സ്വന്തം നിലനിൽപ്പിനേക്കാൾ, വിഭാഗീയതയും അപരവിദ്വേഷവും വലുതായി കാണുന്ന പമ്പരവിഡ്ഢികൾക്ക് ഈ ഭൂമിയിൽ തുടരാൻ അർഹതയുണ്ടോ എന്ന ചോദ്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
2012ലെ ജലനയത്തിനു പകരമായി പുതിയൊരു നയം രൂപീകരിക്കാൻ 2019ൽ മിഹിർ ഷാ സമിതിയെ നിയോഗിച്ചു. 2020ൽ ഇവർ പുതിയ റിപ്പോർട്ട് സമർപ്പിച്ചു. പുതിയ ദേശീയ ജലനയത്തിന്റെ കരട് ഔദ്യോഗികമായി അംഗീകരിക്കുന്ന പ്രക്രിയ വൈകുകയാണ്. സംസ്ഥാനങ്ങളുമായുള്ള സമവായമാണ് പ്രധാന പ്രശ്നം. കാരണം ‘ജലം’ സംസ്ഥാന വിഷയമാണ്. കൂടാതെ, ഔദ്യോഗികതലത്തിൽ റിപ്പോർട്ടിനെതിരേ ചില എതിർപ്പുകളുമുണ്ട്.
മുറപോലെ നീങ്ങുന്ന സർക്കാർ കാര്യങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നതു കൂടാതെ ഓരോ വ്യക്തിക്കും നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങളുണ്ട്. വീട്ടിലായാലും പൊതു ഇടങ്ങളിലായായും വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാലും ജോലിസ്ഥലത്തായാലും ജലം നമ്മുടെ കർമപദ്ധതിയിലെ പ്രധാന ഇനമാകണം. നമുക്കുവേണ്ടി മാത്രമല്ല, ഭൂമിയുടെ നിലനില്പിനുവേണ്ടിയും. ഈ ജലദിനവും അതിലേക്ക് പ്രചോദനമാകട്ടെ.
Editorial
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റിനുള്ള പിടിവലിയും മുറുകിയിരിക്കുന്നു. അധികാരം കിട്ടിയാൽ അപ്പം തട്ടിയെടുക്കാനുള്ള ഈ അഴിഞ്ഞാട്ടം മഹാവ്യക്തിത്വം ചമഞ്ഞിരുന്നവരുടെപോലും ചെന്പു തെളിയിക്കുന്നതായി.
മറ്റുള്ളവരെ ഒതുക്കാൻ പ്രായം മാനദണ്ഡമാക്കിയ പാർട്ടികളിൽ പ്രമാണിമാർ ഒഴിവ് തരപ്പെടുത്തി. എന്നിട്ടും രക്ഷയില്ലാത്തവർ, തങ്ങൾക്കില്ലാത്തതു മക്കൾക്കോ ബന്ധുക്കൾക്കോ ഉറപ്പാക്കി സാത്വികവേഷം കെട്ടുന്നു. സ്ത്രീകൾക്കും ദളിതർക്കും മത്സരത്തിലും തീരുമാനത്തിലുമൊന്നും ഉചിതമായ പങ്കില്ല.
ചിലയിടത്തു പേരിനു സ്ത്രീകളെ സ്ഥാനാർഥിയാക്കിയെങ്കിലും തീരുമാനിച്ചതു പുരുഷന്മാർ. സീറ്റു കിട്ടാത്ത പാണന്മാർ, തലേന്നത്തെ പാർട്ടിയുടെ കുറ്റവും ഇന്നത്തെ പാർട്ടിയുടെ മാഹാത്മ്യവും പാടിനടക്കുന്നു. അധികാരം ലഭിക്കുമെന്ന തോന്നലുണ്ടായതോടെ ലോക്സഭാംഗങ്ങൾക്കും നിയമസഭയിൽ മത്സരിക്കണം; മന്ത്രിയാകാനുള്ള ഒടുവിലത്തെ അവസരമെന്ന മട്ടിൽ.
ഇതിനൊക്കെ പുറമേ, ജാതിയും മതവും തിരിച്ചു വീതം ചോദിക്കുന്ന ‘മതേതര പ്രബുദ്ധർ’. ഇപ്പോഴിതാണെങ്കിൽ അധികാരം കിട്ടിയാൽ എന്താകും സ്ഥിതി? പാർട്ടിനേതാക്കളേ, നിങ്ങൾക്ക് അഞ്ചുവർഷത്തെ അധികാരത്തിലാകാം കണ്ണ്. പക്ഷേ, വോട്ടർമാർക്കു നിങ്ങളല്ല ഈ നാടും ജനാധിപത്യവുമാണ് വലുതെന്നു മറക്കരുത്.
കോൺഗ്രസ്, സിപിഎം, ബിജെപി ഉൾപ്പെടെ ഒരു പാർട്ടിയും അധികാരമോഹത്തിൽനിന്നു മുക്തരല്ല. എല്ലായിടത്തും ദേശീയനേതാക്കളുൾപ്പെടെ തർക്കം തീർക്കാൻ പരക്കംപായുകയാണ്. തർക്കം അടിച്ചൊതുക്കിയ പാർട്ടികളിൽ അതൃപ്തി നീറിപ്പുകയുന്നു.
കോൺഗ്രസാണ് സീറ്റു പ്രഖ്യാപനത്തിൽ പിന്നിലായത്. ഇത്തവണ അധികാരത്തിലെത്തുമെന്ന പ്രതീക്ഷ, 10 വർഷം അടങ്ങിയിരുന്നവരെ എഴുന്നേൽപ്പിച്ചിട്ടുണ്ട്. കെ. സുധാകരൻ എംപി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് സീറ്റിനുവേണ്ടി വാശിപിടിച്ചത്. 95 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസിനു ചൊവ്വാഴ്ച പ്രഖ്യാപിക്കാനായത് 55 സീറ്റുകളിലെ സ്ഥാനാർഥികളെയാണ്.
പത്തനംതിട്ടയിലും എറണാകുളത്തും കുട്ടനാട്ടിലുമൊക്കെ തർക്കം തീർന്നിട്ടില്ല. അധികാരം കിട്ടിയാൽ മന്ത്രിസ്ഥാനത്തിനുൾപ്പെടെ നടക്കാനിടയുള്ള യുദ്ധത്തിന്റെ സൂചനയായി ഇതിനെ വിലയിരുത്തേണ്ടിവരും. അതു വിജയസാധ്യതയെപ്പോലും ബാധിക്കുന്ന സ്ഥിതിയിലെത്തി. നേതാക്കളുടെ അധികാരക്കൊതി അണികളെയും രോഷാകുലരാക്കിയിട്ടുണ്ട്. പാർട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ നിസഹായരാകുന്നു.
ലീഗ് തങ്ങളുടെ 27 സീറ്റിൽ പുനലൂരും ചേലക്കരയുമൊഴിച്ചുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും സീറ്റ് ലഭിക്കാത്തതിൽ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി ഇടഞ്ഞു. ഇന്നുവരെ വനിതാ എംഎൽഎ ഇല്ലാതിരുന്ന ലീഗ് രണ്ടു വനിതാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതും ചരിത്രമായി. പക്ഷേ, സ്ഥാനാർഥികൾ വനിതാ ലീഗിന്റെ പ്രതിനിധികളല്ലെന്നും സ്ഥാനാർഥികളെ നിശ്ചയിച്ചതിന്റെ മാനദണ്ഡം എന്താണെന്നും ദേശീയ സെക്രട്ടറി നൂർബിന റഷീദ് ചോദിച്ചു.
സ്ത്രീകൾക്കോ ദളിതർക്കോ അർഹമായ സ്വാധീനം ഒരു പാർട്ടിയിലുമില്ല. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഇടഞ്ഞുനിൽക്കുന്ന അബ്ദുറഹ്മാനെ പുകഴ്ത്തിയത് ലീഗിന്റെ കരുത്തുറ്റ മുഖമാണെന്നാണ്. അതേസമയം, കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദനെ പുറത്താക്കിയ സിപിഎം അദ്ദേഹത്തിനെതിരേ ഭീഷണിയും മുഴക്കിയിട്ടുണ്ട്.
പാർട്ടി നേതാവായിരുന്ന ജി. സുധാകരന്റെ കാര്യത്തിലും പാർട്ടിക്കു ഭിന്നാഭിപ്രായമാണ്. സുധാകരൻ മത്സരിക്കുന്ന അന്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്തേണ്ടെന്നു കോൺഗ്രസ് തീരുമാനിച്ചതു മറുവശം. സുധാകരന്റെ പ്രായാധിക്യം ചർച്ച ചെയ്യുന്ന പാർട്ടിയെ നയിക്കുന്നത് രണ്ടു തവണ മുഖ്യമന്ത്രിയായ 80 കഴിഞ്ഞ പിണറായിയാണ്.
75 വയസ് പ്രായപരിധിയുള്ള ബിജെപിയിൽ 75 കഴിഞ്ഞ മോദിയെക്കുറിച്ച് ആരും മിണ്ടാത്തതുപോലെ. ഏതു പാർട്ടിയിലും, പ്രായമൊക്കെ ആളും തരവും നോക്കി അട്ടിമറിക്കും. പതിറ്റാണ്ടുകളായി മത്സരിക്കുന്ന വല്യേട്ടന്മാർ ഇറങ്ങിപ്പോകുകയുമില്ല.
ഭരിച്ചില്ലെങ്കിലും പരമാവധി സീറ്റെങ്കിലും നേടാൻ പൊരുതുന്ന ബിജെപിയിലും കൊടിയ തർക്കമാണ്. മുതിർന്ന നേതാക്കൾക്കുപോലും സീറ്റ് കൊടുക്കാതെ ഘടകകക്ഷികൾക്കും പുതിയതായി വന്നവർക്കും വാരിക്കോരി കൊടുക്കുന്നെന്നാണ് പരാതി.
പാർട്ടി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനത്തിൽ മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ തുടങ്ങിയ നേതാക്കൾ അസ്വസ്ഥരാണത്രേ. തൃശൂരില് നോട്ടമുണ്ടായിരുന്ന എം.ടി. രമേശിനു പകരം പത്മജയെ സ്ഥാനാര്ഥിയാക്കിയതോടെ ഇത്തവണ മത്സരിക്കാനില്ലെന്ന് അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിച്ചെന്നാണ് റിപ്പോർട്ട്.
അധികാരത്തിലെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? പാർട്ടിക്കുവേണ്ടി പതിറ്റാണ്ടുകൾ വിയർപ്പൊഴുക്കിയവരെ നോക്കുകുത്തിയാക്കിയാണ് രാജഭരണത്തിലെന്നപോലെ താരതമ്യേന യോഗ്യത കുറഞ്ഞ മക്കൾക്കും ഭാര്യക്കും ബന്ധുക്കൾക്കും മണ്ഡലം കൈമാറുന്നത്.
വിപ്ലവപാർട്ടിയും കുടുംബ പാർട്ടികളുമൊക്കെയുണ്ട് ഇക്കൂട്ടത്തിൽ. ലോക്സഭയിലേക്കു തെരഞ്ഞെടുത്തുവിട്ടവർ നിയമസഭയിലും വോട്ടു ചോദിച്ചെത്തുന്നത് വോട്ടർമാരെ നിന്ദിക്കലാണ്. നിയമസഭയിൽ ഇവർ ജയിച്ചാൽ ലോക്സഭയിലേക്ക് പുതിയ തെരഞ്ഞെടുപ്പിന്റെ ചെലവ് വേറെ.
മറ്റു ഘടകകക്ഷികളിലും പുകയുന്ന അസ്വസ്ഥതകൾ കണക്കിലെടുത്താൽ ഒന്നുറപ്പാണ്. അധികാരക്കൊതി രാഷ്ട്രീയത്തെ അങ്ങേയറ്റം മലിനമാക്കിയിരിക്കുന്നു. ഈ സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചു ചർച്ചകൾ നടത്തേണ്ട സമയമാണ് പാർട്ടിയിലെ വീതംവയ്പിനും സമവായത്തിനുംവേണ്ടി ചെലവഴിക്കുന്നത്.
അസംതൃപ്തരുടെയും അവരുടെ ആരാധകരുടെയും വോട്ട് മറിച്ചുകുത്തും കാലുവാരലുമൊക്കെ യഥാർഥ വിധിയെ അട്ടിമറിക്കാനും സാധ്യതയുണ്ട്. ഏതാനും പാർട്ടികളിലെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. മറ്റു പല പാർട്ടികളിലും രാഷ്ട്രീയം വീട്ടുകാര്യമാണ്. ഇതു പാർട്ടി ജനാധിപത്യമൊന്നുമല്ല, കസേരപ്പനിക്കാരുടെ അധികാരക്കൊതിയാണ്.
ഈ വീതംവയ്പു കലാപങ്ങൾ യുദ്ധം തോല്പിക്കാൻപോലും ശേഷിയുള്ളതാണെന്നു മറക്കരുത്. പട്ടാഭിഷേകം കഴിയുന്പോൾ രാജ്യമില്ലെങ്കിലോ? അണിഞ്ഞൊരുങ്ങി കണ്ണാടിയിൽ നോക്കിയാൽ പോരാ. ജനങ്ങളുടെ കണ്ണിലെ നിങ്ങളുടെ നഗ്നത കാണാൻ ശ്രമിക്കണം. അധികാരം ജനങ്ങളുടേതാണെന്നു മറന്നവരുടെ കസേരകളി നിർത്താൻ സമയം അതിക്രമിച്ചിരിക്കുന്നു.
Editorial
ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. നാളെ ശിക്ഷ വിധിക്കും. അധ്യാപകനായിരുന്ന പ്രതി, 23 വയസ് മാത്രമുള്ള വന്ദനയെ തനിക്കുപോലും ന്യായീകരിക്കാൻ ഒരു കാരണവുമില്ലാതെ തലങ്ങും വിലങ്ങും കുത്തി കൊന്നത് എന്തിനായിരുന്നു?
അയാൾക്ക് ഒരു മാനസിക വിഭ്രാന്തിയുമില്ലെന്നു തെളിഞ്ഞു. പക്ഷേ ഒന്നുണ്ട്, അയാൾ മൂക്കറ്റം മദ്യപിച്ചിരുന്നു. ഇന്ത്യയിൽ മദ്യപാനത്തിന്റെ ഫലമായി പ്രതിവർഷം 2.6 ലക്ഷം പേർ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ട്.
വന്ദനയുടെ മന്ദഹാസം ഒരു നിശ്ചല ചിത്രമായതിനുശേഷവും നിരവധി മനുഷ്യർ മദ്യപരുടെ കൈകളാൽ കൊല്ലപ്പെട്ടു. എന്നിട്ടും സർക്കാർ ആപത്കരമായ മദ്യനയത്തിലൂടെ രോഗങ്ങളുടെ, അപകടമരണങ്ങളുടെ, കൊലപാതകങ്ങളുടെ, ജീവനൊടുക്കലിന്റെ, കുറ്റകൃത്യങ്ങളുടെ, കുടുംബഛിദ്രത്തിന്റെ... വിതരണക്കാരായി തുടരുന്നു. വന്ദന, കേരളത്തിലെ ഇരുട്ടിനെ ഓർമിപ്പിക്കുന്നൊരു നക്ഷത്രത്തിളക്കമാണ്.
2023 മേയ് 10നാണ് ഡോ. വന്ദന കൊല്ലപ്പെട്ടത്. മദ്യപിച്ചു ബഹളമുണ്ടാക്കിയതിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതി സന്ദീപ് അക്രമാസക്തനാവുകയായിരുന്നു. മറ്റ് ഡോക്ടർമാർ ഓടി രക്ഷപ്പെട്ടെങ്കിലും ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് മുറിയിൽ കുടുങ്ങിപ്പോയി.
പ്രതി, പരിശോധനാമുറിയിലുണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ഒപ്പമുണ്ടായിരുന്ന ബന്ധുക്കളെയും പോലീസുകാരെയും ആക്രമിച്ചു. ഇതിനിടെയാണ് കത്രികകൊണ്ട് വന്ദനയെ തുടർച്ചയായി കുത്തിവീഴ്ത്തിയത്. കേസിലെ 136 സാക്ഷികളിൽ 50 പേരും ഡോക്ടർമാരായിരുന്നു.
പ്രതിക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നു തെളിയിക്കാൻ സഹ അധ്യാപകർ മൊഴി നൽകിയെങ്കിലും, മെഡിക്കൽ സംഘം പലതവണ പരിശോധന നടത്തി, മാനസിക വിഭ്രാന്തിയുടെ ലക്ഷണമൊന്നുമില്ലെന്നു റിപ്പോർട്ട് നൽകി. യുപി സ്കൂൾ അധ്യാപകനായിരുന്ന സന്ദീപിനെ ജോലിയിൽനിന്നു പിരിച്ചുവിടുകയും ചെയ്തു.
സമൂഹത്തിനു മാതൃകയാകേണ്ടിയിരുന്നയാൾ നടത്തിയ ക്രൂരത എന്ന നിലയിൽ പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ഇന്നലെ ആവശ്യപ്പെട്ടത്. വന്ദന കൊലക്കേസിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവര്ത്തകരുടെ സുരക്ഷയ്ക്ക് നിലവിലുള്ള 2012ലെ നിയമം ഭേദഗതി ചെയ്ത്, ‘കേരള ആരോഗ്യ സംരക്ഷ സേവന പ്രവര്ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്) ഭേദഗതി ഓര്ഡിനന്സ്’ നിയമമാക്കി.
തീർച്ചയായും ആരോഗ്യപ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്. പക്ഷേ, 2012ലെ നിയമത്തിലെയോ 2023ലെ പുതുക്കിയ നിയമത്തിലെയോ മുൻകരുതലുകൾ ആശുപത്രികളിൽ നടപ്പാക്കിയോ എന്നതിൽ ആത്മപരിശോധന നടത്തേണ്ടതാണ്.
മറ്റൊന്നുകൂടി എടുത്തുപറയേണ്ടതുണ്ട്. സന്ദീപിനെപ്പോലെയുള്ള അക്രമോത്സുകരായവരെ കൂടുതൽ അപകടകാരികളാക്കുന്ന മദ്യലഹരിയെ സർക്കാർ തടയുന്നില്ലെന്നു മാത്രമല്ല, കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്തു. സന്ദീപ് അമിതമായ മദ്യലഹരിയിൽ അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഇന്നും അധ്യാപകനായി തുടരുമായിരുന്നു.
വന്ദന, കുടുംബത്തിന് ആശ്രയവും സമൂഹത്തിനു മികച്ചൊരു ഡോക്ടറുമായി ഇന്നും ഉണ്ടാകുമായിരുന്നു. നാട്ടിലെ മദ്യവ്യാപനത്തിന്റെ രൂക്ഷത മറച്ചുവച്ചുകൊണ്ട് വന്ദന കൊലക്കേസിനെക്കുറിച്ച് പറയാനാകില്ല. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുന്പോൾ 29 ബാറുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോഴുള്ളത് 884.
അതിനു പിന്നാലെയാണ് ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ മദ്യലഹരിയിൽ പ്രതിവർഷം 2.6 ലക്ഷം മരണമോ കൊലപാതകമോ ആത്മഹത്യയോ സംഭവിക്കുന്നുണ്ട്. അതിൽ മുന്നിലുണ്ട് കേരളം.
2021-22ൽ വർഷം 16,619.97 കോടി രൂപയുടെ മദ്യം വിറ്റെങ്കിൽ 2024-25ൽ ഇത് 19,730.66 കോടി കവിഞ്ഞു. വീടിനുള്ളിലും പുറത്തുമായി മദ്യലഹരിയിൽ നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത ഒരു ദിവസവുമില്ല. കൂടുതൽ ഭയാനകമായ മയക്കുമരുന്നിനെക്കുറിച്ചല്ല, മദ്യത്തെക്കുറിച്ചു മാത്രമാണ് ഇവിടെ പറഞ്ഞത്.
പ്രതിക്കു പരമാവധി ശിക്ഷ നൽകുന്നത് നീതിന്യായ നിർവഹണത്തിന്റെ ഭാഗമാണ്. അതു കോടതി നിർവഹിച്ചുകൊള്ളും. പക്ഷേ, കുറ്റകൃത്യം തടയണമെങ്കിൽ അതിന്റെ അടിസ്ഥാന കാരണങ്ങൾ ഇല്ലാതാക്കണം. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ മദ്യം ഒരു ഘടകമാണെങ്കിൽ ആ ഘടകം കൂടുതൽ ‘സന്ദീപു’മാരിലേക്ക് എത്തിക്കുന്നത് സർക്കാരാണ്; പറയാതെ വയ്യ.
Editorial
ഇത്തരമൊരു കൊലപാതകദൃശ്യം സിനിമയിൽ കാണിച്ചാൽ പ്രേക്ഷകർ കണ്ണുപൊത്തും, നിരോധിക്കാൻ സമൂഹം ആവശ്യപ്പെടും, കോടതി വിലക്കും. പക്ഷേ, കരുനാഗപ്പള്ളിയിൽ കാറിൽ പിന്തുടർന്നെത്തിയവർ ശത്രുവിനെ ദേശീയപാതയിലിട്ടു പരസ്യമായി വെട്ടിക്കൊന്ന കാഴ്ച യാഥാർഥ്യമാണ്.
ക്രമസമാധാനവാഴ്ചയുള്ളിടത്തു നടക്കരുതാത്തത്. ഈ മനുഷ്യക്കശാപ്പുകാർ ദേശീയപാത പിളർന്നു വന്നവരല്ല. പരാജയപ്പെട്ട രാഷ്ട്രീയ-സർക്കാർ-വിദ്യാഭ്യാസ-കുടുംബ അപചയങ്ങളാൽ നമ്മുടെ കൺമുന്നിൽ തഴച്ചുവളർന്നതാണ്.
ഇനിയുമവർ കൊല്ലാൻ വന്നുകൊണ്ടിരിക്കും. അറസ്റ്റല്ല, മുളയിലേ നുള്ളലാണ് പ്രതിവിധി. പക്ഷേ, ഗുണ്ടകളെ ആവശ്യമുള്ളവർ സമ്മതിക്കില്ല. പേടിയാകുന്നു; ഗുണ്ടകളെയും വളർത്തുന്നവരെയും. കൊല്ലം കരുനാഗപ്പള്ളിയിലേക്ക് കൊലയാളീസംഘമെത്തിയത് രണ്ടു കാറുകളിലാണ്.
അവർ വധശിക്ഷ വിധിച്ച കൊലക്കേസ് പ്രതി, ജാമ്യത്തിലിറങ്ങിയ അലുവ അതുൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഒപ്പിട്ടശേഷം കാറിൽ പോകുകയായിരുന്നു. കുറേസമയം പിന്തുടർന്നിട്ടും ലക്ഷ്യം സാധിക്കാനാകാതെവന്നതോട പുതിയകാവിൽവച്ച് അതുലിന്റെ കാറിൽ ഗുണ്ടകൾ തങ്ങളുടെ കാർ ഇടിപ്പിച്ചു.
വെറും രണ്ടു മിനിറ്റ്! കാറിൽനിന്നു വടിവാളുകളുമായി ഇറങ്ങിയവർ, പാതയോരത്തെ കുഴിയിൽ വീണുകിടന്ന കാറിന്റെ അകത്തും പുറത്തുമിട്ട് അതുലിനെ വെട്ടിക്കൊന്നശേഷം ചെറിയൊരു ജോലി തീർത്ത ലാഘവത്തോടെ വന്ന കാറിൽ മടങ്ങി.
ഒരു കാൽനടയാത്രക്കാരൻ, ഇരുചക്ര വാഹനയാത്രക്കാർ, ഒരു ടിപ്പർ ലോറി ഡ്രൈവർ എന്നിവർ സമീപത്തുകൂടി പേടിച്ചുവിറച്ചു കടന്നുപോയി. പോലീസും സർക്കാരും പാലൂട്ടിവളർത്തിയ ഇത്തരം രക്തദാഹികളെ തടയാൻ പ്രാണഭയമുള്ളവരാരും മുതിരില്ല.
കൊലയാളികൾ പോയതോടെയാണ് അടുത്ത പെട്രോൾ പന്പിലെ ജീവനക്കാർ ഓടിയെത്തി പോലീസിനെ വിവരമറിയിച്ചത്. പന്പിലെ സിസിടിവി കാമറയിൽ പതിഞ്ഞ ഭീകരതയാണ് കേരളം ഭാഗികമായി കണ്ടത്. 2025 മാർച്ചിൽ ജിം സന്തോഷ് എന്ന മറ്റൊരു ഗുണ്ടയെ വീട്ടിലേക്കു ബോംബെറിഞ്ഞശേഷം അമ്മയുടെ മുന്നിലിട്ടു വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്നു അലുവ അതുൽ.
ശത്രുവിനോടു കരുണ കാണിക്കാത്തയാളാണെങ്കിലും കൊല്ലരുത്, പറഞ്ഞുതീർക്കാമെന്നു കെഞ്ചി. വടിവാളടങ്ങിയില്ല. അതുലിന്റെ ആക്രമണത്തിൽ പരിക്കേറ്റവരും ബ്ലാക് വിഷ്ണുവിന്റെ സംഘത്തിലുണ്ടായിരുന്നു. ഈ ഗുണ്ടകളെ വകവരുത്തുമെന്നു മറ്റാരെങ്കിലും ഇപ്പോൾ ശപഥം ചെയ്തിട്ടുണ്ടാകും. എവിടേക്കാണ് ഈ പോക്ക്?
കൊല്ലപ്പെട്ടതു മറ്റൊരു ഗുണ്ടയാണോ നിരപരാധിയാണോ എന്നത് ചോദ്യമേയല്ല. കുറ്റവാളികളെപ്പോലും ശിക്ഷിക്കേണ്ടത് ആരാണെന്നതാണ് ചോദ്യം. നിയമസംവിധാനത്തെ നോക്കുകുത്തിയാക്കി മുഖം പോലും മറയ്ക്കാതെ പരസ്യമായി വധശിക്ഷ നടത്താൻ മടിയില്ലാത്തവരെ സൃഷ്ടിച്ച സാഹചര്യങ്ങൾ നിലനിൽക്കുകയാണ്.
പ്രമുഖ പാർട്ടികൾ പ്രാകൃതവത്കരിച്ച രാഷ്ട്രീയമാണ് ഒന്നാം പ്രതി. ക്രൂരമായ നിരവധി രാഷ്ട്രീയ കൊലപാതകങ്ങൾക്കു കേരളം സാക്ഷിയായിട്ടുണ്ട്. വിദ്യാർഥിരാഷ്ട്രീയത്തിന്റെ പേരിൽ കൗമാരത്തിൽതന്നെ എതിരാളികളെ കായികമായി ഒതുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന പാർട്ടികൾക്ക് എങ്ങനെയാണ് ഇത്തരം ഗുണ്ടാസംഘങ്ങളെ ഒതുക്കാൻ സാധിക്കുന്നത്?
വിദ്യാർഥീ സംഘടനാബലമുള്ള രാഷ്ട്രീയ സൈക്കോകൾ ഒരു വിദ്യാർഥിയെ ഹോസ്റ്റൽ അങ്കണത്തിൽ റാഗിംഗിന്റെ പേരിൽ വിചാരണ ചെയ്തു മരണത്തിലേക്കു തള്ളിവിട്ടതും ഓർക്കണം. ഇതിലും ഭയാനകമായ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയ പ്രതികളെ പോലീസ് സ്റ്റേഷൻ മുതൽ ജയിലിൽ വരെ പാർട്ടി സംരക്ഷിച്ചതും കേരളം കണ്ടു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം, വെളിവില്ലാത്ത ഗുണ്ടാസംഘങ്ങളെ കൂടുതൽ അപകടകാരികളാക്കി. കേരളത്തിന്റെ ഏതു മൂലയിലാണ് അവരില്ലാത്തത്? രാഷ്ട്രീയക്കാരെപ്പോലെ ഇത്തരക്കാരെയും പോലീസിനു ഭയമാണ്.
പ്രമുഖ താരങ്ങൾപോലും കൈകാര്യം ചെയ്യുന്ന അറുകൊല സിനിമകളും യുവാക്കളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ‘ഗുരു’വിനു നമ്മെ വിമലീകരിക്കാനും ‘നാടോടിക്കാറ്റി’നു ചിരിപ്പിക്കാനും, ‘ഇന്ത്യൻ’നു പ്രതികരണശേഷിയെ തൊട്ടുണർത്താനും ‘സന്ദേശ’ത്തിനു ചിന്തിപ്പിക്കാനുമൊക്കെ ശേഷിയുണ്ടെങ്കിൽ ‘മാർക്കോ’യ്ക്കും ‘ആവേശ’ത്തിനും ‘പണി’ക്കും ‘കളങ്കാവലി’നുമൊക്കെ അപക്വമതികളെ അക്രമോത്സുകരാക്കാനും ശേഷിയുണ്ട്.
തുടക്കം മുതൽ ഒടുക്കം വരെ മദ്യപിക്കുന്ന കൗമാര-യുവ നടീനടന്മാർ തങ്ങളുടെ ആരാധകരെ സ്വാധീനിക്കില്ലെന്നാണോ? ദാരിദ്ര്യവും അവഗണനയും ചിലരെയെങ്കിലും കുറ്റവാളികളാക്കിയിട്ടുണ്ട്. മക്കളുടെമേൽ ഒരു നിയന്ത്രണവുമില്ലാത്ത മാതാപിതാക്കളും സാമൂഹ്യവിരുദ്ധരെ സൃഷ്ടിച്ചു. സ്കൂൾ വിദ്യാർഥികൾ സഹപാഠികളെ സംഘം ചേർന്നു ക്രൂരമായി മർദിക്കുന്നത് പതിവായി. അറിയാത്ത മട്ടിൽ നമുക്കെത്രകാലം വഴിമാറിപ്പോകാനാകും?
പറഞ്ഞുവന്നത്, ഈ ഗുണ്ടകൾ ഭൂമി പിളർന്നു വന്നവരല്ല; പാർട്ടിവളർത്തലിന്റെ ഭാഗമായി രാഷ്ട്രീയക്കാരും വളഞ്ഞവഴിയിൽ പണമുണ്ടാക്കുന്നവരും ശത്രുസംഹാരത്തിനു ദാഹിക്കുന്നവരുമൊക്കെ ചേർന്നു വളർത്തിയതാണ് എന്നാണ്. പലർക്കും ഈ ചാവേറുകളില്ലാതെ പറ്റില്ല. പ്രത്യക്ഷത്തിൽ അറസ്റ്റ് ചെയ്യും; പരോക്ഷമായി വളർത്തിയെടുക്കും.
മാതാപിതാക്കളും അധ്യാപകരും മതനേതാക്കളും ഉൾപ്പെടെയുള്ള സമൂഹം നിഷ്ക്രിയത കൈവെടിയണം. പൊതുവഴിയിൽ, ചന്തയിൽ, ബസിൽ, ഉത്സവപ്പറന്പുകളിൽ, വിദ്യാലയങ്ങളിൽ, ഹോസ്റ്റലുകളിൽ... അവർ എവിടെയും ഏതു നിമിഷവുമെത്താം. പേടിയാകുന്നു! വരുന്നത് ഏതു സർക്കാരായാലും ഈ വൈറസിനു വാക്സിൻ വികസിപ്പിക്കണം.
Editorial
യുദ്ധം മനുഷ്യരെ പിന്നോട്ടടിക്കുമെന്നു പറയുന്നത് വെറുതെയല്ലെന്ന് പാചകവാതകം തീരുമോയെന്നു പേടിച്ചു വിറകു പെറുക്കാൻ ഇറങ്ങിയവർക്കു തോന്നുന്നുണ്ട്. വിറകടുപ്പില്ലാത്തവർക്കോ, പാചകക്കുറ്റി തീർന്നാൽ കിട്ടുമോയെന്ന ആധി.
വിതരണത്തിലെ തടസം താത്കാലികമാണെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, താത്കാലികമാണെങ്കിലും സംഗതി യാഥാർഥ്യമായി. വിതരണകേന്ദ്രങ്ങളിൽ നീണ്ട നിരയാണ്. തടിമില്ലുകളിലെ വിറകുവിൽപനയും വർധിച്ചു. ഇന്നലെത്തന്നെ നിരവധി ഹോട്ടലുകൾ അടച്ചു.
ട്രെയിനുകളിലെ ഭക്ഷണവിതരണം താത്കാലികമായി നിർത്തിവയ്ക്കാൻ റെയിൽവേ നിർദേശം നൽകിയെന്നാണ് വാർത്തകൾ. അടുത്തത് വീടുകളാകുമോ എന്ന ഭീതി നിസാരമല്ല. ഇന്ധനക്ഷാമം ഇല്ലെന്ന് പറഞ്ഞവർതന്നെ പൊടുന്നനെ പാചകവാതകത്തിനു വില കൂട്ടിയത് ദുഃസൂചനയായി.
അന്തർദേശീയ വിലയിടിവിലെ ലാഭം ജനങ്ങൾക്കു കൊടുക്കാതെ പങ്കിട്ടെടുത്ത സർക്കാരും പൊതുമേഖല-സ്വകാര്യ എണ്ണക്കന്പനികളും നഷ്ടം കൃത്യമായി ജനങ്ങളുടെ ചുമലിലേക്കു വച്ചുകൊടുത്തു. പാചകവാതക വിലവർധനയിലൂടെ വരുമാനമുയർത്തി, പെട്രോൾ-ഡീസൽ വില പിടിച്ചുനിർത്താനായിരിക്കാം ശ്രമം. അതെന്തായാലും, യുദ്ധത്തിനൊപ്പം സർക്കാർ നടപടികളും ആശങ്ക വർധിപ്പിക്കുന്നതാകരുത്.
അവശ്യസാധനങ്ങൾ പൂഴ്ത്തിവയ്ക്കുന്നതും അമിതവില ഈടാക്കുന്നതും തടയുന്ന എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞിരുന്നു. പാചകവാതക ഉത്പാദനം വർധിപ്പിക്കാൻ എണ്ണശുദ്ധീകരണശാലകൾക്കു നിർദേശം നൽകുകയും ചെയ്തു.
പക്ഷേ, അതിനിടെ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും ഒറ്റയടിക്കു വർധിപ്പിക്കുകയും ചെയ്തു. റഷ്യയിൽനിന്ന് വില കുറച്ച് അസംസ്കൃത എണ്ണ വാങ്ങിയതും കരുതൽ ശേഖരം ഉണ്ടാക്കിയതും, ആഗോളവിപണിക്കനുസരിച്ച് വില കുറയ്ക്കാതിരുന്ന് എണ്ണക്കന്പനികൾക്കു വരുമാനം വർധിപ്പിക്കാൻ അവസരമുണ്ടാക്കിയതും പ്രതിസന്ധിഘട്ടങ്ങളിൽ വില വർധിപ്പിക്കാതിരിക്കാൻ സഹായകമായി.
പാചകവാതകവില വർധിപ്പിച്ചെങ്കിലും, വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെ ബാധിക്കാതിരിക്കാനും വിലക്കയറ്റം രൂക്ഷമാകാതിരിക്കാനും പെട്രോൾ, ഡീസൽ വില ഉയർത്താനിടയില്ല. ഉയർന്ന നിലയിലുള്ള നികുതി കുറച്ചും ഇന്ധനവില പിടിച്ചുനിർത്താനാകും. കരിന്പിൽനിന്നും ധാന്യങ്ങളിൽനിന്നും ഉത്പാദിപ്പിക്കുന്ന എഥനോൾ പെട്രോളിൽ ചേർക്കുന്നതിന്റെ അളവ് അടുത്ത മാസം മുതൽ 20 ശതമാനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതു പെട്രോളിയം ഉത്പന്നങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കും. പക്ഷേ, 2023നു മുന്പു നിർമിക്കപ്പെട്ട വാഹനങ്ങൾ എഥനോളിനുവേണ്ടി നിർമിക്കപ്പെട്ടതല്ലാത്തതിനാൽ മൈലേജിനെ ബാധിക്കും. എൻജിൻ കേടാകാതിരിക്കാൻ, എഥനോൾ ചേർക്കുന്നതിൽ മാനദണ്ഡങ്ങളുണ്ടെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
പാചകവാതകക്ഷാമം മൂലം പല ഹോട്ടലുകളും അടച്ചു. ഉച്ചഭക്ഷണമില്ലെന്ന് ഇന്നലെ രാവിലെതന്നെ പല ഹോട്ടലുകളും അറിയിപ്പു നൽകിയിരുന്നു. ഓഫീസ്, വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉൾപ്പെടെ ഇതു ബാധിച്ചിട്ടുണ്ട്.
പരിശ്രമിക്കുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ അനിശ്ചിതാവസ്ഥയും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസവും മൂലം സമയബന്ധിതമായ പരിഹാരം ഉറപ്പാക്കാൻ സർക്കാരിനാകില്ല. അൾജീരിയ, ഓസ്ട്രേലിയ, കാനഡ, നോർവേ തുടങ്ങിയ രാജ്യങ്ങളെ പാചകവാതകത്തിനായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വാർത്ത.
പക്ഷേ, കാത്തിരിക്കാനാകില്ല. പാചകവാതകത്തിന്റെ ഉപയോഗത്തിൽ മിതത്വം പാലിക്കണം. വിറകടുപ്പ് ഉള്ളവർക്ക് ചെറിയൊരാശ്വാസമുണ്ട്. പാചകത്തിനുള്ള സാധനങ്ങൾ ഒരുക്കിയതിനുശേഷം മാത്രം സ്റ്റൗ കത്തിക്കുക, പ്രഷർകുക്കർ ഉപയോഗിക്കുക, അടുപ്പത്തുള്ള പാത്രം മൂടിവയ്ക്കുക, ഫ്രിഡ്ജിൽനിന്നെടുക്കുന്നവ തണുപ്പു മാറിയതിനുശേഷം അടുപ്പത്തു വയ്ക്കുക, വേവിക്കാൻ ആവശ്യത്തിനു മാത്രം വെള്ളം ഉപയോഗിക്കുക, തിളച്ചാലുടനെ തീ കുറയ്ക്കുക, പാചകം കഴിഞ്ഞാലുടനെ സ്റ്റൗ അണയ്ക്കുക... തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് യുദ്ധകാലത്തും അല്ലാത്തപ്പോഴും ഇന്ധനലാഭത്തിന് സഹായകമാണ്.
ഹോർമുസിൽ മൈനുകൾ നിക്ഷേപിക്കുന്ന ഇറാന്റെ 16 കപ്പലുകൾ തകർത്തെന്നാണ് അമേരിക്ക പറഞ്ഞത്. സ്ഥാപിച്ച മൈനുകൾ നീക്കിയില്ലെങ്കിൽ ക്രൂര ആക്രമണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏതായാലും യുദ്ധം ഹോർമുസിലേക്കു കേന്ദ്രീകരിച്ചിരിക്കുകയാണ്.
ഇറാന്റെ ഏറ്റവും വലിയ യുദ്ധോപകരണം ഹോർമുസ് കടലിടുക്കാണ്. ആഗോള എണ്ണക്കച്ചവടത്തിന്റെ 20 ശതമാനവും അതിലൂടെയാണ്. അവർക്കറിയാം എണ്ണയ്ക്കു തടസമുണ്ടായില്ലെങ്കിൽ, ലോകം യുദ്ധപരിഹാരത്തിന് ഇടപെടില്ലെന്ന്.
ഇപ്പോൾ അത് എല്ലാവരുടെയും ആവശ്യമായി; വീട്ടിൽ അടുപ്പ് പുകയേണ്ടതുപോലെയുള്ള ആവശ്യം. യുദ്ധം തീരുന്നത് നല്ലതാണ്. പക്ഷേ, അതിനുമുന്പ് പാചകവാതകം തീരുന്നത് നല്ലതല്ല. കരുതലോടെ ഉപയോഗിക്കുക. നിങ്ങൾ ഏതു പക്ഷത്താണെന്നതല്ല ഇപ്പോഴത്തെ പ്രശ്നം, ഇത്തിരി തീയുണ്ടോ കഞ്ഞിവയ്ക്കാൻ എന്നതു മാത്രമാണ്. യുദ്ധം ഇനിയും വായിക്കപ്പെടാത്ത ഒരു പാഠപുസ്തകമാണ്.
Editorial
ഇന്നു ലോക വനിതാദിനം. ദീപികയിലെ വനിതകൾ ഉന്നയിച്ച ചില ചോദ്യങ്ങളിൽ നിന്ന് രൂപംകൊണ്ടതാണ് ഇന്നത്തെ മുഖപ്രസംഗം.
സ്ത്രീകൾ പറയാനുള്ളതു പറയാതിരുന്നിട്ടല്ല അടിസ്ഥാന മാറ്റങ്ങളുണ്ടാകാത്തത്; പുരുഷൻ മാറാൻ വിസമ്മതിക്കുന്നതുകൊണ്ടാണ്. പുരുഷകേന്ദ്രീകൃത സമൂഹം ചരിത്രപരമായി കൈക്കലാക്കിയ സ്വാതന്ത്ര്യത്തിന്റെയും അവസരങ്ങളുടെയും പങ്ക് ഒരു യുദ്ധത്തിലൂടെ തിരിച്ചുപിടിക്കാനാകില്ല. കാരണം, വൈവിധ്യങ്ങളുള്ള ഒരു വംശമെന്ന നിലയിൽ സ്ത്രീയും പുരുഷനും പരസ്പരം കീഴടക്കേണ്ടവരല്ലെന്ന വിവേകം സ്ത്രീകൾക്കുണ്ട്. അതേസമയം, വിദ്യാഭ്യാസവും കാലവും ഏറെ മുന്നോട്ടു പോയിട്ടും സ്ത്രീകളെ തുല്യരായി കാണാനുള്ള ആത്മവിശ്വാസം നേടിയിട്ടില്ലല്ലോയെന്ന തിരിച്ചറിവിന്റെ വിവേകം പുരുഷനുണ്ടാകണം. ചുറ്റിനുമൊന്നു നോക്കിയാൽ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകുമെന്നു തോന്നുന്നു.
എവിടെനിന്നു വേണമെങ്കിലും തുടങ്ങാം. കുടുംബങ്ങളിൽനിന്നാണെങ്കിൽ, എത്ര പേർക്കു പറയാനാകും വീട്ടിലെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും സ്ത്രീക്കും പുരുഷനും ഒരുപോലെയാണെന്ന്. മുന്പൊരു വനിതാദിനത്തിൽ ഇതേ കോളത്തിൽ പറഞ്ഞിട്ടുണ്ട് രാവിലെ പത്രം വായിച്ച്, ഫോണും വിളിച്ച് സ്വീകരണമുറിയിലിരിക്കുന്ന സത്രീയും അവർക്കൊരു ചൂടു ചായയുമായി വരുന്ന പുരുഷന്മാരുമുള്ള എത്ര വീടുകളുണ്ടെന്ന്. ആ മുഖപ്രസംഗത്തിനുശേഷം രണ്ടോ മൂന്നോ വർഷം കഴിഞ്ഞു. എന്തെങ്കിലും മാറ്റം ഉണ്ടായോ? രാവിലെ മാത്രമല്ല, 24 മണിക്കൂറും അസമത്വങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും എന്താണു സ്ഥിതി? പ്രധാനപ്പെട്ട സ്ഥാനമാനങ്ങളിലേറെയും പുരുഷന്റെ കൈവശമാണ്. നിശ്ചിതയോഗ്യതയുള്ള സ്ത്രീകൾ കുറവുണ്ടെങ്കിൽ എന്താണു കാരണമെന്നു ചിന്തിക്കണം. ഒരു പുരുഷന്റെ അതേ നേട്ടം ഒരു സ്ത്രീ കൈവരിക്കണമെങ്കിൽ ഇരട്ടിയിലേറെ അധ്വാനം വേണം. വീട്ടുപണിയും കുട്ടികളുടെ സംരക്ഷണവുമെല്ലാം ചെയ്യുന്നവർ ഇതൊന്നുമില്ലാതെ ഉയരങ്ങൾ കീഴടക്കിയവർക്കൊപ്പം ഓടിയെത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നു മറക്കരുത്. ഏതു പുരുഷനാണ് വൈകിട്ടത്തെ അത്താഴത്തിന് എന്തൊരുക്കും എന്ന വേവലാതിയോടെ ജോലിസ്ഥലത്തുനിന്ന് മടങ്ങുന്നത്?
ജനസംഖ്യയുടെ പകുതിയോളം സ്ത്രീകളായിട്ടും നിയമസഭകളിലും പാർലമെന്റിലും സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണ്. എത്ര വനിതാ പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരുമാണ് നമുക്കുണ്ടായിട്ടുള്ളത്. ഇന്ദിരാഗാന്ധിയെയോ മമതാ ബാനർജിയെയോ മായാവതിയെയോ പോലുള്ള നിരവധിപേരുണ്ട്. പക്ഷേ, പുരുഷന്മാരുടെയും പാർട്ടികളുടെയും നിഴലിൽനിന്നു പുറത്തുവരാനാകാത്തവർ അതിലേറെയുണ്ട്. എത്ര പ്രായമായാലും അധികാരത്തിൽനിന്നു പുരുഷൻ മാറിക്കൊടുക്കില്ല. മാറിയാൽ ഏറ്റെടുക്കാൻ മറ്റൊരു പുരുഷൻ തയാറായിരിക്കും. കഴിവുള്ള സ്ത്രീകൾക്ക് അവസരം കൊടുക്കണോയെന്നു തീരുമാനിക്കുന്നതും മുകൾത്തട്ടിലുള്ള പുരുഷസംഘം തന്നെ.
സ്ത്രീ വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലും മുന്നിലാണെന്ന് അഭിമാനിക്കുകയോ അവകാശപ്പെടുകയോ ചെയ്യുന്ന 140 അംഗങ്ങളുള്ള കേരള നിയമസഭയിൽ സ്ത്രീകൾ 10 ശതമാനം പോലും ആയിട്ടില്ല. 1996ൽ 13 എംഎൽഎമാർ ഉണ്ടായിരുന്നതാണ് ഏറ്റവും വലിയ സംഭവം. വിപ്ലവങ്ങളൊക്കെ മാറ്റിവച്ചാൽ പാർട്ടികളിലെ സ്ഥിതി എന്താണ്? പഞ്ചായത്തോ ജില്ലയോ സംസ്ഥാനമോ ദേശീയതലമോ ആകട്ടെ, ഏതു പാർട്ടിയുമാകട്ടെ, എത്രപേരുണ്ട് തലപ്പത്ത്? ഇപ്പറഞ്ഞതെല്ലാം മതങ്ങളെയും മതസംഘടനകളെയും മാധ്യമങ്ങളെയുമൊക്കെ ബാധിച്ചിട്ടുണ്ട്. സമ്മേളനങ്ങളിലേക്കും വേദികളിലേക്കും നോക്കൂ. വിശിഷ്ട സ്ഥാനങ്ങളിൽ ആരാണുള്ളത്? പ്രസംഗിക്കുകയും പ്രവർത്തിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവരാണ് ഭാവി തീരുമാനിക്കുന്നത്. അവിടെയൊക്കെ സ്ത്രീകളുടെ പ്രാതിനിധ്യം തുല്യമാകുന്പോഴേ അവസര-അവകാശ സമത്വവും സാധ്യമാകൂ.
സ്ത്രീകളുടെ ശാരീരിക-മാനസിക ആരോഗ്യപ്രശ്നങ്ങൾ അവരുടേതു മാത്രമായി തുടരുകയാണ്. ഗാർഹികപീഡനങ്ങൾ പരിധി ലംഘിക്കുന്നതു മാത്രമാണ് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ സ്ത്രീപുരുഷന്മാർ അവഹേളിക്കപ്പെടുന്നുണ്ട്. പക്ഷേ, സ്ത്രീകളെ ഒട്ടും പേടിക്കാനില്ലെന്ന നിലയുണ്ട്. കുറ്റവാളികളായ സ്ത്രീകളെ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാൻ ശ്രമിക്കരുത്. കുറ്റവാളികളായ സ്ത്രീകളെയോ പുരുഷന്മാരെയോ കുറിച്ചല്ല നാം സംസാരിക്കുന്നത്.
മികച്ചതെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തെക്കുറിച്ചാണ്. സ്ത്രീപുരുഷ തുല്യതയിൽ അടിസ്ഥാനപ്പെട്ടൊരു ലോകമായിരുന്നെങ്കിൽ ലോകത്തിന്റെ വലിയൊരു ഭാഗത്ത്, വിദ്യാഭ്യാസത്തിലുൾപ്പെടെ നൂറായിരം വിലക്കുകളിൽ സ്ത്രീകൾക്കു ജീവിക്കേണ്ടിവരില്ലായിരുന്നു. പുരുഷനിയമങ്ങളാൽ അവർ വിധിക്കപ്പെടുകയും വധിക്കപ്പെടുകയുമില്ലായിരുന്നു. കുഞ്ഞുങ്ങളെയും നിരപരാധികളെയും ഉൾപ്പെടെ കൊല്ലുന്ന യുദ്ധങ്ങളും ഇത്രയ്ക്ക് ഉണ്ടാകില്ലായിരുന്നു.
കരുണയും സഹതാപവുമൊന്നും ആവശ്യമില്ല. തുല്യ അവകാശങ്ങളും അധികാരങ്ങളും പുരുഷൻ വിട്ടുകൊടുക്കുകയാണു വേണ്ടത്. ഉയർന്ന ചിന്താഗതിയുള്ള പുരുഷന്മാരുള്ള വീടുകളിൽ സ്ഥിതി വളരെ മാറിയിട്ടുണ്ട്. സ്ഥാപനങ്ങളിൽ സ്ത്രീ-പുരുഷ സൗഹൃദങ്ങളും തുല്യവേതനവുമൊക്കെ മുന്പെന്നതിനേക്കാൾ നടപ്പാകുന്നുണ്ട്. പക്ഷേ, ഇതൊന്നും തുല്യതയല്ല. നയം രൂപീകരിക്കുന്നിടത്ത്, തീരുമാനങ്ങൾ എടുക്കുന്നിടത്ത്, നടപ്പാക്കുന്നിടത്ത് ഒക്കെ കൂടുതൽ സ്ത്രീകൾ ഉണ്ടാകണം.
പുരുഷൻ തീരുമാനിച്ച വിദ്യാഭ്യാസ പദ്ധതികളിലും കരിക്കുലത്തിലും സ്ത്രീ തുല്യയാണെന്ന പാഠങ്ങൾ ഫലം കണ്ടിട്ടില്ല. അഴിച്ചുപണിയാൻ ഏറെയുണ്ട്. സ്ത്രീയെ പൂമുഖവാതിൽക്കലെ പൂന്തിങ്കളായും ഐശ്വര്യമായും ദേവിയായുമൊക്കെ പ്രതിഷ്ഠിക്കുന്നത് അവിടെ നിൽക്കട്ടെ. അവളെ തുല്യാവകാശമുള്ള വ്യക്തിയായി സമ്മതിക്കാൻ കേരളത്തിനെങ്കിലും ചുണയുണ്ടോ എന്നതാണ് ചോദ്യം.
Editorial
അമ്മ അവഗണിച്ച പഞ്ച് എന്ന കുട്ടിക്കുരങ്ങിന്റെ കഥ വായിച്ചവരും കണ്ടവരും കേട്ടവരും സങ്കടപ്പെട്ടു. പക്ഷേ, പലരും കഥയിൽനിന്നു പുറത്തിറങ്ങിയില്ല. കഥ ഒന്നുകൂടി സൂചിപ്പിക്കാം. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ ജാപ്പനീസ് മക്കാക്ക് വിഭാഗത്തിൽപ്പെട്ട കുരങ്ങനാണ് പഞ്ച്.
ജനിച്ചപ്പോൾ മുതൽ അമ്മ അവനെ അകറ്റിക്കൊണ്ടിരുന്നു. വീണ്ടും വീണ്ടും അടുത്തെത്തുന്ന അവനെ ചിലപ്പോഴെങ്കിലും ഉപദ്രവിക്കുകയും ചെയ്തു. ഒടുവിൽ മൃഗശാല ജീവനക്കാർ അവനൊരു കുരങ്ങുപാവയെ കൊടുത്തു. പിന്നീടു സംഭവിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി.
അവൻ ആ പാവയെ അമ്മയെപ്പോലെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും തന്റെ ഏകാന്തതയെ മറികടക്കുന്ന ദൃശ്യങ്ങൾ ലോകമെങ്ങും വ്യാപിച്ചു. കോടാനുകോടി മനുഷ്യർ പഞ്ചിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കണ്ടു. ഗ്രൂപ്പുകളും ആപ്തവാക്യങ്ങളുമൊക്കെ പഞ്ചിന്റെ പേരിൽ ഉണ്ടായി. കുറിപ്പുകളും കമന്റുകളും കഥകളും കവിതകളും ലേഖനങ്ങളുമൊക്കെ പ്രവഹിച്ചു.
പക്ഷേ, ആരും കഥയിൽനിന്നു പുറത്തിറങ്ങിയില്ല. ദൂരെ ഇച്ചിക്കാവയിലെ കുരങ്ങിനുവേണ്ടി കരഞ്ഞവരാരും തൊട്ടടുത്തുള്ള മനുഷ്യരെ കണ്ടില്ല. സമീപത്തെ മുറിയിലെ അനക്കങ്ങൾ കേട്ടില്ല. പഞ്ചിനു മൃഗശാലയിൽ സന്ദർശകരുണ്ട്. കേരളത്തിലെ ആയിരക്കണക്കിനു വീടുകൾ സന്ദർശകർ പോലുമില്ലാത്ത തുറന്ന ജയിലുകളാണ്.
“ഏകാന്തത..! ഒരിക്കൽ അതെന്റെ വീടായിരുന്നു. ഇന്ന് ഞാൻ അതിന്റെ വീടായിക്കഴിഞ്ഞു.” -മാധവിക്കുട്ടി. ഈ വാക്കുകളിൽ ഏകാന്തത ഒരു ദുരന്തമായി പരിണമിക്കുന്നതിന്റെ ശബ്ദമുണ്ട്. പഠനത്തിനും ജോലിക്കുമായി മക്കൾ വിദേശത്തു പോയ വീടുകളിലെ മാതാപിതാക്കളിൽ ഒതുങ്ങുന്നതല്ല കേരളത്തിന്റെ ഏകാന്തത.
അത് ആൾക്കൂട്ടത്തിൽ തനിയെ ആയിപ്പോകുന്ന മനുഷ്യരുടേതുംകൂടിയാണ്. മുതിർന്ന പൗരർക്കും രോഗാവസ്ഥയിലുള്ളവർക്കുമൊക്കെ മിക്കയിടങ്ങളിലും പരിചാരകരുണ്ട്. പക്ഷേ, കൃത്യസമയത്തെ ഭക്ഷണംപോലെ വിലപ്പെട്ടതാണ് അടുത്തിരിക്കാനും വർത്തമാനം പറയാനും പ്രിയപ്പെട്ട ഒരാൾ ഉണ്ടായിരിക്കുക എന്നത്.
ഏറെ കുടുംബാംഗങ്ങളുണ്ടായിരുന്ന, അയൽക്കാരും നാട്ടുകാരുമായി ഇടപെട്ടു ജീവിച്ചിരുന്ന ഒരു തലമുറയാണ് ഇന്ന് വാർധക്യത്തിലെത്തിയിരിക്കുന്നത്. അവർക്ക് ഒറ്റപ്പെടൽ അസഹനീയമാണ്. അതേസമയം, പൊതുസ്ഥലത്തോ വീട്ടിലോ മുറിയിലോ ആയിരുന്നാലും മറ്റുവള്ളവരുമായി ഇടപഴകാതെ മൊബൈൽ ഫോണിൽ കഴിയുന്ന ഇന്നത്തെ തലമുറയ്ക്ക് നാളെ ഈ ഏകാന്തത അത്ര അനുഭവപ്പെടാനിടയില്ല.
വീടുകളിൽ ഒന്നിച്ചുള്ള ജോലി, പ്രാർഥന, ഭക്ഷണം, വർത്തമാനങ്ങൾ എന്നിവയിൽ വലിയ കുറവുണ്ടായി. വീട്ടിലെ ഓരോ അംഗവും ഏകാംഗവീടുകളായി മാറി. സമയമില്ലെന്നു പറയുന്നത് നുണയാണ്. മാതാപിതാക്കൾക്ക് മക്കളോടും മക്കൾക്ക് മാതാപിതാക്കളോടുമൊക്കെ സംസാരിക്കാൻ സമയമുണ്ട്.
പക്ഷേ, കണ്ടെത്തുന്നില്ല. സമൂഹമാധ്യമങ്ങൾക്കു നിർലോപം കൊടുത്ത സമയം ആരും തിരിച്ചെടുത്ത് അതിന്റെ അവകാശികൾക്കു കൊടുക്കുന്നില്ല. യുദ്ധങ്ങളിൽ അനാഥരായ മനുഷ്യരും ഒറ്റപ്പെടലിന്റെ ഓരോ വീടായി മാറിക്കഴിഞ്ഞു.
ഗാസയിലും ഇസ്രയേലിലും യുക്രെയ്നിലും നൈജീരിയയിലും സിറിയയിലും ഇറാനിലുമൊക്കെ മേൽക്കൂരകൾ പറന്നുപോയ അത്തരം ഏകാന്ത വീടുകളുണ്ട്. കൂട്ടക്കുഴിമാടങ്ങളിൽ മറഞ്ഞവരുടെ വീടുകൾ ഏകാന്തതയും തീരാദുഃഖവും കൈയേറി.
യുദ്ധം കഴിഞ്ഞാലും പോയവർ തിരികെയെത്തില്ല. ഒറ്റപ്പെടലും സ്നേഹിക്കാൻ ആരുമില്ലാത്തതുമാണ് ലോകത്തെ ഏറ്റവും കഠിനമായ ദാരിദ്ര്യമെന്നാണ് മദർ തെരേസ പറയുന്നത്. ഇച്ചിക്കാവയിലെ പഞ്ചിന് അധികൃതർ കൊടുത്തത് ഒരു പാവയാണ്.
ഒറാങ് ഉട്ടാംഗിന്റെ രൂപത്തിലുള്ള ആ പാവയ്ക്കു ജീവനില്ലെങ്കിലും പഞ്ചിന് അതത്ര അറിയില്ല. അതുകൊണ്ട് അവൻ പാവയിൽ അമ്മയെ കണ്ട് അതിവേഗം ജീവിതത്തിലേക്കു തിരിച്ചുവന്നു. പക്ഷേ, മനുഷ്യർക്ക് പാവകളെ തിരിച്ചറിയാം. മക്കളുടെ പണവും സൗകര്യങ്ങളും ജോലിക്കാരുമൊക്കെ അവർക്കു പാവകളാണ്. ആർക്കു വേണം?
ലോസ് ആഞ്ചൽസ് ടൈംസിനായി എഴുതുന്ന മേരി മക്നമാര, കുടുംബഗ്രൂപ്പിൽ തന്റെ മകളെഴുതിയ കുറിപ്പ് വായനക്കാരുമായി പങ്കുവച്ചിരുന്നു. “ഞാൻ പഞ്ച് ആണ്, അവൻ ഞാനാണ്.” നമ്മുടെ അടുത്തും ഒരു പഞ്ച് ഇങ്ങനെ പറയുന്നുണ്ട്.
രോഗക്കിടക്കയിൽ, അവിവാഹിതരായി, തൊഴിൽരഹിതരായി, അനാഥരായി, കടക്കെണിയിൽ പെട്ടവരായി, ജോലിക്കാരായി, കുറ്റാരോപിതരായി, മാതാപിതാക്കളായി, മക്കളായി, ഭാര്യയായി, ഭർത്താവായി... നിങ്ങളുടെ പഞ്ച് ഞാനാണെന്ന്.
വലിയനോന്പും നോന്പുതുറകളുമൊക്കെ ആചാരാനുഷ്ഠാനങ്ങളോടെ നടത്തുന്നതിന്റെ തിരക്കിലായ മനുഷ്യരെ ഇതൊക്കെ ഓർമിപ്പിക്കാൻ ഒരു കുരങ്ങ് വേണ്ടിവന്നു. മൃഗശാലകളിൽനിന്നു വീടുകളിലേക്കു തിരിച്ചുപോകാൻ സമയമായി.
Editorial
മസ്തിഷ്കമരണം സംഭവിച്ചവരിൽ നിന്നുൾപ്പെടെ എടുത്തുമാറ്റിയ ഓർമച്ചിപ്പുകളെ ആനന്ദത്തിനും ഗെയിമുകൾക്കും ഒളിഞ്ഞുനോട്ടത്തിനും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സിനിമയാണ് ‘മസ്തിഷ്കമരണം’. അതിനെ ഓർമിപ്പിക്കുന്നവിധം, നിർമിതബുദ്ധിയിൽ നിന്നെടുത്ത വിവരങ്ങൾ കോടതിയുത്തരവിന് ഉപയോഗിച്ച ആപത്കരമായ സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
നിർമിതബുദ്ധി നൽകിയ വ്യാജ റഫറൻസ് കേസുകളുദ്ധരിച്ച് ആന്ധ്രയിലെ ഒരു വിചാരണക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി അതു കണ്ടെത്തിയെങ്കിലും കേസിൽ അപാകമില്ലെന്നു കണ്ട് വിധി അംഗീകരിച്ചു. അപ്പീൽ സുപ്രീംകോടതിയിലെത്തി.
വിധി ശരിയാണെങ്കിൽപോലും വിചാരണക്കോടതിയുടെ നടപടി തെറ്റാണെന്നു കണ്ട സുപ്രീംകോടതി ഇനിയിത് ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളിലേക്കു കടന്നിരിക്കുകയാണ്. സിനിമയിലോ ആശുപത്രിയിലോ അല്ലാത്തൊരു മസ്തിഷ്കമരണത്തെ നാം അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നു.
ആന്ധ്ര, വിജയവാഡയിലെ ഒരു വിചാരണക്കോടതിയിലാണ് സംഭവം. ഒരു വസ്തുതർക്കവുമായി ബന്ധപ്പെട്ട കേസിൽ, അഡ്വക്കറ്റ് കമ്മീഷണറെ നിയോഗിച്ചിരുന്നു. കമ്മീഷണറുടെ റിപ്പോർട്ടിനെതിരേയുള്ള ഹർജിക്കാരുടെ പരാതികൾ തള്ളിക്കൊണ്ട് വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
പക്ഷേ, ആ ഉത്തരവിന് ആധാരമായി കോടതി ഉദ്ധരിച്ച ചില മുൻകാല വിധികൾ യഥാർഥത്തിൽ ഉള്ളതായിരുന്നില്ല. നിർമിതബുദ്ധിയെ വിശ്വസിച്ച് റഫറൻസ് എടുത്തപ്പോൾ ഉണ്ടായ പിഴവായിരുന്നു. ഇതിനെതിരേ ഹർജിക്കാർ കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, റഫറൻസായി വിചാരണക്കോടതി ഉപയോഗിച്ച വിധികൾ യഥാർഥത്തിൽ ഉള്ളതല്ലെന്നു കണ്ടെത്തി.
പക്ഷേ, റഫറൻസിൽ പിഴവുണ്ടായെങ്കിലും ഉത്തരവിലെ നിയമപരമായ നിരീക്ഷണം ശരിയാണെന്നു കണ്ടെത്തിയ ഹൈക്കോടതി ഹർജി തള്ളി. അതേസമയം, മനുഷ്യബുദ്ധിയെയോ ജുഡീഷൽ യുക്തിയെയോ മാറ്റി സ്ഥാപിക്കാൻ എഐക്കു കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നിർമിതബുദ്ധിയേക്കാൾ വിശ്വസനീയമായ ആധികാരിക രേഖകളെ ആശ്രയിക്കണമെന്നും അല്ലെങ്കിൽ ജനങ്ങൾക്കു കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു. പക്ഷേ, വിഷയം സുപ്രീംകോടതിയിലെത്തി.
ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഫെബ്രുവരി 27ന് കേസിൽ നിർണായക ഇടപെടൽ നടത്തിയിരിക്കുകയാണ്. നിലവിലില്ലാത്തതോ കെട്ടിച്ചമച്ചതോ ആയ വിധിന്യായങ്ങളെ ആശ്രയിക്കുന്നത് വെറും പിഴവായി കണക്കാക്കില്ലെന്നും, മറിച്ച്, അത് തെറ്റായ പെരുമാറ്റത്തിനു തുല്യമാണെന്നും നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി മുന്നറിയിപ്പു നൽകി.
ഇക്കാര്യത്തിൽ കൂടുതൽ സൂക്ഷ്മമായ പരിശോധന ആവശ്യമാണെന്നു പറഞ്ഞ സുപ്രീംകോടതി, അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവർക്കും ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും നോട്ടീസ് അയച്ചു. കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനെ ബെഞ്ച് നിയമിച്ചിട്ടുമുണ്ട്.
ഫെബ്രുവരി 17ന്, ‘ദയയും മനുഷ്യരാശിയും’ എന്ന തലക്കെട്ടിൽ, നിലവിലില്ലാത്ത ഒരു വിധിന്യായം ഉദ്ധരിക്കപ്പെട്ടതിനെത്തുടർന്ന്, അഭിഭാഷകർ ഹർജി തയാറാക്കുന്നതിൽ ഉൾപ്പെടെ എഐ ഉപയോഗിക്കുന്ന തെറ്റായ പ്രവണതയെക്കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കോടതികളിലെ അഴിമതിയെക്കുറിച്ചുള്ള പാഠം എൻസിഇആർടി സിലബസിൽനിന്നു നീക്കിയ സുപ്രീംകോടതി നീക്കത്തിനു പിന്നാലെയാണ് വക്കീലന്മാരും ന്യായാധിപരും നിർമിതബുദ്ധിയുടെ തെറ്റായ കണ്ടെത്തലുകളെ ആശ്രയിച്ച് ജോലി എളുപ്പമാക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. നിർമിതബുദ്ധി ഭാവിയിൽ ആപത്താകുമോ എന്ന ചർച്ചയിലാണ് ലോകം.
പക്ഷേ, നിർമിതബുദ്ധിയെ അമിതമായി ആശ്രയിക്കുന്നവർ ഇപ്പോൾതന്നെ ആപത്തായി മാറുന്ന കാഴ്ചകളാണു പുറത്തുവരുന്നത്. വിദ്യാർഥികളും അധ്യാപകരും മുതൽ ബാങ്കിംഗ് സ്ഥാപനങ്ങളും സർക്കാരും വരെ നിർമിതബുദ്ധിയെ ആശ്രയിക്കുന്നുണ്ട്.
കെടുതികൾ അറിയാനിരിക്കുന്നതേയുള്ളൂ. അതിൽ ഏറ്റവും ആപത്കരമാണ് ഈ കുറുക്കുവഴിയെ നീതിന്യായ സംവിധാനങ്ങൾ ആശ്രയിക്കുന്നത്. പിന്നെ നീതിയുമില്ല, ന്യായവുമില്ല. എഐയെ അന്ധമായി വിശ്വസിക്കരുത്. നിർമിതബുദ്ധിയെ ഉപയോഗിക്കുന്ന വക്കീലന്മാരും ന്യായാധിപരും അതുതന്നെ വിശ്വസിക്കുന്നവരുടെ ജീവിതത്തെയോ നിയമസംവിധാനത്തിന്റെ വിശ്വാസ്യതയെയോ ബാധിക്കുന്നതാണെന്നു തിരിച്ചറിയണം.
എഐ ഉപയോഗിച്ച് തീരുമാനങ്ങളിലെത്താനാണെങ്കിൽ ലക്ഷക്കണക്കിനു കേസുകൾ കെട്ടിക്കിടക്കുന്ന രാജ്യത്ത് അതിനായി ഒരു എഐ കോടതി സ്ഥാപിച്ചാൽ മതിയല്ലോ. വർഷങ്ങൾ നീണ്ട വിചാരണകളും ആവശ്യമില്ല. പക്ഷേ, മനുഷ്യനു നീതി കൊടുക്കാൻ നിർമിതബുദ്ധിയുടെ യാന്ത്രികത മതിയെന്നു തെളിഞ്ഞിട്ടില്ല.
നാളത്തെ സൂപ്പർ കംപ്യൂട്ടറുകൾ അതു ചെയ്യുമെങ്കിൽ അന്നത്തെ തലമുറ അതേക്കുറിച്ചു തീരുമാനിക്കട്ടെ. എല്ലാറ്റിലുമുപരി, സ്ഥിരമായി എഐയെ ആശ്രയിക്കുകയും നിഗമനങ്ങളിലെത്തുകയും ചെയ്യുന്നവർ സ്വന്തം ബുദ്ധിയുടെ ഉപയോഗവും നിരീക്ഷണപാടവവും ക്ഷയിക്കുന്നതും തിരിച്ചറിയണം.
2046ൽ നടക്കാനിടയുള്ള കഥയാണ് ‘ഒരു മസ്തിഷ്കമരണം’. പക്ഷേ, നിർമിതബുദ്ധിയെ അമിതമായി ആശ്രയിക്കുന്നവർ സ്വന്തം മസ്തിഷ്കത്തെ മരണത്തിനു വിട്ടുകൊടുക്കുകയാണ്. ഇതു ഭാവിയെക്കുറിച്ചല്ല, വർത്തമാനത്തെക്കുറിച്ചാണ്.
Editorial
റഷ്യ, ചൈന, നാറ്റോ... ഏതൊക്കെ രാജ്യങ്ങളും സഖ്യങ്ങളും യുദ്ധത്തിൽ പങ്കെടുക്കും, എത്ര രാജ്യങ്ങളെ ബാധിക്കും തുടങ്ങിയ ചോദ്യങ്ങൾ ഇനിയില്ല. ഇറാനെ തനിച്ചാക്കി കൂടുതൽ രാജ്യങ്ങൾ മറുപക്ഷത്തും മറ്റുള്ളവർ നിശബ്ദരുമായി. പങ്കെടുക്കാത്തവരെയും ബാധിക്കുമോ എന്നതാണ് പുതിയ ചോദ്യം. പുതിയ ലോകക്രമത്തിൽ എല്ലാ യുദ്ധവും ലോകയുദ്ധമാണെന്ന് ആലങ്കാരികമായി പറയുമായിരുന്നു. പക്ഷേ, ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ അതാണ് യാഥാർഥ്യമെന്നു ലോകം തിരിച്ചറിഞ്ഞു. അവരതു പ്രഖ്യാപിക്കും മുന്പുതന്നെ എണ്ണയും മറ്റ് അവശ്യവസ്തുക്കളുമായി 250 കപ്പലുകൾ ഹോർമുസിന്റെ ഇരുവശത്തുമായി നങ്കൂരമിട്ടുകഴിഞ്ഞിരുന്നു.
ഇന്ധനവില വർധന പ്രാഥമിക ആഘാതം മാത്രമാണ്. അനന്തരഫലം സാർവത്രിക വിലക്കയറ്റമാണ്. യുദ്ധത്തിന്റെ ഏറ്റവും വലിയ കെടുതി നിരപരാധികളുടെ ജീവനെടുക്കലും യുദ്ധമേഖലയിലെ നരകവ്യാപനവും തന്നെയാണ്. പക്ഷേ, വ്യാപാരം യുദ്ധോപകരണമായി വികസിപ്പിച്ചിരിക്കേ, ഹോർമുസിലെ വഴിതടയൽ ലോകമെങ്ങുമുള്ള അടുക്കളകളിൽ വരെ എത്താവുന്ന ദീർഘദൂര മിസൈലുകളാണ്.
ഹോർമുസ് അടച്ചു, ഏതെങ്കിലും കപ്പൽ അതുവഴി കടക്കാൻ ശ്രമിച്ചാൽ കത്തിച്ചു ചാരമാക്കുമെന്നാണ് ഇറാൻ റവലൂഷണറി ഗാർഡ് കോര്പ്സ് കമാൻഡര് ഇന് ചീഫ് ഇബ്രാഹിം ജിബാരി മുന്നറിപ്പു നൽകിയത്. അതിനു മുന്പേ വിവിധ രാജ്യങ്ങളുടെ കപ്പലുകൾ സഞ്ചാരം അവസാനിപ്പിച്ചിരുന്നു. കാരണം, കപ്പലുകൾ നശിച്ചാൽ നഷ്ടപരിഹാരമില്ലെന്ന് ഇൻഷ്വറൻസ് കന്പനികളുടെ അറിയിപ്പുണ്ടായിരുന്നു. ഇതോടെ ഇന്ത്യയിലേക്ക് ഉൾപ്പെടെയുള്ള ക്രൂഡ് ഓയിൽ വരവ് നിലച്ചു. ബാരലിന് (159 ലിറ്റർ) ഏതാണ്ട് 70 ഡോളറിൽ കിടന്ന എണ്ണവില 150-200 ഡോളർവരെ എത്തിയേക്കാമെന്നാണ് സൂചന. ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളറിന് അടുത്തെത്തി. 70 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ നമുക്ക് ഉണ്ടെങ്കിലും അതു മുഴുവൻ തീർക്കില്ല.
യുദ്ധം നീണ്ടാൽ സ്ഥിതി ഗുരുതരമാകും. അല്ലെങ്കിൽ അന്താരാഷ്ട്രവില കുത്തനെ ഇടിഞ്ഞപ്പോഴും പലതവണ വർധിപ്പിച്ച നികുതി കേന്ദ്രം കുറയ്ക്കണം. സംസ്ഥാന തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കേ അമിതവർധന അത്ര എളുപ്പവുമല്ല. പരമോന്നത നേതാവിനെ വധിച്ച അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ പറഞ്ഞതും ഐക്യരാഷ്ട്രസഭ നോക്കുകുത്തിയായതും അനിശ്ചിതാവസ്ഥ വർധിപ്പിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും ചെലവേറിയ ചർച്ചാസങ്കേതം എന്നു വിശേഷിക്കുന്ന നിലയിലേക്ക് ഐക്യരാഷ്ട്രസഭ നിപതിച്ചു.
അഭ്യർഥന പുറപ്പെടുവിക്കുക എന്നതല്ലാതെ മറ്റൊരു ജോലിയും അവർക്കില്ല. ഇറാനെതിരേയുള്ള യുദ്ധത്തെ സംബന്ധിച്ച ഏതൊരു പ്രമേയവും അമേരിക്ക വീറ്റോ ചെയ്യും. യുദ്ധം നിർത്താൻ അമേരിക്കയോടോ ഹോർമുസ് അടയ്ക്കരുതെന്ന് ഇറാനോടോ ആജ്ഞാപിക്കാൻ ഒരു സഭയുമില്ല. ചുരുക്കത്തിൽ, ഹോർമുസിൽ ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത് ലോകയുദ്ധമാണ്. മധ്യസ്ഥരില്ലാത്തത് സ്ഥിതി വീണ്ടും ഗുരുതരമാക്കുന്നു.
പച്ചക്കറി, പഴം, ഉണങ്ങിയ പഴങ്ങൾ, മൊബൈൽ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും നിർമാണവസ്തുക്കൾ... എല്ലാറ്റിനും വില ഉയരാനിടയുണ്ട്. സ്വർണവില ആഗോളതലത്തിൽ ഉയർന്നെങ്കിലും കേരളത്തിൽ ഇന്നലെ കുറയുകയായിരുന്നു. ഡോളറിന്റെ മൂല്യം വർധിച്ച് രൂപയുടെ വിലയിടിഞ്ഞതുകൊണ്ടുള്ള ഈ പ്രതിഭാസം നീണ്ടുനിൽക്കാനിടയില്ല. ഡോളറിന് 92 രൂപ കടന്ന് സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇത് ഇറക്കുമതിച്ചെലവ് വർധിപ്പിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ സ്വർണം ഉൾപ്പെടെ എല്ലാറ്റിനും വില കയറാനുള്ള സാധ്യതയുണ്ട്.
ഇപ്പോൾ ആഭരണങ്ങൾ വാങ്ങുന്പോൾ 1.35 ലക്ഷത്തിലധികവും വിൽക്കുന്പോൾ 1.25 ലക്ഷത്തിൽ താഴെയുമാണ് ലഭിക്കുന്നത്. രൂപയുടെ മൂല്യം കുറഞ്ഞതിനാൽ ഡോളറിൽ കയറ്റുമതി നടത്തുന്നവർക്ക് കച്ചവടം ലാഭകരമാണ്. പക്ഷേ, ചരക്കുകടത്ത് ഉൾപ്പെടെയുള്ള സാഹചര്യം മോശമായതിനാൽ അത് എത്രകണ്ട് വിജയക്കുമെന്നറിയില്ല.
അമേരിക്കയുടെ ലക്ഷ്യം ഇറാനിലെ ഭരണ അട്ടിമറിയും ആണവോർജ നിർമാർജനവുമാണെങ്കിലും, അന്തിമലക്ഷ്യം ലോകത്ത് മൂന്നാമതുള്ള ഇറാന്റെ എണ്ണപ്പാടങ്ങളായിരിക്കാം. രണ്ടാമതുള്ള വെനസ്വേലയെ ചൊൽപ്പടിയിലാക്കിയതോടെ ഒരു കടന്പ കഴിഞ്ഞു. ഇറാനെയും പരാജയപ്പെടുത്തിയാൽ ലോകത്തെ എണ്ണശേഖരത്തിന്റെ വലിയൊരു പങ്കും കൈപ്പിടിയിലാകും. കച്ചവടക്കാരനായ ട്രംപ് ലാഭം കാണാതെ യുദ്ധം പോലും നടത്തില്ല.
മുൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്നു കൊടുത്തു കാലിയാക്കിയിരുന്ന ആയുധശേഖരം താൻ വന്നതിനുശേഷം ശക്തമാക്കിയെന്നും ഇനി എത്രനാൾ വേണമെങ്കിലും യുദ്ധം ചെയ്യാമെന്നുമാണ് ട്രംപ് ഇന്നലെയും പറഞ്ഞത്. പഴയ ഭരണാധികാരികളെ കുറ്റം പറഞ്ഞും അവഹേളിച്ചും സ്വയം പൊങ്ങാൻ ശ്രമിക്കുന്ന അപകർഷതാബോധത്തിലുള്ള ലോകനേതാക്കളിലൊരാളാണ് ട്രംപും. ആഴ്ചകൾ നീണ്ടുനിൽക്കുന്ന കഠിനമായ ആക്രമണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
ജനാധിപത്യത്തെ കെട്ടുകാഴ്ചയാക്കിയ ട്രംപും, മതമൗലികതയ്ക്കപ്പുറം ലോകമില്ലെന്നു ധരിക്കുന്ന ഇറാനും ഏറ്റുമുട്ടുകയും, ഐക്യരാഷ്ട്രസഭ ഗാലറിയിലിരുന്ന് ഉറങ്ങുകയും ചെയ്യുന്പോൾ യുദ്ധം അമേരിക്ക തീരുമാനിക്കുവോളം നീളും. കേന്ദ്രം ഗൃഹപാഠം ചെയ്തില്ലെങ്കിൽ ചെലവു ചുരുക്കാനും മുണ്ടു മുറുക്കിയുടുക്കാനും ഇന്ത്യയിലെ യഥാർഥ ഭൂരിപക്ഷമായ ദരിദ്രരും സാധാരണക്കാരും തയാറാകേണ്ടിവരും.
Editorial
ഓരോ മനുഷ്യനും ഓരോ നിയോഗമുണ്ട്; സാധാരണക്കാരായാലും പ്രതിഭകളായാലും. അതു സംഭവിക്കുന്നതോടെ അതുവരെയെഴുതിയ കഥയെല്ലാം മാഞ്ഞുപോകും. ചരിത്രം ഗതിമാറിയൊഴുകും. അത്തരമൊരു നിയോഗത്തിലേക്കാണ് ഞായറാഴ്ച കോൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യയുടെ, കേരളത്തിന്റെ സ്വന്തം സഞ്ജു ബാറ്റേന്തിയത്. വെസ്റ്റ് ഇൻഡീസിനെതിരായ നിർണായകവിജയത്തിനും ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനൽ പ്രവേശനത്തിനുമപ്പുറം സഞ്ജു സാംസൺ എന്ന കളിക്കാരന്റെ പ്രതികാരനിമിഷമായിരുന്നു അത്.
തന്റെ വിമർശകരോടോ തന്നെ ഇടിച്ചുതാഴ്ത്താൻ നിരന്തരം ശ്രമിച്ചവരോടോ മാത്രമുള്ള പ്രതികാരമായിരുന്നില്ല. അനാവശ്യ സമ്മർദങ്ങൾ തലയിലേറ്റുവാങ്ങി ആത്മവിശ്വാസം കെടുത്തിയും അമിത ആത്മവിശ്വാസത്തോടെ കിട്ടിയ അവസരം നഷ്ടപ്പെടുത്തിയും സ്വന്തം കരിയർ അപകടത്തിലാക്കിയ തന്നോടുതന്നെയുള്ള പകരംവീട്ടൽകൂടിയായിരുന്നു.
ഗ്രഹണകാലവും ഗ്രഹപ്പിഴയും നീങ്ങി സഞ്ജു സാംസൺ എന്ന സൂര്യൻ കത്തിജ്വലിച്ചു. അതും ടീമിന് ഏറ്റവും അനിവാര്യമായ സന്ദർഭത്തിൽ. ‘ക്വാർട്ടർ ഫൈനൽ’ എന്നായിരുന്നു സൂപ്പർ എട്ടിലെ ഈ മത്സരം വിശേഷിപ്പിക്കപ്പെട്ടത്. ജയിക്കുന്നവർ മുന്നോട്ട്, തോറ്റാൽ പുറത്തേക്ക്. മരണക്കളിതന്നെ. ഒരു പ്രതിഭയുടെ വിശ്വരൂപദർശനത്തിന് ഇതിൽക്കവിഞ്ഞൊരു അവസരം വേറെയുണ്ടോ? സഞ്ജു സഞ്ജുവായി. ഇന്ത്യയും എതിരാളികളും നമിച്ചു.
വിമർശനങ്ങളുടെ കൂരമ്പുകൾ. വാഴ്ത്തുപാട്ടുകളുടെ പൂമൂടൽ. ഒരു കളിക്കാരനെ സമ്മർദത്തിലാഴ്ത്താനും നശിപ്പിക്കാനും വേറൊന്നും വേണ്ട. നമ്മൾ ഇന്ത്യക്കാരും മലയാളികളും ഇക്കാര്യത്തിൽ വിദഗ്ധരും. എത്ര കളി ജയിപ്പിച്ചയാളാണെങ്കിലും രണ്ടു കളിയിൽ പരാജയപ്പെട്ടാൽ അവന്റെ രക്തത്തിനുവേണ്ടി കൊലവിളി മുഴക്കുന്നവർ. കരിയറിലുടനീളം സഞ്ജു ഇതനുഭവിച്ചതാണ്. ലോകകപ്പിനു തൊട്ടുമുമ്പേ ന്യൂസിലൻഡിനെതിരേ നടന്ന പരമ്പര സഞ്ജുവിനെ സംബന്ധിച്ച് നിർണായകമായിരുന്നു. ഒന്നാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടം പിടിച്ചിട്ടും തിളങ്ങാനായില്ല.
അതേസമയം, പരിക്കേറ്റ തിലക് വർമയ്ക്കു പകരക്കാരനായി പ്ളെയിംഗ് ഇലവനിലെത്തിയ രണ്ടാം വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ തകർത്താടുകയും ചെയ്തു. 10, ആറ്, പൂജ്യം, 24, ആറ് എന്നിങ്ങനെയായിരുന്നു കിവീസിനെതിരേ സഞ്ജുവിന്റെ സ്കോർ. അതോടെ സഞ്ജുവിനെതിരേ പടപ്പുറപ്പാടായി. ഇന്ത്യൻ ഇലവനിൽ സഞ്ജുവിനെ ഇനിയൊരിക്കലും കാണില്ലെന്നുവരെ വിധിയെഴുതിയവരുണ്ട്. ട്രോളി ട്രോളി ആനന്ദിച്ചവരുണ്ട്. അതെല്ലാം അതിജീവിച്ചാണ് ദൈവത്തിലുള്ള തന്റെ വിശ്വാസം മുറുകെപ്പിടിച്ച് സഞ്ജു തലയുയർത്തി നിന്നത്. വിഷമഘട്ടങ്ങളിൽ സഹകളിക്കാരും പരിശീലകരും തനിക്കു നല്കിയ പിന്തുണയെക്കുറിച്ച് സഞ്ജു പലവട്ടം പറഞ്ഞിട്ടുണ്ട്. ആ പിന്തുണയുടെ കരുത്തിലാണ് 60 ട്വന്റി 20 മത്സരങ്ങളിലെ മൂന്നു സെഞ്ചുറികൾ.
വെസ്റ്റിൻഡീസിനെതിരേ 50 പന്തിൽ പുറത്താകാതെ നേടിയ 97 റൺസ്. അതിന്റെ മൂല്യം റൺകണക്കിൽ മാത്രം അളക്കാനാകില്ല. ടീമിനുവേണ്ടി, ആവശ്യത്തിനനുസരിച്ച്, ഔചിത്യപൂർവമുള്ള കളി. ഈ മുപ്പത്തൊന്നുകാരന്റെ കരിയർ മുഴുവൻ ഈ ഒരിന്നിംഗ്സിലേക്ക് കരുതിവച്ചതുപോലെ. ക്യാപ്റ്റൻ സൂര്യകുമാർ യാദവും ടീമും അർപ്പിച്ച വിശ്വാസത്തിനുള്ള അമൂല്യമായ പ്രതിഫലം.
ആരാധകരുടെ പ്രശംസകളും മുൻവിധികളും ഒരു കളിക്കാരനെ എങ്ങനെ കുഴപ്പത്തിലാക്കും എന്നതിന് ഉത്തമോദാഹരണമാണ് സഞ്ജു സാംസണിന്റെ കളിജീവിതം. ഏതു കളിയിലായാലും ഏതു കളിക്കാരനായാലും എല്ലാക്കാലത്തും ഒരുപോലെ മികവു പുലർത്താനാകില്ല. കയറ്റിറക്കങ്ങൾ സ്വാഭാവികം. അതു തിരിച്ചറിഞ്ഞ് തിരിച്ചടിയുടെ കാലത്ത് പിന്തുണയ്ക്കുന്നതിനു പകരം നമ്മളിവിടെ കല്ലെറിയും. കഠിനവാക്കുകളും പരിഹാസവുംകൊണ്ട് അയാളെ ആഴത്തിൽ മുറിവേൽപ്പിക്കും.
ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ സച്ചിൻ തെണ്ടുൽക്കർക്കു വരെ ഈ അനുഭവം ഉണ്ടായിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിന്റെയും ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയുമൊക്കെ ഇതിഹാസതാരങ്ങൾ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. അവിടത്തെ കാണികളും ആരാധകരുമൊന്നും ‘അവനെ ക്രൂശിക്കുക’ എന്ന് അട്ടഹസിക്കാറില്ല. ഇവിടെ ഒരു കളിയിൽ പരാജയപ്പെട്ടാൽ വാർത്താസമ്മേളനം വിളിച്ച് ക്ഷമ പറയേണ്ട ഗതികേടാണ്.
വൈഭവ് സൂര്യവംശി എന്നൊരു പതിനഞ്ചുകാരൻ പ്രതിഭ ഇന്ത്യൻ ക്രിക്കറ്റിന്റെ ചക്രവാളത്തിൽ മിന്നൽപ്പിണരുകളുമായി വരുന്നുണ്ട്. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ് നേടിയ വൈഭവിനെ ഒരു കളിയിൽ ചെറിയ സ്കോറിന് പുറത്തായതിന് അബുദാബിയിലെ ഇന്ത്യക്കാർ കൂവിവിളിച്ചു പറഞ്ഞയച്ചത് ‘കഥ തുടരും’ എന്നതിന്റെ സൂചനയാണ്.
ലോകത്ത് മറ്റൊരിടത്തും അമിത പ്രശംസകൊണ്ട് കളിക്കാരെ മൂടാറില്ല. മോശം സമയത്ത് പാഴ്വാക്കുകളിലൂടെ അവരെ തളർത്താറുമില്ല. അമിതസമ്മർദമാണ് കളിക്കാരെ നശിപ്പിക്കുന്നത്. സഞ്ജു മനക്കരുത്തുകൊണ്ടും തക്കസമയത്ത് കിട്ടിയ നിർണായക പിന്തുണകൊണ്ടും അതിനെ ഏതാണ്ട് അതിജീവിച്ചു. ആ മിടുക്കിന് ബിഗ് സല്യൂട്ട്! വൈഭവ് സൂര്യവംശിക്ക് 15 വയസേ ആയിട്ടുള്ളൂ. കണ്ടിടത്തോളം മഹാപ്രതിഭ. ചേർത്തുപിടിച്ചില്ലെങ്കിൽ എങ്ങുമെത്താതെ കരിഞ്ഞുപോകാം.
സ്പോർട്സിലെ ‘സ്പിരിറ്റ്’ എന്നു പറയുന്നത് കൈമോശം വന്ന വാക്കാകരുത്. അത് മനുഷ്യത്വവും സാഹോദര്യവും സൗഹൃദവും അപരന്റെ മികവും ഉയർത്തിപ്പിടിക്കാനുള്ളതാണ്. ആരാധകരെന്നു പറയുന്ന നമ്മളായിട്ടത് ഇല്ലാതാക്കരുത്. കളിക്കളത്തിനു പുറത്തെ വിഷങ്ങൾ സ്പോർട്സിൽ കലർത്തരുത്. മഹത്തായ കായികസംസ്കാരം മൈതാനത്തുനിന്നു പുറംലോകത്തേക്കു പരക്കട്ടെ.
Editorial
വിലാപങ്ങൾക്കും ആഹ്ലാദങ്ങൾക്കും മധ്യേ ആയത്തുള്ള ഖമനെയ് കബറിലായി. ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരകളായ ഇറാനിലെ മനുഷ്യരും തീവ്രവാദം മനുഷ്യവംശത്തിനു ഭീഷണിയാണെന്നു കരുതുന്നവരും അനല്പമായ സന്തോഷത്തിലാണ്. എന്നാലോ, തീവ്രവാദത്തെ ദൈവനിയോഗമായെടുത്ത മതമൗലികവാദികളും അമേരിക്ക-ഇസ്രയേൽ അച്ചുതണ്ട് വിരോധത്താൽ തീവ്രവാദത്തെ ന്യായീകരിക്കുന്നവരും മാത്രമല്ല, ട്രംപിന്റെയും നെതന്യാഹുവിന്റെയും ജനാധിപത്യവിരുദ്ധതകളോടും അധിനിവേശങ്ങളോടും വിയോജിക്കുന്നവരും ദുഃഖിതരിലുണ്ട്.
സാർവത്രിക ഇസ്ലാമിക റിപ്പബ്ലിക്കിനുവേണ്ടി പൊരുതുന്ന ഹമാസ്, ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയവരുടെ മുഖ്യ ഊർജസ്രോതസിലാണ് ബോംബ് വീണിരിക്കുന്നത്. പക്ഷേ, തീവ്രവാദമെന്ന വിനാശം പ്രദേശങ്ങളിലും ശരീരങ്ങളിലുമല്ല, മനസുകളിലാണ് വിതയ്ക്കപ്പട്ടിരിക്കുന്നതെന്ന യാഥാർഥ്യം ഇറാക്കും അഫ്ഗാനിസ്ഥാനുമൊക്കെ പറഞ്ഞ് അമേരിക്ക കേട്ടിട്ടുമുണ്ട്.
ആണവോർജ നിർമാണത്തിന്റെയും തീവ്രവാദത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും പേരിൽ തുടങ്ങിയ യുദ്ധത്തിന്റെ കാഴ്ചകൾ തുടങ്ങുന്നത് പെൺകുഞ്ഞുങ്ങളുടെ ഛിന്നഭിന്നമായ ശരീരങ്ങളുടെ കരളലിയിക്കുന്ന കാഴ്ചകളിലൂടെയാണ്. തെക്കൻ ഇറാനിലെ മിനാബിലുള്ള ഷാജറെ തയ്യബെ ഗേൾസ് സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നു അവർ. ശനിയാഴ്ച രാവിലെ ഒന്പതരയ്ക്ക് തുടങ്ങിയ യുദ്ധം 24 മണിക്കൂർ പിന്നിടുന്നതിനു മുന്പ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയ്യുടെയും ഭരണകൂടത്തിലെയും സൈന്യത്തിലെയും പ്രമുഖരുടെയും മരണം സ്ഥിരീകരിച്ചു. ആഴ്ചകളായി തയാറായിരുന്ന അമേരിക്കയുടെ ബി2 ബോംബറുകളും യുദ്ധക്കപ്പലുകളും പങ്കെടുത്തതോടെ പരക്കെ ബോംബ് വർഷമായി.
ഖമനെയ്യുടെ കൊട്ടാരം ഉൾപ്പെടെ ചാന്പലായി. ഐതിഹാസിക ക്രോധം എന്ന് അമേരിക്കയും സിംഹഗർജനം എന്ന് ഇസ്രായേലും വിശേഷിപ്പിച്ച യുദ്ധത്തിനു മറുപടിയായി ട്രൂ പ്രോമിസ് 4 എന്ന പേരിൽ ഇറാനും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചു. ഖത്തർ, അബുദാബി, കുവൈറ്റ്, ഇറാക്ക്, ജോർദാൻ എന്നിവയ്ക്കു പുറമേ ചർച്ചകൾക്കു മധ്യസ്ഥത വഹിച്ചിരുന്ന ഒമാനിലും ഇറാൻ മിസൈലുകൾ വർഷിച്ചു. ബഹറിനിലെ അമേരിക്കൻ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തും മിസൈൽ പതിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന സൗദി അറേബ്യ, ഖത്തര്, കുവൈറ്റ്, ബഹ്റിന്, യുഎഇ, ഒമാന് എന്നീ രാജ്യങ്ങള് ചേര്ന്ന ജിസിസി (ഗൾഫ് സഹകരണ സമിതി)യുടെ മുന്നറിയിപ്പ് ഇറാനു തിരിച്ചടിയായി.
98 ശതമാനവും മുസ്ലിംകൾ ഉള്ള രാജ്യമാണ് 1935 വരെ പേർഷ്യ എന്നറിയപ്പെട്ടിരുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ. ഒരിക്കൽ റഷ്യയുടെയും ബ്രിട്ടന്റെയും നിയന്ത്രണത്തിലായിരുന്ന ഇറാനിൽ പിന്നീട് ഷാമാരുടെ രാജഭരണമായിരുന്നു. 1941ൽ അധികാരമേറ്റ ഒടുവിലത്തെ ഷാ മുഹമ്മദ് റേസ പഹ്ലവിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് 1979ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ ആയത്തുള്ളമാർ അധികാരത്തിലെത്തിയത്. പർദ നിരോധിക്കുകയും മതേതര വിദ്യാഭ്യാസം നിർബന്ധിതമാക്കുകയും ചെയ്തിരുന്ന കാലത്തുനിന്ന് ഇസ്ലാമിക ഭരണത്തിലേക്ക് ഇറാൻ എടുത്തെറിയപ്പെട്ടു. വിപ്ലവത്തിനു മുന്പ് ഇസ്രയേലുമായി സഹകരണത്തിലായിരുന്ന ഇറാൻ പിന്നീടുള്ള 47 വർഷവും ശത്രുവായിരുന്നു.
ഗാസയിലെ ഹമാസിനെയും ലെബനോനിലെ ഹിസ്ബുള്ളയെയും യെമനിലെ ഹൂതികളെയും ഇസ്രയേലിനു ചുറ്റും നിരത്തി. ഇസ്ലാമിക തീവ്രവാദത്തെ ഉന്മൂലനം ചെയ്താലല്ലാതെ തങ്ങൾക്കു സമാധാനമായി ജീവിക്കാനാകില്ലെന്ന് ആവർത്തിച്ചു പറയുന്ന ഇസ്രയേൽ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ അവസരമാക്കി ഹമാസിനെയും ഹിസ്ബുള്ളയെയും ഏതാണ്ടു നിർവീര്യമാക്കി. അതിന്റെ തുടർച്ചയാണ് അമേരിക്കൻ സഹായത്തോടെയുള്ള ഇപ്പോഴത്തെ ഇറാൻ ആക്രമണം.
ഇത് ഒരൊറ്റ പദ്ധതിയുടെ ഭാഗമാണ്. ഇസ്ലാമിക തീവ്രവാദ ഭരണകൂടമായ ഇറാന്റെ ആണവ സന്പുഷ്ടീകരണം പശ്ചിമേഷ്യയിലെ സൈനിക താവളങ്ങളിലൂടെ മേഖലയെ നിയന്ത്രിക്കുന്ന അമേരിക്കയെയും ആശങ്കയിലാക്കി. ജനാധിപത്യത്തിലെ വകതിരിവില്ലാത്ത ഏകാധിപതിയായി ലോകം കാണുന്ന ട്രംപിന്റെ രണ്ടാം ഭരണം ചർച്ചകളുടെ പുകമറയിൽ യുദ്ധം അഴിച്ചുവിട്ടു. തങ്ങളാണ് മേന്മയേറിയവർ എന്നു കരുതി എപ്പോഴും മറ്റുള്ളവരോടു ക്രോധത്തിൽ കഴിയുന്ന ട്രംപ് ഇതിന് ഐതിഹാസിക ക്രോധമെന്നു പേരുമിട്ടു.
ഇറാനിലേക്കു വന്നൽ, 2022ൽ ശിരോവസ്ത്രത്തിനിടയിലൂടെ കാണപ്പെട്ട മുടിനാരിന്റെ പേരിൽ കൊല്ലപ്പെടേണ്ടിവന്ന മഹ്സ അമീനിയുടെ മൃതദേഹത്തിൽ മുതൽ 2024ൽ പ്രതിഷേധക്കാർ വലിച്ചെറിഞ്ഞ പർദകളിലും ഹിജാബുകളിലും കത്തിച്ച സിഗരറ്റിലുംവരെ ഖമനെയ്യുടെ ശിക്ഷാവിധി എഴുതപ്പെട്ടിരുന്നു. പ്രതിഷേധിക്കുന്നവർക്കായി ഉയർത്തപ്പെട്ട കഴുമരങ്ങളുടെ കരിനിഴലുകളിൽ അയാൾ സ്വന്തം കബറും തോണ്ടി. ഒപ്പം പണപ്പെരുപ്പവും വിലക്കയറ്റവും അഴിമതിയും കെടുകാര്യസ്ഥതയും സന്പന്ന-ദരിദ്ര അന്തരവും എല്ലാത്തിലുമുപരി പുരോഹിതഭരണവും അസഹ്യമായതോടെ ജനം തെരുവിലിറങ്ങി.
അവരുടെ പ്രതീക്ഷ ഇസ്രയേലും അമേരിക്കയുമായിരുന്നു എന്നത് രഹസ്യമല്ല. ഒടുവിൽ ആ സഹായമെത്തി. ഖമനെയ്യുടെ മകൻ മൊജ്തബ ഖമേനി ഉൾപ്പെടെയുള്ളവർ പിൻഗാമിയാകാനിടയുണ്ടെങ്കിലും യുദ്ധ പശ്ചാത്തലത്തിൽ അവരുടെ ജീവൻ വച്ചു കളിച്ചേക്കില്ല. കമാൻഡറെ നഷ്ടപ്പെട്ട മതപട്ടാളമായ റവല്യൂഷണറി ഗാർഡ്സ് കോർപ്സിന്റെ നീക്കങ്ങളും നിർണായകമാണ്. ഭരണമാറ്റം ലക്ഷ്യമിടുന്ന അമേരിക്ക സൈന്യത്തോട് ആയുധം വച്ചു കീഴടങ്ങാൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
അമേരിക്കയും ഇസ്രയേലും യുദ്ധം ജയിച്ചാൽ അവരുടെ പാവ സർക്കാർ ഉണ്ടാകും. ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷാ, മുഹമ്മദ് റെസ പഹ്ലവിയുടെ അമേരിക്കയിൽ കഴിയുന്ന മൂത്ത പുത്രൻ റെസ പഹ്ലവിയെയോ തങ്ങളുടെ ആജ്ഞാനുവർത്തിയായിരിക്കുമെന്ന് ഉറപ്പുള്ളയാളെയോ അധികാരത്തിലെത്തിക്കാനാണ് അമേരിക്ക ശ്രമിക്കുക. ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമൊക്കെ പണവും പ്രാണനും കളഞ്ഞു പിൻവാങ്ങിയ അമേരിക്കൻ ചരിത്രം ആവർത്തിക്കുമോയെന്നും കാത്തിരുന്നു കാണണം.
രാഷ്ട്രീയ നിരീക്ഷണങ്ങൾക്കപ്പുറം ഖമനെയ് വധത്തിൽ ഇറാനിലെ സ്വാതന്ത്ര്യമോഹികളുടെ വാക്കുകളും പ്രസക്തമാണ്. “ഇതൊരു സ്വപ്നമാണോ? ജനങ്ങൾ ഖമനെയ്യാൽ കൊല്ലപ്പെടുന്ന വാർത്തകൾ വായിച്ചാണ് ഞങ്ങളുടെ ദിവസങ്ങൾ തുടങ്ങിയിരുന്നത്. ആദ്യമായാണ് ഒരു സന്തോഷവാർത്തയോടെ എന്റെ പ്രഭാതം തുടങ്ങിയത്. എനിക്കിത് ഓടിനടന്ന് എല്ലാവരോടും വിളിച്ചു പറയണം’’- ഇറാനിയൻ മനുഷ്യവകാശ പ്രവർത്തകയും മാധ്യമപ്രവർത്തകയുമായ മാസിഹ് അലിനെജാദ്.
ശിരോവസ്ത്രത്തിലൂടെ മുടി പുറത്തുവന്നതിനു കൊല്ലപ്പെട്ട മഹ്സ അമീനി കബറിലൊന്നു നിവർന്നു കിടന്നിട്ടുണ്ടാകും.
Editorial
ഡൽഹി രാഷ്ട്രീയത്തെയും പ്രതിപക്ഷ മുന്നണിയെയും ദുർബലമാക്കിയ കേസായിരുന്നു 2022ൽ ആം ആദ്മി പാർട്ടിക്കെതിരേ ഉയർത്തപ്പെട്ട മദ്യനയ അഴിമതിക്കേസ്.
മുഖ്യമന്ത്രിയായിരുന്ന കേജരിവാൾ ഉൾപ്പെടെയുള്ളവർ ജയിലിലാകുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. 2024ൽ കഷ്ടിച്ച് എൻഡിഎ കേന്ദ്രത്തിൽ അധികാരം നിലനിർത്തുകയും ചെയ്തു.
ഇപ്പോഴിതാ, തെളിവില്ലാത്തതിനാൽ എല്ലാ പ്രതികളെയും സിബിഐ കോടതി വെറുതേ വിട്ടിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അന്വേഷണവും ആവശ്യപ്പെട്ടു. സത്യത്തിന് കോടതി ചെരിപ്പു കൊടുത്തു.
പക്ഷേ, അപ്പോഴേക്കും ഡൽഹി ഭരണം പിടിച്ചതുൾപ്പെടെ ബിജെപി ബഹുദൂരം പോയിരുന്നു. ജനാധിപത്യത്തെ ഇങ്ങനെയും അട്ടിമറിക്കാമെന്ന മുന്നറിയിപ്പാണ് ഈ കോടതിവിധിയുടെ ഭീതിപ്പെടുത്തുന്ന മറുവശം.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയത്തെ ഭരണവത്കരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഈ കേസും അനാവരണം ചെയ്യുന്നത്. 2021ൽ, ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ നേതൃത്വത്തിലാണ് പുതിയ മദ്യനയം നടപ്പാക്കിയത്.
മദ്യവില്പനയെ സ്വകാര്യവത്കരിച്ച നയത്തിന്റെ ലക്ഷ്യങ്ങളായി പറഞ്ഞത് അഴിമതി കുറയ്ക്കുക, വരുമാനം വർധിപ്പിക്കുക എന്നിവയായിരുന്നു. 2021 നവംബർ 15ന് ലെഫ്റ്റനന്റ് ഗവര്ണര് ഇത് അംഗീകരിച്ചു. പക്ഷേ, ലൈസൻസ് അനുവദിച്ചതിൽ അഴിമതിയുണ്ടെന്നാരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തി.
തുടർന്ന്, അനുവദിച്ച കടകളിൽ വൻ വരുമാനമുണ്ടായെങ്കിലും പലയിടങ്ങളിലും കടകൾ തുറക്കാനാകാതെ വന്നത് വരുമാനനഷ്ടമുണ്ടാക്കി. 1000 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
പണം ഗോവ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ആം ആദ്മി പാർട്ടി ഉപയോഗിച്ചെന്നും ആരോപണമുയർന്നു. ഇഡി റെയ്ഡുകൾ നടത്തുകയും സിബിഐ അന്വേഷിക്കുകയും ചെയ്തു. തുടർന്ന് മദ്യനയം പിൻവലിച്ചു.
പക്ഷേ, 1000 പേജുള്ള കുറ്റപത്രം നൽകിയെങ്കിലും ഒന്നിനും ഒരു തെളിവുമില്ലെന്നു കണ്ടെത്തിയാണ് വിചാരണ തുടങ്ങുന്നതിനു മുന്പുതന്നെ ഡൽഹി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതി പ്രതികളെ വെറുതേ വിട്ടത്.
ഹൈക്കോടതിയെ സമീപിക്കുമെന്ന് സിബിഐ ഇന്നലെ പ്രസ്താവിച്ചു. അന്വേഷണ ഏജന്സികളെ ഉപയോഗിച്ചുള്ള പ്രതിപക്ഷ വേട്ടയാടൽ കേന്ദ്രസർക്കാർ പതിവാക്കിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന വിധിയാണിത്.
നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നു കെട്ടിച്ചമച്ച കേസാണിതെന്നാണ് അരവിന്ദ് കേജരിവാൾ പ്രതികരിച്ചത്. പ്രതിയായിരുന്ന തെലുങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത പറഞ്ഞത്, നുണകളുടെ വലയെല്ലാം ജുഡീഷറി ഇന്ന് മുറിച്ചുമാറ്റിയിരിക്കുന്നെന്നാണ്. തങ്ങളുടെ നഷ്ടമായ സമയത്തിന് ആരു കണക്കു പറയുമെന്നും അവർ ചോദിച്ചു.
കേസിൽ പ്രതിയാക്കപ്പെട്ടവർക്കുണ്ടായ നഷ്ടം മാത്രമല്ല, കേസെടുത്തവർക്കുണ്ടായ ലാഭവും പരിഗണിച്ചാൽ ഈ കേസിനു ജനാധിപത്യ അട്ടിമറിയുടെ ലക്ഷണമുണ്ട്. വർഷങ്ങൾക്കുശേഷമുണ്ടാകുന്ന വിധിയിൽ തെളിവില്ലെന്നു പറഞ്ഞ് കോടതി തള്ളിയാലും, അതിനിടെ കോടതിക്കു പുറത്ത് പല രാഷ്ട്രീയവിധികളും മാറിമറിഞ്ഞിട്ടുണ്ടാകും.
മദ്യ അഴിമതിക്കേസിന്റെ 2022നും 2026നുമിടെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ ഉദാഹരണങ്ങളാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ കേസ് ബിജെപി പ്രചാരണത്തിന് ഉപയോഗിച്ചിട്ടും കഷ്ടിച്ചു ജയിച്ചാണ് സഖ്യസർക്കാരുണ്ടാക്കിയത്. 2025 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 27 വർഷത്തിനുശേഷം ബിജെപി അധികാരത്തിലെത്തി.
മോദി സർക്കാരിന്റെ ആദ്യത്തെ 10 വർഷത്തിനിടെ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ശിക്ഷാ നടപടിയുണ്ടായത് വെറും രണ്ടെണ്ണത്തിലാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ പറഞ്ഞത് 2025 മാർച്ചിലാണ്. “രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെ”ന്ന് സുപ്രീംകോടതി ചോദിച്ചത് 2025 ജൂലൈയിൽ കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്കെതിരേയുള്ള ഭൂമിതട്ടിപ്പു കേസിലാണ്.
“കൂടുതൽ പറയാൻ തങ്ങളുടെ വായ് തുറപ്പിക്കരുതെ”ന്നാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയും ജസ്റ്റീസ് കെ. വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോടു പറഞ്ഞത്. 2024 മേയിൽ, തമിഴ്നാട്ടില് മദ്യവില്പന നടത്തുന്ന സ്റ്റേറ്റ് മാര്ക്കറ്റിംഗ് കോര്പറേഷന് എതിരായുള്ള ഇഡി അന്വേഷണം സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി പറഞ്ഞത്, “ഫെഡറല് തത്വങ്ങള് ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്ത്തിക്കുന്നത്” എന്നായിരുന്നു.
2025 മേയിൽ ഛത്തീസ്ഗഡ് മദ്യകുംഭകോണ കേസിൽ ജസ്റ്റീസ് അഭയ് എസ്. ഓഖയുടെ ബെഞ്ച് പറഞ്ഞത്, “തെളിവില്ലാതെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇഡി പതിവാക്കിയിരിക്കുകയാണ്” എന്നാണ്. രാജ്യത്തെ അന്വേഷണ ഏജൻസികൾ ഇത്ര വിശ്വാസ്യത നഷ്ടപ്പെട്ട കാലമില്ല.
പക്ഷേ, ഇലക്ടറൽ ബോണ്ടുകളുടെ പട്ടിക പുറത്തുവിടാൻ 2024ൽ സുപ്രീംകോടതി എസ്ബിഐയോട് ആവശ്യപ്പെട്ടപ്പോൾ തുറക്കപ്പെട്ടത് ബിജെപിയുടെ അഴിമതിയായിരുന്നു.
ബോണ്ട് വാങ്ങിയവർക്ക് വന്പൻ കരാറുകൾ ലഭിക്കുന്നതും അവരുടെ പേരിലുള്ള അഴിമതി അന്വേഷണങ്ങൾ അസ്തമിക്കുന്നതും രാജ്യം കണ്ടു. പക്ഷേ, ഇഡി ഒരു റെയ്ഡോ സിബിഐ ഒരന്വേഷണമോ നടത്തിയില്ല. പ്രശ്നം, ബിജെപിയുടെ മൂടിവയ്ക്കപ്പെടുന്ന അഴിമതികളും പ്രതിപക്ഷത്തിനെതിരേയുള്ള മിക്ക അഴിമതിയാരോപണങ്ങളും സാന്പത്തികത്തിനുമപ്പുറം, പ്രതിപക്ഷത്തെ ദുർബലമാക്കി തെരഞ്ഞെടുപ്പുകളെ ലക്ഷ്യമിടുന്നു എന്നതാണ്.
ഡൽഹി മദ്യനയത്തിലെ വിധിയുടെ പ്രസക്തിയും അതാണ്. വർഷങ്ങൾക്കുശേഷമെത്തിയ വിധി നീതി ഉറപ്പാക്കുന്നുണ്ട്. പക്ഷേ, ജനാധിപത്യത്തിനു സംഭവിച്ചുകഴിഞ്ഞ പരിക്കുകളെ ഭേദപ്പെടുത്തുന്നില്ല. ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ ആദ്യം ചെയ്യേണ്ടത് പ്രതിപക്ഷം തമ്മിലടി നിർത്തുകയാണ്.
ഇതുകൂടി ഓർമിപ്പിക്കേണ്ടതുണ്ട്; യുപിഎ സർക്കാരിനെ താഴെയിറക്കി ബിജെപിയെ അധികാരത്തിലെത്തിച്ച 2011ലെ ജൻ ലോക്പാൽ സമരത്തിൽ അന്നാ ഹസാരെയുടെ വലംകൈയായിരുന്നു കേജരിവാളും പ്രശാന്ത് ഭൂഷനുമൊക്കെ.
അഴിമതിയും ഫാസിസവും യുപിഎ കാലത്തെ മറികടക്കുന്പോൾ, മൻമോഹൻ സിംഗിന്റെ എളിമയും മാന്യതയും ബലഹീനതയായി കണ്ട് അപകീർത്തിപ്പെടുത്തി, ഈ തെമ്മാടിഭരണത്തെ അധികാരത്തിലെത്തിച്ചതിൽ ഖേദിക്കുന്നുവെന്നാണ് പ്രശാന്ത് ഭൂഷൻ അടുത്തയിടെ പറഞ്ഞത്. യുപിഎ സർക്കാർ അഴിമതിമുക്തമായിരുന്നില്ല. പക്ഷേ, അവരുടെ അന്തിമലക്ഷ്യം പ്രതിപക്ഷമുക്ത രാജ്യമായിരുന്നില്ല. വൈകിയെങ്കിലും കേജരിവാളും തിരിച്ചറിയണം.
Editorial
കെഎസ്യുക്കാരുടെ മർദനത്തിൽ മന്ത്രി വീണാ ജോർജിനു പരിക്കേറ്റെങ്കിൽ അതീവ ഗുരുതരമായ കുറ്റമാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടേ തീരൂ. അക്രമത്തെ പ്രതിഷേധമെന്നു വിളിച്ചു ന്യായീകരിക്കാനാകില്ല. 2013ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സിപിഎം മുൻ നേതാവ് പറഞ്ഞതുപോലെ, പുതിയ കാലത്ത് പുതിയ സമരമുറകളാണ് ആവശ്യം.
അതേസമയം, എസ്എഫ്ഐക്കാർ ഉൾപ്പെടെ സിപിഎമ്മുകാർ പലയിടത്തും അക്രമം അഴിച്ചുവിടുകയാണെങ്കിലും സംഭവത്തിന്റെ, ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളിൽ മന്ത്രി വീണയെ കെഎസ്യുക്കാർ മർദിക്കുന്ന ദൃശ്യങ്ങളിലില്ലാത്തത് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മന്ത്രിയുടേതു നാടകമാണെന്ന കോൺഗ്രസ് ആരോപണത്തിന്റെ നിജസ്ഥിതി എന്തായാലും, ഇതിന്റെ പേരിൽ അരങ്ങേറുന്ന അക്രമങ്ങൾ നാടിനു മാത്രമല്ല, എൽഡിഎഫിനും ദോഷമാകും.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മൂന്നരയ്ക്കുള്ള വന്ദേഭാരത് ട്രെയിനിൽ കയറാനെത്തിയ മന്ത്രി മൂന്നാം പ്ലാറ്റ്ഫോമിലേക്കു പോകുന്നതിനിടെ ഒന്നാം പ്ലാറ്റ്ഫോമിലായിരുന്നു കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് നീക്കിയതോടെ മന്ത്രി മൂന്നാം പ്ലാറ്റ്ഫോമിലേക്കു പോകുകയും ചെയ്തു. മൂന്നാം പ്ലാറ്റ്ഫോമിലെത്തിയപ്പോഴാണ് കഴുത്തിനു പരിക്കുപറ്റിയെന്നു പറഞ്ഞ് മന്ത്രി പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിൽ ഇരുന്നത്.
ഈ സമയം അവിടെയുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീറിനോടും മന്ത്രി വിവരം പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുകയും യാത്ര റദ്ദാക്കി മന്ത്രിയെ കണ്ണൂര് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്കും മാറ്റുകയും ചെയ്തു. ഏതായാലും മന്ത്രിക്കു കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന റിപ്പോർട്ട് ആശ്വാസകരമാണ്. പക്ഷേ, ഇതിനോടകം പുറത്ത് സിപിഎമ്മുകാരുടെ അക്രമങ്ങൾ അരങ്ങേറി.
കോൺഗ്രസ് ഓഫീസുകൾ തകർക്കുകയും പുതുയുഗ യാത്രയുടേതുൾപ്പെടെയുള്ള പോസ്റ്ററുകളും ബോർഡുകളും നശിപ്പിക്കുകയും പാർട്ടി ഓഫീസിനു മുന്നിൽ റീത്ത് വയ്ക്കുകയുമൊക്കെ ചെയ്തു. കണ്ണൂർ ഡിസിസി ഓഫീസിനു നേർക്കുണ്ടായ കല്ലേറിൽ ഓഫീസിലുണ്ടായിരുന്നവർക്കു പരിക്കേറ്റു. ആരും കാണാത്ത ഒരു ആക്രമണത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ ക്രമസമാധാനനില തകർക്കുന്നതു കേരളം കാണുന്നുണ്ട്.
വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിലില്ലെന്നും ഇതിനെതിരേ ജനകീയ പ്രതിരോധം ഉണ്ടാകുമെന്നാണ് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. പക്ഷേ, ആരോപണം സ്ഥിരീകരിക്കുന്ന ഒരു ദൃശ്യവും ഇതുവരെയില്ല. ലഭ്യമായ ദൃശ്യങ്ങളിൽ, പ്രതിഷേധക്കാരെ പോലീസ് തടയുന്നതും ബലമായി നീക്കംചെയ്യുന്നതും മന്ത്രി പ്രതിഷേധക്കാരോട് കയർക്കുന്നതും വനിതാ പോലീസടക്കം മന്ത്രിക്കു വലയം തീർത്ത് സംരക്ഷണം ഒരുക്കുന്നതും വ്യക്തമാണ്. സിപിഎം പുറത്തുവിട്ട ചിത്രത്തിൽ കരിങ്കൊടിയുടെ ദൃശ്യമുണ്ടെന്നു പ്രചരിപ്പിച്ചിരുന്നു.
പക്ഷേ, ആ കറുപ്പ് മന്ത്രിയുടെ ഗൺമാന്റേതാണെന്ന വാദത്തെ ഖണ്ഡിക്കാൻ സിപിഎമ്മിനു കഴിഞ്ഞിട്ടുമില്ല. ഗൺമാൻ ഉൾപ്പെടെ നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ മന്ത്രിക്കു പരിക്കേറ്റതാണോയെന്നും അന്വേഷിക്കേണ്ടതാണ്. കാരണം, മന്ത്രിയുടെ കഴുത്തിനു വേദനയുണ്ടോയെന്നതല്ല, അതു പ്രതിഷേധക്കാർ ആക്രമിച്ചതിന്റെ ഫലമാണോയെന്നതാണ് പ്രധാനം. ആയുധവുമായെത്തി ആക്രോശിച്ചുകൊണ്ട് ആക്രമിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. അതു കോടതിയിൽ തെളിയിച്ച് കുറ്റക്കാരെ ശിക്ഷിക്കട്ടെ. പക്ഷേ, അതിനു പകരം അക്രമങ്ങൾ അഴിച്ചുവിട്ട് നാട്ടിൽ അരാജകത്വം സൃഷ്ടിക്കരുത്.
കേരളത്തിലെ ആരോഗ്യരംഗം അത്ര അഭിമാനകരമായ രീതിയിലല്ല ഇപ്പോഴുള്ളത്. ആവർത്തിച്ചുണ്ടാകുന്ന ചികിത്സാപ്പിഴവുകളും മരുന്നിന്റെയും ഉപകരണങ്ങളുടെയും ദൗർലഭ്യവും അഴിമതിയും കെടുകാര്യസ്ഥതയുമൊക്കെ തുടർച്ചയായി വാർത്തയാകുന്നത് ആരോഗ്യമന്ത്രിയുടെ മാത്രം കുറ്റമല്ല. സംസ്ഥാനത്തിന്റെ സാന്പത്തിക പരാധീനതകളും ‘സിസ്റ്റത്തിന്റെ പരാജയ’വുമൊക്കെ ഉണ്ടാകാം.
പക്ഷേ, ഉത്തരവാദിത്വമുള്ള മന്ത്രി ജനാധിപത്യപരമായ പ്രതിഷേധങ്ങളെ നേരിടേണ്ടിവരും. അത്തരം പ്രതിഷേധങ്ങളിൽനിന്ന് ഇടതു വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ വിട്ടുനിൽക്കുന്നത് സിപിഎം ഭരിക്കുന്നതുകൊണ്ടാണല്ലോ. പക്ഷേ, അക്രമങ്ങളെ പ്രതിഷേധമെന്നു വിളിക്കാനാകില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സിപിഎമ്മുകാരനായിരുന്ന സി.ഒ.ടി. നസീർ പറഞ്ഞതുപോലെ പഴഞ്ചൻ സമരമുറകൾ ഉപേക്ഷിക്കേണ്ടതുണ്ട്.
ഒന്നാം നന്പർ പ്ലാറ്റ്ഫോമിലെ ദൃശ്യങ്ങളൊന്നും മന്ത്രിക്കെതിരേയുള്ള ആക്രമണത്തെ സാധൂകരിക്കുന്നില്ലാത്തതിനാൽ മുതിർന്ന നേതാക്കൾ പ്രകോപന പ്രസ്താവനകൾ ഒഴിവാക്കണം. പൊതുമുതലോ സ്വകാര്യമുതലോ നശിപ്പിക്കുന്ന സമരമാർഗങ്ങൾ ഉപേക്ഷിക്കണം. നാടിനു മാത്രമല്ല, പാർട്ടിക്കും ഇതു നഷ്ടമേ ഉണ്ടാക്കൂ.
Editorial
അടുത്തയിടെ ഒരു കോൺഗ്രസുകാരൻ പറഞ്ഞത്, “സ്വർഗസ്ഥനായ പിതാവേ” എന്ന പ്രാർഥനയിൽ അങ്ങയുടെ രാജ്യം വരണമേ എന്നു പറയുന്നതിന്റെ അർഥം ക്രൈസ്തവഭരണം വരണമേയെന്നല്ല എന്നാണ്. അങ്ങനെയാണെന്നു വിവേകമുള്ള ആരും പറഞ്ഞിട്ടില്ല. പക്ഷേ, അദ്ദേഹത്തിന്റെ വക്രീകരണം, മതേതര കേരളവും മുസ്ലിംകളിൽ വലിയൊരു വിഭാഗവും തീവ്രപ്രസ്ഥാനമെന്നു നിരീക്ഷിക്കുന്ന, തങ്ങളുടെ ലക്ഷ്യം ഇസ്ലാമിക റിപ്പബ്ലിക്കാണെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ ജമാ അത്തെ ഇസ്ലാമിയെ വെളുപ്പിക്കാനായിരുന്നു.
നിക്ഷിപ്ത താത്പര്യക്കാർ അതേറ്റെടുക്കുന്നതിനാൽ ചിലതു പറയാതെ വയ്യ. മറ്റൊന്ന്, ഹിന്ദുരാഷ്ട്രം മതരാഷ്ട്രമല്ല ധർമരാഷ്ട്രമാണെന്ന ആർഎസ്എസ് സര്കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവനയാണ്. ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കാക്കത്തൊള്ളായിരം തീവ്രഹിന്ദുത്വ സംഘടനകളെ തള്ളിപ്പറയാതെയാണ് അദ്ദേഹത്തിന്റെ ധർമരാഷ്ട്ര വ്യാഖ്യാനം. ഇത്തരം മതരാഷ്ട്ര ന്യായീകരണങ്ങളുടെ കാലത്ത്, “സ്വർഗസ്ഥനായ പിതാവേ...” എന്ന പ്രാർഥനയെ, ദയവായി സ്വന്തം വർഗീയ കൂട്ടുകെട്ടുകളെ ന്യായീകരിക്കാൻ ദുരുപയോഗിക്കരുത്.
പണ്ട് ഇടതുപക്ഷം ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചിരുന്നില്ലേ എന്ന ചോദ്യമല്ലാതെ, യുഡിഎഫിന്റെ രാഷ്ട്രീയ ഇസ്ലാം കൂട്ടുകെട്ടിനെ ന്യായീകരിക്കാൻ യുക്തിസഹമായ മറുപടിയില്ലാതിരിക്കെയാണ് കോൺഗ്രസുകാരന്റെ നിന്ദ. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു: “ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദികളാണെങ്കിൽ നിങ്ങളും അവരുടെ പിന്തുണ വാങ്ങിയില്ലേ. മഹാത്മാഗാന്ധി പറഞ്ഞ രാമരാജ്യം സംഘപരിവാർ പറഞ്ഞ രാമരാജ്യം കൊണ്ടുവരാനല്ല.
ഞാനൊരു ക്രൈസ്തവനാ, സ്വർഗസ്ഥനായ പിതാവേ അങ്ങയുടെ രാജ്യം വരണമേ അങ്ങയുടെ തിരുമനസ് സ്വർഗത്തിലേപ്പോലെ ഭൂമിയിലുമാകണമേ എന്നു പറഞ്ഞാൽ അതിനർഥം ക്രൈസ്തവഭരണം വരണമേയെന്നല്ല. മതവും രാഷ്ട്രീയവും രണ്ടായി കാണണമെന്നുള്ള സാമാന്യബോധം പോലുമില്ലാത്തവർ തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ചർച്ചകൾ കൊണ്ടുവരുന്നത് തെറ്റായ സന്ദേശമാണ്.”
മതേതരത്വം അങ്ങേയറ്റം പ്രതിസന്ധിയിലായ കാലത്ത്, തീവ്രഹിന്ദുത്വയെ സഹായിക്കുന്ന വിധത്തിൽ ഇസ്ലാമിക മതരാഷ്ട്രവാദികളുമായുള്ള തങ്ങളുടെ കൂട്ടുകെട്ട് ചോദ്യം ചെയ്യരുതെന്നാണ് അദ്ദേഹത്തിന്റെ സന്ദേശം. മതേതര വിശ്വാസികൾക്ക് അപഹാസ്യമായി തോന്നുന്ന ആ ന്യായം അദ്ദേഹത്തിന്റെ രാഷ്ട്രീയമായിരിക്കാം. പക്ഷേ, മുനന്പത്തെ വഖഫ് ഇരകളോട് ഉൾപ്പെടെ അദ്ദേഹം സ്വീകരിച്ച നിലപാട് മുസ്ലിം സഹോദരങ്ങൾക്കാണോ തീവ്ര സംഘടനകൾക്കാണോ ഗുണകരമായതെന്ന് ആലോചിച്ചാൽ മതി.
മതരാഷ്ട്രവാദം അവർ ഉപേക്ഷിച്ചു എന്ന് മലയാളികളെ കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുന്നതിനിടെയാണ് ഇസ്ലാമിൽ വിശ്വസിക്കുന്ന ആർക്കും ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാനാവില്ലെന്നു ജമാ അത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രഖ്യാപിച്ചത്. ആ വാക്കുകളിൽനിന്ന്: “നബിയെ ഇത്തിരിയെങ്കിലും സ്നേഹിക്കുന്ന ഒരു സത്യവിശ്വാസിക്കും അതിനെ തള്ളിപ്പറയാനാവില്ല. ജമാ അത്തെ ഇസ്ലാമി ഒരിക്കലും മതരാഷ്ട്രവാദം അംഗീകരിക്കുന്നില്ല. ഞങ്ങളുടേത് ഇസ്ലാമിക രാഷ്ട്രമാണ്.
അത് ഒരു ആദർശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്ട്രമാണ്!” ഇന്നു ലോകത്തിലെ ഏറ്റവും അപരിഷ്കൃതമായ ഭരണകൂടമെന്നു പറയാവുന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻ അധികാരത്തിലെത്തിയപ്പോൾ വിസ്മയമെന്നു ജമാ അത്തെ ഇസ്ലാമി വിശേഷിപ്പിച്ചത്, ഉള്ളിൽ തിങ്ങിവിങ്ങുന്ന മുസ്ലിം ബ്രദർഹുഡ് ഐക്യദാർഢ്യമാണ്. മുസ്ലിം സമുദായത്തിന് ബാധ്യതയും ലോകത്തിന്റെ നാശവുമായി മാറിയ ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെ എല്ലാം കാരക്കുന്ന് പറഞ്ഞ ‘മഹത്തായ’ ഇസ്ലാമിക് റിപ്പബ്ലിക്കുകളാണ്. കോൺഗ്രസിന് എല്ലാ വർഗീയതകളെയും തള്ളിപ്പറയാനുള്ള ആത്മവിശ്വാസമില്ലെന്നാകരുത്.
കോൺഗ്രസ് നേതാവിന്റെ വ്യാജ താരതമ്യം മതമൗലികവാദ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ആഘോഷിക്കുന്നുണ്ട്. അവർക്കതു വിലപ്പെട്ടതായതിന്റെ കാരണം തിരിച്ചറിയണമെങ്കിൽ അതിനും വേണം മതേതരബോധം. ‘സ്വർഗസ്ഥനായ പിതാവേ...’ എന്ന പ്രാർഥനയിലെ ദൈവരാജ്യം പോലെയാണ് ജമാ അത്തെ ഇസ്ലാമിയുടെ ‘ഹുക്കുമത്തെ ഇലാഹി’ വാദവുമെന്ന് ലീഗുകാർ ഉൾപ്പെടെ പറയാൻ തുടങ്ങി. ക്രൈസ്തവരെ അപമാനിക്കുന്നതിനു തുല്യമാണിത്. സ്ത്രീകൾക്കും ഇതര മതസ്ഥർക്കും സ്വാതന്ത്ര്യമില്ലാത്ത ‘ഹുക്കുമത്തെ ഇലാഹി’ നിലനിൽക്കുന്ന രാജ്യങ്ങളിലെ സ്ഥിതി എന്താണെന്ന് എല്ലാവരും ആലോചിക്കണം.
എന്താണു നിന്റെ രാജ്യമെന്ന പീലാത്തോസിന്റെ ചോദ്യത്തോട്, മുൾമുടി ചൂടിനിന്ന ക്രിസ്തു കൃത്യമായ മറുപടി പറയുന്നുണ്ട്. “എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നെങ്കില് ഞാന് യഹൂദര്ക്ക് ഏല്പ്പിക്കപ്പെടാതിരിക്കാന് എന്റെ സേവകര് പോരാടുമായിരുന്നു. എന്നാല്, എന്റെ രാജ്യം ഐഹികമല്ല.” (യോഹ 18:36). അതിനു മണിക്കൂറുകൾക്കു മുന്പാണ് തന്നെ രക്ഷിക്കാൻ ആയുധമെടുത്ത ശിഷ്യനോട്, വാൾ അതിന്റെ ഉറയിലിടാനും വാളെടുക്കുന്നവർ വാളാൽ നശിക്കുമെന്നും ക്രിസ്തു പറഞ്ഞത്. നിങ്ങൾ മതേതരത്വത്തിൽ സത്യസന്ധത കാണിക്കണമെന്ന് പാർട്ടിക്കാരോടു നിർബന്ധിക്കുന്നില്ല. പക്ഷേ, ദയവുചെയ്ത് രാഷ്ട്രീയ ലാഭങ്ങൾക്കുവേണ്ടി, ക്രൈസ്തവരുടെ സംപൂജ്യമായ പ്രാർഥനയെ മതരാഷ്ട്രവാദികൾക്ക് എറിഞ്ഞുകൊടുക്കരുത്. പ്രതികരിക്കേണ്ടിവരും.
ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്തു നടത്തിയ യുവസംഗമത്തിലാണ് ദത്താത്രേയ ഹൊസബാളെ, ഹിന്ദുരാഷ്ട്രം മതരാഷ്ട്രമല്ലെന്നും ധര്മമാണ് അടിത്തറയെന്നും പറഞ്ഞത്. “സംസ്കൃതിയാണ് രാഷ്ട്രത്തിന്റെ അടിസ്ഥാനം. ഹിന്ദു എന്നതാണ് സംസ്കൃതിയുടെ പേര്. അതിന്റെ ആത്മാവ് ആധ്യാത്മികമാണ്. ആവിഷ്കാരത്തില് വ്യത്യസ്തതകളുണ്ടാകാമെങ്കിലും സംസ്കൃതി ഒന്നാണ്.” പക്ഷേ, ഈ വ്യത്യസ്തതകളെ ആരാണ് അടിച്ചമർത്തുന്നത്? ന്യൂനപക്ഷങ്ങളെ നിരന്തരം ആക്രമിക്കുന്ന തീവ്രഹിന്ദുത്വ സംഘടനകളെക്കുറിച്ച് ഇവരൊന്നും പരാമർശിക്കില്ല.
കഴിഞ്ഞദിവസം ഭീകരവിരുദ്ധനയമായ ‘പ്രഹാർ’ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞത്, ഭീകരതയ്ക്കു മതമില്ല, വിട്ടുവീഴ്ചയുമില്ല എന്നാണ്. പക്ഷേ, മതേതര ഭരണഘടന നിലനിൽക്കേ, മതത്തിന്റെ പേരിൽ മാത്രം ക്രൈസ്തവരെയും മുസ്ലിംകളെയും ആക്രമിക്കുന്ന സംഘടനകളെ കേന്ദ്രം ഇന്നുവരെ നിയന്ത്രിച്ചിട്ടില്ല. ബിജെപി മന്ത്രിമാർ വരെ വിദ്വേഷപ്രസംഗങ്ങളിൽ വ്യാപൃതരായിട്ടും അരുതെന്നു പറഞ്ഞിട്ടില്ല. അതാണു പറഞ്ഞത്, ഇസ്ലാമിക റിപ്പബ്ലിക്കായാലും ധർമരാഷ്ട്രമായാലും ഇരകൾക്കു മനസിലാകാത്ത നീതിയാണ് പ്രസംഗമൊഴിച്ചാൽ ബാക്കിയാകുന്നത്. ഈ മതരാഷ്ട്രീയത്തെ തിരിച്ചറിയാനോ, എല്ലാ വർഗീയതകളെയും ഒരുപോലെ കൈയൊഴിയാനോ പ്രധാന മതേതര രാഷ്ട്രീയ പാർട്ടികൾക്കും കഴിയുന്നുമില്ല. മതേതര വെല്ലുവിളിയാണത്.
അങ്ങനെ വർഗീയതകളുടെ അടിത്തറയിളക്കാതെ നാം സ്വാതന്ത്ര്യാനന്തര രാഷ്ട്രനിർമിതി തുടരുകയാണ്. അപരനിലും ദൈവത്തെ കാണുന്ന ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളുമായവരുടെ നിർവികാരതകളും, പാർട്ടികളുടെ വോട്ട് എൻജിനിയറിംഗും ഭാവിയെയും ഇരുട്ടിലാക്കുന്നു. ആ ഇരുട്ടിന് മഹാത്മാഗാന്ധിയുടെ രാമരാജ്യവും ക്രിസ്തുവിന്റെ ദൈവരാജ്യവും ചേരില്ല. കാപട്യങ്ങളിലൂടെ നാടു നശിപ്പിക്കരുത്.
Editorial
ഇസ്ലാമിക തീവ്രവാദത്തെ നട്ടുവളർത്തി ലോകമെങ്ങും കയറ്റുമതി ചെയ്യുന്ന രണ്ടു രാഷ്ട്രങ്ങൾ തീവ്രവാദ ആക്രമണങ്ങളുടെ പേരിൽ പരസ്പരം ഏറ്റുമുട്ടുകയും അപലപിക്കുകയുമൊക്കെ ചെയ്യുന്ന കാഴ്ചയ്ക്കാണ് ലോകമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ശനിയാഴ്ച രാത്രിയിലാണ് തങ്ങൾക്കെതിരേയുള്ള തീവ്രവാദ ആക്രമണത്തിന്റെ തിരിച്ചടിയായി അഫ്ഗാനിസ്ഥാനെ ആക്രമിച്ച് തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചെന്നു പാകിസ്ഥാൻ അറിയിച്ചത്.
പക്ഷേ, അതു തീവ്രവാദത്തിനെതിരേയുള്ള തിരിച്ചറിവല്ല, രണ്ടു തീവ്രവാദ കൃഷിക്കാർ തമ്മിലുള്ള തർക്കമാണ്. എന്തായാലും മതഭ്രാന്തർ ഒന്നിക്കുന്പോഴുള്ളത്ര നാശം തമ്മിലടിക്കുന്പോൾ മറ്റുള്ളവർക്കില്ല. മതഭ്രാന്തിനെ രാഷ്ട്രീയ വളർച്ചയ്ക്കുവേണ്ടിയോ മതബോധത്താലോ ആരു വളർത്തിയാലും അതു താത്കാലിക നേട്ടങ്ങൾക്കപ്പുറം സമാധാനത്തെയും വികസനത്തെയും രാജ്യത്തിന്റെ കെട്ടുറപ്പിനെയും അപകടത്തിലാക്കുമെന്നത് ചരിത്രമാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ തീവ്രവാദം വളർത്തുന്ന ഒരു രാജ്യവും രക്ഷപ്പെട്ടിട്ടില്ല.
നംഗാർഹർ, പക്തിക എന്നീ അതിർത്തി പ്രവിശ്യകളിൽ ശനിയാഴ്ച രാത്രിയായിരുന്നു പാക്കിസ്ഥാന്റെ വ്യോമാക്രമണം. പാക്കിസ്ഥാനിലെ ബജൗർ ജില്ലയിലെ സുരക്ഷാ പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ട സംഭവത്തിന്റെ തുടർച്ചയാണ് ആക്രമണം. 70 തീവ്രവാദികളെ വധിച്ചെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ, സ്ത്രീകളും കുട്ടികളും അടക്കമുള്ള പൗരരാണു കൊല്ലപ്പെട്ടതെന്ന് താലിബാൻ അറിയിച്ചു.
പാക്കിസ്ഥാനെ ആക്രമിക്കുന്ന ഭീകരസംഘടനകൾക്ക് അഫ്ഗാനിസ്ഥാൻ അഭയം നല്കുന്നതിനുള്ള മറുപടിയാണിതെന്ന് പാക് വൃത്തങ്ങൾ പറഞ്ഞു. പഹൽഗാം ആക്രമണത്തിനു പാകിസ്ഥാനിൽ കയറി തിരിച്ചടിച്ച ഇന്ത്യ പറഞ്ഞ അതേ മറുപടി. സമാന ആരോപണത്തിൽ കഴിഞ്ഞ ഒക്ടോബറിലും പാക് സേന അഫ്ഗാനിസ്ഥാനെ ആക്രമിക്കുകയും അഫ്ഗാൻ പ്രത്യാക്രമണം നടത്തുകയും ചെയ്തിരുന്നു. 2021ൽ അമേരിക്കൻ സേന പിൻവാങ്ങിയതുമുതൽ ഈ തീവ്രവാദ കൊടുക്കൽ വാങ്ങലുകൾ സജീവമാണ്.
പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക്-ഇ-താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ്-ഖുറാസാൻ പ്രവിശ്യ ഭീകരരുടെ ഏഴു താവളങ്ങളാണ് ആക്രമിച്ചത്. പാക്കിസ്ഥാൻ തീറ്റിപ്പോറ്റുന്നതും ഐക്യരാഷ്ട്രസഭ ഭീകര സംഘടനയായി പ്രഖ്യാപിച്ചതുമായ ലഷ്കർ-ഇ-തോയിബയും അതിന്റെ ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ടുമാണ് (ടിആർഎഫ്) 2025 ഏപ്രിലിൽ കാഷ്മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയത്. ഇന്ത്യ അതിർത്തിക്കപ്പുറത്തെത്തി തിരിച്ചടിക്കുകയും ചെയ്തു. അതിനെതിരേ ലോകവേദികളിലെല്ലാം പരാതിയുമായി അലഞ്ഞുനടന്ന പാക്കിസ്ഥാൻ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ കടന്നുകയറി ആക്രമണം നടത്തിയിരിക്കുന്നു.
തിരിച്ചടിയുണ്ടാകുമെന്ന് അഫ്ഗാനിസ്ഥാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയും സംഭവത്തെ അപലപിച്ചു. അഫ്ഗാനിസ്ഥാനിലെ തീവ്രവാദികളോടുള്ള സഹാനുഭൂതിയല്ല, അടുത്തയിടെ അവരുമായി സ്ഥാപിച്ച നയതന്ത്ര ബന്ധവും ഇന്ത്യക്കെതിരേ ഭീകരരെ വളർത്തുന്ന ശത്രുവിന്റെ ശത്രുവിനോടുള്ള മൈത്രിയും മാത്രമാണെന്നേ കരുതാനാകൂ. പാക്കിസ്ഥാൻ ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി പറയുന്നതു കേൾക്കണം: “അഫ്ഗാനിസ്ഥാൻ ഏറെക്കാലമായി തീവ്രവാദം കയറ്റുമതി ചെയ്യുകയാണ്. തങ്ങളുടെ പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്.” പക്ഷേ, തങ്ങൾ തീവ്രവാദം കയറ്റി അയയ്ക്കുന്ന ഇന്ത്യക്ക് അത്തരം അവകാശങ്ങളുള്ളതായി അവർക്കു തോന്നുന്നില്ല.
തീവ്രവാദസംഘടനകളെ പണവും ആയുധവും നൽകി വളർത്തി ഇന്ത്യക്കെതിരേ ഉപയോഗിക്കുകയും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻ, ആഗോളതീവ്രവാദത്തിന്റെ ഏഷ്യൻ ഫാക്ടറിയും സ്ത്രീകളുടെ തടവറയും ഇസ്ലാമിക മതമൗലികവാദത്തിന്റെ വിസ്മയവുമായ അഫ്ഗാനെ ആക്രമിക്കുന്പോൾ ജനാധിപത്യ-മതേതര ലോകത്തിന് കാര്യമായൊന്നും ചെയ്യാനില്ല. രണ്ടും തീവ്രവാദ സാഹോദര്യം പങ്കുവയ്ക്കുന്നവരാണ്. ലോകസമാധാനം കെടുത്തുക മാത്രമല്ല, സ്വന്തം ജനങ്ങളെ അത് അപരിഷ്കൃത ലോകത്ത് തളച്ചിടുകയും ചെയ്യുന്നു.
പാക്കിസ്ഥാനിലെ താലിബാൻ കേന്ദ്രമായിരുന്ന സ്വാത് താഴ്വരയിൽ സ്കൂളിൽ പോയതിനും താലിബാനെ വിമർശിച്ചതിനും വെടിയേറ്റുവീഴുകയും പിന്നീട് അതിജീവിച്ച് ലണ്ടനിൽ താമസമാക്കുകയും ചെയ്ത മലാല യൂസഫ് സായിയുടെ വാക്യം വിലപ്പെട്ടതാണ്. “തീവ്രവാദിയെ തോക്കുകൾകൊണ്ടു കൊല്ലാനാകും. പക്ഷേ, തീവ്രവാദത്തെ കൊല്ലാൻ വിദ്യാഭ്യാസത്തിനേ കഴിയൂ.” തീവ്രവാദത്തിനുള്ള മരുന്ന് അതിലും ലളിതമായി മറ്റാരും കുറിച്ചിട്ടില്ല. മലാല പറഞ്ഞത്, മതവിദ്യാഭ്യാസത്തെക്കുറിച്ചായിരിക്കില്ല.